ഞങ്ങൾ മെല്ലെ ഒരു പാറയിൽ മെല്ലെ കിടന്നു.. അത്യാവശ്യം വലിയ പാറ ആണ്. കുറച്ചു നിരപ്പും ആണ്. വലിയ സുഖം ഒന്നും ഇല്ല, കിടക്കാം എന്ന് മാത്രം. വിലങ്ങു ഉള്ളത് കൊണ്ട് ദൂരെ കിടക്കാൻ ഞങ്ങൾക്ക് പറ്റില്ല. അത് കൊണ്ട് കുറച്ചു അടുത്താണ് ഞങ്ങൾ കിടന്നത്. എന്നാൽ ദേഹത്ത് തൊടുന്ന രീതിയിൽ അല്ല താനും..
ഈ ഭീകര തണുപ്പിൽ ആണേൽ കിടന്നിട്ട് ഉറക്കവും വരുന്നില്ല.. കുറെ നേരം മാനത്തോട്ട് നോക്കി നക്ഷത്രങ്ങളെ നോക്കി കിടന്നു നടുവ് വേദനിച്ചപ്പോ ഞാൻ ഒന്ന് ചെരിഞ്ഞു കിടന്നു.. അവൾ ഇങ്ങോട്ട് ചെരിഞ്ഞു കിടക്കുന്നുണ്ട്. അവളും ഉറങ്ങിയിട്ടില്ല.
‘ഇങ്ങോട്ട് ചെരിഞ്ഞു വന്നാൽ നല്ല അടി വാങ്ങും നീ…’
അവൾ സ്വരം കടുപ്പിച്ചു പറഞ്ഞു..
‘മലർന്നു കിടന്നിട്ട് പുറം വേദനിച്ചു..’
ഞാൻ എന്റെ അവസ്ഥ പറഞ്ഞു.
‘മലർന്ന് തന്നെ അങ്ങോട്ട് കിടന്നാൽ മതി..’
അവൾ പറഞ്ഞു
‘നീ ചെരിഞ്ഞല്ലേ കിടക്കുന്നത്..?
ഞാൻ അവളോട് ചോദിച്ചു
‘ഞാനാണ് ആദ്യം ചെരിഞ്ഞു കിടന്നത്..’
അവൾ പറഞ്ഞു
‘അതിന്..? നീ ആദ്യം ചെരിഞ്ഞു കിടന്നു എന്ന് വച്ചു എനിക്ക് ചെരിഞ്ഞു കിടന്നൂടെ..?
ഞാൻ ചോദിച്ചു
‘നീ കൂടുതൽ ചെരിയണ്ട.. എന്റെ അടുത്ത് ഉടായിപ്പ് ഇറക്കല്ലേ..?
അവൾ മുഖം കടുപ്പിച്ചു പറഞ്ഞു..
ഇത്രയും നേരം എന്റെ കൂടെ നടക്കുമ്പോളും എന്നെ കളിയാക്കുമ്പോളും ഒന്നും ഒരു പെണ്ണാണ് എന്ന രീതിയിൽ ഒന്നും ആയിരുന്നില്ല അവളുടെ പെരുമാറ്റം. അതായത് എന്നെ പോലെ ഒരു അപരിചിതന്റെ കൂടെ ഒരു കാട്ടിൽ പെട്ട് പോയിട്ടും അവൾക്ക് അങ്ങനെ പരിഭ്രമമോ പേടിയോ ഒന്നും തന്നെ ഇത് വരെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല.. ഇപ്പോൾ ആദ്യമായ് ഒരു സാധാരണ പെണ്ണിനെ പോലെ അവൾ പെരുമാറുന്നത് ഞാൻ കണ്ടു..
ഞാൻ അവളോട് മോശമായി ഒന്നും ചെയ്യില്ല എന്ന് അവൾക്ക് തോന്നുന്നുണ്ട് എങ്കിൽ കൂടി ഒരുമിച്ച് കിടക്കുമ്പോ കൂടുതൽ അടുത്ത് വരുന്നത് അവളിലെ പെണ്ണിൽ ഒരു അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി. അത് കൊണ്ട് തന്നെ ആ കാര്യത്തിൽ ഞാൻ പിന്നെ അവളോട് തർക്കിക്കാൻ പോയില്ല.. ഞാൻ മലർന്നു തന്നെ കിടന്നു.. മരവിപ്പിക്കുന്ന തണുപ്പ് കാരണം ഉറക്കം തീരെ കുറച്ചേ ഞങ്ങളെ കടാക്ഷിച്ചുള്ളൂ.. അത് കൊണ്ട് തന്നെ വൈകി ആണ് ശരിക്കൊന്ന് ഉറങ്ങിയത്. ആ കാരണം കൊണ്ട് വെയിൽ അടിച്ചു തുടങ്ങിയപ്പോ ആണ് ഞങ്ങൾ രണ്ടും എഴുന്നേറ്റത്..
അവളുടെ കടുപ്പിച്ചുള്ള നോട്ടം കാരണം പുറം വേദനിച്ചിട്ടും ഞാൻ ചെരിഞ്ഞു കിടക്കാതെ ആണ് ഉറങ്ങിയത്.
രാവിലെ എണീറ്റപ്പോ എനിക്ക് നല്ല വിശപ്പ് തോന്നിയിരുന്നു. ഇന്നലെയും ഒന്നും കഴിച്ചിരുന്നില്ലല്ലോ. അത് കൊണ്ട് അരുവിയിൽ നിന്ന് വയർ നിറയുവോളം വെള്ളം കുടിച്ചു.. അവളും..
ഒരു കാര്യത്തിൽ എനിക്കൊരു ബുദ്ധിമുട്ട് തോന്നി. ഇത്രയും സുന്ദരി ആയൊരു പെൺകുട്ടി ഒപ്പം
ഉള്ളത് കൊണ്ട് രണ്ട് ദിവസം പല്ല് തേപ്പും കുളിയും ഒന്നും മര്യാദക്ക് ഇല്ലാതെ അവളോട് തോൾ ചേർന്ന് നടക്കുന്നത്.. രാവിലെ അവളെന്നോട് സംസാരിച്ചു എങ്കിലും ഞാൻ അധികം മിണ്ടാൻ പോയില്ല.. അരുവിയിലെ വെള്ളത്തിൽ വായും മുഖവും കഴുകി ദേഹം ഒക്കെ ഒന്ന് നനച്ചു ഉഷാറായപ്പോ ആണ് ഞാൻ തിരിച്ചു മിണ്ടിയത്.. പക്ഷെ അവളെ കണ്ടിട്ട് കുളിക്കാതെ ഇരിക്കുന്ന ഒരു അവലക്ഷണം ലുക്കും തോന്നുന്നില്ല. ഈ ഫുണ്ട മനുഷ്യസ്ത്രീ ഒന്നുമല്ലേ.. എനിക്ക് ചെറിയൊരു സംശയം തോന്നി..
രാവിലെ നടപ്പ് തുടങ്ങി കുറച്ചു ദൂരം ചെന്നപ്പോ ആണ് എനിക്ക് ചെറിയൊരു ശങ്ക.. വേറൊന്നും അല്ല മൂത്രശങ്ക.. കുറേ നേരം പിടിച്ചു വച്ചു നടന്നു എങ്കിലും പിന്നെ എനിക്ക് അത് നല്ല ബുദ്ധിമുട്ട് ആയി തുടങ്ങി. നടക്കുന്നത് കൂടെ ആകുമ്പോൾ മൊത്തത്തിൽ പ്രയാസമാണ്.. ഒടുക്കം പിടിച്ചു വയ്ക്കാൻ പറ്റാത്ത അവസ്ഥ എത്തിയപ്പോ ഞാൻ അവളോട് കാര്യം നൈസ് ആയി സൂചിപ്പിച്ചു
‘എനിക്ക്.. എനിക്കെ… ഒന്ന് ഒന്നിന് പോണമായിരുന്നു..’
Lp സ്കൂളിലെ കുട്ടികൾ ടീച്ചറോട് ചോദിക്കുന്നത് പോലെ ഉണ്ടായിരുന്നു.. കയ്യിൽ വിലങ്ങു ഉള്ളോണ്ട് ഉള്ളൊരു ഗതികേട് നോക്കണേ..
