സിനി ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു വല്ലാത്ത ലാളിത്യമുണ്ടായിരുന്നു. ” ഫെലിക്സ് അങ്ങനെ പറഞ്ഞോ…? അവൻ ഓരോന്ന് പറയും. പക്ഷേ സത്യമാണ് റൂബൻ… ഈ ദുബായിലെ ജീവിതം നമ്മളെ വല്ലാതെ മെക്കാനിക്കൽ ആക്കും… ”
” എനിക്ക് അങ്ങനെ തോന്നുന്നില്ല മാഡം… ” റൂബൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
” മാഡത്തിന്റെ ഈ ഗൗരവത്തിന് പിന്നിൽ ഇപ്പോഴും ആ പഴയ കോട്ടയംകാരിയുണ്ട്… ഇന്നലെ ആ കുഞ്ഞ് കരഞ്ഞപ്പോൾ നിങ്ങളുടെ കണ്ണുകളിൽ കണ്ട ആ ഒരു തിളക്കം… അത് വെറുമൊരു ഡോക്ടറുടെ പ്രൊഫഷണലിസം മാത്രമായിരുന്നില്ല… ”
സിനി ഒരു നിമിഷം നിശബ്ദയായി. തന്റെ ഉള്ളിലെ വികാരങ്ങളെ ഇത്രയും വേഗത്തിൽ ഒരാൾ വായിക്കുന്നത് അവൾക്ക് പുതുമയായിരുന്നു. ഫിലിപ്പിന് പോലും തന്റെ കണ്ണുകളിലെ തിളക്കം തിരിച്ചറിയാൻ പത്തു വർഷം വേണ്ടിവരുമായിരുന്നു. റൂബന്റെ ആ നിരീക്ഷണം അവളെ അല്പം അസ്വസ്ഥയാക്കിയെങ്കിലും, അത് നൽകിയ സുഖം അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു…
അന്ന് രാത്രി വില്ലയിലെത്തിയപ്പോൾ ഫിലിപ്പ് വല്ലാതെ ക്ഷീണിതനായിരുന്നു. അബുദാബിയിലെ കോൺഫറൻസ് കഴിഞ്ഞ് ഡ്രൈവ് ചെയ്തു വന്നതിന്റെ തളർച്ച അയാളുടെ മുഖത്തുണ്ടായിരുന്നു.
” സിനി… എനിക്ക് വല്ലാത്ത നടുവേദന. ഈ പ്രായത്തിൽ ഇത്രയും ദൂരം ഡ്രൈവ് ചെയ്യുന്നത് അത്ര നല്ലതല്ല. എനിക്ക് പതുക്കെ ഈ ഓട്ടം നിർത്തണം… ” ഫിലിപ്പ് ബെഡിൽ ചരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.
സിനി അയാളുടെ തോളിൽ പതുക്കെ തടവി.
” ഫിലിപ്പ്, നമുക്ക് ഒരു ഡ്രൈവറെ വെക്കാമെന്ന് ഞാൻ എത്ര തവണ പറഞ്ഞതാണ്. കേൾക്കാഞ്ഞിട്ടല്ലേ…? ”
” എനിക്കറിയാം സിനി… പക്ഷേ എന്റെ കാര്യങ്ങൾ എനിക്ക് തന്നെ ചെയ്യണം എന്ന വാശിയാ. പക്ഷേ ബോഡി ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നില്ല… ”
ഫിലിപ്പ് ഉറക്കത്തിലേക്ക് വീണു.
സിനി ജനാലയിലൂടെ പുറത്തെ നിലാവിലേക്ക് നോക്കി. ഫിലിപ്പിന്റെ വാക്കുകൾ അവളെ വല്ലാതെ ചിന്തിപ്പിച്ചു. അയാൾ വിശ്രമത്തെക്കുറിച്ചും വാർദ്ധക്യത്തെക്കുറിച്ചും ചിന്തിക്കുമ്പോൾ, തന്റെ ഉള്ളിൽ ഇപ്പോഴും ഒരു വല്ലാത്ത ഊർജ്ജം ബാക്കിയുണ്ട്…
അടുത്ത ദിവസം രാവിലെ എട്ടു മണിയോടെ തന്നെ സിനി ഹോസ്പിറ്റലിലെത്തി. കഴിഞ്ഞ രാത്രിയിലെ ചിന്തകളെ ഒരു പ്രൊഫഷണൽ മാസ്ക്കിന് പിന്നിൽ ഒളിപ്പിക്കാൻ അവൾ ബോധപൂർവ്വം ശ്രമിച്ചു.
ലൈറ്റ് ഷേടിലുള്ള വൈലറ്റ് ഷർട്ടും കറുത്ത നിറത്തിലുള്ള ഫോർമൽ പാന്റും ഹൈഹീൽസും ധരിച്ച് അവൾ വാർഡിലൂടെ നടക്കുമ്പോൾ ആ പഴയ ‘കടുപ്പക്കാരിയായ ഡോക്ടർ സിനി’ മാത്രമായിരുന്നു അവൾ.
” ഗുഡ് മോർണിംഗ് മാഡം, ബെഡ് നമ്പർ 208-ലെ പേഷ്യന്റ് ഡിസ്ചാർജിന് റെഡിയാണ്. ഫയൽസ് എല്ലാം ഞാൻ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്… ” നേരെ ലേബർ വാർഡിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് റൂബന്റെ ശബ്ദം കേട്ടു.
സിനി തിരിഞ്ഞു നോക്കിയില്ല. ” ഗുഡ്. റൂബൻ…വാട്‌സ് നെക്സ്റ്റ്…? “
അവർ ഓരോ ബെഡുകൾക്കിടയിലൂടെയും നീങ്ങി. സിനി പേഷ്യന്റ്സിന്റെ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ റൂബൻ വളരെ കൃത്യമായി ഓരോ കേസും വിവരിച്ചു കൊണ്ടിരുന്നു..
” മാം, ബെഡ് നമ്പർ 210… മൾട്ടിപ്പിൾ ഫൈബ്രോയിഡ്സ് ഉള്ള പേഷ്യന്റാണ്. ഹിസ്റ്ററെക്ടമി (Hysterectomy) ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. പക്ഷേ പേഷ്യന്റിന് അനിമിയ ഉള്ളതുകൊണ്ട് റിസ്ക് കുറച്ചു കൂടുതലാണ്… ” റൂബൻ ടാബ്‌ലെറ്റിലെ ഗ്രാഫ് കാണിച്ചുകൊണ്ട് പറഞ്ഞു.
സിനി ഫയലിൽ ഒപ്പിട്ടു കൊണ്ട് അവനെ നോക്കി.
” റൂബൻ ഈ കേസിൽ എന്താണ് സജസ്റ്റ് ചെയ്യുന്നത്…? ” അവൻ ഒന്ന് ആലോചിച്ചു.
” മാം 2022-ൽ ‘ഗൈനക്കോളജിക്കൽ ലാപ്രോസ്കോപ്പി’ എന്ന ജേണലിൽ എഴുതിയ ആ ആർട്ടിക്കിൾ ഞാൻ വായിച്ചിരുന്നു. ‘മനിമലി ഇൻവേസീവ് സർജറി ഇൻ ഹൈ റിസ്ക് പേഷ്യന്റ്സ്’ അതിൽ മാഡം പറഞ്ഞ ആ ടെക്നിക് – യൂട്ടറൈൻ ആർട്ടറി എംബോളൈസേഷൻ വഴി ബ്ലീഡിങ് കൺട്രോൾ ചെയ്യുന്നത് – ഈ കേസിൽ നമുക്ക് പരീക്ഷിച്ചു കൂടെ…? ”
സിനി ആശ്ചര്യത്തോടെ നടന്നു കൊണ്ടിരുന്നിടത്ത് നിന്നു.
” റൂബൻ എന്റെ ആർട്ടിക്കിൾസ് ഫോളോ ചെയ്യുന്നുണ്ടോ…? ”
