അത് വെറും വാക്ക് അല്ലായിരുന്നു. പോലീസ് വഴി അധികം പുഷ് ചെയ്യാൻ പറ്റാത്തത് കൊണ്ട് സോഷ്യൽ മീഡിയ ആയിരുന്നു ഞങ്ങൾ തിരഞ്ഞെടുത്ത വഴി.. ഹിമയ്ക്ക് അത്യാവശ്യം പരിചയം ഉള്ളൊരു യൂട്യൂബറേ കാണാൻ എന്റെ ഒപ്പം വരാമെന്ന് അവൾ പറഞ്ഞു. ലോകത്തുള്ള സകല കാര്യങ്ങളിലും അഭിപ്രായം പറഞ്ഞു അരി വാങ്ങുന്ന യൂട്യൂബർമാരിൽ ഒരാളാണ് ഹരി. ഈ സാഹചര്യത്തിൽ ഇവനെ പോലെ ഉള്ള ഒരാളുടെ സഹായം എങ്കിലും വലിയ ഉപകാരം ആയേക്കും എന്ന് എനിക്കും തോന്നി. അവൻ ആണെങ്കിൽ മീനാക്ഷിയേ കുറിച്ച് ഒരു വീഡിയോ ഇട്ടിരുന്നതുമാണ്. പക്ഷെ അത് ഇപ്പോൾ കാണാനും ഇല്ല. ഹിമ അത് അവനോട് ചോദിക്കുകയും ചെയ്തു. അത് യൂട്യൂബ് തന്നെ റിമൂവ് ചെയ്തത് ആണെന്ന് അവൻ മറുപടിയും പറഞ്ഞു
‘നീ ആ വീഡിയോ ഒന്ന് കൂടെ ഇട്.. പോലീസിന്റെ ഭാഗത്ത് നിന്നൊന്നും യാതൊരു നടപടിയും ഉണ്ടാവുന്നില്ല.. ന്യൂസ് ചാനലും ആ ന്യൂസ് മറന്നു. ഇനി സോഷ്യൽ മീഡിയയേ ഒരു രക്ഷ ഉള്ളു..’
ഹിമ അവനോട് പറഞ്ഞു
‘ഞാൻ.. ഞാൻ അത് വീണ്ടും അപ്ലോഡ്
ചെയ്യാം..’
ഹരി പറഞ്ഞു
അവൻ പറഞ്ഞത് ഹിമ വിശ്വസിച്ചു എങ്കിലും എനിക്ക് എന്തോ അവന്റെ പെരുമാറ്റത്തിൽ ഒരു പന്തികേട് തോന്നി. അവൻ എന്തോ ഒളിക്കുന്നത് പോലെ ഉണ്ടായിരുന്നു. ഇനി അതവന്റെ മുഖത്തിന്റെ സ്വാഭാവികമായ കള്ളലക്ഷണം ആണൊന്നും അറിയില്ല..
ഹരിയുടെ വീഡിയോ വരുന്നത് നോക്കി ഞങ്ങൾ രണ്ടും വെറുതെ സമയം കളഞ്ഞു. ഹിമ രണ്ട് മൂന്ന് തവണ വിളിച്ചിട്ട് അവൻ ഫോൺ എടുത്തു പോലുമില്ല. ഹരി ഞങ്ങളെ ഒഴിവാക്കുകയാണ് എന്ന് എനിക്ക് മനസിലായി.
എല്ലാം കൂടി ആയപ്പോൾ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് എനിക്ക് എല്ലാത്തിനും പിന്നിൽ തോന്നി തുടങ്ങി. ഇനിയും വെറുതെ ഇരിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. പോലീസും മാധ്യമവും ഒന്നും കൂടെ നിന്നില്ല എങ്കിലും ഞാനായി മീനുവിനെ കണ്ടു പിടിക്കുമെന്ന വാശി എനിക്ക് വന്നു. അതിന് ആദ്യം ആരാണ് അന്വേഷണം അട്ടിമറിക്കുന്നത് എന്ന് എനിക്ക് അറിയണമായിരുന്നു. അതറിയാനുള്ള വഴി ജോർജ് സാറാണ്..
സാധാരണ കാണാൻ പോകുന്നത് പോലെ സ്റ്റേഷനിൽ അല്ലായിരുന്നു ഞാൻ പോയത്. ഞാൻ ജോർജ് സാറിന്റെ വീട് കണ്ട് പിടിച്ചു അവിടേക്ക് ആണ് പോയത്. ഞാൻ ചെന്നപ്പോ ആൾ അവിടെ ഇല്ലായിരുന്നു. കുറച്ചു നേരം വെയിറ്റ് ചെയ്തപ്പോ സാർ എത്തി. എന്നെ അവിടെ ആൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല..
‘നീയോ..? എന്താ ഇവിടെ..?
ജോർജ് സാർ ചോദിച്ചു
‘ഞാൻ സാറിനെ പേർസണൽ ആയിട്ട് ഒന്ന് കാണാൻ വന്നതാണ്..’
ഞാൻ പറഞ്ഞു
‘പേർസണൽ ആയി എന്ത് പറയാൻ. നീ നാളെ സ്റ്റേഷനിൽ വാ. അവിടെ വച്ചു സംസാരിക്കാം..’
ജോർജ് സാർ എന്നെ ഒഴിവാക്കാൻ ശ്രമിച്ചു
‘അവിടെ വച്ചു സംസാരിച്ചാൽ ശരിയാവില്ല..’
ഞാൻ പറഞ്ഞു
‘അതെന്താ ശരിയാവാത്തത്..?
സാർ ചോദിച്ചു
‘അവിടെ ആകുമ്പോൾ സാറിന് കള്ളം പറയേണ്ടി വരും. ഇവിടെ വച്ചു സത്യം പറയാനുള്ള ധൈര്യം കാണിക്കുമെന്ന് എനിക്ക് തോന്നി..’
ഞാൻ തുറന്നു പറഞ്ഞു
‘നീ എന്താ പറഞ്ഞു വരുന്നത്..?
‘കേസിന്റെ കാര്യം തന്നെ. അതിൽ ഇത്രയും ദിവസം ആയിട്ടും ഒരു പുരോഗതിയുമില്ല. അവൾക്ക് എന്ത് സംഭവിച്ചു എന്ന് പോലും ഒരു പിടിയുമില്ല. പോലീസ് ഇൻവെസ്റ്റിഗേഷൻ നടത്തുന്നില്ല എന്ന് നമ്മൾ രണ്ട് കൂട്ടർക്കും അറിയാം.. അത് എന്ത് കൊണ്ടാണ് എന്നാണ് എനിക്ക് അറിയാത്തത്…?
ഞാൻ സാറിന്റെ മുഖത്ത് നോക്കി തന്നെ കാര്യം പറഞ്ഞു
‘നീ എന്താ എന്നെ പോലീസ് ആകാൻ പഠിപ്പിക്കാൻ വന്നതാണോ..?
സാർ കുറച്ചു ഉറച്ച ശബ്ദത്തിൽ ചോദിച്ചു
‘അതിനൊന്നും അല്ല.. പറ്റില്ലെങ്കിൽ ഈ യൂണിഫോം അഴിച്ചു വച്ചിട്ട് പോവാൻ പറയാൻ വന്നതാ.. ഒരു VIP മരിച്ചപ്പോ മണിക്കൂറിനു ഉള്ളിൽ അവിടെ ഉണ്ടായിരുന്ന ഞങ്ങളെ സ്റ്റേഷനിൽ എത്തിച്ച സാറിന്, സിറ്റിയുടെ ഉള്ളിൽ വച്ചു കിഡ്നാപ്പ് ചെയ്യപ്പെട്ട കുട്ടിയെ കുറിച്ച് യാതൊരു അറിവും ഇല്ല എന്ന് വിശ്വസിക്കാൻ ഞാൻ പൊട്ടൻ അല്ല..’
എന്റെ ഉള്ളിൽ കിടന്ന സങ്കടം ഒക്കെ ദേഷ്യമായി പുറത്ത് വന്നു. ജോർജ് സാറിന്റെ മുന്നിൽ ആയിരുന്നു ആ പൊട്ടിത്തെറി വന്നതും. പോലീസ് ഈഗോ വച്ചു അയാൾ തിരിച്ചു എങ്ങനെ പ്രതികരിക്കും എന്ന് അറിഞ്ഞിട്ട് തന്നെ ആണ് ഞാൻ ഇതൊക്കെ പറഞ്ഞത്. ഇത്രയും ധൈര്യം എങ്കിലും ഞാൻ കാണിച്ചില്ലേൽ പിന്നെ മീനു എന്നെ ഏട്ടാ എന്ന് വിളിച്ചത് ഒക്കെ ഞാൻ മറന്നു എന്നാവും..
