‘നിന്റെ ആൾ എപ്പോ വരും…?
അവൾ എന്നോട് ചോദിച്ചു
‘അവൻ കുറച്ചു സമയം എടുക്കും..’
ഞാൻ പറഞ്ഞു. സുനി വിളിച്ചിട്ട് എടുക്കാത്തത് ഞാൻ അവളോട് പറഞ്ഞില്ല. സത്യത്തിൽ ഞാൻ അതിനെ കുറിച്ച് കൂടുതൽ ചിന്തിച്ചിട്ട് കൂടിയില്ല.. എന്റെ മനസ്സിൽ മുഴുവൻ ഇവൾ ഉടനെ എന്റെ കണ്ണിന് മുന്നിൽ നിന്ന് നഷ്ടമാകും എന്ന ചിന്ത മാത്രം ആയിരുന്നു….
‘അവസാനമായിട്ട് ചോദിക്കുവാ.. ആ പേര് ഒന്ന് പറഞ്ഞൂടെ…?
ഞാൻ അവളോട് ചോദിച്ചു
‘എന്തിനാ ഇയാൾക്ക്
എന്റെ പേര് അറിഞ്ഞിട്ട്..?
അവൾ ചിരിച്ചു കൊണ്ടു ചോദിച്ചു..
‘നിന്നേ ഇനി എപ്പോളെങ്കിലും ഓർക്കുമ്പോ ഒരു പേര് കൂടി വേണ്ടേ..?
ഞാൻ പറഞ്ഞു
‘നീ ഒരു പേര് ഇട്ടിട്ടുണ്ടല്ലോ.. അങ്ങനെ തന്നെ ഓർത്തോ..’
അവൾ ഉദ്ദേശിച്ചത് ബുൾബുൾ ആണ്..
‘എന്നാലും പേര് പറയില്ല..’
‘പേര് പറഞ്ഞാൽ ശരിയാവില്ല.. അല്ലാതെ നിന്നോട് എന്തെങ്കിലും പ്രശ്നം ഉള്ളത് കൊണ്ടല്ല..’
അവൾ പറഞ്ഞു
‘ ഇപ്പോൾ വിളിക്കാൻ വരുന്നത് ആരാ.. അന്ന് കൂടെ ഉണ്ടായിരുന്ന ആളാണോ..?
അന്ന് സമറിന്റെ മുറിയിൽ അവളോട് ഒപ്പം ഉണ്ടായിരുന്ന ആളെ ആണ് ഞാൻ ചോദിച്ചത്
‘അതേ..’
അവൾ പറഞ്ഞു.
‘അത് ആരാണ്.. നിന്റെ..?
ഞാൻ ചോദിച്ചു
‘അതെന്തിനാ അറിയുന്നേ…?
അവൾ ഒരു ആകാംക്ഷയോടെ ചോദിച്ചു
‘ഒന്നുമില്ല..’
അത് പറഞ്ഞിട്ട് ഞാൻ മുഖം തിരിച്ചു..
‘എന്റെ ഭർത്താവ് അല്ല.. ബോയ്ഫ്രണ്ട് അല്ല.. യാതൊരു ലവ് ഇന്ട്രെസ്റ്റ്മല്ല.. ആ ഉത്തരം മതിയാകുമോ…?
അവൾ ഒരു ചിരിയോടെ എന്നോട് ചോദിച്ചു.. ഞാൻ മുഖം ചെരിച്ചു അവളെ നോക്കി.. ഞാൻ ഉദ്ദേശിച്ചത് അവൾക്ക് മനസിലായിരുന്നു..
പിന്നെ ഇരുന്ന നിമിഷങ്ങൾ സത്യത്തിൽ എനിക്ക് വല്ലാതെ വീർപ്പു മുട്ടൽ ആയിരുന്നു. എപ്പോ വേണമെങ്കിലും അവളെ കൊണ്ട് പോകാൻ ഒരു വണ്ടി വഴിയുടെ അങ്ങേ തലയ്ക്കൽ പ്രത്യക്ഷപ്പെടുമെന്ന് എനിക്ക് അറിയാമായിരുന്നു.. ഓരോ നിമിഷവും ഓർത്ത് വയ്ക്കാൻ ഉള്ള എന്തെങ്കിലും അവളോട് സംസാരിക്കാമെന്ന് കരുതി എങ്കിലും ഞാൻ കൂടുതൽ വിഷമത്തിലേക്ക് പോകുക ആയിരുന്നു… വർഷങ്ങൾ ആയി ഒരു പെണ്ണിനോട് തോന്നാത്ത ആ അടുപ്പം ഇവളോട് തോന്നി തുടങ്ങിയോ എന്ന് എനിക്ക് സംശയം ആയി..
അങ്ങനെ ഞാൻ വിചാരിച്ചത്
പോലെ വഴിയുടെ അങ്ങേ തലയ്ക്കൽ ഒരു കാർ പ്രത്യക്ഷപ്പെട്ടു.. ഞങ്ങൾ എഴുന്നേറ്റ് കാറിന് നേരെ നടന്നു.. എന്തൊക്കെയോ സംസാരിക്കണം എന്ന് വച്ചു. ഒന്നും അങ്ങോട്ട് സംസാരിച്ചില്ല..
‘ഇനി നമ്മൾ കാണുമോ…?
ഞാൻ അവളോട് ചോദിച്ചു
‘കാണാതെ ഇരിക്കട്ടെ..’
തമാശ പോലെ അവൾ പറഞ്ഞു
അവളിപ്പോ ത്രില്ലിൽ ആകും. തിരിച്ചു ജീവിതത്തിലേക്കു പോകുന്ന ത്രില്ലിൽ.. എന്റെ അതേ മാനസികാവസ്ഥ അവൾക്ക് ഉണ്ടാകാൻ ഒരു വഴിയുമില്ല..
കാർ ഞങ്ങളുടെ അടുത്തെത്തിയിരുന്നു.. ഇനി സംസാരിക്കാൻ ഒന്നും ബാക്കിയില്ല.. കാറിൽ നിന്ന് അന്ന് കൂടെ കണ്ട ആൾ പുറത്ത് ഇറങ്ങി. അയാൾ ഓടി വന്നു അവളെ കെട്ടിപിടിച്ചു. ബോയ് ഫ്രണ്ട് അല്ലെന്ന് അവൾ മുന്നേ പറഞ്ഞത് കൊണ്ടു ആ കാര്യം ഓർത്ത് എനിക്ക് വിഷമിക്കേണ്ടി വന്നില്ല.. ഞാൻ നിൽക്കുന്നത് കൊണ്ടു അയാൾ അവളോട് കൂടുതൽ ഒന്നും ചോദിച്ചില്ല..
‘ബാലു.. ഇവൻ ഇല്ലാരുന്നേൽ എന്റെ കാര്യം കുറച്ചു കഷ്ടത്തിൽ ആയേനെ..’
അവൾ എന്നെ അയാൾക്ക് പരിചയപ്പെടുത്തി..
‘താങ്ക്സ്.. താങ്ക്സ് അലോട്ട്…’
അയാൾ എനിക്ക് കൈ തന്നു നന്ദി പറഞ്ഞു
‘നിന്റെ ഫ്രണ്ട് ഇപ്പോൾ വരുമോ..?
അവൾ ചോദിച്ചു
‘വരും..’
ഞാൻ കള്ളം പറഞ്ഞു
‘എന്നാൽ… ഞാൻ… പോട്ടെ….’
അത് പറയാൻ അവൾ ബുദ്ധിമുട്ടിയോ..? അതോ എന്റെ വെറും തോന്നലാണോ..?
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.. തലയാട്ടി നിന്നു
‘പോവാടാ…’
അത് പറഞ്ഞിട്ട് അവൾ കാറിൽ കയറി.. കാർ എന്നെ വലം വച്ചു ചുറ്റി തിരിച്ചു എടുത്തിട്ട് മുന്നോട്ടു പോയി.. കാർ മുന്നോട്ടു പോകുമ്പോ അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കുമെന്ന് ഞാൻ കരുതി.. പക്ഷെ
അത് സംഭവിച്ചില്ല.
ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മൂന്ന് പകലുകളുടെയും രണ്ട് രാത്രികളുടെയും ഓർമ്മകൾ അതാ ആ വെളുത്ത കാറിൽ എന്നിൽ നിന്ന് അകന്നു പോകുകയാണ്.. അവൾ ആരാണെന്ന് ഉള്ള ഒരു സൂചന പോലും തരാതെ.. ഇനി ഒരിക്കലും കാണാൻ കഴിയാത്ത വിധം ഞങ്ങൾ അകലുകയാണ് എന്ന് എനിക്ക് തോന്നി…
