” ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തോ സിനിക്കുട്ടി…? ” അവൻ വളരെ താഴ്ന്ന സ്വരത്തിൽ ചോദിച്ചു. സിനി ഞെട്ടി ചുറ്റും നോക്കി. ആരും കേട്ടിട്ടില്ല.
” റൂബൻ… മര്യാദയ്ക്ക് സംസാരിക്കൂ. ഇത് ഹോസ്പ്പിറ്റലാണ്… ” സിനി ഗൗരവം നടിച്ചു.
” ദേഷ്യം വരുമ്പോൾ നിങ്ങൾക്ക് ഒരു പ്രത്യേക ചന്തമാണ്. നാളെ വൈകിട്ടല്ലേ ഫ്ലൈറ്റ്…? രാവിലെ ഹോസ്പിറ്റലിൽ വരുന്നുണ്ടല്ലോ അല്ലേ…? ” അവൻ ഒരു കള്ളച്ചിരിയോടെ നടന്നു നീങ്ങി.
വൈകുന്നേരം വില്ലയിൽ ഫിലിപ്പും സിനിയും ഫിയയും നാട്ടിലേക്ക് പോകാനുള്ള അവസാന വട്ട പാക്കിംഗിലായിരുന്നു.
“സിനി, നാളെ രാവിലെ എനിക്ക് ഹോസ്പിറ്റലിൽ വരെ പോണം… ചെയർമാനെ ഒന്ന് കണ്ട് കുറച്ചു പേപ്പറിൽ സൈൻ വാങ്ങാനുണ്ട്… അതു കഴിഞ്ഞു വന്നട്ടു ഇവിടെ നിന്നു എയർപോർട്ടിലേക്ക് പോകാം… റൂബൻ നമ്മളെ ഡ്രോപ്പ് ചെയ്യും… ” ഫിലിപ്പ് തന്റെ ടൈ ഊരി കൊണ്ട് പറഞ്ഞു.
സിനി ഒന്ന് നടുങ്ങി. ” അതിന്… ടാക്സി വിളിച്ചാൽ പോരെ ഫിലിപ്പ്…? എന്തിനാ അവനെ ബുദ്ധിമുട്ടിക്കുന്നത്…? ”
“ബുദ്ധിമുട്ടൊന്നുമില്ല സിനി. അവൻ നമ്മുടെ കുട്ടിയെപ്പോലെയല്ലേ…? അവൻ തന്നെയാ പറഞ്ഞത് എയർപോർട്ടിൽ വിടാമെന്ന്… ”
സിനി ഒന്നും മിണ്ടിയില്ല. ഫിലിപ്പിന്റെ ഈ ‘അമിത വിശ്വാസം’ അവളിൽ ഒരു വലിയ ഭാരമായി മാറി…
പിറ്റേന്ന് രാവിലെ ഫിലിപ്പ് നേരത്തെ തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു. ചെയർമാനെ കണ്ട് സംസാരിച്ച്, ആവശ്യമായ പേപ്പറുകളിൽ സൈൻ വാങ്ങിയ ശേഷം അദ്ദേഹം വേഗത്തിൽ വീട്ടിലേക്ക് മടങ്ങിയെത്തി. അപ്പോഴേക്കും സിനിയും ഫിയയും യാത്രയ്ക്കായി പൂർണ്ണമായും തയ്യാറെടുത്ത് നിൽക്കുകയായിരുന്നു…
സിനിയുടെ ഉള്ളിൽ ഒരുതരം അസ്വസ്ഥത നീറുന്നുണ്ടായിരുന്നു. എയർപോർട്ടിലേക്ക് പോകാൻ ടാക്സി മതിയെന്ന് അവൾ ഒരിക്കൽ കൂടി ഫിലിപ്പിനോട് പറയാൻ ആഞ്ഞതാണ്, പക്ഷേ അപ്പോഴേക്കും റൂബന്റെ ബ്ലാക്ക് ഔഡി സെഡാൻ മുറ്റത്ത് വന്നു നിന്നു…
റൂബൻ കാറിൽ നിന്നിറങ്ങി ഒന്നു ചിരിച്ചു
“ ഞാൻ ലേറ്റായോ സാർ…?
“ നോ… ഓൺ ടൈമ്… ” ഫിലിപ്പ് പറഞ്ഞു കൊണ്ട് ലഗേജുകൾ എടുക്കാനായി തുനിഞ്ഞു..
“ വേണ്ടാ… ഞാനെടുത്തു വെക്കാം… “ അവൻ ലഗേജുകൾ ഓരോന്നായി ഡിക്കിയിലേക്ക് എടുത്തു വെച്ചു…
അതു കഴിഞ്ഞ് റൂബൻ തന്റെ കാറിന്റെ മുൻസീറ്റിൽ ഇരുന്ന ഒരു ചെറിയ ഗിഫ്റ്റ് ബോക്സ് എടുത്ത് അത് ഫിയയുടെ നേർക്ക് നീട്ടി…
” ഫിയാ… ആൾ ദി ബെസ്‌റ്റ്…! ഇത് എന്റെ വക ചെറിയൊരു ഗിഫ്റ്റ്… സ്റ്റഡി വെൽ… ”
ഫിയ അത്ഭുതത്തോടെയും സന്തോഷത്തോടെയും ആ സമ്മാനം വാങ്ങി. ” താങ്ക്സ് റൂബൻ ചേട്ടാ… ” അവൾ അത് തുറന്നു നോക്കി.
” നല്ല പയ്യനാണ്… ” ഫിലിപ്പ് സിനിയുടെ അരികിൽ നിന്ന് മെല്ലെ പറഞ്ഞു. പക്ഷേ സിനി ഒന്നും മിണ്ടിയില്ല. റൂബൻ ഫിയയ്ക്ക് നൽകിയ ആ സമ്മാനത്തിലും അവന്റെ പെരുമാറ്റത്തിലും എവിടെയോ ഒരു ‘അവകാശം’ ഒളിഞ്ഞിരിക്കുന്നത് അവൾ മാത്രം അറിയാം…
യാത്രയിലുടനീളം ഫിലിപ്പും റൂബനും നാട്ടിലെ മെഡിക്കൽ കോളേജ് വിശേഷങ്ങളെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചു കൊണ്ടിരുന്നു. സിനി പുറകിലെ സീറ്റിലിരുന്ന് ജനാലയിലൂടെ പുറത്തെ കാഴ്ചകളിലേക്ക് നോക്കി. ഇടയ്ക്കിടെ കാറിലെ മിററിലൂടെ റൂബന്റെ കണ്ണുകൾ സിനിയുടേതുമായി ഉടക്കുന്നുണ്ടായിരുന്നു. ആ നോട്ടത്തിൽ ഒരു തരം നിഗൂഢതയുണ്ടായിരുന്നു.
എയർപോർട്ടിൽ എത്തിയപ്പോൾ ഫിലിപ്പും ഫിയയും ലഗേജുമായി മുന്നോട്ട് നടന്നു. ട്രോളി എടുക്കുന്നതിനിടയിൽ സിനി അല്പം പിന്നിലായി. ആ നിമിഷം റൂബൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.
” നാട്ടിൽ ചെന്നിട്ട് ആ പഴയ സ്ഥലം ഒന്ന് കാണണം കേട്ടോ. എന്റെ ഈ സിനിയെ അവിടെ വെച്ചാണ് എനിക്ക് ആദ്യമായി ഇഷ്ടപ്പെട്ടത്. മറക്കില്ലല്ലോ…? ” അവൻ അവളുടെ കയ്യിൽ പതുക്കെ ഒന്ന് തൊട്ടു. ആ സ്പർശനം ആരുടേയും കണ്ണിൽ പെട്ടില്ലെങ്കിലും സിനിയുടെ ശരീരം ഒന്നാകെ വിറച്ചു.
” റൂബൻ… മതി. ഞാൻ പോയിട്ട് വരാം… ” സിനി വേഗത്തിൽ മുന്നോട്ട് നടന്നു.
ഫ്ലൈറ്റിലിരിക്കുമ്പോൾ സിനിയുടെ മനസ്സിൽ റൂബന്റെ ആ വാക്കുകൾ മാത്രം മുഴങ്ങിക്കൊണ്ടിരുന്നു. നാട്ടിലെ ആ പഴയ കോളേജ്, അവിടെയുള്ള വരാന്ത… ‘ഇതിനിടയിൽ തന്റെ കുടുംബം’…
…………………………………………………………………………
