ഫിയ തന്റെ കൂട്ടുകാർക്കിടയിൽ നിന്ന് ഓടി വന്നു.
” മമ്മി, പപ്പ വന്നില്ലേ…? ”
” പപ്പയ്ക്ക് മീറ്റിംഗ് ഉണ്ടായിരുന്നു മോളെ… മമ്മി വന്നല്ലോ, അത് പോരെ…? ” സിനി അവളുടെ മുടി ഒതുക്കി വെച്ചു കൊണ്ട് ചോദിച്ചു…
ഫിയയുടെ ക്ലാസ് ടീച്ചർ സോണിയ മിസ്സ് സിനിയെ പുഞ്ചിരിയോടെ സ്വീകരിച്ചു. ” ഡോക്ടർ സിനി, ഫിയ പഠനത്തിൽ വളരെ മിടുക്കിയാണ്. പക്ഷേ അവൾ വല്ലാതെ സൈലന്റ് ആകുന്നുണ്ടോ എന്ന് എനിക്കൊരു സംശയമുണ്ട്… പലപ്പോഴും അവൾ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുന്നത് കാണാം. ”
സിനി ഒന്ന് ചിന്തിച്ചു. ” അത് അവളുടെ പ്രകൃതമാണ് മിസ്സ്… വീട്ടിലും അവൾ അധികം സംസാരിക്കാറില്ല… ഒരുപക്ഷേ ഞങ്ങൾ രണ്ടുപേരും ഡോക്ടർമാരായത് കൊണ്ട് വീട്ടിലെ ആ ഒരു സീരിയസ് അറ്റ്മോസ്ഫിയർ അവളെ ബാധിക്കുന്നുണ്ടാകാം… ”
ടീച്ചറോട് സംസാരിച്ച് തിരികെ കാറിലേക്ക് നടക്കുമ്പോൾ സിനിയുടെ ഉള്ളിൽ ഒരു ചെറിയ അസ്വസ്ഥത തോന്നി… ഫിയയെ താൻ എപ്പോഴാണ് അവസാനമായി ചേർത്തുപിടിച്ച് മനസ്സ് തുറന്ന് ഒന്ന് സംസാരിച്ചത്…? എപ്പോഴും അവളോട് ചോദിക്കാറുള്ളത് മാർക്കുകളെക്കുറിച്ചും എക്സാമുകളെക്കുറിച്ചുമാണ്… തന്റെ മകളുടെ ഉള്ളിലെ ലോകം എന്താണെന്ന് താൻ അറിയാൻ ശ്രമിച്ചിട്ടുണ്ടോ…?
അന്ന് വൈകുന്നേരം ഹോസ്പിറ്റലിലെ കാർഡിയാക്ക് വിംഗിന്റെ പുതിയ മെഷീൻ ഉദ്ഘാടനത്തോടനുബന്ധിച്ച്
ദുബായ് മാളിലെ ഒരു ആഡംബര റെസ്റ്റോറന്റിൽ ഡിന്നറിനായി ഒത്തുകൂടി…
സിനി ഒരു പീച്ച് നിറത്തിലുള്ള ഷിഫോൺ ഫ്രോക്കാണ് അണിഞ്ഞിരുന്നത്. ഫിലിപ്പ് തന്റെ സഹപ്രവർത്തകർക്കിടയിൽ ചിരിച്ചു സംസാരിക്കുന്നു…
” സിനി എങ്ങനെയാണ് ഇത്രയും കാര്യങ്ങൾ ഒരുമിച്ച് മാനേജ് ചെയ്യുന്നത്…? ഹോസ്പിറ്റൽ, വീട്, കുട്ടികൾ… വണ്ടർഫുൾ..! ” ഫിലിപ്പിന്റെ സുഹൃത്തായ ഡോക്ടർ സാമുവൽ ചോദിച്ചു.
സിനി ഒന്ന് ചിരിച്ചു. ” എല്ലാം ഒരു ടൈം മാനേജ്‌മെന്റ് ആണ് സാമുവൽ. പിന്നെ ഫിലിപ്പിന്റെ സപ്പോർട്ടും… ”
ഫിലിപ്പ് അവളുടെ തോളിൽ പതുക്കെ കൈ വെച്ചു. പുറമെ നിന്ന് നോക്കിയാൽ അവർക്കിടയിൽ വല്ലാത്തൊരു പൊരുത്തമുണ്ട്. പക്ഷേ ആ സംഭാഷണങ്ങൾക്കിടയിലും, പ്ലേറ്റിലെ ഭക്ഷണത്തിലേക്ക് നോക്കി സിനി ഒരു നിമിഷം ആലോചിച്ചു… എല്ലാം എത്ര കൃത്യമാണ്..! ഒരു ചെറിയ പിഴവ് പോലും ഇല്ലാത്ത ഒരു മെഷീൻ പ്രവർത്തിക്കുന്നത് പോലെ.
അടുത്ത ഒരു മണിക്കൂർ നീണ്ടുനിന്നത് ഹോസ്പിറ്റൽ പോളിറ്റിക്സിനെക്കുറിച്ചും പുതിയ മെഡിക്കൽ ഇൻഷുറൻസ് പോളിസികളെക്കുറിച്ചുമൊക്കെയുള്ള സംഭാഷണങ്ങളായിരുന്നു…
ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുമ്പോഴും സിനിക്ക് വല്ലാത്തൊരു മടുപ്പ് തോന്നി. അവൾ പതുക്കെ ആ ഹാളിൽ നിന്ന് പുറത്തിറങ്ങി ബാൽക്കണിയിലേക്ക് നടന്നു…
ദുബായ് മറീനയിലെ വെളിച്ചങ്ങൾ വെള്ളത്തിൽ പ്രതിഫലിക്കുന്നത് നോക്കി നിൽക്കുമ്പോൾ ആരോ അടുത്ത് വന്നു നിൽക്കുന്നത് അവൾ അറിഞ്ഞു. അത് ഫിലിപ്പ് ആയിരുന്നു…
” എന്താ സിനി, ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നത്…? നിന്നെ അന്വേഷിച്ച് ഇൻവെസ്റ്റേഴ്സ് അവിടെ നിൽക്കുന്നുണ്ട്… ”
” ഫിലിപ്പ്… നമ്മൾ എന്തിനാണ് എപ്പോഴും ഇങ്ങനെയുള്ള പാർട്ടികളിൽ മാത്രം വരുന്നത്…? നമുക്ക് എപ്പോഴെങ്കിലും ഒന്ന് സമാധാനമായി തനിച്ച് എവിടെയെങ്കിലും പോയി ഇരുന്നു സംസാരിക്കാൻ പറ്റുന്നുണ്ടോ…? ” സിനി പെട്ടന്ന് ചോദിച്ചു.
ഫിലിപ്പ് ഒന്ന് അമ്പരന്നു… ” ഇതെന്താ പെട്ടെന്ന് ഇങ്ങനെ ഒരു ചോദ്യം..? നമ്മൾ സക്സസ്ഫുൾ ആകണമെങ്കിൽ ഇത്തരം നെറ്റ്വർക്കിംഗ് അത്യാവശ്യമല്ലേ…? സിനി, നീ വല്ലാതെ ടയേർഡ് ആണെന്ന് തോന്നുന്നു. നമുക്ക് നാളെ ലണ്ടൻ ട്രിപ്പിനെക്കുറിച്ച് പ്ലാൻ ചെയ്യാം. അപ്പോൾ എല്ലാം ശരിയാകും… ”
അയാൾ അവളുടെ തോളിൽ ഒന്ന് തട്ടി തിരികെ ഹാളിലേക്ക് നടന്നു. സിനി അവിടെത്തന്നെ നിന്നു… ഫിലിപ്പിന് തന്റെ ചോദ്യത്തിന്റെ ആഴം മനസ്സിലായില്ല. അയാൾക്ക് ജീവിതം എന്നാൽ കൃത്യമായി നിർമ്മിക്കപ്പെട്ട ഒരു കെട്ടിടം പോലെയാണ്… അതിൽ വിള്ളലുകൾ ഉണ്ടാകാൻ അയാൾ അനുവദിക്കില്ല… പക്ഷേ, ആ കെട്ടിടത്തിനുള്ളിൽ വായു സഞ്ചാരം കുറയുന്നത് അയാൾ അറിയുന്നില്ല… അറിയാൻ ശ്രമിക്കുന്നുമില്ല…!
