നീളമുള്ള ഒരു കൈതോലപ്പായയിൽ വെള്ള തുണി പുതച്ച് അച്ഛൻ കിടക്കുന്നു. കാലിൻ്റെ ഭാഗത്ത് ഒരു വാഴ ഇലക്കീറ് കൂടിയുണ്ട്. അച്ഛമ്മക്ക് ഓണത്തിന് വാങ്ങിയ പുതിയ മല്ലുമുണ്ടായിരുന്നു അത്. അതാണ് ഞാൻ ആദ്യം ശ്രദ്ധിച്ചത്. ഞാനും അച്ഛച്ഛനും പൂരാട ദിവസം വൈകുന്നേരം പോയി വാങ്ങിയതായിരുന്നു അത്. തൊട്ടടുത്ത് അതുപോലെയൊരു പുതപ്പിനുള്ളിൽ അമ്മയുമുണ്ട്. തലഭാഗത്ത് നിലവിളക്ക് കത്തുന്നു. കത്തിച്ച ചന്ദന തിരികൾ ചെറിയ ഒരു ചെപ്പു പാത്രത്തിൽ കുത്തി നിർത്തിയിരിക്കുന്നു. വീടും പറമ്പും നിറയെ ആളുകൾ. ഖദർ ധാരികളായ ചിലർ ചെറിയ കൂട്ടമായും ഒറ്റ തിരിഞ്ഞും നിൽക്കുന്നു. അകത്തും എനിക്കറിയാത്ത കുറേയേറെ ആളുകൾ. രാഷ്ട്രീയക്കാരും മറ്റു പലരും ആയിരുന്നു അത് എന്ന് എനിക്ക് ഇപ്പോൾ അറിയാം.
തറവാട്ടിലുള്ളവരെല്ലാം ഉണ്ടായിരുന്നു. അച്ഛമ്മ അകത്ത് കട്ടിലിൽ കിടക്കുന്നു. രേണു അടുത്തിരിക്കുന്നു. കണ്ട് പരിചയമില്ലാത്ത കുറച്ച് സ്ത്രീകളും ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അമ്മയുടെ ബന്ധുക്കളായിരുന്നു അത്. അച്ഛച്ഛൻ പൂമുഖത്തെ ചാരുകസേരയിൽ മച്ചിലേക്കും നോക്കി നീണ്ടു നിവർന്നു കിടക്കുന്നു. അടുത്ത് തന്നെ മൂത്ത് നരച്ച അച്ഛച്ഛനേക്കാൾ പ്രായമുള്ള ഒരു പടുവൃദ്ധനും ഒരു ചെറുപ്പക്കാരനും ഇരിക്കുന്നു. അമ്മയുടെ അച്ഛനും ഏട്ടനും ആണെന്ന് പിന്നീട് മനസ്സിലായി. വർഗീസ് ചേട്ടനും ചെറിയച്ഛച്ചനും ഓടി നടന്ന് ഒരു മരണവീട്ടിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ എല്ലാം അതിൻ്റെ രീതിക്ക് ചെയ്തു തീർത്തു.
ഞാൻ രണ്ടാം ക്ലാസിലായപ്പോഴാണ് അച്ഛനും അമ്മയും മരിക്കുന്നത്. അച്ഛൻ അൾജീരിയയിലെ ഇന്ത്യൻ എംബസിയിലായിരുന്നു കരിയർ ആരംഭിച്ചത്. പിന്നെ ഹോങ് കോങ്ങിൽ. കൊറിയയിൽ.വിയന്നയിൽ. അങ്ങനെ പല രാജ്യങ്ങളിലെയും ഇന്ത്യയുടെ പ്രതിനിധി ആയിരുന്നു. അന്ന് അച്ഛൻ നേപ്പാളിലെ ഇന്ത്യൻ ഹൈക്കമ്മീഷനറായിരുന്നു. അമ്മ ഇടക്കൊക്കെ ലീവെടുത്ത് അച്ഛൻ്റെ അടുത്ത് ചെല്ലും. അച്ഛൻ എവിടെയാണെങ്കിലും അമ്മ അങ്ങനെ ചെല്ലാറുണ്ടായിരുന്നു. പിന്നീട് രണ്ടാളും ഒരുമിച്ച് ബത്തേരിയിലോട്ട് പോരും. അതൊക്കെയായിരുന്നു അവരുടെ രീതി. അങ്ങനെ ഒരു യാത്രയിൽ ടേക്ക് ഓഫ് ചെയ്ത ഉടനെ കാഠ്മണ്ഡുവിൽ വെച്ച് വിമാനം തകർന്ന് വീണ് അവരും ഒപ്പം വിമാനത്തിലുള്ളവരും മരണപ്പെടുകയായിരുന്നു. കാഠ്മണ്ഡു ടു ഡെൽഹി ടിക്കറ്റെടുത്തവരുടെ ഡെസ്റ്റിനേഷനിൽ ചെറിയൊരു മാറ്റം. ഒരു പക്ഷേ ചിലപ്പോൾ അതായിരിക്കും കറക്ട് ഡെസ്റ്റിനേഷൻ.
അന്നും എനിക്ക് അതിൽ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. രേണുവായിരുന്നു തകർന്ന് പോയത്. ഞാൻ പോലുമറിയാതെ വീണ്ടും എൻ്റെ മനസ്സ് രേണുവിലെത്തി നിന്നു. സ്മൃതിപഥങ്ങളിൽ പോലും രേണു മാത്രം.
അച്ഛനും രേണുവും തമ്മിൽ നല്ല പ്രായ വ്യത്യാസമുണ്ട്. ഒരു കുഞ്ഞനുജത്തിയോടുള്ള വാത്സല്യം അച്ഛന് എപ്പോഴും രേണുവിനോട് ഉണ്ടായിരുന്നിരിക്കണം. അച്ഛനും അമ്മയുമായി രേണുവിനായിരുന്നു കൂടുതൽ അടുപ്പമുണ്ടായിരുന്നത്. അച്ഛൻ്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരാൾ രേണുവായിരുന്നു.
അച്ഛനില്ലാതായപ്പോൾ തനിച്ചായിപ്പോയ രേണു പുസ്തകങ്ങളും പഠിത്തവുമൊക്കെയായി ഉൾവലിഞ്ഞു സ്വന്തം ലോകത്ത് ജീവിക്കാൻ തുടങ്ങി. അതൊക്കെ എനിക്ക് ഓർമ്മയുണ്ട്. അന്നൊക്കെ ഞാൻ രേണുവിൻ്റെ കൂടെ തന്നെയായിരുന്നു. അതിനിടക്കാണ് രേണു പ്ലസ് ടു ജയിച്ചത്. അതോട് കൂടി അക്കാദമിക്സിലേക്കായി രേണുവിൻ്റെ പൂർണ ശ്രദ്ധ. പിന്നീടുള്ള വർഷങ്ങളിൽ രേണു കൂടുതൽ കാലവും ഹോസ്റ്റലിലായിരുന്നു. വീട്ടിലേക്കുള്ള വരവ് നന്നേ കുറഞ്ഞു. ഒപ്പം ഞാനും വളർന്നു.
എന്നാണ് എന്നൊന്നും എനിക്ക് കൃത്യമായി ഓർമ്മയില്ല. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോളാണ്. ഒരു ദിവസം ഉച്ചക്ക് പശുവിനെ മാറ്റി കെട്ടാൻ പോയ അച്ഛമ്മ പശു കയറും വലിച്ചോടിയപ്പോൾ പാടവരമ്പത്ത് തെന്നി വീണ് തുടയെല്ല് പൊട്ടി. അതേ കിടപ്പിൽ രണ്ട് മൂന്ന് മാസം നരകിച്ച് കിടന്ന് പാവം ദൈവസന്നിധി പൂകി. സാധാരണ പുറം പണിക്കുള്ളവരോ സുലോചന ചേച്ചിയോ ആണ് പശുക്കളുടെ കാര്യം നോക്കുന്നത്. സമയമായാൽ എന്തെങ്കിലും കാരണം വേണമല്ലോ. അതു കൊണ്ടാവും അച്ഛമ്മക്ക് തന്നെ പശുവിനെ വെയിലത്ത് നിന്നും മാറ്റി കെട്ടാൻ തോന്നിയത്. അല്ലെങ്കിലും വിധിയെ തടുക്കാൻ കഴിയില്ലല്ലോ.
