“മോനെ കണ്ണാ…..” കുറച്ച് നേരത്തിന് ശേഷം അച്ഛൻ എന്നെ വിളിച്ചു. “എന്താ അച്ഛാ??” “അപ്പൊ ഞങ്ങള് ഇറങ്ങുവാ. ഇരുട്ട് വീഴും മുന്നേ വിട് പിടിക്കട്ടെ.” “എഹ് നിങ്ങള് പോവാണോ??” “അഹ് നേരത്തെ ഡോക്ടർ വന്നു. നാളെ ഡിസ്സ്‌ചാർജ് ചെയ്യാം എന്ന് പറഞ്ഞു. ഇന്ന് രാത്രി ചിലപ്പോ trip ഇടും. ഇന്ന് രാത്രി ഞാൻ നിക്കാന്ന് വിചാരിച്ചതാ അപ്പൊ ഇവളാ പറഞ്ഞേ നീ നിന്നോളൂന്ന്.” അത് കേട്ടതും ഞാനവളെ നോക്കി. എന്റെ നോട്ടം കണ്ടതും തലയും ചൊറിഞ്ഞ് അവളകാശത്ത്നക്ഷത്രം നോക്കുന്നു. അപ്പോ ഇന്നത്തെ ഉറക്കം ഗോവിന്ദ. ഈ മറുതക്ക് വേണ്ടി ഉയിര് വരെ കൊടുക്കാൻ ഞാൻ തയ്യാറാ, അത് വച്ച് നോക്കുമ്പോ ഉറക്കൊക്കെ എന്ത്. “എന്നാ പിന്നെ ഞങ്ങള് ഇറങ്ങട്ടെ, രാവിലെ വരാം മോളെ. പോട്ടെ.” “Mm” അവളോട് യാത്രയും പറഞ്ഞ് അവര് പുറത്തേക്കിറങ്ങി. കൂടെ ഞാനും. “പോട്ടെ കണ്ണാ” ഞാൻ തലയാട്ടി. “മോനെ കണ്ണാ അമ്മേടെ സ്വഭാവം അറിയാലോ നിനക്ക്?? ഞാൻ നേരത്തെ പറഞ്ഞത് കുറച്ച് കൂടി പോയെന്ന് അറിയാം. പോട്ടെട്ടോ. നീ അവളെ സ്നേഹിക്കുന്ന കാണുമ്പോ ചിലസമയത്ത് എനിക്ക് പോലും അസൂയ തോന്നിട്ടുണ്ട്. ഒന്നും മനസ്സിൽ വച്ചേക്കണ്ടട്ടോ. ഞങ്ങള് ഇറങ്ങുവാ. നാളെ രാവിലെ വരാം. അവളെ നോക്കിക്കോണം എന്ന് പറയണ്ട ആവശ്യം ഇല്ല, എന്നാലും പറയുവാ ഒന്ന് ശ്രദ്ധിച്ചോണെ.” അമ്മയുടെ വാക്കുകൾക്ക് സന്തോഷപൂർവം ഞാൻ തലയാട്ടി. അത്രയും പറഞ്ഞ് അവരവിടെ നിന്നിറങ്ങി. അവര് പോകുന്നതും നോക്കി ഞാനവിടെ നിന്നു. പിന്നെ തിരിച്ച് റൂമിനുള്ളിലേക്ക് കേറി. അവിടെ കണ്ട കാഴ്ച്ച എന്നെ ഞെട്ടിച്ചു കളഞ്ഞു. അച്ഛൻ എനിക്ക് തിന്നാൻ തന്ന വട. ഞാൻ പിന്നീട് തിന്നാനായി മാറ്റി വച്ചതായിരുന്നു. അത് ആസ്വദിച്ച് കഴിക്കുന്ന എന്റെ പുന്നാര പെങ്ങൾ. കരഞ്ഞുപ്പോയി ഞാൻ. “ടി……” ഞാനലറി. ഹോസ്പിറ്റൽ ആണെന്ന് പോലും നോക്കില്ല. എന്റെ അലർച്ച കേട്ട് അവളൊന്ന് ഞെട്ടി. “എന്താ വാവേ….”
“നീ എന്താ ഈ കാണിച്ചേ??” “എന്തോന്ന്??” “നിനക്കൊന്നും അറിയില്ല അല്ലെ?? നീ എന്തിനാ എനിക്കുള്ള വടയും കൂടെ എടുത്ത് വിഴുങ്ങിയെ??” “ഓഹ് അതാണോ! അത് പറഞ്ഞപ്പോളാ ഇതിന് എന്തൊരു ടെസ്റ്റ് അഹ് വാവേ?? ഇവിടുത്തെ ക്യാന്റീനിന്നാ അച്ഛൻ വേടിച്ചോണ്ട് വന്നേ. ഇനിയിപ്പോ നീ ഒരു കാര്യം ചെയ്യ് അവിടെ പോയി ഇനിയും ഒരു നാലെഞ്ചേട്ടം വേടിച്ചിട്ട് വാ. ചെല്ല്.” “നാലെഞ്ചേട്ടം മതിയോ??” “അഹ് തൽകാലം മതി. വേണോങ്ങി ഞാൻ പിന്നെ പറയാം.” “പൊക്കോണം. എന്റെ വട തിന്നതും പോര. ഇനിയും വേടിച്ച് കൊടുക്കണം പോലും.” “കൊതികൊണ്ട് അല്ലെ വാവേ.” അവൾ ദയനീയമായി പറഞ്ഞു. അത് കേട്ട് എനിക്ക് ആകെ വല്ലാണ്ട് ആയി. “ഇപ്പൊ വേണോ നിനക്ക്??” “ഇപ്പൊ വാങ്ങിട്ട് വരോ??” “പോണേ പ്രശ്നം ഒന്നൂല്ല. പക്ഷെ അപ്പളെങ്ങാനും ഡോക്ടർ വന്നാ??” അത് കേട്ടപ്പോ അവളുടെ മുഖം ചെറുതായി ഒന്ന് വാടിയോ?? ഇങ്ങനൊരു കൊതിച്ചി. “നീ വിഷമിക്കാതെ. ഇന്നെന്തായാലും വാങ്ങിച്ച് തന്നിരിക്കും ഞാൻ. പോരെ.” “അഹ്.” ആ മൂളലിന് ഒരു ശക്തി കുറവ് പോലെ. “അഹ് വിഷമിക്കാതെടോ.” “ചേച്ചി……………” പെട്ടന്ന് പിന്നിന്ന് ഒരു വിളി. ഞാനും അവളും ഒരേപോലെ തിരിഞ്ഞ് നോക്കി. അവിടെ നിക്കുന്ന ആളെ കണ്ട് പൂ ചോദിച്ച എനിക്ക് പൂക്കാലം കിട്ടിയ പോലായി. എന്റെ മായ. അവിടെ കിടന്ന് ഡാൻസ് ചെയ്യാനാ എനിക്ക് തോന്നിയെ. അവള് അടുത്തേക്ക് നടന്ന് വന്നുകൊണ്ടേയിരുന്നു. എന്റെ ഹൃദയമിടിപ്പ് അതിനനുസരിച്ച് കൂടിക്കൊണ്ടേ ഇരുന്നു. അവളടുത്ത് എത്തിയതും ഞാൻ യാന്ത്രികമായി എഴുന്നേറ്റു.
“ഇപ്പൊ എങ്ങനുണ്ട് ചേച്ചി??” ഒരു സുന്ദരനും സുമുഖനും ആയ ചെറുപ്പക്കാരൻ പയ്യൻ മുന്നിൽ നിന്നിട്ടും might പോലും ചെയ്യാത്തതിൽ എനിക്ക് നല്ല സങ്കടം തോന്നി. “ഇപ്പൊ കുഴപ്പൊന്നും ഇല്ല മോളെ.” “ദാ കണ്ണാ.” അവള് ഒരു ബാഗിൽ നിന്ന് രണ്ട് പൊതി എടുത്ത് എനിക്ക് നേരെ നീട്ടി. പെട്ടന്ന് അവളുടെ നാവിൽ നിന്നും എന്നെ കണ്ണാന്ന് വിളിച്ചപ്പോ എന്റെ മനസ്സ് കുളിരണിഞ്ഞു. ഞാൻ ആ പൊതി വാങ്ങി. “എന്താ ഇത്??” “രാത്രിയിലേക്കുള്ള ഫുഡാ.” “അല്ല മോളെ സാധാരണ പേഷ്യന്റിന് മാത്രോല്ലേ ഇങ്ങനെ ഫുഡ് ഒക്കെ കൊടുക്കുന്നേ?? ഇതെന്താ കൂട്ടിരിക്കുന്ന ആൾക്കും??” അവള് പറഞ്ഞതും ശെരിയാ. അന്നത്തെ ആ ഒരു അക്സിഡന്റിന് ശേഷമുള്ള ഹോസ്പിറ്റൽ ജീവിതം എന്റെ മനസ്സിലേക്ക് ഓടി വന്നു. അന്നും ഞാനായിരുന്നു കൂട്ടിരുന്നത്. രാവിലെ ചേച്ചിക്ക് പാലും മുട്ടയും ബ്രെഡും ഒക്കെ കൊടുക്കും. ആരും കാണാതെ അവളെനിക്കും അതൊക്കെ വീതിച്ചിരുന്നു. ചില ദിവസങ്ങളിൽ പകലായിരിക്കും ഫുഡ് കൊണ്ട് വരുവാ. എനിക്കും കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരിക്കും. പക്ഷെ അവൾക്ക് മാത്രം കൊണ്ട് കൊടുക്കും. അപ്പളോക്കെ നല്ല വിഷമം എന്റെ മനസ്സിൽ തട്ടിട്ടുണ്ട്. പക്ഷെ അത് മനസ്സിലാക്കി. ആ ഒരു പൊതി തുറന്ന് ഓരോ പിടി വാരി തരുമായിരുന്നു അവൾ. ചില ദിവസങ്ങളിൽ ചമ്മന്തി മാത്രം ആയിരിക്കും ഉണ്ടാവുക. അവള് വാരി തന്ന് കഴിഞ്ഞാൽ ചമ്മന്തിക്ക് പോലും ചിക്കന്റെ രുചിയായിരുന്നു. ഇപ്പോഴും അതൊക്കെ ഓർക്കുമ്പോ കണ്ണ് നിറയും. ഞാനേതായാലും പഴയ ഓർമകളിൽ നിന്നും തിരിച്ച് വന്നു. “അങ്ങനെ തന്നെയാ ചേച്ചി മിക്കവരും. പക്ഷെ ഞാൻ അങ്ങനെ അല്ലാട്ടോ. പേഷ്യന്റിന് മാത്രേ ഈ വിശപ്പും ദാഹവും ഒക്കെ കാണുളോ?? കൂട്ടിരിക്കുന്ന ആൾക്കും ഇതൊക്കെ ഉണ്ടാവില്ലേ?? ഞാനൊരുപാട് പേരെ കണ്ടിട്ടുണ്ട് ചേച്ചി, മിക്കതും ഈ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു കിടക്കുന്നവരെയാ. ഓപ്പറേഷൻ കഴിഞ്ഞ എത്രയോ മണിക്കൂർ ഒന്നും കഴിക്കാൻ പറ്റില്ല അവർക്ക്. Full ട്രിപ്പ് മാത്രം. അവരുടെ കൂടെ ഇരിക്കുന്നത് അച്ഛനോ അമ്മയോ ഒക്കെ ആണെങ്കിൽ അവര് എങ്ങനെയാ ചേച്ചി വല്ലതും കുടിക്ക്യാ?? എന്റെ ഒരു കാഴ്ചപ്പാടില് ആഹാരം കൊടുക്കുവാണെ പേഷ്യന്റിനും കൂട്ടിരിക്കുന്ന ആൾക്കും കൊടുക്കണം. ഒരു നേരത്തെ ആഹാരം കൊടുക്കുന്നയാളാ യഥാർത്ഥ ദൈവം. എനിക്കങ്ങനെ ദൈവം ഒന്നും ആവണ്ട. പക്ഷെ ഞാൻ കാരണം ഒരാളുടെ വയർ നിറയോങ്ങി അതില്പരം സന്തോഷം വേറെയില്ല.” അവള് പറഞ്ഞ് നിർത്തി. എന്റെ നേരത്തെ പറന്ന് പോയ മരംകൊത്തി വീണ്ടും എങ്ങോട്ടോ പോയി. ചേച്ചിയെ നോക്കിയപ്പോ അവൾടെ അവസ്ഥയും അത് തന്നെയാ. അപ്പോഴും ഞാൻ എന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചോരു കാര്യം ഇവളെ ഞാനാർക്കും വിട്ടുകൊടുക്കില്ല എന്നതായിരുന്നു.
