‘ രണ്ടും നാളെ രാവിലെ പുതിയ അസ്സൈമെന്റ് എഴുതി വച്ചിട്ട് ഓണം ആഘോഷിച്ചാൽ മതി. നാളെ രാവിലെ എനിക്ക് ഡെസ്കിൽ കിട്ടണം. കേട്ടല്ലോ. അവനെ വിളിപ്പിച്ചിട്ട് വന്നു പോലുമില്ല. കുറച്ചു സ്വാതന്ത്ര്യം കൊടുക്കുമ്പോ തലയിൽ കേറി നിരങ്ങുവാ..’
ഇഷാനിക്ക് എന്ത് പറയണം എന്ന അവസ്‌ഥയിൽ ആയി. രേണു മിസ്സ് അർജുൻ ചേട്ടനോട് ഇങ്ങനെ ചൂടാകുമെന്ന് അവൾ കരുതിയിട്ടില്ല. അവർ തമ്മിൽ എപ്പോളും നല്ല കമ്പനി ആയിരുന്നു. ചില സമയത്ത് ടീച്ചർ സ്റ്റുഡന്റ് ആണെന്ന് പോലും രണ്ട് പേരും മറക്കും. അപ്പോൾ ഇങ്ങനെ ചൂടാകണം എങ്കിൽ അർജുൻ ചേട്ടൻ എന്തെങ്കിലും ഒപ്പിച്ചിട്ട് ഉണ്ടാകും. അതിന്റെ ബാക്കി ആയിരിക്കും ഇപ്പൊ കിട്ടിയത്. ശോ എന്നാലും നാളെ ഇങ്ങോട്ട് പരിപാടിക്ക് കെട്ടി എടുക്കേണ്ടി വരുമല്ലോ.. അതോർത്തപ്പോ ഇഷാനിക്ക് ഒരു മടുപ്പ് തോന്നി. ആഘോഷങ്ങളിൽ നിന്നൊക്കെ അവൾ ഒഴിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചായി. പഴയ അനുഭവങ്ങളിൽ എല്ലാം അവൾ ഒരു പരിഹാസ്യകഥാപാത്രം ആയിട്ടുണ്ട്. അതാണ് ഇപ്പൊ മടിക്കുന്നതും.. പക്ഷെ അന്നത്തെ പോലെ അല്ല ഇപ്പോൾ എന്നത് വേറെ കാര്യം. ഇപ്പോൾ അവൾക്ക് ഒരു വിഷമം ഉണ്ടായാൽ അത് ചോദിക്കാനും പരിഹരിക്കാനും ഒക്കെ കുറച്ചു സുഹൃത്തുക്കൾ ഉണ്ട്. ഏറ്റവും പ്രധാനമായി അർജുൻ ചേട്ടൻ ഉണ്ട്.. മനസിൽ അതാലോചിച്ചു വന്നപ്പോളേക്കും അർജുൻ ചേട്ടൻ കണ്മുന്നിൽ പ്രത്യക്ഷപ്പെട്ടു.
‘നമ്മടെ അസ്സൈമെന്റ് രേണു മിസ്സ് പൊക്കി. നാളെ വേറെ എഴുതി വക്കണം എന്നാ പറഞ്ഞെ. ചേട്ടനോട് വന്നു കാണണം എന്ന് പറഞ്ഞിരുന്നു..’
‘പിന്നെ… അവൾ വേണമെങ്കിൽ ഇങ്ങോട്ട് വന്നു കാണട്ടെ..’
ഞാൻ കുറച്ചു അഹങ്കാരത്തിൽ പറഞ്ഞു
‘എന്ത് പറ്റി രണ്ട് പേരും എന്തെങ്കിലും അടി ആയോ..?
‘ആ ചെറുതായ്.. അതായിരിക്കും ആ തെണ്ടി അസ്സൈമെന്റ് പോരെന്നു പറഞ്ഞു പണി തന്നത്..’
‘ദേ നാളെ തന്നെ വക്കണം എന്നാ പറഞ്ഞത്. ഇനിയും ഞാൻ എഴുതി തന്നാൽ മിസ്സിന് മനസിലാകും. സ്വന്തം ആയി എഴുതുമോ.. അതോ വേറെ ആരെ കൊണ്ടെങ്കിലും എഴുതിക്കുമോ..?
‘അത് ഞാൻ സെറ്റ് ആക്കിക്കോളാം. എന്തായാലും എനിക്കിട്ട് പണി തരുന്ന കൂട്ടത്തിൽ നിനക്ക് കൂടെ തന്ന സ്‌ഥിതിക്ക് അവളെ ഒന്ന് കണ്ട് കളയാം..’
ഇഷാനിയുടെ അടുത്ത് ഓസ്കാർ നടിപ്പ് കഴിഞ്ഞു ഞാൻ രേണുവിനെ ചെന്നു കണ്ടു.
‘സംഗതി വർക്ക് ആയിട്ടുണ്ട്.. നാളെ അവൾക്ക് വരാതെ ഇരിക്കാൻ പറ്റില്ല..’
‘നന്ദി ഉണ്ട് മോളെ.. ഈ ഉപകാരം ഒന്നും ഞാൻ മറക്കാതെ ഇരിക്കാൻ ശ്രമിക്കാം..’
‘അയ്യോ അത്ര കഷ്ടപ്പെടണ്ട. പിന്നേ.. ഞാൻ അവളുടെ കയ്യിൽ നിന്റെ പേപ്പറും കൊടുത്തു വിട്ടു. അതോണ്ട് നീ നാളെ വേറെ ഒരെണ്ണം എഴുതി കൊണ്ട് വാ..’
‘വേറെയൊ.. അത് കണ്ടില്ലേ.. ഇനി വേറെ ഞാൻ വച്ചാലും അത് ഞാൻ എഴുതുന്നത് ആവില്ല.. പിന്നെ എന്തിനാണ്..’
‘എന്തിനാണ് എന്ന് ചോദിച്ചാൽ എനിക്കിവിടെ നിന്റെ പേപ്പർ ഇല്ലാതെ നിന്റെ കംപ്ലീറ്റ് ആയെന്ന് എഴുതാൻ പറ്റുമോ..? നമ്മൾ തമ്മിൽ ഫ്രണ്ട്സ് ആയിരുന്നു എന്ന് പല ടീച്ചേർസിനും അറിയാം. ഞാൻ നിനക്ക് പ്രത്യേക പരിഗണന തരുന്നത് അവർ കണ്ടു പിടിച്ചാൽ എനിക്കൂടെ പണിയാ..’
‘എന്ന് വച്ചു ഞാൻ ഇത് എഴുതി കൊണ്ട് വരണോ..? നീയല്ലേ പണ്ട് പോലും എന്റെ അസ്സൈമെന്റ് ഒക്കെ വച്ചോണ്ട് ഇരുന്നേ.. എനിക്ക് ചുമ്മാ എഴുതുന്നത് അലർജി ആണെന്ന് അറിഞ്ഞൂടെ..’
‘ഡാ നീ പറഞ്ഞ പോലെ അവളെ ഞാൻ നാളെ കോളേജിൽ കൊണ്ട് വന്നു. ഇനി ഞാൻ പറഞ്ഞ പോലെ നീ അസ്സൈമെന്റ് നാളെ എഴുതി കൊണ്ട് വരണം..’
‘എനിക്ക് ഒന്നും മേലാ.. എന്റെ കുറെ വട്ടം നീ എഴുതിയിട്ടുള്ളത് അല്ലെ.. ഇതും നീ കൂടെ അങ്ങ് എഴുത്..’
ഞാൻ സോപ്പിടാൻ വേണ്ടി രേണുവിന്റെ കയ്യിൽ നൈസ് ആയി പിടിച്ചു.. അവൾ പെട്ടന്ന് കൈ തട്ടി മാറ്റി.
‘ആരെങ്കിലും കാണും ചെക്കാ.. നീ നിന്റെ ബെസ്റ്റി ശ്രുതി ഇല്ലേ അവളെ കൊണ്ട് എഴുതിപ്പിക്ക്..’
