തന്ത്രലാവണ്യം – 3 1അടിപൊളി  

കുഞ്ഞിന്റെ ജനനം സാധാരണബന്ധത്തിന്റെ ഫലമല്ല. ലൂപിനും സാധാരണ മനുഷ്യനും തമ്മിൽ സന്തതി ഉണ്ടാകില്ല. എന്നാൽ വളധാരകൻ സാധാരണ മനുഷ്യനല്ല. വളയുടെ ശക്തി ശരീരത്തെ

മാറ്റുന്നു.

നീലവള കാലത്തെ ഭരിച്ചാലും, മറ്റു വളകളെപ്പോലെ ധാരകന്റെ അടിസ്ഥാനശരീരത്തെയും ഉയർത്തുന്നു. രോഗബാധിതജീവികളുടെ മാറ്റപ്പെട്ട ശരീരവുമായി പൊരുത്തപ്പെടാൻ കഴിയുന്നവിധം അവന്റെ ജീവസ്പന്ദനം മാറിയിരിക്കാം.

അതുകൊണ്ടാണ് അസാധ്യമായ ഗർഭം നിലനിന്നത്.

ആ തിരിച്ചറിവിനൊപ്പം സുമലതയുടെ ഓർമയിൽ മറ്റൊരു ചിന്ത ഉയർന്നു.

ആദിത്യൻ അതിനെ തേടിയതല്ല. എങ്കിലും അതിന്റെ വേദന അത്ര ശക്തമായിരുന്നതിനാൽ മറയ്ക്കാനായില്ല. ഒരു വളധാരിക്ക് ലൂപിൻ സ്ത്രീയിൽ ആരോഗ്യത്തോടെ കുഞ്ഞിനെ സൃഷ്ടിക്കാൻ കഴിയുമെങ്കിൽ…

ഹരിദേവനോടൊപ്പം തനിക്ക് നഷ്ടപ്പെട്ട മാതൃത്വം പൂർണമായി അസാധ്യമായിരുന്നില്ല. അവളുടെ ഓർമയിൽ മഹാദേവന്റെ മുഖം തെളിഞ്ഞു. യൗവനകാലത്തെ മഹാദേവൻ. കറുത്ത വളയുടെ പുതിയ ധാരകൻ. അഹങ്കാരവും ആകർഷണവും ഒരുമിച്ചിരുന്ന മനുഷ്യൻ.

ഹരിദേവനുമായുള്ള വിവാഹത്തിനു മുൻപും ശേഷവും സുമലതയെ മോഹത്തോടെ നോക്കിയ നിമിഷങ്ങൾ. അവളുടെ മനസ്സിലേക്ക് കടക്കാൻ ശ്രമിച്ചത്. വാക്കുകളിലൂടെ ആകർഷിക്കാൻ ശ്രമിച്ചത്. സഹോദരന്റെ ഭാര്യയാണെന്ന അതിരിനെപ്പോലും ബഹുമാനിക്കാതെ അടുത്തുവന്നത്.

സുമലത ഓരോ തവണയും നിരസിച്ചു. ഹരിദേവനോടുള്ള സ്നേഹത്തിൽ അവൾക്ക് ഒരിക്കലും സംശയമുണ്ടായിരുന്നില്ല. മഹാദേവനോടൊപ്പം പോകണമെന്ന ആഗ്രഹവും ഉണ്ടായിരുന്നില്ല. എന്നിട്ടും പ്ലാനാശ്ശേരിയിലെ കുഞ്ഞിനെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിയ നിമിഷം അവളുടെ ഉള്ളിൽ ഇരുണ്ടൊരു ചിന്ത ഉയർന്നിരുന്നു.

അന്ന് താൻ വേറൊരു തീരുമാനം എടുത്തിരുന്നെങ്കിൽ?

മഹാദേവന്റെ ക്രൂരതയും അഹങ്കാരവും അവഗണിച്ച് മാതൃത്വത്തിനുള്ള ഒരവസരം മാത്രം തിരഞ്ഞെടുത്തിരുന്നെങ്കിൽ?

തനിക്കും ഒരു കുഞ്ഞുണ്ടാകുമായിരുന്നോ?

