അത് പോലെ തന്നെയായിരുന്നു വർഗീസ് ചേട്ടൻ്റെ തെറ്റിദ്ധാരണയും. എക്സാമൊക്കെ കഴിഞ്ഞ സമയം. പൂജക്ക് രമേശേട്ടൻ കുറച്ച് തെങ്ങിൻ കള്ള് എത്തിച്ച് തന്നതിൻ്റെ ബാക്കി ആരുമറിയാതെ കൊല്ലിക്കടുത്തുള്ള ഷെഡ്ഡിൽ ഇരുന്ന് കുടിക്കാം എന്ന് കരുതി കൊല്ലിക്കടുത്ത് പാത്തും പതുങ്ങിയും നിൽക്കുന്നത് വർഗീസ് ചേട്ടൻ കണ്ടു. കോട്ടയത്ത് സംഭവിച്ചത് വർഗീസ് ചേട്ടന് അറിയാമായിരുന്നു. അതു കൊണ്ട് ഞാൻ ചാടി ചാവാൻ പോവുകയാണെന്ന് പാവം വിചാരിച്ചു. ഞാൻ ജംഷീറിനെ വിളിച്ച് വരുത്തി. കള്ളും കുപ്പിയും കാണിച്ചു കൊടുത്തു. ആത്മഹത്യാ ശ്രമത്തിൻ്റെ സത്യാവസ്ഥ ഒരു വിധത്തിൽ വർഗീസ് ചേട്ടനേയും രേണുവിനേയും ബോധ്യപ്പെടുത്തി. നീഹയേയും വിളിച്ച് ചോദിച്ചിട്ടാണ് രേണു വിശ്വസിച്ചത്. എന്നാലും ഇപ്പോഴും പഴയ ആത്മഹത്യ കുത്തിപ്പൊക്കി എന്നെ വെറുതേ തോണ്ടുന്നത് രേണുവിൻ്റെ ഒരു വിനോദമാണ്. പിന്നെ ഒരു ഗുണമുണ്ടായത് പനങ്കള്ളോ തെങ്ങിൻ കള്ളോ ആയി കുടിക്കാൻ രേണുവും ഒപ്പം ഉണ്ടാകും എന്നതാണ്.
തലപ്പാറയിൽ നിന്ന് ഞാൻ ചെമ്മാട്ടേക്കുള്ള റോഡിലേക്ക് തിരിഞ്ഞു. മമ്പുറത്തേക്കുള്ള റോഡ് ദേശീയ പാതയുടെ പണി നടക്കുന്നത് കൊണ്ട് അടച്ചിരിക്കുന്നു. വീണ്ടും പിന്നിലേക്ക് പോയി മറ്റൊരു വഴിയിലൂടെ ചുറ്റി വളഞ്ഞ് പോകണം. തിരിച്ച് പോകാൻ തോന്നിയില്ല. നെൽപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള ചെറു പാതകളും ഇടവഴികളും പിന്നിട്ട് ഇരുവശത്തും പന്നൽ ചെടികൾ വളർന്ന ചെങ്കല്ല് വെട്ടിയിറക്കിയ നീണ്ട മൺപാതയിലേക്ക് ഞാൻ ബൈക്ക് ഇറക്കി. ഒരു എളുപ്പ വഴിയാണ് അത്. ദൂരെ മാളിയേക്കൽ തറവാടിൻ്റെ ഗേറ്റ് ഞാൻ കണ്ടു. ഗേറ്റ് തുറന്നിട്ടിരിക്കുന്നു. മുറ്റത്തെ സൈപ്രസ് മരത്തിൻ്റെ ചുവട്ടിൽ ബൈക്ക് നിർത്തിയിട്ട് നിലത്ത് വിരിച്ച ചരലിലൂടെ ഞാൻ നടന്നു. ഷൂവഴിച്ചു വെച്ച് ഞാൻ പൂമുഖത്തേക്ക് കയറി.
പച്ച കമ്പളത്തിൽ തിളങ്ങുന്ന സ്വർണ്ണ നൂലിനാൽ അറബിയിൽ പ്രധാനപ്പെട്ട എന്തോ ഒന്ന് തുന്നിച്ചേർത്ത പഞ്ചഭുജാകൃതിയിലുള്ള ഈയം കൊണ്ടുള്ള വലിയ ലോഹച്ചട്ടത്തിനു താഴെ രണ്ട് പാളികളുള്ള മഹാഗണിയിൽ തീർത്ത പഴയ കാല മുസ്ലീം ഗൃഹങ്ങളുടേതായ സവിശേഷമായ കൊത്തു പണികളുള്ള കനമേറിയ വലിയ വാതിൽ തുറന്നു കിടക്കുന്നു. ഉപ്പ എങ്ങോട്ടോ പോവാൻ തുടങ്ങുകയാണെന്ന് തോന്നുന്നു. കറുത്ത ബെൻസ് മുറ്റത്തുണ്ട്. ഡ്രൈവർ ബഷീറിക്ക പൂമുഖത്തെ മരപ്പടിയിൽ ഇരിക്കുന്നു. ഞാൻ മനോഹരമായി ചിരിച്ചു കാണിച്ചു. ഇടക്കിടക്ക് വരുന്നത് കൊണ്ട് ജോലിക്കാരെയൊക്കെ എനിക്ക് അറിയാം. അവർക്ക് എന്നെയും അറിയാം.
ജുമൈലത്ത് പുറത്തേക്ക് വന്നു. ബാംഗ്ലൂരിൽ ഗൈനക്കോളജിസ്റ്റാണ്. ജംഷീറിൻ്റെയും മൻസൂറിൻ്റെയും മൂത്ത ജ്യേഷ്ഠത്തി. മൂന്ന് ദിവസം മുൻപാണ് എത്തിയത്.
“ഇത്ര പെട്ടെന്ന് എത്തിയോ? അവടെ നോക്കി നിക്കാതെ അകത്തിക്ക് വാ”
ജുമൈലത്ത് എൻ്റെ കയ്യിൽ പിടിച്ച് അകത്തേക്ക് നയിച്ചു. നീല ഞരമ്പുകൾ തെളിഞ്ഞു കാണുന്ന വെളുത്ത കൈകൾ അൽപം അധികാരത്തോടെ എൻ്റെ കൈത്തണ്ടയിൽ മുറുകി. ജുമൈലത്തിൻ്റെ കൈപ്പത്തി കാണാൻ നല്ല ഭംഗിയാണ്. ഞാൻ ഒരു നിമിഷത്തേക്ക് ആ കൈകൾ ശ്രദ്ധിച്ചു. നീണ്ട മോതിര വിരൽ ശൂന്യമായി കിടക്കുന്നു.
“മോതിരം എവിടെ” ?
ജുമൈലത്ത് കൈത്തലം നീട്ടിപ്പിടിച്ചൊന്നു നോക്കി കൈ താഴേക്കിട്ടു.
“സിസേറിയനല്ലേ. ഇപ്പോ ആണെങ്കില് ഗ്ലൗസ് ഊരാനും ഇടാന്വേ നേരള്ളൂ. അത് കയ്യില്ണ്ടാവുമ്പോ എടങ്ങേറാ. ഞാനത് ഊരി വെച്ചു”
“പേരുള്ളതായിരുന്നില്ലേ” ?
“ഇത് നോക്ക് ”
കഴുത്തിലെ നെക് ലേസിൻ്റെ ലോക്കറ്റ് ജുമൈലത്ത് പൊക്കി പിടിച്ച് എന്നെ കാണിച്ചു. ഞാൻ മാല കൈയിൽ എടുത്ത് പിടിച്ച് ലോക്കറ്റ് നോക്കി. ഇംതിയാസിൻ്റെ മുഖം എൻഗ്രേവ് ചെയ്ത സ്വർണ്ണലോക്കറ്റ്. ഞാൻ എത്തിയതറിഞ്ഞ് ജംഷീർ പടികൾ ഇറങ്ങി വന്ന് അടുത്തുള്ള സോഫയിൽ ഇരുന്നു. ഞാൻ ജുമൈലത്തിൻ്റെ കൈകൾ എൻ്റെ കൈകളിൽ ചേർത്ത് പിടിച്ചു.
