പാറയിടുക്കുകളിലൂടെ കലപില കൂട്ടി തുള്ളിച്ചാടി കുതിച്ചു പായുന്ന ബാലികയായ കല്ലോലിനിയല്ല നിലമ്പൂരിനിപ്പുറം ഇരുത്തം വന്ന ഒരു യുവതിയുടെ രൂപ സൗകുമാര്യത്തോടെ പ്രവഹിച്ചു തുടങ്ങുന്ന ഈ നദി. ഞാനിത് കാണുമ്പോഴെല്ലാം രേണുവിനെ ഓർക്കും. രേണുവിനെപ്പോലെ തന്നെയുണ്ട് ചാലിയാറും. ചാലിയാർ അതി സുന്ദരിയാണ്. രേണുവും സുന്ദരി തന്നെയാണ്. പർവ്വത പുത്രിയോ അതോ പർവ്വതത്തിൻ്റെ ഭാര്യയാണോ നദി? സഹ്യൻ്റെ ഈ പുത്രിയെ കുറിച്ചൊരു കവിത എഴുതാൻ തോന്നുന്നുണ്ട്. മറ്റു പലതിനെ കുറിച്ചും ചിന്തിച്ച് സങ്കടപ്പെട്ടിരിക്കുന്നതിനേക്കാൾ കവിത എഴുതാൻ പാകത്തിന് മനസ്സ് മാറിയത് നല്ലതായി എനിക്ക് തോന്നി.
രണ്ടായിരത്തി രണ്ടിലെ ഒരു ചിങ്ങമാസ രാത്രിയിൽ – പുലർച്ചെ ആണെന്ന് തോന്നുന്നു – എന്തായാലും സൂര്യോദയത്തിന് മുൻപാണ് – ജനിച്ച അന്ന് മുതലേ ഞാനനുഭവിക്കുന്നതാണ് ഇത്. ഓർഫൻസ്…. അനാഥരായി പോയവർ ഒരുപാടുണ്ട് ഭൂമിയിൽ. അവരുടെയൊക്കെ ആ ഒരു മാനസികാവസ്ഥ… അതല്ലെങ്കിൽ അവരുടെ ജീവിതത്തെ പറ്റിയുള്ള ഒരു കാഴ്ചപ്പാട്… ആ ഒരു സൈക്കോ സോഷ്യൽ സെറ്റ് അപ്പ്… അതൊക്കെ എങ്ങനെ ആയിരിക്കും? ഞാനതിനേ കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ട്. എനിക്ക് ആളുകൾക്കൊന്നും ഒരു കുറവുമില്ല. ആറളത്ത് തറവാട്ടിൽ പലരുമുണ്ട്. അമ്മയുടെ വീട്ടുകാരുമായും നല്ല അടുപ്പമുണ്ട്. കൂട്ടുകാരായിട്ട് രണ്ട് മൂന്നെണ്ണം ഉണ്ട്. അവരുടെ ഫാമിലിയുമായും തെറ്റില്ലാത്ത അടുപ്പമുണ്ട്. ഇത്രയൊക്കെ ആളുകളുണ്ടായിട്ടും ഒറ്റക്കാണ് എന്ന ഒരു തോന്നൽ. ഞാനിങ്ങനെ ആലോചിക്കുകയായിരുന്നു. അതായത് ആരും ഇല്ലാതെ അനാഥരായി പോവുന്നവരും ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിട്ടും തനിച്ചായി പോകുന്നവരും തമ്മിലുള്ള ആ ഒരു വ്യത്യാസം. അതായിരുന്നു എൻ്റെ മനസ്സിൽ.
എത്ര വലിയ സന്തോഷത്തിലാണെങ്കിലും എന്താണെന്നറിയാത്ത ഒരു ദുഃഖം എല്ലായ്പ്പോഴും മനസ്സിനെ അലട്ടികൊണ്ടേയിരിക്കും. വിഷാദമാണെൻ്റെ സ്ഥായീഭാവം. ആദ്യ ശ്വാസം പൂനെ കോർപ്പറേഷൻ പരിധിയിലാണ് എടുത്തതെങ്കിലും ബത്തേരിയിലെ ശുദ്ധവായു ശ്വസിച്ചാണ് ഞാൻ വളർന്നത്. ബട്ട് സ്റ്റിൽ … ദിസ് മെലങ്കോളിയ…. ആൻഡ് ദ ലോംഗിങ്നെസ് ഫോർ സംതിങ്ങ് അൺനോൺ… എന്താണ് ഞാനിത്രക്ക് തീവ്രമായി ആഗ്രഹിക്കുന്നതെന്ന് എന്ന് മാത്രം എനിക്കറിയില്ല. പക്ഷേ എന്തോ ഒന്ന് ആഗ്രഹിക്കുന്നുണ്ട് എന്ന് മാത്രം അറിയാം. അച്ഛച്ഛനാണെൻ്റെ ജാതകം എഴുതിയത്. ശനിയും കേതുവുമാണ് ലഗ്നത്തിൽ. എൻ്റെ ഈ ഗതി കെട്ട അവസ്ഥ മനസ്സിലാക്കുവാൻ അത് തന്നെ ധാരാളം. എന്തോ… പെട്ടെന്ന് അച്ഛനും അമ്മയും മനസ്സിൽ തെളിഞ്ഞു. അതങ്ങനെ സംഭവിക്കാറില്ല. ഇനി അവർക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ ആവോ…
അച്ഛനെയും അമ്മയെയും കുറിച്ചങ്ങനെ കാര്യമായിട്ടൊന്നും എൻ്റെ ഓർമയിലില്ല. അച്ഛൻ ഒരു ഐ ഫ് എസ് കാരനായിരുന്നു. ട്രെയിനിങ്ങിനിടക്കോ എങ്ങനെയോ ഒരു പഞ്ചാബിക്കാരി ഐ എ എസു കാരിയുമായി പ്രണയത്തിലായി. ഏതാനും വർഷങ്ങൾ പ്രണയിച്ചിട്ടാണവർ വിവാഹം കഴിച്ചത്. ഞാൻ ജനിച്ചപ്പോൾ അച്ഛന് മുപ്പത്തഞ്ച് കഴിഞ്ഞിരുന്നു. അമ്മ മഹാരാഷ്ട്ര കേഡറായിരുന്നു. ഞാൻ ജനിച്ചത് പൂനെയിലെ ഏതോ ഹോസ്പിറ്റലിലായിരുന്നു എന്നാണ് അച്ഛച്ഛൻ പറഞ്ഞത്. അമ്മക്കും അച്ഛനും തിരക്കായത് കൊണ്ട് ഞാൻ ഓർമ്മ വെക്കുന്ന കാലത്തിന് മുൻപ് തന്നെ അച്ഛച്ഛൻ്റെയും അച്ഛമ്മയുടെയും കൂടെ ബത്തേരിയിലെ തറവാട്ടിലായിരുന്നു. രേണു അന്ന് ഏഴിലോ എട്ടിലോ എങ്ങാനും ആയിരിക്കും. ഇടക്ക് എപ്പോഴെങ്കിലും അച്ഛനും അമ്മയും ഒന്നോ രണ്ടോ ആഴ്ച ലീവിന് വന്ന് നിന്നിട്ട് പോവുന്നത് വരെ എൻ്റെ കൂടെയുണ്ടാവും എന്നതിൽ കവിഞ്ഞ അടുപ്പമൊന്നും എനിക്കവരുമായിട്ടുണ്ടായിരുന്നില്ല. രേണുവായിരുന്നു എന്നെ എടുത്ത് നടന്നതും കുളിപ്പിച്ചതും ഒക്കെ. അച്ഛമ്മക്ക് ശരീരം കൊണ്ട് അധികം വയ്യായിരുന്നു. കുറച്ച് പ്രായമാവുന്നത് വരെ ഞാൻ രേണുവാണ് എൻ്റെ അമ്മ എന്നായിരുന്നു വിചാരിച്ചിരുന്നത്. അന്നൊക്കെ എനിക്ക് എല്ലാവരും ഉണ്ടായിരുന്നു. മുറ്റത്തെ കയർ കട്ടിലിൽ എന്നെയും മടിയിലിരുത്തി അച്ഛച്ഛൻ കവിതകൾ ചൊല്ലി തരുന്നത് ഓർമ്മ വരുന്നു. ഹൃദയം പലതായി നുറുങ്ങി പോവുന്ന അതേ വ്യഥയോടെ ഞാൻ തല കുടഞ്ഞു. മറക്കാൻ കഴിയുന്നില്ല. ഓർമ്മിക്കുന്നത് എനിക്ക് ഇഷ്ടവുമല്ല. എന്നാലും മനസ്സിൻ്റെ ഏതോ ഒരു കോണിൽ… അല്ലെങ്കിൽ എന്തിനാ കോണിലേക്കുണ്ടാക്കുന്നത്? നടുത്തളത്തിൽ തന്നെ മായാതെ കിടന്ന് അതെല്ലാം എന്നെ കുത്തിനോവിക്കുകയാണ്. കാലം എത്രയായാലും ഉണങ്ങാതെ ചെറുതായി ചോര പൊടിഞ്ഞു കൊണ്ടിരിക്കുന്ന ഹൃദയത്തിലെ ആ മുറിവ് കരിയാൻ എന്താണൊരു മാർഗ്ഗം? …മറ്റൊരു രംഗം ഓർമ്മയിൽ തെളിയുന്നു.
