ഉച്ച കഴിഞ്ഞു ക്ലാസ്സ് ഇല്ലാതെ മിക്കവരും വീട്ടിൽ പോയ ഒരു ദിവസം. ക്ലാസ്സിൽ ഞാനും ഇഷാനിയും അടക്കം ആകെ കുറച്ചു പേരെ ഉള്ളു. ഞങ്ങൾ ഇടക്ക് ലൈബ്രറി വരെ ഒന്ന് പോയി തിരിച്ചു വന്നതായിരുന്നു. ക്ലാസ്സിൽ കയറി ബാഗ് എടുത്തു പുറത്തേക്ക് പോകാൻ തുടങ്ങുമ്പോളാണ് നീതു ഇഷാനിയെ തടഞ്ഞു മുന്നിൽ കയറി നിന്നത്.
‘അതേ ഒരു മിനിറ്റ് ബാഗ് ഒന്ന് ചെക്ക് ചെയ്തോട്ടെ. എന്റെ മാല ഇത്രയും നേരം എന്റെ അടുത്ത് ഉണ്ടായിരുന്നു. ഇപ്പൊ കാണുന്നില്ല. ‘
ഇഷാനി ബാഗ് ചേർത്ത് പിടിച്ചു. എന്തോ അതിൽ ഉള്ളത് പോലെ. ഞാൻ അവരുടെ അടുത്തേക്ക് നടന്നു വന്നു. നീതുവും അവളുടെ ഗ്യാങ്ങും ഇഷാനിയെ വളഞ്ഞു നിൽക്കുവാണ്. ആ കൂട്ടത്തിൽ പക്ഷെ അവരുടെ നേതാവ് കൃഷ്ണയേ കാണുന്നില്ല.
‘നീ എന്താ പറയുന്നെ ഇവൾ മാല എടുത്തെന്നോ. എപ്പോ..? ഇവൾ ഇപ്പൊ എന്റെ കൂടെ ഇങ്ങോട്ട് വന്നതല്ലേ ഉള്ളു.’
‘ഒരു മാല ഒളിപ്പിക്കാൻ ഒത്തിരി നേരം ഒന്നും വേണ്ടല്ലോ.’
‘അവൾ മാല പൊട്ടിക്കുന്നത് നീ അറിഞ്ഞില്ല എന്നാണോ പറയുന്നേ. നീയെന്താ അത്രക്ക് മണ്ടി ആരുന്നോ..?
‘പൊട്ടിച്ചത് ആവണം എന്നില്ല. എന്റെ മാല കൊളുത്ത് ചെറിയ പ്രശ്നം ഉണ്ട്. ഇടക്ക് ഊരി പോകും. അങ്ങനെ ഇവൾക്ക് കിട്ടിയോ എന്നറിയാൻ മാത്രം ഒന്ന് നോക്കട്ടെ.’
ഇഷാനി പ്രതിരോധം വിട്ടു ബാഗ് അവർക്ക് മുന്നിൽ നീട്ടി. നീതു ബാഗിന്റെ സൈഡ് ഉറ തുറന്നു അതിൽ കയ്യിട്ട് പരിശോധിച്ചു.. രണ്ട് മൂന്ന് തവണ തപ്പിയിട്ടും മാല കാണാഞ്ഞപ്പോ അത്രയും നേരം ഇല്ലാഞ്ഞ പരിഭ്രമം അവളുടെ മുഖത്ത് വന്നു. നീതു മറ്റ് ഉറ ഒന്നും തപ്പാതെ ആ ഉറ മാത്രം തപ്പുന്ന കണ്ടപ്പോൾ എനിക്ക് സംശയം തോന്നി
‘എവിടെ കൊണ്ട് വച്ചെടി എന്റെ മാല.. സത്യം പറഞ്ഞോ..’
നീതുവിന്റെ ഭാവം മാറി. ദേഷ്യത്തോടെ അവൾ ഇഷാനിയുടെ നേർക്ക് നടന്നു വന്നു. അവർക്ക് ഇടയിലേക്ക് പെട്ടന്ന് ഞാൻ ചെന്നു നിന്നു.
