‘പഴി ചാർത്താൻ ആണെങ്കിൽ മറ്റാരെങ്കിലും പോരെ. നമ്മുടെ ശത്രുക്കൾ ആരെങ്കിലും.. ഇതെന്തിനാണ് നമ്മുടെ കുടുംബത്തിൽ ഉള്ളവരെ തന്നെ..? ലിന ആന്റി ഇതൊക്കെ വിശ്വസിക്കുമോ..?
രോഹൻ ചോദിച്ചു
‘വിശ്വസിച്ചേ പറ്റൂ..
അഗസ്റ്റിനെ തന്നെ തിരഞ്ഞെടുക്കാൻ കാരണം അവനെന്നും എന്റെ മുന്നിൽ ഒരു കരട് ആയിരുന്നു. അപ്പന് മൂത്ത മകനായ എന്നേക്കാൾ പ്രിയം സുഹൃത്തായ അവനോട് ആയിരുന്നു. അത് കൊണ്ടല്ലേ പകുതി പ്രായം ഉള്ള മകളെ അവന് വിവാഹം ചെയ്തു കൊടുത്തത്.. നിനക്ക് പറയാൻ കഴിയുമോ അയാളുടെ ആ വൃത്തികെട്ട സന്താനത്തെ പെരിയവർ സ്നേഹിച്ചത് പോലെ നിന്നെയും റിബയെയും അങ്ങേര് എന്നെങ്കിലും സ്നേഹിച്ചിട്ടുണ്ടോ..?
സാം എസ്തയേ പറ്റി രോഹനോട് ചോദിച്ചു
‘അത് ഇളയ പേരക്കുട്ടി ആയത് കൊണ്ട് അല്ലേ..?
രോഹൻ ചോദിച്ചു
‘അല്ല.. അപ്പന് പ്രിയം അവരോടാണ്.. ആർക്കറിയാം എനിക്ക് തരാതെ മോതിരം അഗസ്റ്റിനു കൊടുക്കാൻ ആയിരുന്നോ അപ്പന്റെ പ്ലാൻ എന്ന്.. എന്റെ പരമ്പര ആയ നിന്റെ കയ്യിൽ മോതിരം കിടക്കുന്നത് ആണോ അതോ എസ്തയുടെ കയ്യിൽ മോതിരം കിടക്കുന്നത് ആണോ അയ്യാൾക്ക് കൂടുതൽ ഇഷ്ടം ഉണ്ടാകുക….?
സാം രോഹനോട് ചോദിച്ചു
‘അത്.. എസ്തയുടെ കയ്യിൽ കിടക്കുന്നത് കാണുമ്പോ..’
രോഹൻ പറഞ്ഞു.. പെരിയവർക്ക് എസ്തയോട് ഉള്ള ഇഷ്ടക്കൂടുതൽ അവനു നന്നായി അറിയാം
‘അപ്പോൾ ഞാൻ ചെയ്തത് തെറ്റാണോ..? നിങ്ങൾക്ക് വേണ്ടി കൂടി അല്ലേ..?
സാം മകനോട് ചോദിച്ചു
‘തെറ്റല്ല..’
രോഹൻ പറഞ്ഞു
‘നീ കുറേ കൂടി ഉത്തരവാദിത്തം കാണിക്കണം.. നിന്റെ നിയന്ത്രണം വിട്ടു നീ ഒരിക്കലും ലഹരി ഉപയോഗിക്കരുത്.. ഈ പറഞ്ഞത് ഒന്നും ഇനി മറ്റൊരാൾ അറിയുക കൂടി ചെയ്യരുത്.. അത് നിന്റെ ഭാര്യ ആണെങ്കിൽ കൂടി..’
സാം മകനെ ഉപദേശിച്ചു.. രോഹൻ എല്ലാം തലയാട്ടി കേട്ടു..
‘പപ്പയുടെ പ്ലാൻ എവിടാണ് അപ്പോൾ പിഴച്ചത്..?
രോഹൻ ചോദിച്ചു
‘എല്ലാം കൃത്യം
ആയിരുന്നു. പക്ഷെ മോതിരം എടുത്തു കൊണ്ടു വരുന്ന വഴി കള്ളൻ ആണെന്ന് കരുതി ഇവനേ ആളുകൾ കണ്ടു. അപ്പോൾ G spot വച്ചു ഇവന് മോതിരം നഷ്ടമായി. ആദ്യം ഞാൻ കരുതിയത് ഇവനെന്നെ ചതിച്ചു മോതിരം കൈക്കലാക്കി എന്നാണ്.. ‘
സാം കാളിയെ നോക്കി പറഞ്ഞു
‘ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല..’
കാളി പറഞ്ഞു
‘മോതിരം ആരുടെ കയ്യിൽ ഉണ്ടെന്നാണ് നിന്റെ സംശയം..?
സാം കാളിയോട് ചോദിച്ചു
‘ആരെ വേണമെങ്കിൽ സംസാരിക്കാം. അന്ന് രാത്രി G spot ൽ വന്ന ആരെ വേണമെങ്കിലും.. ആദ്യം എന്നെ തടഞ്ഞ അവനിൽ നിന്ന് തുടങ്ങണം..’
കാളി പറഞ്ഞു
‘അവൻ നമ്മുടെ സിനിമകളിൽ വർക്ക് ചെയ്യുന്നവൻ ആണ്. അവരുടെ പിറകെ നമ്മൾ പോയിരുന്നു. അവന് ഒന്നും അറിയില്ല.. അവരിപ്പോളും നമ്മുടെ പടത്തിൽ വർക്ക് ചെയ്യുന്നുണ്ട്.. ചോരക്കല്ല് മോതിരം കയ്യിൽ ഉള്ള ഒരാൾ ഗോവർദ്ധന്റെ തെറിവിളി കേട്ട് ജീവിക്കേണ്ട കാര്യം ഇല്ലല്ലോ..’
ബാലുവിനെ സംശയദൃഷ്ടിയിൽ നിന്ന് ഒഴിവാക്കിയത് സാം പറഞ്ഞു
‘എങ്കിൽ ബാക്കി ഉള്ളവരോ..?
കാളി ചോദിച്ചു
‘അന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും ലിസ്റ്റ് എടുത്തത് ആണ്. അവരെ എല്ലാം രഹസ്യമായി നിരീക്ഷിച്ചതുമാണ്.. പക്ഷെ അവരാരും അല്ല..’
സാം പറഞ്ഞു
‘ആരാണ് ലിസ്റ്റ് തന്നത്…?
കാളി ചോദിച്ചു
‘ടോമി…’
സാം തന്റെ അനിയന്റെ പേര് പറഞ്ഞു
‘സംഭവം അറിഞ്ഞു അവിടെ ആദ്യം എത്തിയ ആളുകളിൽ ഒരാൾ ടോമി സാർ അല്ലേ..? ഹോട്ടൽ ആണെങ്കിൽ ടോമി സാറിന്റെ അണ്ടറിലും…?
ടോമിക്ക് നേരെ സംശയം എറിഞ്ഞു കൊണ്ടു കാളി ചോദിച്ചു
‘നീ എന്താണ് പറഞ്ഞു വരുന്നത്.
ടോമിയുടെ കയ്യിൽ മോതിരം ഉണ്ടെന്നോ..?
സാം ചോദിച്ചു
‘സംശയത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ലല്ലോ.. ജോൺ സാറിനെ ഷൂട്ട് ചെയ്തതും ടോമി സാർ തന്നെ അല്ലേ..?
കാളി ചോദിച്ചു
‘പക്ഷെ ടോമി അന്ന് ആ കണ്ണാടിക്ക് മുന്നിൽ ഉണ്ടായിരുന്നു. അവനാണ് മോതിരം ഉപയോഗിക്കുന്നത് എങ്കിൽ അവനെ കനീഷി തിരിച്ചറിഞ്ഞേനെ..’
സാം പറഞ്ഞു
‘ടോമി സാറിന് പകരം മറ്റൊരാൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ടോമി സാർ കണ്ണാടിക്ക് മുന്നിൽ വന്നാൽ എങ്ങനെ മനസ്സിലാകും..?
