എന്നിട്ട് ടീച്ചറും മിസ്സും ചിന്താകുഴപ്പത്തോടെ പരസ്പരം നോക്കിയിട്ട് ഒടുവില്‍ എന്റെ മുഖത്തേക്ക് രണ്ടുപേരും നിരാശയോടെ മിഴികൾ തറപ്പിച്ചു. ഞാൻ മിണ്ടാതെ കഴിക്കുന്നത് കണ്ടിട്ട് അവരും മിണ്ടാതെ കഴിച്ചു.
ഒടുവില്‍ ഞങ്ങൾ കഴിച്ചു കഴിഞ്ഞതും മിസ്സ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി.
“ശെരി കണ്ണാ, നിത്യ പറഞ്ഞ സ്ഥലത്ത് തന്നെ നമുക്ക് പോയേക്കാം.” മിസ്സ് നെടുവീർപ്പോടെ ടീച്ചറിന്റെ ഇഷ്ട്ടത്തെ സപ്പോര്‍ട്ട് ചെയ്തു.
“അത് സാരമില്ല ചേച്ചി, നമുക്ക് ഊട്ടി കൊടൈക്കാനൽ തന്നെ പോകാം.” നിത്യ ടീച്ചർ മിസ്സിന്റെ ആഗ്രഹം സപ്പോര്‍ട്ട് ചെയ്തു.
പക്ഷേ രണ്ടുപേരും സമ്മതിച്ചില്ല. അതുകൊണ്ട് അവർ രണ്ടുപേരും പരസ്പരം വിട്ടുകൊടുത്തു കൊണ്ടുള്ള ഒരു സ്നേഹ തർക്കത്തിൽ ഏര്‍പ്പെട്ടു.
“അയ്യോ എന്റെ ഗോൾഡേച്ചി, എന്റെ നിത്യേച്ചീ….. “ ഞാൻ രണ്ടുപേരെയും നീട്ടി വിളിച്ചു. ഉടനെ രണ്ടുപേരും തർക്കം മതിയാക്കി എന്നെ നോക്കി. “നമുക്ക് നിങ്ങൾ രണ്ടുപേരും പറഞ്ഞ എല്ലാ സ്ഥലങ്ങളിലും പോകാം.”
ഉടനെ അവർ രണ്ടുപേരും മിഴിച്ചു പരസ്പരം നോക്കി, എന്നിട്ട് എന്നെയും.
“എടാ കണ്ണാ, അത് നിനക്ക് ബുദ്ധിമുട്ടാവില്ലേ..? നിനക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ പോലും അതിനുള്ള സമയം നമുക്ക് കിട്ടുമോ..?” മിസ്സ് സംശയത്തോടെ ചോദിച്ചു.
“നിങ്ങള്‍ക്കു വേണ്ടി എന്തും ഞാൻ ചെയ്യും, അതിൽ എനിക്കൊരു ബുദ്ധിമുട്ടുമാവില്ല ചേച്ചിമാരേ.” ഞാൻ പറഞ്ഞു.
ഉടനെ അവരുടെ കണ്ണുകളിൽ ഭയങ്കര സ്നേഹവും സങ്കടവും ഒരുപോലെ നിറഞ്ഞു.
“പക്ഷേ നമുക്ക് സമയം കുറവാണെന്നത് സത്യമാണ്. അതുകൊണ്ട് നമുക്ക് പക്കാ പ്ലാനിംഗ് തന്നെ നടത്തണം.”
“ഓക്കെ, പക്കാ പ്ലാനിങ് തന്നെ ചെയ്യാം. അപ്പൊ എന്താണ് നീ വിചാരിക്കുന്നത്..?” ടീച്ചർ എന്നോട് ചോദിച്ചു.
“ആദ്യം നമുക്ക് മൂന്നാർ പോകാം എന്നിട്ട് ഊട്ടി കൊടൈക്കാനൽ പോകാം.”
“ഓക്കെ സമ്മതിച്ചു. പിന്നെ, ഇവിടെ നിന്ന് മൂന്നാർ പോകാൻ എത്ര മണിക്കൂര്‍ വേണ്ടിവരും..?” മിസ്സ് ചോദിച്ചു.
“ഇവിടെ നിന്ന് ഏകദേശം 390 കിലോമീറ്റര്‍ ഉണ്ടാവും. പോകുന്ന വഴിക്ക് നല്ല ട്രാഫിക് ആയിരിക്കാം, സ്പീഡ് ലിമിറ്റ് 55 മുതൽ 60 ആയിരിക്കും.. ചില സ്ഥലങ്ങളില്‍ മാക്സിമം ലിമിറ്റ് 65, 70 കഷ്ടിച്ചുണ്ടാവും. അതുകൊണ്ട് നമുക്ക് ഓടിക്കാന്‍ കഴിയുന്ന ആവറേജ് സ്പീഡ് 60 ന് താഴെ കണക്കാക്കിയാൽ മതി.”
“ഓക്കെ, അപ്പൊ അവിടെ എത്താൻ എത്ര മണിക്കൂര്‍ വേണ്ടിവരും..?” ടീച്ചർ ചോദിച്ചു.
“ഇവിടെ നിന്നും അവിടെ എത്താൻ, ഉദ്ദേശം 6 ആറര മണിക്കൂര്‍ വേണ്ടിവരും. പിന്നെ മൂന്നാറിൽ നിന്നും ഊട്ടി പോകാൻ ഉദ്ദേശം 250 കിലോമീറ്റർ ഉണ്ടാവും. ട്രാഫിക്, സ്പീഡ് ലിമിറ്റ് എല്ലാം നോക്കിയാൽ മാക്സിമം 5 മുതൽ 6 മണിക്കൂര്‍ വേണ്ടി വന്നേക്കും.” എന്റെ ഒരു ഉദ്ദേശം ഞാൻ അവരെ അറിയിച്ചു.
“അപ്പോ ഇവിടെ നിന്ന് നാളെ വെളുപ്പിന് തിരിച്ച പോലും മൂന്നാർ എത്തുമ്പോ ഉച്ചയാവില്ലേ..? ഉച്ച തൊട്ട് വൈകിട്ട് വരെ മാത്രമെ നമുക്ക് സമയം കിട്ടൂ. രാത്രി അവിടെ തങ്ങീട്ട് അടുത്ത ദിവസം ഊട്ടിക്ക് പോയാൽ പിന്നെയും ഉച്ചക്ക് തന്നെയാവും എത്തുക. അവിടെയും കുറച്ച് സമയം മാത്രമേ നമുക്ക് കിട്ടുകയുള്ളു…!” നിത്യ ടീച്ചർ നിരുത്സാഹത്തോടേ പറഞ്ഞു.
ഗോള്‍ഡ മിസ്സിന്റെ മുഖത്തും ഉത്സാഹം കുറഞ്ഞ് നിരാശയുടെ നിഴലുകൾ വീണു.
“പക്ഷേ ചേച്ചി, നമ്മൾ അങ്ങനെയല്ലല്ലോ ചെയ്യാൻ പോകുന്നത്…!” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഓഹ്.. പിന്നെ എങ്ങനെയാ ചെയ്യാൻ പോകുന്നത്..?” ഗോള്‍ഡ മിസ്സ് കുറച്ച് ഉത്സാഹം വീണ്ടെടുത്തു കൊണ്ട് ചോദിച്ചു.
“ഇന്നു രാത്രി 10 മണിക്ക് നമ്മൾ ഇവിടെ നിന്ന് തിരിക്കുകയാണെങ്കിൽ, രാവിലെ 4 മണിക്ക് മുമ്പ് തന്നെ മൂന്നാറിലെത്താൻ കഴിയും. അവിടെ നമുക്ക് രണ്ട് റൂം ബുക്ക് ചെയ്യാം. എന്നിട്ട് രണ്ട് മണിക്കൂര്‍ ഉറങ്ങി റെസ്റ്റെടുത്തിട്ട് ഫ്രെഷായി ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് നമ്മുടെ ടൂർ തുടങ്ങാം. അപ്പൊ രാവിലെ തൊട്ട് നേരം ഇരുട്ടുന്നത് വരേയും നമുക്ക് ആവശ്യത്തിനുള്ള സമയം ടൂർ ചെയ്യാൻ കിട്ടും.