ആ ചിന്ത ഉയർന്ന നിമിഷം തന്നെ സുമലത അതിനെ വെറുത്തു. ഹരിദേവനോടുള്ള വഞ്ചനപോലെ തോന്നി. സ്വന്തം ജീവിതത്തിലെ ഏറ്റവും ശുദ്ധമായ ബന്ധത്തെ ഒരു നിറവേരാത്ത ആഗ്രഹത്തിന്റെ പേരിൽ അപമാനിക്കുന്നതുപോലെ.

പക്ഷേ ആ ചിന്ത ഉയർന്നിരുന്നു. പലപ്രാവശ്യം. ചിലപ്പോൾ അയാളെ കൂടുതൽ ഇഷ്ടമായിരുന്നെങ്കിൽ താൻ അയാളുടെ കൂടെ കിടക്കുമായിരുന്നോ?

തനിക്കു അയാളെ കൂടുതൽ വിശ്വാസമായിരുന്നെങ്കിൽ അയാളോട് ഒരു കുഞ്ഞിനെ ആവശ്യപ്പെടുമായിരുന്നോ?

ഈ ചിന്തകൾ…അതിനെ ഇല്ലാതാക്കാനായില്ല. വേദനയോടൊപ്പം അടച്ചുവയ്ക്കാനേ കഴിഞ്ഞുള്ളൂ.

ആദിത്യൻ ഓർമയിൽനിന്ന് പിന്മാറാൻ ശ്രമിച്ചു. പക്ഷേ അതിനു മുൻപ് മറ്റൊരു ദൃശ്യം തെളിഞ്ഞു. കാടിനുള്ളിലെ രഹസ്യയോഗം. തെക്കേടത്ത് കുടുംബത്തിന്റെ അടയാളമുള്ള രണ്ടു പുരുഷന്മാർ. അവർക്കൊപ്പം ലൂപിൻ കൂട്ടം.

സാധാരണ മനുഷ്യരെ ആക്രമിക്കാതെ ജീവിക്കുന്ന സുമലതയുടെ വംശക്കാരല്ല. കൊലപാതകങ്ങളും കവർച്ചകളും നടത്തിയിരുന്ന അപകടകാരികളായ സംഘം.

അവർ ആയുധങ്ങൾ കൈമാറുന്നു. ഔഷധങ്ങൾ. പൊതിഞ്ഞു സൂക്ഷിച്ചു കെട്ടിയ ഭാണ്ഡങ്ങളിൽ വെള്ളി. പഴയ രേഖകൾ.

എന്തിനുവേണ്ടിയെന്നു വ്യക്തമല്ല.

പക്ഷേ നീലവള സംരക്ഷിക്കേണ്ട കുടുംബം ലൂപിൻ കൂട്ടങ്ങളെ നിരീക്ഷിക്കുകയല്ല ചെയ്തിരുന്നത്. അവരുമായി സഖ്യം സ്ഥാപിച്ചിരുന്നു. അധികാരം നേടാനുള്ള സഖ്യം. എന്തോ വലിയ പദ്ധതി.

കാലത്തിന്റെ ശക്തി ഉപയോഗിച്ച് എന്താണ് അവർ ചെയ്യാൻ പോകുന്നത്?

ഭാവിസാധ്യതകൾ കണ്ടു രാഷ്ട്രീയാധികാരം നേടാനോ? മറ്റുവളകളുടെ സ്ഥാനം കണ്ടെത്താനോ? മരിക്കേണ്ടവരുടെ സമയം മാറ്റാനോ? ഉത്തരം ഉണ്ടായിരുന്നില്ല.

സുമലതയുടെ അന്വേഷണം കൂടുതൽ ആഴത്തിലേക്കു പോകുന്നതിനു മുൻപ് അവളുടെ സാന്നിധ്യം ആരോ തിരിച്ചറിഞ്ഞിരുന്നു. കൂടുതൽ അന്വേക്ഷിക്കുവാൻ ചെറിയച്ഛൻ അച്ഛനുമായി പുറപ്പെട്ടു. അതിനുശേഷമാണ് മഹാദേവനും ഹരിദേവനും കൊല്ലപ്പെട്ടത്.

അവൾ അടുത്ത മൂന്നു വർഷം മൗനം പാലിച്ചത് ഭയന്നിട്ടല്ല. ശത്രുക്കളെ ശാന്തരാക്കാൻ. പുതുശ്ശേരി അപകടത്തെ സ്വാഭാവികമരണമായി അംഗീകരിച്ചുവെന്ന് അവരെ വിശ്വസിപ്പിക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *