“അങ്ങനെ സീരിയസ്സായി ഒന്നും തന്നെ ഞങ്ങൾ സംസാരിച്ചില്ലല്ലോ. ഞങ്ങൾ രണ്ടുപേരേയും കുറിച്ചൊക്കെ പുള്ളി ചോദിച്ചു. ഞങ്ങളും അദ്ദേഹത്തെ കുറിച്ചും ആദിവാസി ജനങ്ങളെ കുറിചൊക്കേയാണ് ചോദിച്ചും പറഞ്ഞും നിന്നത്.” മിസ്സ് എന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി റോഡില്‍ നോക്കി പറഞ്ഞു.
“വേറെ ഒന്നും നിങ്ങൾ രണ്ടുപേരോടും പുള്ളി പറഞ്ഞില്ലേ..? എന്തൊക്കെയോ പ്രവചനം പോലെ അദ്ദേഹം നമ്മളോട് പറഞ്ഞതിനെ കുറിച്ചൊന്നും നിങ്ങൾ അങ്ങോട്ട് ചോദിച്ചില്ല..?”
“ഞങ്ങൾ ചോദിച്ചു, പക്ഷേ പുള്ളി അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.” നിത്യ ടീച്ചർ ചെറിയ വെപ്രാളം ഉള്ളത് പോലെ പറഞ്ഞു.
അപ്പോ, എന്നോട് നുണ പറഞ്ഞ അവരോട് കൂടുതൽ എന്തെങ്കിലും ചോദിച്ച് അവരെ ബുദ്ധിമുട്ടിക്കാൻ തോന്നാത്തത് കൊണ്ട് ഞാൻ മിണ്ടാതെ റോഡില്‍ മാത്രം ശ്രദ്ധിച്ചു.
ഇടക്കിടക്ക് മിസ്സോ ടീച്ചറോ എന്നോട് എന്തോ സംസാരിക്കാൻ വരുന്നത് പോലെ വായ തുറക്കുമായിരുന്നെങ്കിലും അവർ ഒന്നും സംസാരിക്കാതെ ഉടനെ വായ അടയ്ക്കുകയും ചെയ്തു.
കുറച്ച് ദൂരം പോയപ്പോ നല്ലോരു ഹോട്ടൽ കണ്ടിട്ട് അവിടെ നിര്‍ത്തി ഞങ്ങൾ ഫുഡ് കഴിച്ചു. എന്നിട്ട് ഞങ്ങൾ പിന്നെയും യാത്രയായി.
കുറേനേരം അവർ രണ്ടുപേരും എന്നോട് ടൂറിനെ കുറിച്ചുള്ള അനുഭവങ്ങളും, കാട്ടില്‍ പോയ അനുഭവങ്ങളെ കുറച്ചൊക്കെ സംസാരിച്ചു. ഞാൻ വെറുതെ പുഞ്ചിരിയോടെ അതൊക്കെ കേള്‍ക്കുക മാത്രം ചെയ്ത് വണ്ടി ഓടിച്ചു.
ഞാൻ തിരിച്ചൊന്നും സംസാരിക്കാതെ റോഡില്‍ മാത്രം ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോ അവരുടെ മുഖത്ത് ചെറിയൊരു വിഷമം വന്നു. പക്ഷേ മൂപ്പൻ അവരോട് പറഞ്ഞ എന്തൊക്കെയോ കാര്യങ്ങളെ ഇവർ രണ്ടുപേരും എന്നോട് ഷെയർ ചെയ്യാതെ രഹസ്യമായി വച്ചിരിക്കുന്നത് കൊണ്ട് എനിക്കും നല്ല വിഷമം ഉണ്ടായിരുന്നു. ആരോടെന്നില്ലാതെ ദേഷ്യവും മനസ്സിൽ നിറഞ്ഞു നിന്നു.
ഞാൻ വെറുതെ വണ്ടിയുടെ ഡിസ്പ്ലേയിൽ സമയം നോക്കി. 10:20 ആയിരുന്നു.
“ചേച്ചി, രാവിലെ ഏഴു മണി അല്ലെങ്കിൽ ഏഴര എങ്കിലുമാകും വീട്ടില്‍ എത്തി ചേരാൻ. അത്രയും നേരം ചേച്ചി ഇങ്ങനെ സീറ്റില്‍ ചാരി ഉറങ്ങിയാൽ കഴുത്ത് ഉളുക്കി പോകും. പുറകില്‍ രണ്ടുപേര്‍ക്കും സുഖമായി കിടക്കാൻ കഴിയും വേണമെങ്കിൽ—”
“വേണ്ട, ഞാൻ ഇവിടെ ഇരുന്നോളാം.” നേരത്തെ ഞാൻ മിണ്ടാതെ ഇരുന്നത് കൊണ്ടാണെന്ന് തോന്നുന്നു, മിസ്സ് അല്‍പ്പം കടുപ്പിച്ചാണ് എന്നോട് അത്രയും പറഞ്ഞത്.
പിന്നേ ഞാനൊന്നും മിണ്ടിയില്ല. മിസ്സ് സീറ്റിനേ മാക്സിമം പുറകോട്ട് മലർത്തി വച്ചപ്പോ ഏറെകുറെ നിവര്‍ന്നു കിടക്കാൻ മിസ്സിന് കഴിഞ്ഞു. മിസ്സ് അങ്ങനെ കിടന്നിട്ട് കണ്ണുകൾ അടച്ചു.
നിത്യ ടീച്ചർ കുറേനേരം റിയർവ്യ മിററിലൂടേ എന്നെ തന്നെ നോക്കി കിടന്നു. ടീച്ചറിന്റെ മുഖത്ത് സങ്കടവും ഉണ്ടായിരുന്നു.
“നിനക്ക് എന്തിനാ ഈ പിണക്കം..?” മിസ്സ് പെട്ടന്ന് എഴുനേറ്റിരുന്നു കൊണ്ട് എന്നോട് ദേഷ്യത്തില്‍ ചോദിച്ചു. ഉടനെ മിസ്സും കണ്ണുകൾ തുറന്ന് സീറ്റ് നേരേയാക്കി ഇരുന്നിട്ട് എന്നെ നോക്കി.
“അതേ, എന്തിനാ നീ പിണങ്ങിയിരിക്കുന്നത്..?” മിസ്സും ദേഷ്യത്തില്‍ ചോദിച്ചു.
“നിങ്ങൾ എന്നോട് നുണ പറഞ്ഞാല്‍ ഞാൻ പിന്നെ എന്തു ചെയ്യണം..? ഇനിയും നിങ്ങളോട് വെറുതെ ഓരോന്ന് ചോദിച്ച് ബുദ്ധിമുട്ടിച്ച് നിങ്ങളെ കൊണ്ട് നുണ പറയിപ്പിക്കണോ..? അതിലും ഭേദം ഞാൻ മിണ്ടാതിരിക്കുന്നത് തന്നെയല്ലേ..!!” ഞാൻ ചൂടായി പറഞ്ഞു.
ഉടനെ അവരുടെ മുഖം ഒരുപോലെ ഇരുണ്ടു കേറി.
“ജിനു, നമ്മൾ മൂന്ന് പേർക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്. അത് നമ്മൾ പരസ്പരം ബഹുമാനിക്കുകയാണ് വേണ്ടത്. നമ്മൾ എല്ലാവർക്കും അവരവരുടേതായ രഹസ്യങ്ങളും ഉണ്ട്, അതിനെ നമ്മൾ മാനിക്കണം.. അല്ലാതെ അതിനെ നിർബന്ധപൂർവ്വം അറിയാനല്ല ശ്രമിക്കേണ്ടത്, അത് തെറ്റാണ്.” മിസ്സ് ദേഷ്യത്തില്‍ പറഞ്ഞു.
