കോളേജിൽ ഞങ്ങൾ അത്ര അടുപ്പം പരസ്പരം കാണിച്ചില്ല. എന്നാലും ആരുമില്ലാത്ത പലയിടങ്ങളിൽ വച്ചും ഞങ്ങൾ ചെറുതായ് ഉരസും.. ലക്ഷ്മി ആയി സെറ്റ് ആയതിൽ പിന്നെ ഇഷാനി എന്നോട് അധികം മിണ്ടാട്ടം ഇല്ലായിരുന്നു.. ഒരു സമയം കഴിഞ്ഞപ്പോൾ അതിനോട് പൊരുത്തപ്പെടാൻ എനിക്ക് സാധിച്ചു.. ഞാനും ലച്ചുവുമായുള്ള ബന്ധം ശ്രുതിയും രേണുവും കൂടി അറിഞ്ഞു. ഇഷാനിയുടെ വിവാഹക്കാര്യം പറഞ്ഞത് കൊണ്ട് അവർക്ക് ഈ കാര്യത്തിൽ എതിർപ്പ് ഒന്നും പറയാൻ ഇല്ലായിരുന്നു. എന്നാലും ശ്രുതി എന്നോട് വേറെ ആരെങ്കിലും നോക്കിയാൽ പോരായിരുന്നോ എന്ന് ചോദിച്ചു.. അതിന് കാരണം ലച്ചുവിന്റെ സ്വഭാവം തന്നെ ആണ്.. അതിനെ പറ്റി എനിക്കും നല്ല ബോധ്യമുണ്ട്
ഇടയ്ക്ക് ഞാൻ അവരുടെ ഡിപ്പാർട്മെന്റിൽ ഫൈസീയെ കാണാണെന്ന വ്യാജേന ചെല്ലും. എന്നിട്ട് ലച്ചുവുമായി സൊള്ളും. അവളുടെ കൂട്ടുകാരികൾക്ക് ഒന്നും ഞങ്ങളുടെ കാര്യം അറിയില്ലായിരുന്നു. ഈ കാര്യത്തിൽ അവളുമാരെ വിശ്വസിക്കാൻ പറ്റില്ല എന്ന് ലച്ചു തന്നെ ആണ് എന്നോട് പറഞ്ഞത്.
‘റോക്കി ഭായ് എന്താ കഴിഞ്ഞ മാച്ചിൽ കളിക്കാൻ ഇറങ്ങാഞ്ഞത്..?
ലച്ചുവിന്റെ ഒരു ഫ്രണ്ട് ഐശ്വര്യ എന്നോട് ചോദിച്ചു. യൂണിവേഴ്സിറ്റി ഫുട്ബോൾ മാച്ച് നടന്നോണ്ട് ഇരിക്കുവാണ്. ഞാൻ സ്‌ക്വാഡ് ൽ ഉണ്ടങ്കിലും ടീമിൽ കളിക്കാൻ ഇത് വരെ ഇറങ്ങിയില്ല.
‘പിള്ളേർ കളിക്കട്ടെ.. എനിക്കൊന്നും സത്യത്തിൽ വയ്യ.. ഫൈസി നിർബന്ധിച്ചാണ് ഞാൻ പ്രാക്ടീസ് ന് വരെ നിൽക്കുന്നത്..’
‘റോക്കി കളിക്കാൻ ഇറങ്ങും എന്ന് പറഞ്ഞാണ് ഇവൾ അത്രയും ദൂരം ഞങ്ങളെ കൊണ്ട് പോയത്.. അവിടെ ചെന്നപ്പോൾ നിങ്ങൾ കളിക്കാനും ഇറങ്ങിയില്ല..’
ഓരോ മാച്ചും ഓരോ കോളേജിൽ വച്ചാണ്. പ്രീ ക്വാർട്ടർ ആണ് അടുത്തിടെ കഴിഞ്ഞത്. അത് കുറച്ചു ദൂരെയുള്ള കോളേജിൽ ആയിരുന്നു. ഞാൻ ഇറങ്ങില്ല എന്ന് അറിഞ്ഞിട്ടും ലച്ചു എന്നെ കാണാൻ ചുമ്മാ അവിടെ ഇവരെയൊക്കെ കൂട്ടി വന്നിരുന്നു.. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോളാണ് ലച്ചുവിന്റെ ഫ്രണ്ട് അലീന ഞങ്ങൾക്ക് മുന്നിലൂടെ പോയ ഒരു കൊച്ചിനെ വിളിച്ചത്
‘ഹേയ് കരീഷ്മ.. ഇവിടെ വാ..’
