തന്ത്രലാവണ്യം – 3 1അടിപൊളി  

“അഞ്ജനയെക്കുറിച്ചുള്ളതും?”

സുമലതയുടെ മുഖം ഗൗരവമായി.

“പ്രത്യേകിച്ച് അത്.”

“എന്തുകൊണ്ട്?”

“അവളുടെ കഥ അവൾക്കുതന്നെ പറയാനുള്ള അവകാശമുണ്ട്. എന്റെ ഓർമയിൽനിന്നു കണ്ട ശകലങ്ങളുടെ അടിസ്ഥാനത്തിൽ അവളുടെ ജീവിതത്തെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കരുത്.”

ആദിത്യൻ തലകുലുക്കി.

“പക്ഷേ ഒരു കാര്യം മനസ്സിലാക്കണം,” സുമലത പറഞ്ഞു. “ഒരു മനുഷ്യന്റെ വേദന അറിഞ്ഞതുകൊണ്ട് നിന്റെ അമ്മയുടെ വേദന അസത്യമാകില്ല. ദേവിക അനുഭവിച്ചതും യാഥാർഥ്യമാണ്. അഞ്ജന അനുഭവിച്ചതും. ഒരാളോടുള്ള കരുണ മറ്റൊരാളോടുള്ള വിശ്വസ്തതയെ ഇല്ലാതാക്കുന്നില്ല.”

ആ വാക്കുകൾ ആദിത്യന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.

അന്നുമുതൽ അവന്റെ ജീവിതത്തിന് പുതിയൊരു ക്രമം ലഭിച്ചു.

പുലർച്ചെ കളരി.

രാവിലെ വേദപഠനം.

ഉച്ചയ്ക്കുശേഷം ഇല്ലത്തിന്റെ കണക്കുകളും ഭൂമിയുടെ വിവരങ്ങളും.

വൈകുന്നേരം ആയുധപരിശീലനം.

രാത്രിയിൽ സുമലതയോടൊപ്പം വളകളുടെ രഹസ്യാഭ്യാസം.

രണ്ടുദിവസത്തിനകം ചെറിയമ്മ തന്റെ കുടുംബക്കാരുടെ

സഹായത്തോട്ടെ ഹരിഹരൻ, തന്റെ സുഹൃത്തിന്റെയും മരണം കണ്ടതുകൂടി, കാശിക്കു യാത്ര തുടങ്ങി എന്ന വിവരം വിശ്വാസയോഗ്യമാം വിധം പുതുശ്ശേരിയിൽ അവതരിപ്പിച്ചു. കണക്കുകളും കാര്യങ്ങളും മാസത്തിലൊരിക്കൽ ഗോവിന്ദൻ ഇവിടെ വന്നു അറിയിച്ചുകൊള്ളും എന്നും.

ആദ്യമാസങ്ങളിൽ കളരി ആദിയെ വിനയത്തിന്റെ യഥാർത്ഥ അർഥം പഠിപ്പിച്ചു.

മിക്ക ദിവസവും ആരെങ്കിലും അവനെ നിലത്തുവീഴ്ത്തി.

ഗൗരിയോടു പൊരുതുമ്പോൾ അവളുടെ ഉയരവും ദൂരനിയന്ത്രണവും പ്രശ്നമായി. അവൾ എതിരാളിയെ അടുത്തെത്താൻ അനുവദിക്കാതെ വടിയും കുന്തവും ഉപയോഗിച്ചു.

പാർവ്വതി ആക്രമണത്തിന്റെ താളം മാറ്റുന്നതിൽ മിടുക്കിയായിരുന്നു. ആദ്യം മന്ദമായി തുടങ്ങി പെട്ടെന്ന് വേഗം കൂട്ടും. അവളുടെ അടുത്ത പ്രഹരം എപ്പോൾ വരുമെന്ന് കണക്കാക്കാൻ ആദിത്യന് പ്രയാസപ്പെട്ടു.

മായയുടെ ശക്തിയെ നേരിടാൻ ആദ്യം കഴിഞ്ഞില്ല. വെളുത്ത വളയുടെ ശക്തി ഉപയോഗിക്കാതിരിക്കുമ്പോൾ അവളുടെ വടിപ്രഹരങ്ങൾ കൈകൾ മരവിപ്പിച്ചു.

