എന്റെ സ്വരം ഉയരാൻ തുടങ്ങിയിരുന്നു. അത് കൊണ്ട് തന്നെ ക്രിസ്റ്റി പെട്ടന്ന് നിശബ്ദ ആയി. എന്നാൽ ഇതൊന്നും അറിയാതെ വിളമ്പി വന്ന ഞങ്ങളുടെ സീനിയർ വിഷ്ണു സീറ്റ് ഒഴിഞ്ഞു കിടക്കുന്ന കണ്ട് അവിടെ ആരെങ്കിലും വന്നിരിക്കാൻ വിളിച്ചു പറഞ്ഞു. അത് കേട്ടതും ഞാൻ ക്രിസ്റ്റിയുടെ കൈ പിടിച്ചു അവളെ വലിച്ചോണ്ട് വന്നു ഇഷാനി ഇരുന്നിടത്ത് കൊണ്ട് ഇരുത്തി. അവൾക്ക് ഒന്നും തന്നെ ചെയ്യാൻ പറ്റിയില്ല എതിരായി. വിളമ്പി വന്ന വിഷ്ണുവിന്റെ കയ്യിൽ നിന്ന് ചോർ വാങ്ങി ഞാൻ അവളുടെ ഇലയിൽ ആവശ്യത്തിലും അധികം വിളമ്പി. കയ്യിലിരുന്ന ചോർ കൊണ്ട് വന്ന പാത്രം കാലി ആയപ്പോ അപ്പൊ വന്ന ദേഷ്യത്തിന് ഞാൻ അത് താഴേക്ക് വലിച്ചെറിഞ്ഞു. അന്നത്തോട് കാണിക്കുന്ന അനാദരവ് ആണെങ്കിലും അപ്പൊ എനിക്ക് സത്യം പറഞ്ഞാൽ ദേഷ്യം കൊണ്ട് കണ്ണ് കാണാൻ പറ്റില്ലായിരുന്നു. പാത്രം ഒരു മുഴക്കത്തോടെ താഴെ വീണു. ക്രിസ്റ്റി ചെകിട്ടിൽ അടി കിട്ടിയ പോലെ വിറങ്ങലിച്ചു ഇരുന്നു.
‘നീ തന്നെ ഇത് കേറ്റ്..’
ഇഷാനിയെ എണീപ്പിച്ചു വിട്ടയിടത്ത് അവളെ ഇരുത്തി അങ്ങനെ ഉറക്കെ പറഞ്ഞിട്ട് ഞാൻ ക്ലാസ്സിന് പുറത്തേക്ക് പോയി. എല്ലാവരും കാര്യം അറിയാതെ അന്തം വിട്ടു. ക്രിസ്റ്റി കരയാൻ തുടങ്ങിയിരുന്നു. എല്ലാവരും അവളുടെ ചുറ്റും കൂടി കാര്യം തിരക്കാൻ. കൃഷ്ണ പെട്ടന്ന് അവളെ അവിടെ നിന്നും മാറ്റി കൊണ്ട് പോയി.
‘നീ എന്ത് പണിയാ കാണിച്ചത്. ഞാൻ പറഞ്ഞത് അല്ലെ അവളുടെ അടുത്ത് ഇനി ഒന്നിനും പോകണ്ട എന്ന്..’
‘എടി ഞാൻ ഒന്നും ഉദ്ദേശിച്ചു ചെയ്തത് അല്ല. അവൾ ശരിക്കും പൈസ തന്നില്ല. ഞാൻ ജസ്റ്റ് അതൊന്ന് ചോദിച്ചതേ ഉള്ളു..’
ക്രിസ്റ്റി കരഞ്ഞു കൊണ്ട് പറഞ്ഞു
‘ഉള്ളു. പക്ഷെ അവൾ അവിടെയും അത് മുതലാക്കി. ഇറങ്ങി പോയപ്പോൾ സെന്റിമെന്റ്സ് അവൾക്കും ചീത്ത നിനക്കും.. നിനക്ക് അർജുൻ അടുത്ത് ഉള്ളത് എങ്കിലും ശ്രദ്ധിക്കാമായിരുന്നു..’
‘ഞാൻ ശരിക്കും പുള്ളിയെ കണ്ടില്ലെടി.. ഞാൻ നിങ്ങൾ രണ്ടും ആ സൈഡിൽ ഇരിക്കുന്ന പിന്നെ ആണ് കണ്ടത്..’
‘എന്തായാലും നല്ല ബോർ ആയി മൊത്തത്തിൽ..’
കൃഷ്ണ നിരാശയോടെ പറഞ്ഞു
ക്ലാസ്സിൽ നിന്ന് ഇറങ്ങി കോളേജിനു പുറത്തേക്ക് നടന്ന തന്നെ അർജുൻ പിന്നിൽ നിന്ന് വിളിച്ചപ്പോ ഇങ്ങനെ ഒരു സംഭവം അവിടെ നടന്നു എന്ന് ഇഷാനി കരുതിയിരുന്നില്ല. തന്നെ തിരിച്ചു വിളിക്കാൻ ആകും എന്നാണ് ഇഷാനി കരുതിയത്. എന്നാൽ അവിടെ വഴക്ക് ഉണ്ടാക്കി തന്റെ ഒപ്പം ഇറങ്ങി വന്നതാണ് എന്ന് മനസിലാക്കിയപ്പോ അർജുനോട് തിരിച്ചു ക്ലാസ്സിൽ പോകാൻ ഇഷാനിക്ക് നിർബന്ധിക്കേണ്ടി വന്നു. ബദാം മരത്തണലിൽ ആ തർക്കം നടന്നു കൊണ്ടിരിക്കുമ്പോൾ ആഷിക്കും രാഹുലും ശ്രുതിയും അങ്ങോട്ട് വന്നു. അവരും ക്ലാസ്സ് വിട്ടു ഞങ്ങളുടെ പുറകെ വന്നതാ. ആർക്കും തിരിച്ചു പോകാൻ താല്പര്യം ഇല്ലാ എന്ന് മനസിലാക്കിയപ്പോ വെളിയിൽ നിന്ന് ഫുഡ് കഴിക്കാമെന്ന തീരുമാനത്തിൽ എല്ലാവരും എത്തി. അപ്പോൾ ആണ് കൃഷ്ണ ഓടി പെടച്ചു ഞങ്ങളുടെ മുന്നിൽ വന്നത്. ക്രിസ്റ്റിയുടെ പേരിൽ അവൾ ഇഷാനിയോട് മാപ്പ് പറഞ്ഞു
‘ഇഷാനി അവൾ നിന്നെ മനഃപൂർവം ഹേർട്ട് ചെയ്യാൻ പറഞ്ഞതല്ല. അവൾ ഇന്ന് രാവിലെ ആണ് ഇങ്ങനെ പറഞ്ഞു പറഞ്ഞു ശരത്തിന്റെ കയ്യിൽ നിന്നും പിരിവ് വാങ്ങിയത്. നിന്നോടും അത് പോലെ ചോദിച്ചതാ.. നിനക്ക് ഫീൽ ആകുമെന്ന് അവൾ അറിഞ്ഞില്ല. അവൾ നിന്നോട് സോറി പറയും. നിങ്ങൾ എല്ലാവരും തിരിച്ചു വാ.. ‘
‘മനഃപൂർവം അല്ലെങ്കിൽ സോറി ഒന്നും വേണ്ട. പിന്നെ ഞങ്ങൾ എന്തായാലും അവിടുന്ന് ഇറങ്ങി. ഇനി തിരിച്ചു കേറുന്നത് ചടപ്പാണ്..’
ഞാൻ പറഞ്ഞു
‘എനിക്ക് നല്ല വിശപ്പുണ്ട്. നമ്മൾ അപ്പോൾ എങ്ങോട്ടാ ഇപ്പൊ പോകുന്നെ..’
രാഹുൽ വയറ് തടവി പറഞ്ഞു
‘ഫൈവ് സ്റ്റാറിലോട്ട് പോകാം..’
ആഷിക്ക് അവിടെ ഉള്ള നല്ലൊരു ഹോട്ടലിന്റെ പേര് നിർദേശിച്ചു
‘അവിടെ സദ്യ കാണുമോടാ.. ഉണ്ടേൽ തന്നെ അവിടെ ഇരുന്ന് കഴിക്കാൻ ഇന്നൊരു ആമ്പിയൻസ് ഇല്ല..’
