ഏട്ടനില്ലാതെ ഒറ്റയായിപ്പോയ രേണു സ്നേഹം തേടി നടന്ന് കൊൽക്കത്തയിൽ വെച്ച് ഒപ്പം പഠിച്ച ആരെയോ പ്രേമിച്ച് കല്യാണം കഴിച്ചു. അത് അധികം വൈകാതെ ഡിവോഴ്സിലും കലാശിച്ചു. രേണുവിൻ്റെ കല്യാണത്തെ കുറിച്ച് എനിക്ക് കൂടുതലായൊന്നും അറിയില്ല. ഞാനൊരിക്കലും ഒന്നും ചോദിച്ചിട്ടില്ല. രേണുവാണെങ്കിൽ എന്നോടൊന്നും പറഞ്ഞിട്ടുമില്ല. അല്ലെങ്കിലും എനിക്ക് ഒന്നിനേകുറിച്ചും കൂടുതലൊന്നും അറിയില്ല. ആരും എന്നോടൊന്നും പറയാറില്ല. ഞാൻ ആരോടും ഒന്നും ചോദിക്കാറുമില്ല. എൻ ഐ ടി യിലെ ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി കിട്ടിയതിനു ശേഷമാണ് രേണു അലച്ചിലൊക്കെ മതിയാക്കി തറവാട്ടിൽ സ്ഥിരമായി നിൽക്കാൻ തുടങ്ങിയത്. അച്ഛച്ഛന് അന്നേ എഴുപത്തഞ്ച് കഴിഞ്ഞിരുന്നു. അച്ഛമ്മയുടെ മൂന്നാമത്തെ ആണ്ടിന് മുൻപേ അച്ഛച്ഛനും അച്ഛമ്മ പോയ വഴിയേ പോയി.
അച്ഛച്ഛനും കൂടി പോയതോടെ അവിടെ നിൽക്കാൻ കഴിയില്ല എന്നായി. അത്രക്കുണ്ടായിരുന്നു ഓർമ്മകളുടെ ഭാരം.
രണ്ട് വർഷം മുൻപാണ് ഞങ്ങൾ കുറ്റിക്കാട്ടൂരിലെത്തിയത്. പ്ലസ് ടു കഴിഞ്ഞ് ഒരു വർഷം റിപ്പീറ്റും ചെയ്ത് ജെ ഇ ഇ എഴുതി കിട്ടിയപ്പോൾ
ബോംബെ ഐ ഐ ടി യിൽ ചേരാനായിരുന്നു ആഗ്രഹം. രേണു ഒറ്റക്ക് ഇവിടെ ഇങ്ങനെ. ഐ ഐ ടി യിൽ പോകാൻ മനസ്സു വന്നില്ല. കോഴിക്കോട് എൻ ഐ റ്റി യിൽ സി എസ് ഇ ബ്രാഞ്ചിൽ അഡ്മിഷൻ എടുക്കുമ്പോൾ രേണുവിൻ്റെ അടുത്ത് തന്നെയാകുമല്ലോ എന്നുള്ള സമാധാനമായിരുന്നു. ഈ വർഷത്തോടെ ഫസ്റ്റ് ഇയർ കഴിഞ്ഞു. അങ്ങനെയൊക്കെയാണ് ഇപ്പോഴുള്ള ഞങ്ങളുടെ ജീവിതം പൊയ്കൊണ്ടിരിക്കുന്നത്.
അച്ഛച്ഛൻ്റെ സ്വരം ചെവിയിൽ മുഴങ്ങുന്നു. പഴയ കവിത തന്നെ…
“….മാതൃതാതർ പിമ്പെങ്ങോ മറഞ്ഞു പോയ്
മാർഗ്ഗ മധ്യത്തിലേകനായ് തീർന്നു ഞാൻ…”
പക്ഷേ കവി അവിടം കൊണ്ടും നിർത്തുന്നില്ല. ആരുമില്ലാതെ തനിച്ചായപ്പോൾ കല്ലു തട്ടി തുടങ്ങിയെൻ കാൽകളിൽ എന്നാണ് കവി പാടുന്നത്. രേണു കൂടെ ഉള്ളത് കൊണ്ട് വലിയ കല്ലിലൊന്നും തട്ടി കാൽ മുറിയാതെ ഞാനിങ്ങനെ ജീവിച്ചു പോകുന്നു. ഇരുട്ട് നീങ്ങി തുടങ്ങിയിരിക്കുന്നു. വീണ്ടും കവിതയെഴുതാൻ തോന്നുന്നു. വീട്ടിൽ നിന്ന് ഇറങ്ങിയ അതേ മാനസികാവസ്ഥയിലായിരുന്നെങ്കിൽ വിഷാദം മുറ്റി നിൽക്കുന്ന അതി തീവ്രമായ വല്ലതും എഴുതാമായിരുന്നു. അതി കഠിനമായ മാനസികവ്യഥ അനുഭവിക്കുമ്പോഴാണ് അങ്ങനെ ഓരോന്ന് എഴുതാൻ തോന്നുന്നത്. എന്നാൽ ഇപ്പോൾ… ഇത്രയും ഓർത്തെടുത്ത് കഴിഞ്ഞപ്പോൾ… മനസ്സ് ശാന്തമായ പോലെ. മുന്നിൽ പരന്നൊഴുകുന്ന ചാലിയാറിലേക്ക് നോക്കിയിരിക്കുമ്പോൾ…. ഇറ്റ് ഫീൽസ് സെറീൻ….
രണ്ട് സന്ധ്യകളിൽ പ്രഭാതത്തിലെ ഈ സന്ധ്യ സൂര്യനുള്ളതാണ്. പുഴയിൽ നിന്നുള്ള കുളിർക്കാറ്റ് എൻ്റെ മനസ്സ് വായിച്ചെന്ന പോലെ അരികിലൂടെ എന്നെ തഴുകി കടന്നു പോയി. പൂർവ്വ ചക്രവാളത്തിൽ ഉദിച്ചുയർന്ന ബാലാർക്കൻ്റെ രശ്മികൾ ചാലിയാറിൻ്റെ വിശാലമായ ജല പരപ്പിൽ കാറ്റു വീശിയപ്പോഴുണ്ടായ ഓളങ്ങളിൽ തത്തി കളിച്ച് എൻ്റെ കണ്ണിലെത്തി. ഞാൻ കണ്ണുകൾ ഒന്ന് ചിമ്മി തുറന്നു. “നിഖിലേ… ഇവിടിരിക്കാണോ? ഞാനെവിടെയൊക്കെ നോക്കീന്നറിയോ? വാടാ… വീട്ടില് കേറീട്ട് പോവാം” ഞാൻ ചുറ്റും നോക്കി. കാറ്റടിച്ചപ്പോൾ തോന്നിയതാണ്. കാർത്തിക… എൻ്റെ ഒരു പഴയ കളി കൂട്ടുകാരിയാണ് എന്ന് പറഞ്ഞാൽ അത് പോരാതെ വരും. എട്ടാം ക്ലാസിൽ വെച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. പ്ലസ് ടു വരെ ഒരുമിച്ചായിരുന്നു. കട്ടിയിൽ വാലിട്ടു കണ്ണെഴുതിയ കറുത്ത കണ്ണുകളും നീണ്ട കോലൻ മുടിയും ഉള്ള ഒരു അഹങ്കാരി. പഠിപ്പിസ്റ്റായതു കൊണ്ടുള്ള അഹന്ത. സുന്ദരിയാണെന്നുള്ള ജാഡ വേറെ. പോരാത്തതിന് അച്ഛൻ അതേ സ്കൂളിലെ ഹെഡ്മാസ്റ്ററും. കോപ്പിലെ അവസ്ഥ തന്നെ. ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ അവളെ കാണാൻ തോന്നുന്നു. ബി എസ് സി മാത് സ് കാരിയാണ് ഇപ്പോൾ. തേർഡ് യെർ ആയിട്ടുണ്ടാകും. സ്വഭാവത്തിന് വലിയ മാറ്റമൊന്നും ഉണ്ടാകാൻ സാധ്യതയില്ല. എന്നാലും എൻ്റെ സ്വന്തം അഹങ്കാരിയാണ്.