‘നീ മാല കാണാതെ പോയി എന്ന് പറഞ്ഞു അല്ലെ തപ്പാൻ വന്നത്. അത് കിട്ടിയില്ലല്ലോ. പിന്നെ എങ്ങനെ ഇവളാണ് എന്ന് ഉറപ്പിക്കാൻ പറ്റും. നീ കണ്ടോ ഇവൾ മാല എടുക്കുന്നത്..’
‘ഇവളുടെ കയ്യിലുണ്ട്. ഉറപ്പാണ്.’
നീതു കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു
‘ഉണ്ടെങ്കിൽ കിട്ടേണ്ടത് അല്ലെ. നീ പറഞ്ഞത് കൊളുത്ത് ലൂസ് ആയിരുന്നു എന്നല്ലേ. അപ്പൊ ഇവിടെ എവിടെ എങ്കിലും താഴെ വീണു പോയിട്ടുണ്ടാകും. തപ്പി നോക്ക് ഇവിടൊക്കെ..’
അവളോട് അങ്ങനെ പറഞ്ഞിട്ട് ഞാൻ ഇഷാനിയുമായി ക്ലാസിനു പുറത്തേക്ക് നടന്നു. ഇഷാനിയുടെ മുഖത്ത് അന്ന് അഞ്ജന മോഷണം ആരോപിച്ചപ്പോൾ വന്ന വിഷമം ഒന്നും ഇല്ലായിരുന്നു. മാത്രം അല്ല ചെറിയ ഒരു ചിരി അവളിൽ ഉള്ളത് പോലെയും തോന്നി.
‘ഇവിടെ എന്ത് കേസ് വന്നാലും നിന്റെ തലയിൽ ആണല്ലോ ആദ്യം ‘
ഞാൻ തമാശരൂപേണ അവളോട് പറഞ്ഞു
‘ഞാൻ ആണ് ഇവിടുത്തെ നമ്പർ വൺ നോട്ടപ്പുള്ളി ‘
അവൾ അതേ പോലെ തമാശയിൽ മറുപടി തന്നു
‘പക്ഷെ ഇപ്പൊ നടന്നത് എന്തോ കള്ളത്തരം പോലെ എനിക്ക് തോന്നി. നീതുവിന്റെ മുഖത്ത് എന്തോ കള്ളലക്ഷണം ഉണ്ടായിരുന്നു..’
ഞാൻ പറയുമ്പോ ഇഷാനി പെട്ടന്ന് നിന്ന് കുനിഞ്ഞു അവളുടെ ഷൂസിന്റെ ലെയ്‌സ് കെട്ടുന്ന പോലെ നിന്നു. അവൾ തന്റെ സോക്സിൽ നിന്നും ഒരു മാല എടുത്തു എനിക്ക് മുന്നിൽ നിവർത്തി കാണിച്ചു
‘ഇതെത്ര പവൻ വരും..?
‘ഇത്.. ഇതാരുടെ മാല ആണ്..?
എനിക്ക് പെട്ടന്ന് അവളെന്താ ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ല
‘ഇതാണ് അവൾ അന്വേഷിച്ചു നടന്ന മാല..!
‘ഇതെങ്ങനെ നിനക്ക് കിട്ടി..?
‘ഞാൻ അടിച്ചു മാറ്റി..’
അവളുടെ മറുപടി എനിക്ക് വല്ലാതെ കൺഫ്യൂഷൻ ഉണ്ടാക്കി. മോഷ്ടിച്ചു എന്ന് എന്നോട് പറഞ്ഞിട്ടും അവളെ അവിശ്വസിക്കാൻ എനിക്ക് തോന്നിയില്ല
‘ഇഷാനി, സത്യം പറ.. നിനക്ക് ഇതെവിടുന്നു കിട്ടി ‘
‘അവൾ ആയിട്ട് തന്നെ കൊണ്ട് ഇട്ടതാണ് ബാഗിൽ. ഇനി അത് തിരിച്ചു കൊടുക്കണ്ട എന്ന് വച്ചു..’
