മായകണ്ണൻ Likeഅടിപൊളി  

ചേച്ചി എനിക്ക് വേണ്ടി support ചെയ്ത് സംസാരിച്ചു. “ഓഹോ അപ്പൊ ഈ കാര്യത്തിനും നീ ഇവന്റെ കൂടെയാണല്ലേ??” “അച്ഛാ, ഇത് പോലൊരു പെണ്ണിനെ തപസ്സ് ചെയ്താലും ഇവന് കിട്ടില്ല. പിന്നെ എനിക്ക് മായ കുട്ടിയെ ഒരുപടിഷ്ട്ടാ. അമ്മക്കും. നേരത്തെ കൂടി പറഞ്ഞേ ഉള്ളൂ, ഇത്‌പോലൊരു മോളെ കിട്ടിയിരുന്നെങ്കിൽ എന്ന്!” ചേച്ചിയത് പറഞ്ഞപ്പോ അമ്മക്കും എന്ത് പറയണം എന്നറിയാണ്ടായി. “ശെരി നമ്മളെല്ലാരും സമ്മതിച്ചൂന്ന് ഇരിക്കട്ടെ, പക്ഷെ ആ കുട്ടിക്കും ഇല്ലേ അമ്മയും അച്ഛനും?? അവരെങ്ങനെ സമ്മതിക്കും??” “അവൾക്കാരുല്ല. അതുകൊണ്ടാ നമ്മടെ വീട്ടിലേക്ക് കൊണ്ട് വരാൻ പോലും ഞാൻ പറഞ്ഞത്!” “അവൾക്കാരുല്ലേ??” അച്ഛൻ വീണ്ടും ആ ചോദ്യം ചോദിച്ചപ്പോ ഞാൻ എഴുന്നേറ്റ് ടെറസിലേക്ക് പോയി. മനസ്സിൽ മുഴുവൻ പേടിയായിരുന്നു. അവളെ നഷ്ടപ്പെടുമോ എന്ന പേടി. ഇല്ല ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാനവളെ വിട്ട് കൊടുക്കില്ല. എനിക്ക് വേണം അവളെ ജീവിതാവസാനം വരെ. ഒരോന്ന് ആലോചിച്ച് അവിടെനിന്നു. തോളിൽ ആരോ കൈ വച്ചു. ഞെട്ടി തിരിഞ്ഞ് നോക്കുമ്പോ അച്ഛനാണ്! “പിണങ്ങി വന്നതാ??” “ഏയ് അല്ലച്ഛാ.” “സീത എല്ലാം പറഞ്ഞു എനിക്കറിയില്ലായിരുന്നു, പാവം കുട്ടി. നിന്നോടെനിക്കിപ്പോ കൂടുതൽ സ്നേഹം തോന്നുവാടാ. നിയാണ് എന്റെ മോൻ എന്ന് പറയാൻ അഭിമാനം തോന്നുന്നു.” പറയുന്നതിനോടൊപ്പം അച്ഛൻ തറയിലവിടെ ഇരുന്നു. “വാ ഇരിക്ക്.” അച്ഛന്റെ അടുത്തായി ഞാനും ഇരുന്നു. “നിനക്കും ലക്ഷ്മി മോൾക്കും അറിയാത്ത കുറെ കാര്യങ്ങൾ ഉണ്ട് എന്റെയും സീതയുടെയും ജീവിതത്തിൽ. നിങ്ങൾ എപ്പോഴും ചോദിക്കാറില്ലേ, അച്ഛന്റെ വീട്ടുകാരേം അമ്മേടെ വീട്ടുകാരേം കുറിച്ച്. ഓരോന്ന് പറഞ്ഞ് അപ്പോഴൊക്കെ ഞങ്ങള് ഒഴിഞ്ഞു മാറും. അതിനൊരു കാരണം ഉണ്ടെടാ, നിങ്ങൾക്ക് ചൂണ്ടി കാണിച്ചു തരാൻ എനിക്കോ അവൾക്കോ അച്ഛനോ അമ്മയോ ഇല്ല.” അതുപറയുമ്പോ അച്ഛൻ കരഞ്ഞിരുന്നു. അന്നാദ്യമായി എന്റെ അച്ഛൻ കരയുന്നത് ഞാൻ കണ്ടു.

“ന്തച്ഛാ ഈ പറയണേ??”

“സീത മോളെ പറ്റി പറഞ്ഞപ്പോ അവിടെ ഞാൻ കണ്ടത് എന്റേം സീതയുടേം ജീവിതം തന്നെയാ. ഒരു കണക്കിന് നോക്കുവാണേ ആ കുട്ടി ഭാഗ്യവതിയാ. കുറച്ച് നാളെങ്കിലും ഒരു അച്ഛന്റേം അമ്മേടേം സ്നേഹം കിട്ടിലോ. അത് പോലും ഞങ്ങൾക്ക് കിട്ടിട്ടില്ലട. ഓർമ വച്ച നാള് തൊട്ട് ഏതോ ഒരു ഓഫ്‌നേജിൽ ആയിരുന്നു. അവിടുള്ള കന്യാസ്ത്രീമാരായിരുന്നു എന്റെ അച്ഛനും അമ്മയും എല്ലാം. ഒരുപാട് പേരുണ്ടേലും കൂട്ട് കൂടിയിരുന്നത് ഉണ്ടാകണ്ണുകൾ ഉള്ള ആ പെണ്കുട്ടിയോട് മാത്രമായിരുന്നു. എന്തും തുറന്നു പറയുന്ന ഒരു കൂട്ടുകാരി. നമ്മടെക്കെ ജീവിതത്തില് എത്ര സന്തോഷം തോന്നിയാലും, സങ്കടം തോന്നിയാലും അതാദ്യം ചെന്ന് പറയുന്ന ഒരാളുണ്ടാകും. അവരോടത് പറഞ്ഞില്ലെങ്കിൽ ആ സന്തോഷത്തിന് ഒരു സംതൃപ്തിയും ഉണ്ടാകില്ല, ആ സങ്കടത്തിന് ഒരു സമാധനോം ഉണ്ടാകില്ല. എനിക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും തുറന്ന് പറയാൻ അവളെ ഉണ്ടായിരുന്നുള്ളൂ. രമേട്ടാ എന്ന് വിളിച്ചു വരുന്ന ആ പാവടക്കാരി എന്നോ എന്റെ നെഞ്ചിൽ സ്ഥാനം ഉറപ്പിച്ചു. 20 വയസ്സ് കഴിഞ്ഞപ്പോ ഒരു ജോലി കിട്ടി ഞാൻ വേറെ സ്ഥലത്തേക്ക് പോയി. അന്നാ ഉണ്ടകണ്ണുകൾ കണ്ണീരിലൂടെ എനിക്ക് യാത്ര പറഞ്ഞു. അന്ന് ഇപ്പോഴത്തെ പോലെ അച്ഛന് സ്വന്തായി വണ്ടിയൊന്നുമില്ല. വാടകക്കായിരുന്നു ഓടിയെ. നല്ലൊരു വരുമാനം അതീന്ന് കിട്ടോയിരുന്നു. 4,5 വർഷം കഴിഞ്ഞപ്പോ സ്വന്തം കാലിൽ നിന്നു. സ്വന്തമായി ഒരു വണ്ടിയൊക്കെ എടുത്തോടൻ തുടങ്ങി. പിന്നെ തിരഞ്ഞത് അവളെയാ. എന്റെ ഉണ്ടകണ്ണിയെ. ഓഫ്‌നേജിൽ തിരക്കിയപ്പോ അവിടുന്ന് പോയെന്ന് പറഞ്ഞു. പക്ഷെ ഞാൻ വിട്ടില്ല. അവളെ തേടി പോയി കണ്ടുപിടിച്ചു. മനസ്സിലുള്ളത് പറഞ്ഞ് കൂടെ കൂട്ടി. പിന്നെയവള് എന്റെ ഭാര്യയായി. നിന്റേം അവൾടേം അമ്മേം. ഞങ്ങൾക്കിടയില് പിണക്കം ഉണ്ടായിട്ടേ ഇല്ല. ഇനിയൊട്ട് ഉണ്ടാവുകയും ഇല്ല. ഇനി നിന്നേം ലക്ഷ്മി മോളേം പോലെ തന്നെ ആയിരിക്കും മായ മോളും ഞങ്ങൾക്ക്! ആ കുട്ടി കാരണം ആർക്കൊക്കെ സന്തോഷം ഉണ്ടായെന്ന് നോക്കിയെടാ, എനിക്കും സീതക്കും ഒരു മോള്, ലക്ഷ്മിക്ക് ഒരു അനിയത്തി കുട്ടി, നിനക്ക് നിന്റെ പ്രാണൻ! കുരുത്തക്കേട് ഒന്നും കാട്ടാണ്ട് ഇരുന്ന കുറച്ച് കൊല്ലം കൂടി കഴിയുമ്പോ നിങ്ങടെ കല്യാണം സന്തോഷത്തോടെ ഞങ്ങള് നടത്തി തരും. അതല്ലങ്ങി മൂക്കി പല്ല് വന്നാലും എന്റെ മോൻ ഇങ്ങനെ തന്നിരിക്കും.”

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *