ഞങ്ങളെ ശ്രദ്ധിച്ചപ്പോ ഇവാനിയ എന്റെ ചുണ്ടിൽ പതിയെ ഉമ്മ വച്ചു. താല്പര്യം ഉണ്ടായിട്ട് അല്ല, അവർക്ക് സംശയം തോന്നാതെ ഇരിക്കാൻ. ഇപ്പോൾ അവർക്ക് ഒരാണ് ടോയ്‌ലറ്റിൽ നിൽക്കുന്ന കണ്ടു സംശയം തോന്നില്ല. ആണും പെണ്ണും കളിച്ചു മതി മറന്നു ഇവിടെ എത്തിയത് ആണെന്നെ കരുതൂ..
അവർ രണ്ടും തിരിച്ചു പോയി കഴിഞ്ഞു ആണ് ഇവാനിയ എന്റെ ദേഹത്ത് നിന്നും മാറിയത്. ഉടനെ തന്നെ എന്നെ കൊണ്ട് ടോയ്‌ലെറ്റിന് ഉള്ളിൽ കയറി അവൾ വാതിൽ അടച്ചു..
‘നിങ്ങൾ ആരാ ശരിക്കും..?
അവളെന്നോട് ചോദിച്ചു
‘ഞാൻ.. ഞാൻ..’
ഒരാണ് ആണ് ഈ ചോദിച്ചത് എങ്കിൽ ഭയം കൊണ്ട് ഞാൻ അവനെ ആക്രമിച്ചേനെ. ഈ പെണ്ണിനെ ഞാൻ എന്ത് ചെയ്യും
‘ജോൺസൺ അല്ല എന്നെനിക്ക് അറിയാം.. ആ കയ്യിലെ കെട്ടിന് അടിയിൽ എന്താണെന്നും എനിക്ക് അറിയാം..’
ഇവാനിയ പറഞ്ഞു
‘ഞാൻ ഒരു പ്രശ്നത്തിനും വന്നതല്ല. ഞാൻ പൊക്കോളാം..’
ഞാൻ പറഞ്ഞു
‘എന്ത് ധൈര്യത്തിൽ ആണ് പിന്നെ ഇങ്ങോട്ട് വന്നത്..? ഇവിടെ എല്ലാവരും നിങ്ങളെ കൊല്ലാൻ കാത്തു നിൽക്കുവാ..’
അവൾ പറഞ്ഞു
‘എന്നെയോ..? ഞാൻ ഇവിടെ ഉണ്ടെന്ന് നിനക്ക് മാത്രമേ ഇപ്പോൾ അറിയൂ..’
ഞാൻ പറഞ്ഞു
‘അല്ല.. നിങ്ങൾ ഇവിടെ വരുമെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു.. ഇത് ട്രാപ്പ് ആണ് നിങ്ങൾക്ക് ഉള്ളെ.. അവർ കണ്ടു പിടിക്കുന്നതിന് മുമ്പ് രക്ഷപ്പെട്ടോ..’
ഇവാനിയ പറഞ്ഞു
എനിക്ക് അവൾ പറയുന്നത് ഒന്നും മനസിലായില്ല. ഞാൻ ഇവിടെ ഉണ്ടാകും എന്ന് ഇവർക്ക് എങ്ങനെ അറിയാം. ഞാൻ ആരാണെന്ന് ഇവർ മനസിലാക്കിയോ..? ഞാൻ അത് അവളോട് ചോദിച്ചു..
‘ഇവർക്ക്
അറിയാം നിങ്ങൾ എവിടെ എത്തുമെന്ന്… അതിന് വേണ്ടിയാണ് ഈ പാർട്ടി.. എങ്ങനെ എങ്കിലും രക്ഷപ്പെട്ടോ..’
അവൾ പറഞ്ഞു
‘നിനക്ക് ഇതൊക്കെ അറിയാമെങ്കിൽ നീ ഇവരുടെ ഒപ്പം ഉള്ള ആളല്ലേ.. എന്തിനാ എന്നെ ഹെല്പ് ചെയ്യുന്നത്..?
ഞാൻ ചോദിച്ചു
‘നിങ്ങൾ ആരാണെന്ന് പോലും എനിക്ക് അറിയില്ല. ഇവന്മാർ ജന്മം കൊണ്ട് തന്നെ പിശാചുക്കൾ ആണ്.. ആ മോതിരം അത് ഇരട്ടിപ്പിക്കുകയെ ഉള്ളു.. അതിനി തിരിച്ചു ഇവരുടെ കയ്യിൽ എത്തരുത്… എനിക്ക് അതേ ഉള്ളു..’
ഇവാനിയ പറഞ്ഞു
‘താങ്ക്സ്…’
എനിക്ക് എന്തോ ഇവളോട് നന്ദി പറയാൻ തോന്നി.. അത് പറയണം.. എന്റെ ജീവൻ ആണ് ഇന്ന് ഇവൾ രക്ഷിച്ചത്
‘അയാളെ നിങ്ങൾ എന്ത് ചെയ്തു..?
ജോൺസണെ കുറിച്ച് ആണ് അവൾ ചോദിച്ചത്
‘ഒന്നും ചെയ്തില്ല.. അയാളുടെ വീട്ടിൽ ഒരു അലമാരയിൽ പൂട്ടി ഇട്ടിട്ടുണ്ട്..’
ഞാൻ പറഞ്ഞു
അവളുടെ മുഖത്ത് ഒരു നിരാശ പടരുന്നത് ഞാൻ കണ്ടു..
‘സമയം കളയാതെ പോ..’
അവളെന്നോട് പറഞ്ഞു..
അവൾ പറഞ്ഞത് എനിക്ക് മുഴുവൻ ആയി വിശ്വസിക്കാൻ പറ്റിയില്ല. ഞാൻ എങ്ങനെ ഇവിടെ ഉണ്ടെന്ന് അവർക്ക് മനസിലായി. ഞാൻ ആരാണെന്ന് ഇവർക്ക് അറിയാമോ.? അതിന് സാധ്യത ഇല്ല. അങ്ങനെ ആണെങ്കിൽ അവർക്ക് ഞാൻ ഉള്ളിടത്ത് വരാമല്ലോ.. ഇത് മറ്റെന്തോ ആണ്.. മോതിരത്തിന്റെ സാമീപ്യം ഒരുപക്ഷെ അവർക്ക് അറിയാൻ കഴിയുമായിരിക്കും.. ഇത് മാജിക്ക് ആണ്.. ഇവിടെ ലോജിക്കൽ ആയി ചിന്തിച്ചാൽ ഉത്തരം കണ്ടെത്താൻ കഴിയില്ല.. തല്ക്കാലം ഇവൾ പറയുന്നത് കേൾക്കുന്നത് തന്നെ നല്ലത്. മീനു എന്തായാലും ഇവിടെ ഇല്ല. അപ്പോൾ എത്രയും പെട്ടന്ന് ഇവിടുന്ന് പുറത്ത് ഇറങ്ങണം..
അങ്ങനെ മനസ്സിൽ വിചാരിച്ചു ഞാൻ ടോയ്‌ലെറ്റിന് പുറത്ത് വന്നതും ചെന്നു പെട്ടത് സാം ചമ്പാരന്റെ മുന്നിൽ. അയാളുടെ കയ്യിലെ മോതിരത്തിൽ ഞാൻ സൂക്ഷിച്ചു നോക്കി.. ഒറ്റ നോട്ടത്തിൽ ഒറിജിനൽ പോലെ ഉണ്ട്..
‘ജോൺ.. നീ എവിടെ ആയിരുന്നു.. വന്നത് ലേറ്റ് ആയി.. പിന്നെ നീ എവിടേക്ക് പോയി..?
സാം ചമ്പാരൻ എന്നോട് ചോദിച്ചു
‘ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു..’
ഞാൻ പറഞ്ഞു
‘നമ്മുടെ പ്ലാനിംങ്ങിൽ എന്തോ കുഴപ്പമുണ്ട്. ഇവിടെ ഉള്ള ആളുകളിൽ എല്ലാവരെയും ഒന്നൊഴിയാതെ ഞാനാ കണ്ണാടിയുടെ മുന്നിൽ കൊണ്ട് വന്നു. ഈ കൂട്ടത്തിൽ ഒന്നും അവനില്ല..’
അത് കേട്ടതും എന്റെ ചങ്ക് ഒന്ന് പിടച്ചു.. എന്നെ കുറിച്ച് ആണ് ഇയാൾ പറയുന്നത്. ഇവ പറഞ്ഞത് ശരി തന്നെ.. ഇതെനിക്കിട്ട് ഉള്ള ട്രാപ്പ് ആണ്. പക്ഷെ ഞാൻ എങ്ങനെ കറക്റ്റ് ആയി ഇതിൽ വന്നു കയറുമെന്ന് ഇവർക്ക് അറിയാം… ഒന്നും എനിക്ക് മനസിലായില്ല. ഒരു കാര്യം മാത്രം എനിക്ക് ഉറപ്പുണ്ട്. ഇവിടെ അധികം നേരം നിന്നാൽ എന്റെ തലയോട്ടിയിൽ തുള വീഴും
