ടോക്സിക് – 3 2അടിപൊളി  

ടോക്സിക് – 3

Toxic | Author : Sathyaki

[ Previous Part ] [ www.kambi.pw ]


അതൊരു നീണ്ട രാത്രി ആയിരുന്നു.. മീനൂട്ടിയെ കുറിച്ചുള്ള എന്തെങ്കിലും വിവരം പോലീസ് കണ്ടു പിടിക്കുമെന്ന് കരുതി ഉറങ്ങാതെ ഞങ്ങൾ സ്റ്റേഷനിൽ തന്നെ ഇരുന്നു. വീട്ടിലേക്ക് പോകാൻ അവർ പറഞ്ഞെങ്കിലും സനൂപേട്ടൻ കൂട്ടാക്കിയില്ല. അവളെ കണ്ടു കിട്ടാതെ ഏട്ടന് ഉറങ്ങാൻ കഴിയില്ല എന്ന് എനിക്ക് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ സ്റ്റേഷന്റെ മൂലയിൽ ഒരു ബെഞ്ചിൽ ഞങ്ങൾ ഇരുന്നു..

സ്റ്റേഷനിലേക്ക് ഓരോ വൈർലെസ്സ് മെസ്സേജ് വരുമ്പോളും ഞങ്ങൾ പ്രതീക്ഷയോടെ കാതോർക്കും. പക്ഷെ മീനൂട്ടിയെ സംബന്ധിച്ചുള്ള ഒരു വിവരവും അവിടേക്ക് വന്നതേയില്ല.. എന്റെ മനസ്സിൽ ആണെങ്കിൽ ആദ്യമേ തൊട്ട് തന്നെ എന്തോ നെഗറ്റീവ് ചിന്തകൾ കയറിക്കൂടിയിരുന്നു.. എന്തോ അരുതാത്തത് സംഭവിച്ചു എന്ന് തന്നെ എനിക്ക് തോന്നി. ഈ നശിച്ച മോതിരം ധരിച്ചു കഴിഞ്ഞു ഞാൻ മൊത്തത്തിൽ ഒരു നെഗറ്റീവ് ആയിട്ടുണ്ട്. ചിലപ്പോ അത് കൊണ്ടാവും ഇങ്ങനെ ഒക്കെ തോന്നുന്നത് എന്ന് ഞാൻ ആശ്വസിച്ചു..

അർദ്ധ രാത്രി കഴിഞ്ഞു ആണ് ജോർജ് സാർ അവിടേക്ക് വരുന്നത്. സാർ ഈ കേസിന്റെ പുരോഗതിയേ കുറിച്ച് ഒക്കെ ബാക്കി ഉള്ളവരോട് തിരക്കുന്നുണ്ട്. എന്നെയും സുനിയെയും കണ്ടാൽ പുള്ളി ചിലപ്പോൾ തിരിച്ചറിഞ്ഞേക്കും.. ഞാൻ പതിയെ സാറിന്റെ അടുത്തേക്ക് ചെന്നു..

‘സാർ..’

ഞാൻ വിളിച്ചു

ജോർജ് സാർ തിരിഞ്ഞു നോക്കി

‘നീ…?

സാർ സംശയത്തിൽ എന്നെ ഒന്ന് നോക്കി. പിന്നെ പെട്ടന്ന് തന്നെ എന്നെ സാർ തിരിച്ചറിഞ്ഞു. കൂടെ സുനി ഉള്ളത് കൊണ്ട് അങ്ങേർക്ക് ഞങ്ങളെ അധികം ഓർത്തു ബുദ്ധിമുട്ടേണ്ടി വന്നില്ല

‘നിങ്ങൾ എന്താ ഇവിടെ..?

ജോർജ് സാർ ചോദിച്ചു

‘ഞങ്ങൾ.. മീനാക്ഷിയുടെ മിസ്സിംഗ്‌ ന്റെ കാര്യം

സാറിനോട് ഒന്ന് പറയാൻ വന്നതാ..’

ഞാൻ പറഞ്ഞു

‘നീ ആരാ ആ കുട്ടിയുടെ..?

ജോർജ് സാർ ചോദിച്ചു

‘അങ്ങനെ ബന്ധം ഒന്നുമില്ല. സനൂപേട്ടൻ പക്ഷെ എനിക്ക് വളരെ വേണ്ടപ്പെട്ട ആളാണ്. അവൾ എനിക്കൊരു അനിയത്തിയെ പോലെയും..’

ഞാൻ പറഞ്ഞു

‘നിങ്ങൾ അദ്ദേഹത്തെ റൂമിലേക്ക് കൊണ്ട് പോകൂ. ഇവിടെ നിങ്ങൾ ഇരിക്കുന്നത് കൊണ്ട് പുരോഗതി ഒന്നുമില്ലല്ലോ. ഞങ്ങളുടെ ജോലി ഞങ്ങൾ എന്തായാലും ചെയ്യും.. ആ കുട്ടിയെ നാളെ തന്നെ കണ്ടു പിടിക്കുകയും ചെയ്യും. ടെൻഷൻ അടിക്കേണ്ട..’