അവളാ പെൺകുട്ടിയെ ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു.. അവൾ ഒരു ഭയത്തോടെ ഞങ്ങൾക്ക് അരികിലേക്ക് വന്നു. നല്ല കറുത്ത് സൈസ് ഉള്ള ഒരു പെണ്ണായിരുന്നു അവൾ
‘റോക്കി ഭായ്.. ഇത് കരീഷ്മ.. ഞങ്ങളുടെ ജൂനിയർ ആണ്..’
ഞാൻ ആ പെങ്കൊച്ചിനെ ചിരിച്ചു കാണിച്ചു. അവൾ ഒരു ചിരി മുഖത്ത് വരുത്തി
‘കരീഷ്മ.. വെറൈറ്റി പേരാണല്ലോ.. എനിക്ക് പണ്ടൊരു ബൈക്ക് ഉണ്ടായിരുന്നു ആ നെയിം..’
ഞാൻ പറഞ്ഞത് കേട്ട് അവളുമാർ എല്ലാം ചിരിച്ചു. ആ പെൺകൊച്ചു മാത്രം വല്ലാതെ ആയി നിന്നു. ഞാൻ വല്ല മണ്ടത്തരം പറഞ്ഞോ.. അതോ ഇങ്ങനെ ഒരു ബൈക്ക് ഉള്ളത് ഇവൾക്കൊന്നും അറിയില്ലേ.. ആ പെണ്ണ് ഞങ്ങളുടെ അടുത്ത് നിന്നും പോകാൻ തുടങ്ങിയപ്പോൾ ഐശ്വര്യ അവളെ കൈ പിടിച്ചു നിർത്തി
‘ആ പോകുവാണോ.. എങ്ങോട്ടാ പോണേ.. കാന്റീനിലേക്കാണോ..?
‘അല്ല ചേച്ചി.. ‘
ആ പെണ്ണ് ഒരു അടിമ എന്ന പോലെ ആണ് സംസാരിക്കുന്നത്
‘എന്നാൽ ക്യാന്റീനിൽ പോയിട്ട് വാ.. ഞങ്ങൾക്ക് എന്തെങ്കിലും കഴിക്കാൻ വാങ്ങിച്ചോണ്ട് വാ.. പെട്ടന്ന് വേണം..’
ആ പെൺകൊച്ചു തലയാട്ടി നടന്നു പോയി
‘അതിന്റെ കയ്യിൽ നിങ്ങൾ പൈസ കൊടുത്തില്ലല്ലോ..?
ഞാൻ സംശയത്തോടെ ചോദിച്ചു. വീണ്ടും അവരെല്ലാം എന്നെ നോക്കി ചിരിച്ചു. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു..
‘അവളുടെ പേര് എന്താണെന്ന് അറിയാമോ..?
ലച്ചു എന്നോട് ചോദിച്ചു
‘കരീഷ്മ എന്നല്ലേ..’
‘അല്ല. ശരിക്കും അവളുടെ പേര് ഗ്രീഷ്മ എന്നാണ്.. കരീഷ്മ എന്ന് ഞങ്ങൾ വിളിക്കുന്നത് ആണ്..’
അതെന്തിനാണ് അങ്ങനെ വിളിക്കുന്നത് എന്ന് ഞാൻ ചോദിച്ചില്ല. കാരണം എനിക്ക് വ്യക്തമായിരുന്നു. അവൾ കറുത്ത നിറമാണ്.. അതിനാണ് ഇവളുമാർ അതിനെ കളിയാക്കുന്നത്.. അതും എന്നെ വരെ ഇതിൽ ഉൾപ്പെടുത്തി അതിനെ കളിയാക്കാൻ..
