കാറ്റിൽ അടഞ്ഞതാകാം.
ആദിത്യൻ വാതിൽ തള്ളി അകത്തേക്കു കയറി.
മുറിയിൽ ഇരുട്ടായിരുന്നു.
രണ്ടു വിളക്കുകളും അണഞ്ഞിരുന്നു.
അവൻ വാതിലിനരികിൽ നിശ്ചലമായി.
പുറത്തേക്കിറങ്ങുമ്പോൾ രണ്ടുവിളക്കിലും ആവശ്യത്തിന് എണ്ണയുണ്ടായിരുന്നു. ഒരേസമയം
രണ്ടും അണയാൻ കാരണമെന്ത്?
“ആരുണ്ട്?”
മറുപടി ഉണ്ടായില്ല.
ഇരുട്ടിൽ മുറിയുടെ രൂപങ്ങൾ മങ്ങിയ നിഴലുകളായി മാത്രം കാണാം. ജനാലകൾ അടഞ്ഞിരുന്നു. അതുകൊണ്ട് കാറ്റു കയറിയിരിക്കാനുള്ള സാധ്യതയുമില്ല.
ആദിത്യൻ ഇടതുകൈ ചുമരിലൂടെ നീക്കി. അവിടെ സൂക്ഷിച്ചിരുന്ന തീപ്പെട്ടി കണ്ടെത്തി. ഒരു കൊള്ളി ഉരച്ചു.
ചെറിയ തീനാളം ഇരുട്ടിൽ തെളിഞ്ഞു.
അത് മേശപ്പുറത്തെ വിളക്കിന്റെ തിരിയിലേക്കു കൊണ്ടുപോയി. തിരി ആദ്യം പുകഞ്ഞു. പിന്നെ തീ പിടിച്ചു. മങ്ങിയ മഞ്ഞവെളിച്ചം മേശയ്ക്കു ചുറ്റും പടർന്നു.
ആ വെളിച്ചം കട്ടിലിനരികിലെ കസേരയിൽ പതിച്ചു.
അവിടെ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു.
ഹരിഹരൻ.
അദ്ദേഹത്തിന്റെ മുഖം പകുതി ഇരുട്ടിലായിരുന്നു. കണ്ണുകൾ മാത്രം വിളക്കിന്റെ വെളിച്ചത്തിൽ അസ്വാഭാവികമായി തിളങ്ങി.
ആദിത്യൻ ശക്തിയായി പിന്നോട്ടുമാറി. കൈയിലെ തീപ്പെട്ടിക്കൊള്ളി നിലത്തുവീണു.
“ചെറുമുത്തച്ഛാ!”
ഒരു നിമിഷം അവന്റെ ഹൃദയം അതിവേഗം മിടിച്ചു.
പിന്നെ അവൻ സ്വയം നിയന്ത്രിച്ചു.
“എപ്പോഴാണ് തിരിച്ചെത്തിയത്?”
ഹരിഹരൻ മറുപടി പറഞ്ഞില്ല.
കസേരയിൽനിന്ന് എഴുന്നേൽക്കുകയും ചെയ്തില്ല. അദ്ദേഹത്തിന്റെ തല അല്പം ചരിഞ്ഞിരുന്നു. ആദിത്യനെ ആദ്യമായി കാണുന്നതുപോലെ സൂക്ഷിച്ച് നിരീക്ഷിക്കുന്നു.
“നീലകണ്ഠത്ത് മനയിൽ നിൽക്കുമെന്നല്ലേ പറഞ്ഞത്?” ആദിത്യൻ ചോദിച്ചു.
ഇപ്പോഴും മറുപടിയില്ല.
ആദിത്യന്റെ മനസ്സിൽ സുമലതയുടെ മുന്നറിയിപ്പ് തെളിഞ്ഞു.
ആരെങ്കിലും നിന്റെ മുറിയിൽ വന്നാൽ, ഞാൻ വരുന്നതുവരെ ഒന്നും വിശ്വസിക്കരുത്.
അവൻ വാതിലിലേക്കു പകുതിച്ചുവട് പിന്നോട്ടുവച്ചു.
അപ്പോഴാണ് ഹരിഹരൻ സംസാരിച്ചത്.
“എന്തുകൊണ്ടാണ് നീ വളയെക്കുറിച്ച് ചോദിക്കാത്തത്?”
ആ ശബ്ദത്തിൽ എന്തോ തെറ്റുണ്ടായിരുന്നു.
ഹരിഹരന്റെ ശബ്ദം തന്നെയാണ്. എന്നാൽ അതിന്റെ അടിയിൽ മറ്റൊരു സ്വരംകൂടി കേൾക്കുന്നതുപോലെ. ഒരേ വാക്കുകൾ രണ്ടുപേർ ഒരേസമയം പറയുന്നതുപോലെ.
“ഏത് വള?” ആദിത്യൻ ചോദിച്ചു.
“അറിയാത്തതുപോലെ അഭിനയിക്കരുത്.”
ഹരിഹരൻ
പതുക്കെ എഴുന്നേറ്റു.
കസേര നിലത്തുരയുന്ന ശബ്ദം മുറിയിലൂടെ മുഴങ്ങി.
“ഞാൻ ഇത്രയും നേരം എവിടെയായിരുന്നുവെന്ന് നിനക്കറിയാം.”
ആദിത്യൻ മറുപടി പറഞ്ഞില്ല.
“വെളുത്ത വളയുടെ ആധാരത്തട്ടിനു മുന്നിൽ. ദേ ഇതിനു മുൻപിൽ.”
ഹരിഹരൻ എഴുന്നേറ്റു കൈയിലെ തട്ട് ആദിയുടെ കട്ടിലിന്മേൽ ഇട്ടിട്ടു ഒരു ചുവട് മുന്നോട്ടുവച്ചു.
“തട്ട് ശൂന്യമായിരുന്നു.”
“പിന്നെ?”
“പിന്നെയോ?”
അദ്ദേഹത്തിന്റെ മുഖത്ത് പതുക്കെ ഒരു പുഞ്ചിരി തെളിഞ്ഞു. ആദിത്യൻ ഒരിക്കലും കണ്ടിട്ടില്ലാത്ത പുഞ്ചിരി. അതിൽ ഹരിഹരന്റെ സമാധാനമോ ഗുരുവിന്റെ കരുതലോ ഇല്ലായിരുന്നു. വിശപ്പുമാത്രം.
“അത് എവിടെയാണെന്ന് എന്നോട് പറയൂ.”
ആദിത്യന്റെ പുറം വാതിലിന്റെ അരികിൽ തട്ടി.
“എനിക്കറിയില്ല.”
“കള്ളം.”
“മുത്തച്ഛൻ മറ്റാർക്കെങ്കിലും കൊടുത്തിരിക്കാം.”
“കള്ളം.”
ഹരിഹരൻ വീണ്ടും അടുത്തുവന്നു.
ആദിത്യൻ വാതിൽ തുറക്കാൻ കൈ നീട്ടി.
ആ നിമിഷം മുറിയിലെ വെളിച്ചം വളഞ്ഞതുപോലെ തോന്നി.
ഹരിഹരൻ അവന്റെ മുന്നിലുണ്ടായിരുന്നില്ല.
അടുത്ത നിമിഷം ഒരു കൈ ആദിത്യന്റെ കഴുത്തിൽ മുറുകി.
അദ്ദേഹം എപ്പോഴാണ് അത്രയും ദൂരം കടന്നുവന്നതെന്ന് ആദിത്യന് കാണാൻപോലും കഴിഞ്ഞില്ല.
വിരലുകൾ ഇരുമ്പുപിടിപോലെ കഴുത്തിൽ അമർന്നു. ആദിത്യന്റെ ശരീരം ചുമരിലേക്ക് ഇടിച്ചു. തലയുടെ പിന്നിൽ മരപ്പാളി തട്ടിയപ്പോൾ കാഴ്ചയിൽ വെളിച്ചപ്പൊട്ടുകൾ മിന്നി.
“ചെറു… മുത്തച്ഛാ…”
ശബ്ദം പുറത്തുവന്നില്ല.
ഹരിഹരൻ അവനെ നിലത്തുനിന്ന് ഉയർത്തി.
അത്രയും പ്രായമുള്ള, മെലിഞ്ഞ ശരീരമുള്ള വൃദ്ധന് ഇത്തരമൊരു ശക്തി ഉണ്ടാകാൻ വഴിയില്ല. ആദിത്യന്റെ കാലുകൾ നിലത്തുനിന്ന് ഉയർന്നു. അവൻ ഹരിഹരന്റെ കൈയിൽ പിടിച്ച് വിരലുകൾ വിടർത്താൻ ശ്രമിച്ചു. കഴിഞ്ഞില്ല.