ജോർജ് സാർ പറഞ്ഞു

സാർ പറഞ്ഞത് കേട്ട് ഞാൻ സനൂപേട്ടനോട് സംസാരിച്ചു എങ്കിലും അവിടെ നിന്നും വരാൻ ഏട്ടൻ കൂട്ടാക്കിയില്ല. ഒടുവിൽ ജോർജ് സാർ നേരിട്ട് വന്നു കണ്ടു കൺവിൻസ് ചെയ്താണ് ഞങ്ങൾ റൂമിലേക്ക് പോയത്. ഞങ്ങൾ മൂന്നും എന്റെ മുറിയിലാണ് കിടന്നത്. സനൂപേട്ടൻ കരഞ്ഞു കരഞ്ഞു ആ ക്ഷീണത്തിൽ കിടന്നു ഉറങ്ങി. ഞാനും സുനിയും ഉറങ്ങിയില്ല. ഒന്നും മിണ്ടാതെ പരസ്പരം നോക്കാതെ മറ്റെവിടെക്കോ നോക്കി ഇരുന്നു.. നിശബ്ദത ആ മുറിയെ ആകമാനം മൂടി..

പോക്കറ്റിൽ ഇരുന്ന മാന്ത്രിക മോതിരം എടുത്തു ഞാൻ വെറുതെ ടേബിളിൽ ഇട്ടു കറക്കി.. കറങ്ങി കറങ്ങി അത് വിറച്ചു വിറച്ചു നിശ്ചലമായി.. വീണ്ടും വിരലുകൾക്ക് ഇടയിൽ മോതിരം വച്ചു ഞാൻ കറക്കി വിട്ടു.. അത് തന്നെ ഞാൻ പിന്നെയും തുടർന്നു.. എന്റെ ചിന്തകളെ ഞാൻ ആ മോതിരത്തിന്റെ കറക്കത്തിൽ തളച്ചിടാൻ ശ്രമിച്ചു. ഞങ്ങളുടെ എല്ലാം ജീവിതം മറ്റൊരു ദിശയിലേക്ക് കറക്കി കൊണ്ട് പമ്പരം കണക്കെ ആ മോതിരം കിടന്നു കറങ്ങി..

കേരള പോലീസിന്റെ അന്വേഷണമികവ് കൊണ്ട്

പിറ്റേന്ന് എന്തെങ്കിലും ഒരു തുമ്പ് ഉണ്ടാകും എന്ന് ഞങ്ങൾക്ക് ഉറപ്പ് ഉണ്ടായിരുന്നു. പക്ഷെ ഒന്നും തന്നെ ഉണ്ടായില്ല. ആ കേസ് ഒരടി മുന്നോട്ടു നീങ്ങിയില്ല. ഞാനും സുനിയും സനൂപേട്ടന്റെ ഒപ്പം സ്റ്റേഷനിൽ കുത്തി ഇരുന്നിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല.

മീനാക്ഷി മിസ്സിംഗ്‌ ആയത് അന്ന് രാത്രി തന്നെ അത്യാവശ്യം ന്യൂസിൽ ഒക്കെ വന്നിരുന്നു. പിന്നെ മീഡിയയിൽ ആയിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷെ പോലീസ് കയ്യൊഴിഞ്ഞത് പോലെ മീഡിയയും ഈ കേസ് കൈ വിട്ടു. അന്വേഷണം മുന്നോട്ടു പോകാത്തത് തെളിവുകൾ ഇല്ലാത്തത് കൊണ്ടല്ല, മറിച്ചു ആരോ ഈ കേസ് ആട്ടിമറിക്കുന്നത് ആണെന്ന് ഞങ്ങൾക്ക് തോന്നി. മുകളിൽ ഉള്ള ഉദ്യോഗസ്ഥന്മാർക്കും മന്ത്രിക്കും എല്ലാം പരാതി കൊടുത്തിട്ടും ഒരു കാര്യവും ഉണ്ടായില്ല.. മീനാക്ഷി എന്ന പെൺകുട്ടി ഒറ്റയടിക്ക് ഇല്ലാതായി പോയത് പോലെ ആയിരുന്നു.. അവളെ കുറിച്ച് ആകെ ചിന്തിക്കുന്നത് അവളുടെ കുടുംബവും ഞങ്ങൾ കുറച്ചു പേരും ആണെന്ന് എനിക്ക് മനസിലായി.. പോലീസോ മീഡിയയോ ഒന്നും നമ്മളെ സഹായിക്കില്ല.. ജോർജ് സാർ ആണെങ്കിലും കണ്മുന്നിൽ വന്നാൽ മുഖത്ത് നോക്കാതെ കടന്നു പോകും.. പ്രിവിലേജ് ഇല്ലാത്ത ആളുകളുടെ പ്രശ്നങ്ങൾ അവരുടെ മാത്രമാണ്..

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *