” എന്താ സിനീ… നീ എന്തിനാ ഇങ്ങനെ വിറയ്ക്കുന്നത്…? ” അയാൾ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
” ഒന്നുമില്ല… കുറച്ചു വിശ്രമിച്ചാൽ മാറിക്കോളും… ” സിനി പതിയെ ഒഴിഞ്ഞുമാറി തന്റെ മുറിയിലേക്ക് നടന്നു…
അടുത്ത ദിവസം രാവിലെ ഹോസ്പിറ്റലിൽ എത്തിയപ്പോൾ റൂബൻ അവളുടെ ക്യാബിന് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അവൻ ഒരു മനോഹരമായ പുഞ്ചിരിയോടെ അവളെ സ്വീകരിച്ചു.
“ഗുഡ് മോർണിംഗ് സിനീ… ഇന്നലെ രാത്രി സുഖമായി ഉറങ്ങിയോ?” അവൻ പതുക്കെ അവളുടെ കാതിൽ മന്ത്രിച്ചു.
” റൂബൻ… ഫിലിപ്പ് സംശയിക്കുന്നുണ്ടോ എന്ന് എനിക്ക് പേടിയുണ്ട്. ഇന്നലെ അയാൾ എന്നെ നോക്കിയ നോട്ടം… ” സിനി പരിഭ്രമത്തോടെ പറഞ്ഞു.
” പേടിക്കണ്ട സിനീ… അയാൾക്ക് ബിസിനസ്സ് അല്ലാതെ മറ്റൊന്നും അറിയില്ല… “
റൂബൻ ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു വലിയ വിജയത്തിന്റെ ആവേശമുണ്ടായിരുന്നു.
സ്വർണ്ണക്കൂടിന്റെ അഴികൾ ഇപ്പോൾ പൂർണ്ണമായും തകർന്നു കഴിഞ്ഞിരിക്കുന്നു. സിനി ആകാശത്തേക്ക് ചിറകടിച്ചു തുടങ്ങിയിരിക്കുന്നു, പക്ഷേ ആ ആകാശം എത്രത്തോളം സുരക്ഷിതമാണെന്ന് അവൾക്കറിയില്ലായിരുന്നു…
…………………………………………………………………………
ഹോസ്പിറ്റലിലെ ആ രാത്രിക്ക് ശേഷം സിനിയുടെ ഉള്ളിൽ ഒരുതരം ഭയവും അതോടൊപ്പം റൂബനോടുള്ള അടങ്ങാത്ത അഭിനിവേശവും ഒരുപോലെ നിറഞ്ഞുനിന്നു. ഓരോ തവണ നേഴ്സ് മേരിയെ കാണുമ്പോഴും സിനി അറിയാതെ ഒന്ന് പതറും. പക്ഷേ മേരി ഒന്നും സംഭവിക്കാത്തതുപോലെ തന്റെ ജോലികളിൽ മുഴുകി. എങ്കിലും അവളുടെ നിശബ്ദത സിനിയെ ഭയപ്പെടുത്തിയിരുന്നു…
ദിവസങ്ങൾ കടന്നുപോയി. ഫെലിക്സിന്റെ വെക്കേഷൻ അവസാനിക്കാറായപ്പോഴേക്കും വില്ലയിൽ പുതിയൊരു സന്തോഷത്തിന്റെ വാർത്തയെത്തി. ഫിയയ്ക്ക് പ്ലസ് ടു പരീക്ഷയിൽ രണ്ടാം റാങ്ക്..! വില്ലയിലാകെ ഒരു ഉത്സവപ്രതീതിയായിരുന്നു.
റാങ്ക് വാർത്ത വന്ന് കുറച്ചു ദിവസങ്ങൾക്കകം നീറ്റ് (NEET) റിസൾട്ടും വന്നു. ആദ്യ നൂറ് റാങ്കിനുള്ളിൽ തന്നെ ഫിയ ഇടം പിടിച്ചു.
സിനിയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.
ഫിലിപ്പിന്റെ മുഖത്ത് വലിയൊരു അഭിമാനമായിരുന്നു. ” നമ്മുടെ മകളും ഡോക്ടറാകാൻ പോവുകയാണ്. സിനി, നിനക്ക് സന്തോഷമായില്ലേ…? ഫെലിക്സ് പഠിക്കുന്ന അതേ കോളേജിൽ തന്നെ ഫിയയ്ക്കും അഡ്മിഷൻ കിട്ടും. ഇനി നമുക്ക് സമാധാനമായിരിക്കാം… ” ബെഡിലേക്ക് ഒന്ന് ആഞ്ഞു കിടന്നുകൊണ്ട് ഫിലിപ്പ് ഒരു ദീർഘശ്വാസം വിട്ടു. ആ മുഖത്ത് പടർന്നു കിടക്കുന്ന സംതൃപ്തി സിനി നോക്കി നിന്നു.
“ ശരിയാ ഫിലിപ്പ് ഇതിലും വലിയ സന്തോഷം നമുക്കെന്താ… വി ആർ സോ പ്രൗഡ്…! നമ്മുടെ മക്കൾ രണ്ടുപേരും മെഡിക്കൽ ഫീൽഡിലേക്ക് തന്നെ വരുന്നു… എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല നമ്മുടെ കുഞ്ഞുങ്ങൾ ഇത്ര വലുതായെന്ന്… “ സിനി പുഞ്ചിരിച്ചു…
” മ്മ്… നാളെ കഴിഞ്ഞല്ലേ ഫെലിക്സ് തിരിച്ചു പോവുന്നത്…? ടിക്കറ്റ് കൺഫർമേഷൻ ഒക്കെ നോക്കിയോ…? ഷോപ്പിംഗ് ഒക്കെ കഴിഞ്ഞോ ആവോ… ” ഫിലിപ്പിന്റെ ശബ്ദം പതുക്കെ താഴ്ന്നു വന്നു.
” ടിക്കറ്റ് ഒക്കെ ഓക്കെയാണ്. പക്ഷെ ഷോപ്പിംഗ് ഇനിയും ബാക്കിയുണ്ട്. റൂബന്റെ കൂടെ പോയിരിക്കുകയാണ് അവർ. റൂബൻ വന്നപ്പോളേക്കും… ” സിനി മറുപടി പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഫിലിപ്പിന്റെ വശത്തുനിന്നും താളാത്മകമായ ഒരു കൂർക്കംവലി കേട്ടുതുടങ്ങി.
പാവം… ഹോസ്പിറ്റലിലെ തിരക്കുകൾ കഴിഞ്ഞ് വന്നതിന്റെ ക്ഷീണം കാണും. സിനി മെല്ലെ എഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്തു. ജനലിലൂടെ പുറത്തെ നിലാവിലേക്ക് നോക്കി നിന്നപ്പോൾ അവളുടെ ഉള്ളിൽ റൂബന്റെ മുഖം തെളിഞ്ഞു വന്നു. നേരത്തെ അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പോലും ഇടയ്ക്ക് കയറി വന്ന ചിന്ത… റൂബൻ… അവന്റെ ആ ചിരിയും പെരുമാറ്റവും… എല്ലാം ഒരു നൂലിൽ കെട്ടിയതുപോലെ അവളുടെ ചിന്തകളെ ചുറ്റിവരിഞ്ഞു…
അടുത്ത ദിവസം ഉച്ചയോടെ ഫെലിക്സ് ഹോസ്പിറ്റലിലെത്തി. കാഷ്വാലിറ്റിയുടെ സൈഡിലെ സിങ്കിൽ കൈ കഴുകി നിൽക്കുകയായിരുന്നു റൂബൻ. പിന്നിൽ നിന്ന് ആരോ തോളിൽ തട്ടിയപ്പോൾ തിരിഞ്ഞു നോക്കി. ഫെലിക്സ് ആണ്.
” ആഹാ നീ എപ്പോ എത്തി…? മാമിനെ കണ്ടില്ലേ…? ” റൂബൻ ടവൽ കൊണ്ട് കൈ തുടച്ചു.
