ടോക്സിക് – 3 2അടിപൊളി  

‘താങ്ക്സ്…’

വെള്ളത്തിൽ വച്ചു ബോധം പോയ സമയത്ത് ഇവൾ ഉള്ളോണ്ടാണ് ജീവൻ തിരിച്ചു കിട്ടിയത്. കയ്യിൽ വിലങ്ങു ഉള്ളത് കൊണ്ട് അവൾക്ക് എന്നെ ഉപേക്ഷിക്കാൻ കഴിയില്ല എന്നത് സത്യം തന്നെ. എന്നാലും ഒരു നന്ദി പറയണം എന്ന് എനിക്ക് തോന്നി. എന്റെ നന്ദിക്ക് അവൾ ഒരു മറുപടിയും തന്നില്ല. അപ്പോളും എന്റെ മുഖത്തേക്ക് നോക്കിയുമില്ല..

‘ഇതെവിടെ ആണെന്ന് എന്തെങ്കിലും പിടിയുണ്ടോ..?

ഞാൻ അവളോട് ചോദിച്ചു

‘എനിക്ക് എങ്ങനെ അറിയാം..?

അവൾ കുറച്ചു ദേഷ്യത്തിൽ എന്നോട് ചോദിച്ചു. ഞാൻ ആണ് അവളെ ചാടിച്ചു ഈ കാട്ടിൽ കയറ്റിയത് എന്നത് പോലെ ആണ് അവളുടെ സംസാരം

‘കുറേ മണിക്കൂറുകൾ നമ്മൾ ഒഴുക്കിൽ ആയിരുന്നു.. ഒഴുക്കിന്റെ വേഗത വച്ചു കിലോമീറ്ററുകൾ മാറിയിട്ടുണ്ടാകും നമ്മളിപ്പോ..’

ഞാൻ പറഞ്ഞു. അതിനും അവൾ വലിയ മൈൻഡ് കൊടുത്തില്ല.

‘നടക്ക്..’

അത് മാത്രം അവൾ പറഞ്ഞു. എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. എന്നാലും ഞാൻ നടന്നു. ഒരെ വേഗതയിൽ

ഒരേപോലെ നടക്കണം. അത് ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആയിരുന്നു. അവൾക്ക് ആണേൽ വല്ലാത്ത ഈർഷ്യയും..

‘എങ്ങോട്ടാ…?

ഞാൻ അവളോട് ചോദിച്ചു

‘ആ മലയുടെ മേലേ..’

അവൾ പറഞ്ഞു

കുറച്ചു ദൂരത്തായി ഒരു ചെറിയ മല ഞങ്ങൾ കണ്ടു. അതിന് മുകളിൽ കയറി നിന്നാൽ ഈ പരിസരം എല്ലാം നന്നായി കാണാം. ഞങ്ങൾ എവിടെ ആണെന്ന് ചെറിയൊരു ഐഡിയ എങ്കിലും കിട്ടും. അടുത്ത് വീടോ റോഡോ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയുകയും ചെയ്യാം.. അത് കൊണ്ട് മലയുടെ മുകളിൽ കയറാമെന്ന് ഞാനും കണക്ക് കൂട്ടി.. ഒരുമിച്ച് മലകയറ്റം കുറച്ചു ബുദ്ധിമുട്ട് ആയിരുന്നു. ഒറ്റയ്ക്ക് തന്നെ ഈ ക്ഷീണം വച്ചു ഈ കയറ്റമെനിക്ക് സീനാണ്. പക്ഷെ വേറെ വഴി ഇല്ലാത്തത് കൊണ്ട് ഞാൻ മല കയറി…

മലയുടെ ഒത്ത നടുവിൽ കയറി ഞങ്ങൾക്ക് ചുറ്റുമുള്ള ഭൂമി കണ്ടപ്പോൾ ആണ് ഞങ്ങൾ ശരിക്ക് പെട്ടു എന്ന് ഞങ്ങൾക്ക് മനസിലായത്.. വീടോ റോഡോ ഒന്നും തന്നെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. എങ്ങും ഇട തിങ്ങി നിൽക്കുന്ന മരങ്ങൾ. അതിനപ്പുറം മലകൾ.. ഘോരവനത്തിന് ഉള്ളിലാണ് ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത്. ഇത്രയും ഉയരത്തിൽ നിന്ന് നോക്കുമ്പോൾ നല്ല ദൂരം വരെ കാണാൻ കഴിയും. എന്നിട്ടും മനുഷ്യവാസത്തിന്റെ അടയാളം ഒന്നും കാണുന്നില്ല എങ്കിൽ കിലോമീറ്ററുകൾക്ക് ഉള്ളിൽ ഒരു മനുഷ്യനെയും ഞങ്ങൾ കാണാനും സാധ്യത ഇല്ല..

‘നമ്മൾ വെള്ളത്തിൽ വീണത് സാർ കണ്ടതാണ്.. നമ്മളെ അവർ അന്വേഷിക്കാതെ ഇരിക്കില്ല..’

ഞാൻ ഒരു ആശ്വാസം ആയിക്കോട്ടെ എന്ന് കരുതി പറഞ്ഞു

‘ഇത്രയും ദൂരം ഒന്നും അവർ നമ്മളെ തപ്പി വരില്ല…’

അവൾ

മലയുടെ താഴേക്ക് നോക്കി പറഞ്ഞു….

അവൾ പറഞ്ഞത് പോയിന്റ് ആണ്. ഞങ്ങൾ വീണ പാലത്തിൽ നിന്നും എത്രയോ കിലോമീറ്റർ ദൂരെ ആണ് ഞങ്ങൾ ഇപ്പോൾ നിക്കുന്നത്. ഇത്രയും ദൂരം ഞങ്ങൾ എത്തിപ്പെടുമെന്ന് ആരും കരുതില്ല. എന്ത് ചെയ്യുമെന്ന് അറിയാതെ കുഴഞ്ഞു നിക്കുമ്പോ അവൾ നേരെ താഴോട്ട് ഇറങ്ങാൻ തുടങ്ങി. കയ്യിൽ വിലങ്ങു ഉള്ളോണ്ട് അവളുടെ പിന്നാലെ ഇറങ്ങുക അല്ലാതെ എനിക്ക് വേറെ വഴി ഇല്ല. അവൾ ആണേൽ ഞാൻ കൂടെ ഉണ്ടെന്നൊരു ബോധം ഇല്ലാത്തത് പോലെ ആണ് നടക്കുന്നത്. എന്നെ മര്യാദക്ക് നോക്കുകയോ എന്നോട് സംസാരിക്കുകയോ ഒന്നും തന്നെ ഇല്ല. ഞാൻ അങ്ങോട്ട്‌ എന്തേലും ചോദിച്ചാലും മറുപടി പലപ്പോഴും കിട്ടാറുമില്ല..

‘നിന്റെ ശരിക്കുള്ള പേര് എന്താ..?

കയ്യിലെ വിലങ്ങു ഊരാൻ കഷ്ടപ്പെടുന്ന അവളോട് ഞാൻ ഇടയ്ക്ക് ചോദിച്ചു.. നോ റിപ്ലൈ..

‘എന്തായാലും സീതാമഹാലക്ഷ്മി എന്നല്ല..’

ഞാൻ പറഞ്ഞു

‘സീതാമഹാലക്ഷ്മി..?

ആ പേര് കേട്ടപ്പോൾ അവൾ കൺഫ്യൂഷനോടെ എന്നെ നോക്കി.

‘ആ പേരിൽ അല്ലേ നീ പോലിസ് യൂണിഫോമിൽ ആളുകളെ പറ്റിക്കുന്നത്..? മുമ്പ് സമറിനെ തിരക്കി ഷൂട്ടിങ് ലൊക്കേഷനിൽ വന്നപ്പോ എന്നോടാണ് നീ സമറിനെ കുറിച്ച് തിരക്കിയത്..’

ഞാൻ പറഞ്ഞു. അവൾക്ക് അപ്പോളാണ് എന്നെ ഓർമ വന്നതെന്ന് തോന്നി..

‘പിന്നെയും ഇടയ്ക്ക് ടൗണിൽ വച്ചു ഒരു തവണ കണ്ടു. അപ്പോൾ നീ സ്‌കൂട്ടായി..’

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *