ഞാൻ പറഞ്ഞു..
അവൾ അധികം സംസാരിക്കാറില്ല എങ്കിലും എന്തെങ്കിലും ഒന്ന് സംസാരിച്ചാൽ അത് ഞാനുമായി തർക്കിക്കാൻ ആയിരിക്കും. മുന്നോട്ടു നടക്കുന്നത് തൊട്ട് വിശ്രമിക്കാൻ ഇരിക്കുന്നതിൽ വരെ ഞങ്ങൾക്ക് പല അഭിപ്രായം ആയിരുന്നു. ഒരിടം കാണുമ്പോൾ അവിടെ റസ്റ്റ് എടുക്കാമെന്ന് പറയുമ്പോ അവൾ പറയും നടക്കാൻ. അവൾ ക്ഷീണിച്ചു ഇരിക്കാൻ പോകുമ്പോ ഞാനും തിരിച്ചു പണി കൊടുക്കും.. ഈ വിലങ്ങു ഇല്ലാരുന്നേൽ ഇവളെ ഇവളുടെ വഴിക്ക് വിടാമായിരുന്നു..
‘നമ്മൾ റോഡിൽ ചെന്നു കഴിഞ്ഞു എന്താ പ്ലാൻ..? ഈ വിലങ്ങുമായി ആരെങ്കിലും നമ്മളെ കണ്ടാൽ പോലീസിൽ വിളിക്കും.. നീ പിന്നെയും ജോർജ് സാറിന്റെ അടുത്ത് പെടും..’
ഞാൻ അവളുടെ ഉദ്ദേശം അറിയാൻ വേണ്ടി ചോദിച്ചു
‘ഞാൻ ഒറ്റയ്ക്കല്ല.. നീയും പെടും. എന്റെ പേരിൽ എന്തായാലും കൊലപാതകം ഒന്നും വരില്ല..’
അവൾ പറഞ്ഞു
‘എന്റെ പേരിലും വരില്ല.. ജോർജ് സാർ എനിക്ക് വേണ്ടപ്പെട്ട ആളാണ്.. പിന്നെ എനിക്കെതിരെ തെളിവ് ഒന്നുമില്ല..’
ഞാൻ പറഞ്ഞു
‘തെളിവ് ഇല്ലെന്ന് ആര് പറഞ്ഞു.. ഞാൻ
സാക്ഷി ആണല്ലോ..’
അവൾ എന്നെ നോക്കി പറഞ്ഞു
ശവം.. ഇവൾ എന്നെയും കൊണ്ടേ പോകൂ എന്നാണ് തോന്നുന്നത്..
‘ആ തീരുമാനം മാറ്റിക്കോ.. ഇല്ലേൽ നിന്നേ കഴുത്തു ഞെരിച്ചു ഇവിടെ എവിടെ എങ്കിലും ഇടും.. ആരും കണ്ടു പിടിക്കാനും പോണില്ല..’
ഞാൻ ഒരു തമാശക്ക് അവളെ പേടിപ്പിച്ചു
‘നിന്നേ പോലെ ഒരു പൊട്ടന് എന്തായാലും എന്നെ കൊല്ലാൻ പറ്റില്ല..’
അവൾ കോൺഫിഡൻസിൽ പറഞ്ഞു. ജൂഡോയോ കരാട്ടെയോ അങ്ങനെ എന്തോ ഇവൾ പഠിച്ചിട്ടുണ്ട്. അതിന്റെ കോൺഫിഡൻസ് ആണ്..
ഇനി എന്തായാലും ഇവളോട് കുറച്ചു മയത്തിൽ സംസാരിക്കാം എന്ന് ഞാൻ കരുതി. ഇവളെ പേടിച്ചിട്ട് ഒന്നുമല്ല. എന്നാലും നമ്മൾ മയങ്ങി കിടക്കുമ്പോ വല്ലോം വല്ല കല്ലും കൊണ്ട് തലയ്ക്കിട്ട് കീച്ചിയാലോ..? ഒന്നും പറയാൻ പറ്റില്ല.. അത് കൊണ്ട് കുറച്ചു സോഫ്റ്റ് ആയിട്ട് പെരുമാറാം..
‘ദാ വെള്ളം.. എന്തായാലും എന്റെ റൂട്ട് വരുമ്പോൾ കലക്ക വെള്ളം ഒന്നും കുടിക്കേണ്ടി വരില്ല..’
ഒരു ചെറിയ അരുവിയുടെ മുന്നിൽ എത്തിയപ്പോ അവൾ എന്നോടായി പറഞ്ഞു..
നല്ല തെളിഞ്ഞ വെള്ളം. നല്ല തണുപ്പും ഉണ്ട്.. ഞങ്ങൾ രണ്ടും ഒരുമിച്ച് കുനിഞ്ഞു രണ്ട് കൈ കൊണ്ടും കുമ്പിൾ പോലെ വെള്ളം എടുത്തു കുടിച്ചു. വിലങ്ങു ഉള്ളത് കൊണ്ട് എന്നോട് ചേർന്നു നിന്നാണ് അവൾ വെള്ളം കുടിച്ചത്..
വെള്ളം കുടിച്ചു വയറിനു ഒരു ആശ്വാസം കിട്ടിയപ്പോൾ ഞാൻ മെല്ലെ ഒരു പാറയിലേക്ക് കിടന്നു. അടുത്ത് തന്നെ മറ്റൊരു പാറയിൽ ചാരി അവളും ഇരുന്നു.. വെയിലിനു ഒരു മങ്ങിച്ച വന്നിട്ടുണ്ട്. ഉച്ച കഴിഞ്ഞിരിക്കണം.. രാവിലെ തൊട്ട് മണിക്കൂറുകൾ ആയി നടക്കാൻ തുടങ്ങിയിട്ട്.
ഇത് വരെ കാട് വിട്ടു വെളിയിൽ വരാൻ പറ്റിയില്ല.. ആ മോതിരം കയ്യിൽ ഉണ്ടായിരുന്നേൽ ഇത്രയും ക്ഷീണം ഉണ്ടാവില്ലായിരുന്നു.. കുറേ കൂടി വേഗത്തിൽ ഓടുകയും ചെയ്യാമായിരുന്നു.. സുനി ആ മോതിരം ഇട്ടു ഇപ്പോൾ എന്ത് ചെയ്യുക ആണോ..? ഞാൻ വെള്ളത്തിൽ മിസ്സിംഗ് ആയത് അവൻ അറിഞ്ഞു കാണുമോ..? ജോർജ് സാർ പറഞ്ഞിട്ടുണ്ടാകും.. പാവം.. അവൻ എന്നെ ഓർത്ത് വിഷമിക്കുകയാകും.. ഞാൻ അവനെ ഓർത്തു
വിശ്രമത്തിന്റെ സമയം ആയത് കൊണ്ട് ഞങ്ങൾ കുറച്ചധികം നേരം ഒന്നും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചിരുന്നില്ല. അവൾ ആണെങ്കിൽ കണ്ണടച്ചു ഇരിക്കുന്നു.. ഉറങ്ങുക അല്ല.. ആളിപ്പോ കുറച്ചു കൂൾ ആണ്.. ഒന്ന് സൗഹൃദത്തിൽ സംസാരിച്ചു നോക്കാം..
‘നിന്റെ ശരിക്കുള്ള പേരെന്താ..?
ഞാൻ അവളോട് ചോദിച്ചു. അവൾ കണ്ണും തുറന്നില്ല.. മറുപടിയും പറഞ്ഞില്ല. പക്ഷെ അവൾ കേൾക്കുന്നുണ്ട്
‘ഇനിയും കുറച്ചു ദൂരം കൂടെ നടക്കണം. അതിനിടയിൽ -നീ, എടി – എന്നൊക്കെ വിളിക്കുന്നതിലും നല്ലത് അല്ലേ പേര് വിളിക്കുന്നത്..?
ഞാൻ വീണ്ടും ചോദിച്ചു
‘സീതാമഹാലക്ഷ്മി..’
അവൾ കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു.. എന്നെ കളിയാക്കിയത് ആണ്..
‘ശരിക്കുള്ള പേരാണ് ചോദിച്ചത്.. വേറെ ആളുകളുടെ അടിച്ചു മാറ്റിയ പേരല്ല..’