അപർണയും അമൃതയും പ്രായത്തിലും അനുഭവത്തിലും പിന്നിലായിരുന്നെങ്കിലും ചുവടുകളുടെ കൃത്യതയിൽ അവനെ പലപ്പോഴും അത്ഭുതപ്പെടുത്തി.

മീര കളരിയെ കളിപോലെ കണ്ടു. പക്ഷേ അവളുടെ ശരീരത്തിന് അസാധാരണമായ വഴക്കമുണ്ടായിരുന്നു. മറ്റുള്ളവർക്ക് പ്രയാസമുള്ള പല ചാട്ടങ്ങളും അവൾ ചിരിച്ചുകൊണ്ട് ചെയ്തു.

എല്ലാവരിലും മുന്നിലായിരുന്നു നന്ദന.

ആദ്യ ആറുമാസം ആദിത്യന് അവളുടെ മുന്നിൽ ഒരു പോരാട്ടവും ജയിക്കാനായില്ല.

വടിയിൽ തോറ്റു.

വാളിൽ തോറ്റു.

ശൂന്യകൈയിൽ തോറ്റു.

ഒരിക്കൽ കുന്തപരിശീലനത്തിൽ അവളുടെ ആയുധം കൈയിൽനിന്നു തെറിപ്പിച്ചപ്പോൾ വിജയം ഉറപ്പാണെന്ന് കരുതി. അടുത്ത നിമിഷം ആയുധമില്ലാതെതന്നെ അവൾ മുന്നോട്ടുചാടി. കുന്തത്തിന്റെ തണ്ടിനുള്ളിലേക്ക് കടന്ന് ആദിത്യന്റെ അരയിൽ പിടിച്ചു. അവനെ തിരിച്ച് നിലത്തിട്ടു.

“ആയുധമില്ലാത്തവൻ നിരായുധനാണെന്ന് കരുതരുത്,” അവൾ പറഞ്ഞു.

ആദിത്യൻ മണ്ണിൽനിന്ന് എഴുന്നേറ്റ് മുഖം ചുളിച്ചു.

“ഓരോ തവണയും ഉപദേശം നൽകേണ്ട

കാര്യമുണ്ടോ?”

“തോറ്റാൽ കാരണം അറിയണ്ടേ?”

അവളുടെ ശബ്ദത്തിൽ പരിഹാസമില്ലാത്തതിനാൽ ദേഷ്യപ്പെടാനും കഴിഞ്ഞില്ല.

സുമലത അവനെ ക്ഷമ പഠിപ്പിച്ചു.

“വെളുത്ത വളയുണ്ടെന്ന ബോധം നിനക്ക് അപകടമാണ്,” അവൾ പറഞ്ഞു. “നിന്റെ ശരീരം മറ്റുള്ളവരെക്കാൾ ശക്തമാണെന്ന് നിനക്കറിയാം. അതുകൊണ്ട് സാങ്കേതികതയ്ക്കുപകരം ശക്തി ഉപയോഗിക്കാൻ മനസ്സ് ശ്രമിക്കും.”

“യഥാർത്ഥ പോരാട്ടത്തിൽ ശക്തി ഉപയോഗിക്കാമല്ലോ .”

“കഴിയും. പക്ഷേ ശക്തി മാത്രം ഉപയോഗിക്കുന്നവനെ അതിലും ശക്തനായ മറ്റൊരാൾ തോൽപ്പിക്കും. വിദ്യ പഠിച്ചവൻ എതിരാളിയുടെ ശക്തിയെ അവന്റെ തന്നെ ശത്രുവാക്കും.”

ആദിത്യൻ പതിയെ മാറി.

വളകളുടെ ശക്തി മറച്ചു നിൽക്കുന്നത് ആദ്യം ബുദ്ധിമുട്ടായിരുന്നു. പക്ഷേ അത് തന്നെ മികച്ച പരിശീലനമായി. സ്വന്തം ശരീരത്തിന്റെ വേഗം കുറയ്ക്കാൻ പഠിച്ചു. പ്രഹരത്തിന്റെ ശക്തി കൃത്യമായി നിയന്ത്രിച്ചു. അടിയേറ്റാൽ വെളുത്ത വള മുറിവ് ഉടൻ മാറ്റുന്നതിനു മുൻപ് അത് എങ്ങനെ സംഭവിച്ചെന്ന് മനസ്സിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *