അപ്പോ മിസ്സും ടീച്ചറും എനിക്ക് ഭ്രാന്ത് ഉള്ളതുപോലെ എന്നെ മുഖം ചുളിച്ചു നോക്കി.
ഒടുവലില്‍ രണ്ട് കാട്ടുപോത്തുകളും അതിന്റെ വണ്ടിയെ വലിച്ചു കൊണ്ട് വന്ന് എന്റെ വണ്ടിക്ക് പുറകിലായി ബ്രേക്കിട്ട പോലെ നിന്നു. പക്ഷേ മൂപ്പനേ പേറി കൊണ്ടുവരുന്ന കാട്ടാന മരവീട്ടിനു മുന്നില്‍ നില്‍ക്കുന്ന ഞങ്ങൾക്കടുത്തേക്കാണ് വന്നത്. അപ്പൊ ടീച്ചറും മിസ്സും ഭയന്ന് എന്റെ രണ്ട് സൈഡിലായി എന്റെ ഓരോ കൈ പിടിച്ചു കൊണ്ട് പേടിച്ച് എന്നോട് ചേര്‍ന്നു നിന്നു.
“പേടിക്കേണ്ട. അത് കാട്ടാന ആണെങ്കിലും അലഞ്ചി മാമയുടെ ഉറ്റ മിത്രമാണ് അവന്‍. അവന്റെ പേരാണ് ‘സെർനു’… പ്രാചീനകാലത്ത് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന വന ദൈവത്തിന്റെ പേരിന്റെ പകുതിയാണ് അവന് കൊടുത്തിരിക്കുന്നത്. പിന്നെ അവന്‍ തന്നെയാണ് ആ ദൈവം എന്നും ഒരുപാട് ആളുകൾ വിശ്വസിക്കുന്നു. സാധാരണ ആനകളേക്കാളും സെർനുവിന് നൂറിരട്ടി ബുദ്ധി കൂടുതലാണെന്നാണ് മൂപ്പന്റെ അവകാശം. ബുദ്ധിയുടെ കാര്യത്തിൽ ചിലപ്പോഴൊക്കെ എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. പിന്നെ സെർനുവിന് മൂപ്പനേ പോലെതന്നെ എന്നേയും ഭയങ്കര കാര്യമാണ്.” ഞാൻ വിശദമായി അവര്‍ക്ക് പറഞ്ഞു കൊടുത്തു.
അന്നേരം സെർനു മല പോലെ ഞങ്ങൾക്ക് മുന്നില്‍ വന്നിട്ട് അവന്റെ നിലം തൊട്ട് നില്‍ക്കുന്ന നീണ്ട കൊമ്പുകളെ നിലത്തിനുള്ളിൽ കുത്തി താഴ്ത്തി പിടിച്ചു കൊണ്ട് നിന്നു. അപ്പോ മിസ്സും ടീച്ചറും നന്നായി പേടിച്ചു പോയി.
അലഞ്ചി മൂപ്പന് ഇറങ്ങാനായി സെർനു അവന്റെ മുൻകാല് ഉയർത്തി കൊടുത്തു. പക്ഷേ മൂപ്പൻ ഇറങ്ങാതെ ടീച്ചറെയും മിസ്സിലേയും സൂക്ഷ്മമായി നോക്കി പഠിക്കുകയായിരുന്നു.
അന്നേരം സെർനു അവന്റെ കൊമ്പുകളെ നിലത്ത് നിന്നും ഉയർത്തി ഊരി എടുത്തിട്ട് തുമ്പിക്കൈ നീട്ടി എന്റെ തലയിലും മുഖത്തും സ്നേഹത്തോടെ തൊട്ടു തലോടി. എന്നിട്ട് കുസൃതിയോടെ തുമ്പിക്കൈ അറ്റം ഉപയോഗിച്ച് ആദ്യം എന്റെ മൂക്കും ശേഷം എന്റെ ചെവിയും പതിയെ പിടിച്ചു വലിച്ചിട്ട് വിട്ടു. അവന്റെ കുസൃതി കാരണം ഞാൻ ഉലഞ്ഞാടി നിന്നു.
“സെർനു…! നിന്റെ ഈ കുസൃതി ഒരിക്കലും മാറില്ല, അല്ലേ..!?” ഞാൻ അവന്റെ തുമ്പിക്കൈയിൽ തടവി ചിരിച്ചു. അപ്പൊ മിസ്സും ടീച്ചറും പേടി കലര്‍ന്ന ആശ്ചര്യവും ആരാധനയോടും അവന്‍ എന്നോട് കാണിക്കുന്ന കുസൃതിയേയും എന്നെയും മാറിമാറി നോക്കി നിന്നു.
അപ്പോ, കുസൃതി മാറില്ലെന്ന് പറയുന്നത് പോലെ അവന്‍ തല കുലുക്കി കാണിച്ചിട്ട് ചെറിയ ശബ്ദത്തിൽ ചിന്നം വിളിച്ചു. എന്നിട്ട് അവന്റെ ചെറിയ കണ്ണുകൾ കൊണ്ട് അവന്‍ മിസ്സിനേയും ടീച്ചറിന്റേയും കര്‍മ്മ ഫലം വായിക്കുന്നത് പോലെ അവരെ നോക്കി നിന്നു.
“ജിനു ….!” പേടിയോടെ മിസ്സ് വിളിച്ചു. ടീച്ചർ പേടിയോടെ എന്റെ കയ്യില്‍ പിടിത്തം മുറുക്കി.
“പേടിക്കേണ്ട ചേച്ചി. ഒരു വിചിത്ര സ്വഭാവമാണ് അവന്. എല്ലാവരോടും അവന്‍ സ്നേഹം കാണിക്കില്ല. അര്‍ഹിക്കുന്നു എന്ന് അവന്‍ വിശ്വസിക്കുന്ന ആളുകളോട് മാത്രമേ അവന്‍ സ്നേഹം കാണിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുകയുള്ളു.”
“അപ്പോ ഞങ്ങൾ അര്‍ഹിക്കുന്നില്ലെന്ന് തോന്നിയാല്‍ അവന്‍ എന്തു ചെയ്യും..?” ടീച്ചർ പേടിയോടെ ചോദിച്ചു.
“അവന്‍ നിങ്ങളെ അവഗണിക്കും…, നിങ്ങളുടെ അടുത്ത് പോലും അവന്‍ നില്‍ക്കില്ല. പക്ഷേ ഒരിക്കലും അവന്‍ നിങ്ങളെ ഉപദ്രവിക്കില്ല. പിന്നെ അവന്‍ നിങ്ങളെ അവഗണിച്ചാൽ മൂപ്പനും നിങ്ങളെ അവഗണിക്കും.” ഞാൻ അല്പം ടെൻഷനോടേ പറഞ്ഞു.
“ഇതിനു മുമ്പ് അങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടോ, ജിനു…?” മിസ്സ് വിഷമത്തോടെ ചോദിച്ചു.
“ഒരുപാട് ആളുകളുമായി സംഭവിച്ചിട്ടുണ്ട്. കൂടാതെ പലപ്പോഴായി ഞാൻ കൊണ്ടുവന്നിട്ടുണ്ടായിരുന്ന 16 പേരില്‍ 14 ആളുകളെയും അവന്‍ അവഗണിച്ചായിരുന്നു.”
“അപ്പോ—” മിസ്സ് എന്തോ പറയാൻ തുടങ്ങി.
