‘അവൾ ഇത് വരെ എന്നോട് പോലും നിന്റെ ഒരു കുറ്റവും പറഞ്ഞിട്ടില്ല. നിന്റെ എന്നല്ല ആരുടെയും.. നീയൊക്കെ ആണ് അവളെ പറ്റി എന്നോട് പലതും പറഞ്ഞു നടന്നത്..’
ഞാൻ ആ പറഞ്ഞത് കൃഷ്ണക്ക് ഒരു അത്ഭുതം ആയിരുന്നു. ഇഷാനി അർജുന്റെ അടുത്ത് തന്നെ കുറിച്ച് മോശം ഒന്നും പറഞ്ഞിട്ടില്ല എന്ന് കൃഷ്ണയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കൃഷ്ണ ഇഷാനിയെ തന്നെ നോക്കി നിന്നു. ഇഷാനിയുടെ മുഖം നിർവികാരമായി. അവളുടെ അടുത്തിരുന്ന ശ്രുതിയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
‘ശ്രുതിയുടെ അമ്മയുടെ കണ്ണൊക്കെ നിറഞ്ഞല്ലോ.. അവർ എന്തായിരിക്കും പറയുന്നത്..?
കൃഷ്ണ എന്നോട് ചോദിച്ചു. ഞാൻ അവളുമായി മുറ്റത്തേക്ക് ഇറങ്ങി.
‘അറിയില്ല. ചിലപ്പോൾ അവളുടെ വീട്ടുകാരുടെ കാര്യം ആകും..’
ഞാൻ പറഞ്ഞു
‘വീട്ടുകാരുടെ എന്ത് കാര്യം. അവർക്ക് എന്താണ്..?
കൃഷ്ണ കാര്യം അറിയാനുള്ള ജിജ്ഞാസയോടെ അർജുനെ നോക്കി
‘അവൾക്ക് അച്ഛനും അമ്മയും ഒന്നുമില്ല. ഒരു തരത്തിൽ പറഞ്ഞാൽ അനാഥ. അച്ഛന്റെ ചേട്ടന്റെ വീട്ടിൽ നിന്നാണ് അവൾ വളർന്നത്..’
ഞാനത് പറഞ്ഞതും കൃഷ്ണയുടെ മുഖം വല്ലാണ്ട് അസ്വസ്‌ഥമായി. അവളുടെ വാക്കുകൾ മുറിഞ്ഞു
‘എനിക്ക്… എനിക്ക് അത് അറിയില്ലായിരുന്നു.. ആരും പറഞ്ഞില്ല.. ആരോടും അവൾ പറഞ്ഞിട്ടില്ല.. ഓഹ് ഗോഡ്..!
കൃഷ്ണയുടെ വാക്കുകളിൽ ഒരു ഏറ്റുപറച്ചിൽ ഉണ്ടായിരുന്നു. ആരുമില്ലാത്ത കുട്ടി ആണ് ഇഷാനി എന്ന് അറിഞ്ഞിരുന്നു എങ്കിൽ താൻ ഒരിക്കലും അവളെ വിഷമിപ്പിക്കുന്ന ഒന്നിനും കൂട്ട് നിക്കില്ലായിരുന്നു എന്ന് കൃഷ്ണ ചിന്തിച്ചു
‘ഞാൻ അവളുമ്മാരോട് ഒക്കെ പറയാം.. അവരാരും ഇനി അവളുടെ പുറകെ ഒരു പ്രശ്നത്തിനും വരില്ല. വരാതെ ഞാൻ നോക്കിക്കൊള്ളാം..’
‘നീയീ കാര്യം എല്ലാരോടും പറയണ്ട. അവൾക്ക് ചിലപ്പോൾ അത് ഇഷ്ടം ആകില്ല..’
ഞങ്ങൾ മുറ്റത്തുള്ള ഒരു മാവിന്റെ ചുവട്ടിൽ എത്തി. അതിന്റെ ഒരു കമ്പിൽ ഊഞ്ഞാൽ കെട്ടിയിട്ടുണ്ടായിരുന്നു. അതിൽ ശ്രുതി ഇരുന്നു ആടുന്നു. രാഹുലും ആഷിക്കും അവളെ ഊഞ്ഞാൽ ആട്ടുന്നു.
‘പോത്ത് പോലെ വളർന്നിട്ടും നിനക്ക് ഊഞ്ഞാൽ ഒക്കെ ആരാടി കെട്ടി തന്നെ..?
ഞാൻ ശ്രുതിയോട് ചോദിച്ചു
‘അച്ഛൻ. പണ്ട് തൊട്ടേ ഓണം ആകുമ്പോൾ ഊഞ്ഞാൽ ഇടുമായിരുന്നു. അഥവാ ഇട്ടില്ലേൽ ഞാൻ ബഹളം വയ്ക്കും.’
ശ്രുതി ചിരിച്ചു കൊണ്ട് പറഞ്ഞു. കൃഷ്ണ ഊഞ്ഞാലിൽ കൗതുകത്തോടെ നോക്കുന്നത് കണ്ടു ശ്രുതി ഊഞ്ഞാലിൽ നിന്ന് എഴുന്നേറ്റ് അവൾക്ക് ഇരിക്കാൻ കൊടുത്തു. ശ്രുതിയേ ആട്ടിയത് പോലെ കൃഷ്ണയേ ആട്ടാൻ രാഹുലിനും ആഷിക്കിനും ഒരു മടി ഉണ്ടായിരുന്നു. അത് കൊണ്ട് ഞാൻ തന്നെ കൃഷ്ണയേ ആട്ടി വിട്ടു. ശ്രുതിയെ ആട്ടിയത് പോലെ പതിയെ അല്ലായിരുന്നു. സകല ആക്കവും എടുത്തു അവളെ ആട്ടി. നല്ല ഉയരത്തിൽ കെട്ടിയ ഊഞ്ഞാൽ ആയത് കൊണ്ട് കൃഷ്ണ നല്ല പൊക്കത്തിൽ തന്നെ ഊഞ്ഞാലാടി ചെന്ന്.. അവളുടെ കൈകൾ കയറിൽ മുറുകെ പിടിച്ചു. ഓടി ഊഞ്ഞാലിൽ പിടിച്ചു ആട്ടുന്നതിനു ഒപ്പം ഊഞ്ഞാലിനു അടിയിലൂടെ നൂഴ്ന്നു പോകുന്ന ഒരു വിദ്യ ഉണ്ട്.. ചെറുപ്പത്തിൽ അതിനെന്തോ പേരിട്ട് വിളിക്കുമായിരുന്നു. പേര് മറന്നെങ്കിലും ആ വിദ്യ മറന്നിട്ടില്ല. നല്ല ശക്തിയിൽ തന്നെ കൃഷ്ണയേ ആട്ടി. ഉയരാവുന്ന മാക്സിമം ഉയരത്തിൽ അവൾ ആടി. അതിനിടയിൽ അവൾ കാറി കൂവി അവളെ താഴെ ഇറക്കാൻ പറയുന്നുണ്ടായിരുന്നു. ഞാൻ അത് ഗൗനിച്ചില്ല. അവളുടെ പേടി കണ്ടു ശ്രുതിക്ക് കൂടെ പേടിയായി. അവസാനം ഊഞ്ഞാലിൽ പിടിച്ചു അവളുടെ ആട്ടം ഞാൻ നിർത്തിച്ചു. പേടിച്ചിട്ടാണോ കാറ്റടിച്ചത് കൊണ്ടാണോ അവളുടെ കണ്ണിന്റെ രണ്ട് സൈഡിലും വെള്ളം വന്നിരുന്നു. ഇറങ്ങിയ ഉടനെ തന്നെ അവൾ എന്റെ കയ്യിൽ കയറി പിച്ചി. ഊഞ്ഞാൽ കഴിഞ്ഞു പിന്നെ ഞങ്ങൾ ശ്രുതിയുടെ വീട്ട് പരിസരം ഒക്കെ കാണാൻ ഇറങ്ങി. അവർ മുമ്പിൽ നടന്നു, ഞാനും കൃഷ്ണയും പിന്നാലെയും
‘സത്യം പറഞ്ഞാൽ നടക്കാൻ വയ്യാ.. സദ്യ വയറ് നിറച്ചു കഴിച്ചു. ഇപ്പൊ കിടന്നാൽ ഉറങ്ങുന്ന വഴി അറിയില്ല..’
