“ഡാ കുട്ടാ, ഇടക്കൊക്കെ നിന്റെ അനിയത്തി നിന്നെ വിളിക്കുമ്പോഴും, നീ നിന്റെ അനിയത്തിയെ വിളിക്കുന്ന സമയവും നീ ഞങ്ങളില്‍ നിന്ന് ദൂരേക്ക് മാറി നിന്ന് സംസാരിക്കുമ്പോ അത്ര വ്യക്തമാവില്ലെങ്കിലും ഞാൻ കുറച്ചൊക്കെ വൺ സൈഡ് സംഭാഷണം കേട്ടിട്ടുണ്ടായിരുന്നു. അപ്പോഴൊക്കെ നിനക്ക് അവളോടുള്ള വാത്സല്യം കുറച്ചൊക്കെ ഞാൻ മനസ്സിലാക്കിയിട്ടുമുണ്ട്. പക്ഷേ ഇപ്പോഴാണ് നിങ്ങളുടെ ഈ സംഭാഷണത്തിൽ നിന്നും നിങ്ങളുടെ യാഥാര്‍ത്ഥ സ്നേഹം പൂര്‍ണമായി എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ശെരിക്കും അസൂയ തോന്നിപ്പോയി.” നിത്യ ടീച്ചർ വിസ്മയത്തോടെ എന്നെത്തന്നെ നോക്കി നിന്നു.
അപ്പോ ഗോള്‍ഡ മിസ്സ് ചിരിച്ചു. “ഞാനും നിന്നോട് എത്രയോ വട്ടം പറഞ്ഞിട്ടുണ്ടായിരുന്നല്ലോ നിത്യേ. ഇങ്ങനെ ഒരു ചേട്ടനും അനിയത്തിയും കിട്ടാൻ രണ്ടുപേരും ഭാഗ്യം ചെയ്തിരിക്കണമെന്ന്.” അത്രയും പറഞ്ഞിട്ട് മിസ്സ് എന്നെ വല്ലാത്തൊരു സ്നേഹവും വാത്സല്യവും കലര്‍ന്ന ഭാവത്തിൽ നോക്കി.
“ശെരിയാണ് ചേച്ചി. കൂടാതെ ജെസ്സിയോട് ഞാനും സംസാരിച്ചിട്ടുള്ളതല്ലേ… അത്ര പെട്ടന്ന് ആരോടും അടുക്കുന്ന ടൈപ്പല്ലെന്ന എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നത്. അതുകൊണ്ട് ഞാൻ കരുതി ജിനുവിനോടും ചിലപ്പോ ചെറിയൊരു ഡിസ്റ്റൻസെങ്കിലും കാണിക്കുന്നുണ്ടാവുമെന്ന്. പക്ഷേ ഇപ്പൊ മനസ്സിലായി ആ കുട്ടിക്ക് ജിനു എത്ര വിലപിടിപ്പുള്ളതാണെന്ന്…!!” ടീച്ചർ ഇപ്പോഴും വിസ്മയം മാറാതെ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
“ശെരി വാ നിത്യേ, അവന്‍ ഉറങ്ങട്ടെ. അവന്റെ കണ്ണൊക്കെ നോക്കിയേ, ഉറക്കം പിടിച്ച് ചുവന്നു കേറി നിക്കുവ.” മിസ്സ് എന്റെ മുഖത്ത് നോക്കിക്കൊണ്ട് നിത്യ ടീച്ചറോട് പറഞ്ഞു.
“ഓക്കെ കുട്ടാ, നീ ഉറങ്ങിക്കൊ.” സ്നേഹത്തോടെ ടീച്ചർ പറഞ്ഞു. എന്നിട്ട് ടീച്ചറും മിസ്സും തിരിഞ്ഞ് പുറത്തേക്ക് നടന്നു. റൂമിലെ ലൈറ്റ് ഓഫാക്കി വാതിൽ ചാരി ഇട്ടിട്ടുമാണ് അവർ പോയത്.
അവർ പോയതും ഞാൻ ബെഡ്ഡിൽ മലര്‍ന്നു കിടന്നു. അത്രയും മാത്രമേ ഓര്‍മയുള്ളു. നല്ല ഡീപ്പായി തന്നെ ഞാൻ ഉറങ്ങി.
********************************
കണ്ണില്‍ വെട്ടം അടിച്ചിട്ടാണ് എന്റെ ഉറക്കം മുറിഞ്ഞത്.
ച്ചേ, എവിടെ നിന്നാണ് ഈ വെട്ടം വന്നത്..? എനിക്ക് ശെരിക്കും ദേഷ്യം വന്നു.
വര്‍ഷങ്ങളായി ഞാൻ വെറും നാലോ അഞ്ചോ മണിക്കൂര്‍ മാത്രമാണ് ദിവസവും ഉറങ്ങിയിരുന്നത്, അതിനുള്ള സമയം മാത്രമേ കിട്ടിയിരുന്നുള്ളു. പൊതുവെ ഉച്ചക്ക് ഉറങ്ങാനും സമയം കിട്ടാറില്ല.
അങ്ങനെ വർഷങ്ങൾക്ക് ശേഷം കിട്ടിയ അവസരം മുതലാക്കി എന്റെ ശരീരത്തിനും മനസ്സിനും വേണ്ടത്ര റസ്റ്റ് കൊടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട എന്റെ തലച്ചോറ് പ്രതിഷേധിച്ചത് കൊണ്ട് തലയ്ക്ക് നല്ല വേദനയും ഭാരവും എടുക്കാൻ തുടങ്ങി…, കണ്ണുകൾ തുറന്നുപിടിച്ച് കടൽ വെള്ളത്തിൽ മുങ്ങിയത് പോലെ എന്റെ കണ്ണുകൾ ഘോരമായി നീറി പുകഞ്ഞു…, രോഷം, ഉല്‍ക്കൺഠ, മനഃക്ലേശം പെട്ടന്നുണ്ടായി എന്റെ സ്ട്രെസ്സ് ഹാർമോൺ വര്‍ധിച്ച് ഹൃദയമിടിപ്പ് വല്ലാതെ കൂടി. ഞാൻ ഇപ്പൊ എവിടെയാണെന്ന് പോലും പെട്ടന്ന് ഓര്‍ക്കാന്‍ കഴിഞ്ഞില്ല.
ഇതൊക്കെ നന്നായി ഉറങ്ങിയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു. അതുകൊണ്ട് ഞാൻ വീണ്ടും ഉറങ്ങാൻ ശ്രമിച്ചു. പക്ഷേ അടച്ചിരിക്കുന്ന എന്റെ കൺപോളയിൽ സൂചി പോലെ വെട്ടം തുളച്ച് കേറുന്നത് കൊണ്ട് എനിക്ക് പിന്നെയും ഉറങ്ങാൻ കഴിഞ്ഞില്ല.
ഞാൻ ചെരിഞ്ഞ് കിടക്കുകയാണെന്ന് മനസ്സിലായി. കുറെ നേരമായി ആരുടെയോ ശ്വാസം എന്റെ മുഖത്ത് തട്ടി കൊണ്ടിരിക്കുന്നത് പോലും ഇപ്പോഴാണ് എന്റെ തലച്ചോറ് ഗ്രഹിച്ച് സിഗ്നല്‍ തന്നത്. മറ്റൊരാളുടെ ശ്വാസം എന്റെ മുഖത്ത് തട്ടുമെന്ന് ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് ഞാൻ പെട്ടന്ന് കൊക്കയിൽ ഉരുണ്ടുവീണത് പോലെ ഞെട്ടി തെറിച്ചു. പക്ഷേ എന്റെ ഇടുപ്പിന് മുകളില്‍ ചുറ്റി കിടപ്പുണ്ടായിരുന്നത് ആരുടെയോ കൈ എന്നെ തിരികെ ബെഡ്ഡിലേക്ക് തന്നെ അമർത്തി കിടത്തി.
