റോക്കി – 1 3അടിപൊളി  

‘ഭയങ്കരം തന്നെ. അസ്സൈമെന്റ് എഴുതി തന്ന എനിക്കിട്ട് അത് വച്ചു തന്നെ പണിഞ്ഞു അല്ലെ. ആട്ടെ ഇന്നലെ എന്നിട്ട് ആരെ കൊണ്ട് എഴുതിച്ചു. ചേട്ടന്റെയും എന്റെ കയ്യിൽ തിരിച്ചു തന്നായിരുന്നു.. അതോ കൂട്ടുകാരൻ വച്ചില്ലെങ്കിലും കുഴപ്പമില്ലേ..’

 

‘കുഴപ്പമുണ്ടെന്ന് അവൾ പറഞ്ഞു. അതോണ്ട് എഴുതി വെപ്പിച്ചു ‘

 

‘ആരെ കൊണ്ട്..?

 

‘അസ്സൈമെന്റ് തന്നില്ലേ.. അവളെ കൊണ്ട് തന്നെ..’

 

ഇഷാനിയുടെ മുഖം അത്ഭുതം കൊണ്ട് തിളങ്ങി..

‘ആര് രേണു മിസ്സ്‌ എഴുതിയെന്നോ..’

 

ഞാൻ ആണെന്ന അർഥത്തിൽ തലയാട്ടി… അത് കേട്ടതും ഇഷാനി ഉറക്കെ പൊട്ടിച്ചിരിച്ചു. ഞങ്ങളുടെ അടുത്ത് ഉണ്ടായിരുന്ന പലരും അവളെ ശ്രദ്ധിച്ചതോടെ അവൾ കൈ കൊണ്ട് വായ പൊത്തി. പക്ഷെ അപ്പോളും ചിരി നിർത്താൻ അവളെ കൊണ്ട് പറ്റുന്നില്ലായിരുന്നു. അവളുടെ ചിരി കണ്ടു എനിക്കും ചിരി വന്നു. ഞങ്ങളുടെ ചിരികൾക്ക് ഇടയിലേക്ക് ആക്സമികമയോ അറിഞ്ഞോണ്ടോ കൃഷ്ണ കടന്ന് വന്നു

 

‘എന്താ ഇത്ര ചിരിക്കാൻ.. നല്ല കോമഡി വെല്ലോം ആണെങ്കിൽ പറ.’

കൃഷ്ണ എന്റെ അരികിൽ വന്നു നിന്നു. ഞാനിപ്പോ കൃഷ്ണയ്ക്കും ഇഷാനിക്കും നടുവിൽ ആണ്. അന്നത്തെ മോഷണനാടകം പൊളിഞ്ഞതിൽ പിന്നെ കൃഷ്ണ ഇഷാനിയെ പറ്റി പരദൂഷണം പറഞ്ഞു വന്നിട്ടില്ല. അവളുടെ ഫ്രണ്ട്സും വന്നിട്ടില്ല. മാത്രമല്ല ഇഷാനി എന്റെ അടുത്തുണ്ടെങ്കിലും കൃഷ്ണ എന്റെ അടുത്ത് വരാനും സംസാരിക്കാനും തുടങ്ങിയിരുന്നു. ഒന്നോ രണ്ടോ തവണ കൃഷ്ണ ഇഷാനിയോട് മിണ്ടുകയും ചെയ്തു. തനിക്ക് ഇഷാനിയോട് പ്രശ്നം ഇല്ലെന്ന് അറിയിക്കാനാണോ അന്നത്തെ സംഭവത്തിൽ തനിക്ക് പങ്കില്ല എന്ന് സ്‌ഥാപിക്കാനാണോ അവൾ ശ്രമിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല.

 

‘ഹേയ് ഒന്നുമില്ല.. വെറുതെ ചിരിച്ചതാ..’

കൃഷ്ണയുടെ ചോദ്യത്തിന് ഞാൻ പെട്ടന്ന് അങ്ങനൊരു മറുപടി കൊടുത്തു. അത് കേട്ടതും അവൾ വല്ലാതെ ആയി. ഞാനും ഇഷാനിയും പറഞ്ഞു ചിരിച്ചത് അവൾ അറിയണ്ട എന്ന അർഥത്തിൽ ഞാൻ പറഞ്ഞത് പോലെ അവൾക്ക് തോന്നി. അതങ്ങനെ അല്ലെന്ന് തോന്നിക്കാൻ ഞാൻ പെട്ടന്ന് തോന്നിയത് കൃഷ്ണയോട് പറഞ്ഞു..

 

‘ഞങ്ങൾ രാവിലെ ഇങ്ങോട്ട് വരുന്ന വഴിയാണ്.. രാഹുൽ അമ്പലത്തിൽ പോകാൻ മറന്നത് കൊണ്ട് അടുത്തുള്ള ഒരു ഹോട്ടലിൽ കയറി മഞ്ഞൾപൊടി വാങ്ങി കലക്കിയാണ് നെറ്റിയിൽ തൊട്ടിരിക്കുന്നത്.. പക്ഷെ അവനെ കണ്ടാൽ രാവിലേ നിർമ്മാല്യം തൊഴുതിട്ട് വന്നു നിൽക്കുന്ന പോലെ ഇല്ലേ..’

ഞാൻ അത് പറഞ്ഞതും രാഹുൽ വെളിയിൽ നിന്നും ക്ലാസ്സിലേക്ക് കയറി വന്നു. അവന്റെ മുഖത്തെ മഞ്ഞ കുറി കണ്ടപ്പോ നിർത്തിയ ചിരി ഇഷാനി വീണ്ടും തുടങ്ങി. അവളുടെ പൊട്ടിച്ചിരി ഈ കോമഡിക്കാണ് ഞങ്ങൾ ചിരിച്ചത് എന്ന് കൃഷ്ണയേ ബോധിപ്പിക്കാൻ ആണോ അതോ ശരിക്കും അവന്റെ മുഖത്തെ കുറി കണ്ടു അവൾക്ക് ചിരി വന്നതാണോ എന്ന് എനിക്ക് മനസിലായില്ല. ഇതിനിത്ര ചിരിക്കാൻ എന്താണ് ഉള്ളതെന്ന് അറിയാതെ കൃഷ്ണ ഒരു നിമിഷം മിണ്ടാതെ നിന്നു. പിന്നെ അർജുന്റെ കോമഡിക്ക് ഇഷാനി ചിരിക്കുമ്പോൾ താൻ ചിരിക്കാതെ നിന്നാൽ അത് ശരിയാവില്ല എന്ന് കരുതി കൃഷ്ണയും അവളുടെ ചിരിയിൽ പങ്ക് ചേർന്നു.

 

‘ഞങ്ങടെ ഫോട്ടോ എടുത്തു തരുമോ..?

കൃഷ്ണ വളരെ കൂളായി ഇഷാനിയോട് ചോദിച്ചു. ഇഷാനി മറുപടി ഒന്നും പറയാതെ അർജുനെ നോക്കി.. എന്നിട്ട് കൃഷ്ണ നീട്ടിയ ഫോൺ വാങ്ങി അവരുടെ മുന്നിൽ നിന്നു. കൃഷ്ണ ഫോട്ടോ എടുക്കാൻ നേരം അർജുനോട് ചേർന്നു നിന്നു. സാധാരണ ഫോട്ടോ എടുക്കുന്നവർ എന്തെങ്കിലും നിർദേശം ഒക്കെ കൊടുക്കും അടുത്ത് നിൽക്കാൻ, നേരെ നോക്കാനൊക്കെ. ഇഷാനി അങ്ങനെ ഒന്നും ഇല്ലായിരുന്നു. അവിടെ ചെന്നു രണ്ട് മൂന്ന് ഫോട്ടോ എടുത്തു.. തിരിച്ചു ഫോൺ കൃഷ്ണയുടെ കയ്യിൽ കൊണ്ട് കൊടുത്തു. കൃഷ്ണ ഫോട്ടോ നോക്കിക്കൊണ്ട് ഇരിക്കുമ്പോ അർജുൻ സ്വന്തം ഫോൺ എടുത്തു അവരെ രണ്ട് പേരെയും ചേർത്ത് നിർത്തി

 

‘നമുക്കൊരു സെൽഫി എടുക്കാം..’

കൃഷ്ണയ്ക്കും ഇഷാനിക്കും ഒപ്പം ഞാൻ സെൽഫി എടുത്തു. കൃഷ്ണ ഇന്ന് പതിവിലും സുന്ദരി ആയിരുന്നു. ആലിലയുടെ ഡിസൈൻ ഒക്കെ ഉള്ള ഒരു വെള്ള സാരി ആയിരുന്നു അവൾ ധരിച്ചിരുന്നത്. കസവ് കരയുള്ള സാരി അവളുടെ സ്വർണമേനിയിൽ ചുറ്റിയിരിക്കുന്നത് കാണാൻ ഒരു വശ്യത ഉണ്ടായിരുന്നു. അതിനൊപ്പം അവളുടെ പുഞ്ചിരി കൂടി ആയപ്പോൾ സെൽഫിയിൽ അവൾ തന്നെ സ്കോർ ചെയ്തു. ഇഷാനി തിളങ്ങുന്ന വസ്ത്രവും ധരിച്ചിരുന്നില്ല അവളുടെ മുഖത്ത് പുഞ്ചിരിയും ഉണ്ടായിരുന്നില്ല. പലപ്പോഴും കാണാറുള്ള ഒരു വിഷാദം ആ സെൽഫിയിലും എനിക്ക് കാണാൻ കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *