“അതിന് വേറെ പ്രശ്നണ്ട് ജംഷീ”
“മറ്റേ കടലാസല്ലേ? ഗാന്ധിജീൻ്റെ ചിരിക്കണ മൊഖള്ളത്”?
“അതാണല്ലോ ഏറ്റവും വലിയ പ്രശ്നം”
“ക്രൂയിസറ്… നല്ല കനണ്ടാവും. വളക്കാനും പാടാ. അത് അമേരിക്കനാണ് സാധനം. അവടത്തെ വീതിയുള്ള റോഡിന് പറ്റിയതാ. കുണ്ടും കുഴിയും വളവൊന്നും ഇല്ലാത്ത സ്ട്രെയിറ്റ് റോഡാ അവടത്തെ. ഇന്ത്യേല് നല്ല ക്രൂയിസറില്ല. കാല് നൂർത്തി വെച്ചാലും നടുവിന് നല്ല വേദനണ്ടാവും. ഷോർട്ട് സസ്പെൻഷൻ ട്രാവലാ. ഇവിടെ കുണ്ടും കുഴിയുള്ളോടൊത്തൊന്നും അത് ശരിയാവൂലാ”
“നടുവേദനക്ക് പറ്റിയ വണ്ടി ഏതാ”?
“സുസുക്കി ആക്സസ് വൺ ട്വൻ്റി ഫൈവ്. അല്ലെങ്കി ഏതേലും കാറ്. ഇയ്യ് പറഞ്ഞ ആവശ്യത്തിന് നല്ലത് ഓഫ്റോഡ് മോഡൽസാ. അല്ലെങ്കിൽ അഡ്വഞ്ചർ ടൂറർ. ട്രാൻസാൽപ്പ്.. ഹിമാലയൻ.. ബിഎംഡബ്ല്യൂൻ്റെ മൂന്നൂറ്റിപ്പത്ത്.. എൻ എക്സ് ഫൈവ് ഹൺഡ്രഡ്. കവസാക്കീൻ്റേം സുസുക്കീൻ്റേം ഏതൊക്കെയോ മോഡല്ണ്ട് ഷോപ്പില്. പിന്നെ ആ മൾട്ടിസ്ട്രാഡ…. ബി എം ഡബ്ല്യൂൻ്റെ രണ്ട് മൂന്ന് മോഡൽസൂണ്ട്”
“അഡ്വഞ്ചർ ടൂററിനാണോ പില്യൺ കംഫർട്ടുള്ളത്”?
“ഇയ്യ് നല്ല സസ്പെൻഷൻ സെറ്റപ്പ്ള്ള വണ്ടി എടുത്ത് ആഫ്റ്റർ മാർക്കറ്റ് സീറ്റ് കേറ്റടാ”
ജംഷീറിൻ്റെ ക്ഷമ നശിച്ചു. ജുമൈലത്തും ഷഹാനയും അടുത്തുള്ളത് അപ്പോഴാണ് ഞാൻ ഓർത്തത്. വണ്ടിയേ കുറിച്ചുള്ള സംസാരം ഞങ്ങൾ അവസാനിപ്പിച്ചു.
നേരം ഉച്ചയായത് കൊണ്ട് ഉമ്മ കുടിക്കാനൊന്നും എടുത്തില്ല. ചോറ് കഴിക്കാൻ എല്ലാവരേയും വിളിച്ചു.
“ഇയ്യ് വാ..സ്പെഷലെന്തേലുണ്ടാവും”
മാനുക്ക ഷഹാനയെയും വിളിച്ച് മുന്നിൽ നടന്നു.
“ഒന്നൂല്ല. സാദാ ചോറും മീൻ കൂട്ടാനും മോര് കറീണ്ട്. മരുമോളേം കൊണ്ട് വരുമ്പോ ഉമ്മീനോട് നേരത്തെ പറയണേന്നു”
ജുമൈലത്ത് പറഞ്ഞത് കേട്ട് മാനുക്ക തിരിഞ്ഞ് എന്നെ നോക്കി.
“ഓനെ നോക്കണ്ട. ഓനെപ്പഴും വരണതല്ലേ. ല്ലേ … കണ്ണാ”
“വെറുതെയാ. ഓനിവടെണ്ടേല് ഉമ്മച്ചി എന്തേലുണ്ടാക്കീട്ട്ണ്ടാവും”
മാനുക്ക ഷഹാനയുടെ ചെവിയിൽ ജുമൈലത്ത് കേൾക്കാതെ അടക്കം പറഞ്ഞു. ഷഹാന എന്നെ നോക്കി ചിരിച്ചു.
“നിക്കാഹ് കഴിഞ്ഞിട്ട് ഞാനൂണ്ടാക്കിതരണ്ട് അനക്ക് ഒരു സാധനം”
“എന്താ അവടെ ഒരു രഹസ്യം പറച്ചില്”?
“ഒന്നൂല്ല”
ഞാൻ ജുമൈലത്തിൻ്റെ അടുത്തേക്ക് പിൻ വാങ്ങി. അവർ രണ്ട് പേരും ആദ്യമിരുന്നു. ഷഹാന ജംഷിയുടെ അടുത്താണ് ഇരുന്നത്. ജുമൈലത്ത് ചെന്ന് ജംഷിയുടെ തലക്ക് ഒരു കിഴുക്ക് കൊടുത്തു. അവൻ എഴുന്നേറ്റ് എൻ്റെ അടുത്ത് വന്നിരുന്നു.
“പൊറത്ത് ഓൻ്റെ ഒപ്പം നടക്കുമ്പോ ഒന്നൂല്ലാത്ത നാണാ കൂടെ ഇരുന്ന് ഇത്തിരി ചോറ് തിന്നാന്. എന്തൊക്കെ കാട്ടിക്കൂട്ടലാന്ന് നോക്ക് ഉമ്മ്യേ … ഇതൊക്കെ എന്നൂണ്ടായാ മതി”
“എന്താത്? അവർക്കൊരു എടങ്ങേറുണ്ടാവൂന്നേ… ഷാനാത്തക്ക് ആദ്യായിട്ട് ആയതോണ്ട് അല്ലേ. പരിചയായി ശീലായാ അതൊക്കെ ശരിയായിക്കോളും. അവരെ കളിയാക്കിയത് മതി. ഇങ്ങട്ട് വാ. ഇവിടെ ഇരിക്ക് ”
ഞാൻ ജുമൈലത്തിനെ ജംഷിയുടെ അടുത്ത് ഇരുത്തി. ഉമ്മയോടൊപ്പം നബീസുമ്മയുണ്ടായിരുന്നു കൈ സഹായത്തിന്. എല്ലാം മേശപ്പുറത്ത് കൊണ്ട് വന്ന് വെച്ച് അവർ അടുക്കളയിലേക്ക് പോയി. ജംഷീറിൻ്റെ അടുത്ത് ഉമ്മയും ഇരുന്നു.
“അങ്ങനെ പറഞ്ഞ് കൊടുക്ക് കണ്ണാ. ആഹാ… തേങ്ങാ പാലൊഴിച്ച മീൻ കൂട്ടാന്. അതാ ഞാൻ പറഞ്ഞെ. ഞങ്ങളാണേ ഇപ്പോ പച്ച തേങ്ങ അരച്ച ഒരു ചാറുണ്ടാവും”
മാനുക്ക മീൻ കറി ഷഹാനയുടെ പാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തു.
തല താഴ്ത്തി ഇരുന്ന് ചോറുണ്ണുകയായിരുന്ന ഷഹാന മുഖമുയർത്തി എന്നെ നോക്കി.
“വെറുതെ പറയുന്നതാ”
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. അത് കേട്ട് ജുമൈലത്ത് കൈ കൊണ്ടെന്തോ കാണിക്കുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ ചോറും മീൻ കറിയുമായി കനത്ത യുദ്ധം നടത്തുകയായിരുന്നു മാനുക്ക. ഞാൻ നോക്കിയപ്പോൾ ഉമ്മയുണ്ട് എന്നെയും ഷഹാനയേയും അറിയാത്ത ഭാവത്തിൽ ഇടംകണ്ണിട്ട് നോക്കുന്നു.
