‘നീ ഞാൻ പറയുന്നത് മനസമാധാനം ആയെന്ന് കേൾക്ക്. അവനിട്ടു പൊട്ടിച്ചത് കൊണ്ട് നിന്റെ ദേഷ്യം മാറുമെന്ന് എനിക്ക് തോന്നുന്നില്ല. നീ ഇപ്പോൾ അവൻ എന്തായിരിക്കും ചിന്തിക്കുന്നത് എന്ന് ആലോചിച്ചിട്ടിട്ടുണ്ടോ..?
എന്റെ ചോദ്യം കെട്ട് അവൾ അറിയില്ല എന്ന മട്ടിൽ എന്നെ നോക്കി. അവളെന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നിയപ്പോൾ ഞാൻ മെല്ലെ അടുത്ത് ചെന്ന് അവളുടെ കണ്ണ് തുടച്ചു
‘അവൻ ഇപ്പോൾ എന്ത് തന്നെ ആലോചിച്ചാലും നിന്നെ കുറിച്ച് ആലോചിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അഥവാ ആലോചിച്ചാൽ തന്നെ അത് വല്ലപ്പോഴും മാത്രം ആയിരിക്കും. ആണുങ്ങളുടെ സൈക്കോളജി ഒക്കെ എനിക്ക് അറിയാം. അവൻ ഹാപ്പി ആണ്. നീയോ..? നീ ഇപ്പോളും അവനെ പറ്റി ചിന്തിച്ചു നിന്റെ സമയവും ആരോഗ്യവും എല്ലാം കളയുവാ.. നിന്റെ മനസ്സിൽ നല്ല രീതിയിൽ അല്ലെങ്കിലും ഇപ്പോളും അവനാണ്. അവൻ നിന്നെ ചീറ്റ് ചെയ്തു, നീ തെളിവ് കൊടുത്തപ്പോൾ നിന്നെ വേണ്ടെന്ന് പറഞ്ഞു, ഒടുക്കം എന്നിട്ടും നീ അവനെ ചിന്തിച്ചു ഇരിക്കുന്നു. ഇത് നിന്റെ ബാഡ്മിന്റൺ ഗെയിം പോലെ ചിന്തിച്ചാൽ അവനല്ലേ സ്കോർ ചെയ്യുന്നത്. അവനല്ലേ വിന്നർ ആകുന്നത്.. നീ അവനെ മൈൻഡ് ചെയ്യാതെ ഇരിക്ക്.. നിന്റെ ഇപ്പോളത്തെ കോലം മാറ്റ്. പഴയ പോലെ കോളേജിലെ “കിം കാർദാഷിയാൻ “ആയി വാ.. ഞാനാണ് പറയുന്നത് നീ ഹാപ്പി ആണെന്ന് കണ്ടാൽ അവന് കുരു പൊട്ടും. അപ്പോൾ ആണ് നീ ശരിക്കും സ്കോർ ചെയ്യുന്നത്..’
ഞാനിപ്പോ പറഞ്ഞ മോട്ടിവേഷൻ ഞാൻ എന്നോട് തന്നെ കണ്ണാടിയിൽ നോക്കി പറഞ്ഞിരുന്നുവെങ്കിൽ വളരെ നന്നായേനെ. പക്ഷെ എന്റെ സ്പീച് അവളിൽ ഏറ്റു എന്ന് തോന്നി. അവളുടെ ഈഗോയിൽ കൊണ്ട മുറിവിന് അവളുടെ ഈഗോ വച്ചു തന്നെ മറു മരുന്ന് കൊടുത്തു.
‘നീ ഹാപ്പി ആയി അവനെ മൈൻഡ് ചെയ്യാതെ പഴയതിലും അടിപൊളി ആയി നടക്കുമ്പോ അവന് തന്നെ തോന്നും നിന്നെ വേണ്ടെന്ന് പറഞ്ഞത് തെറ്റായി പോയി എന്ന്. അങ്ങനെ അവനെ കൊണ്ട് ചിന്തിപ്പിക്ക്.. അതിനുള്ള കഴിവും മൈൻഡും ഒക്കെ നിനക്ക് ഉണ്ടേൽ നീ ജയിച്ചു അവന്റെ മുന്നിൽ. അല്ലാതെ അവനെന്നെ ആദ്യം വേണ്ടെന്ന് പറഞ്ഞു, എനിക്കവനെ തല്ലണം എന്നൊക്കെ ഒരുമാതിരി സിബിഎസ്ഈ പിള്ളേരെ പോലെ പറഞ്ഞു നടക്കാതെ..’
ഞാൻ പറഞ്ഞത് കേട്ട് അവൾ തലയാട്ടി സമ്മതിച്ചു പിന്നെ പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവൾ പറഞ്ഞു
‘ഞാൻ ശരിക്കും സിബിഎസ്ഈ ആയിരുന്നു..’
ഞാൻ പറഞ്ഞത് ഒരു പ്രയോഗം ആണെന്ന് ഇവൾക്ക് മനസിലായില്ല.. ഈശ്വരാ.. പെട്ടന്ന് എനിക്ക് അറിയാതെ ചിരി പൊട്ടി. എന്റെ ചിരി കണ്ടപ്പോൾ അവൾക്ക് പറഞ്ഞത് മണ്ടത്തരം ആയെന്ന് മനസിലായി. അത്രയും നേരം കരഞ്ഞതിന് മേലെ അവൾ ചിരിച്ചു. അവൾ പിന്നീട് കരഞ്ഞില്ല, അവനെ കുറിച്ച് വേറൊന്നും പറഞ്ഞില്ല. അവനെക്കുറിച്ച് ഓർക്കരുതെന്ന വാശി ഞാൻ അവളിൽ ഇൻജെക്ട് ചെയ്തു കൊടുത്തിരുന്നു. ഞങ്ങൾ അവിടെ സംസാരിച്ചു നിന്നപ്പോൾ ലക്ഷ്മിയുടെ എക്സ് നവനീത് പുറത്ത് വന്നു ബൈക്ക് എടുത്തു ഞങ്ങളെ ശ്രദ്ധിക്കാതെ പോയി.. അവൻ ശരിക്കും ഞങ്ങളെ കണ്ടിരുന്നില്ല അവിടെ നിൽക്കുന്നത്. ഞാൻ ലക്ഷ്മിയുടെ മുഖം നോക്കിയപ്പോൾ വീണ്ടും ചെറിയ മ്ലാനത അവളുടെ മുഖത്ത് വന്നു. അത്ര പെട്ടന്ന് ഒന്നും മാറാൻ കഴിയില്ലല്ലോ.. സമയം എടുക്കും
‘ഞാൻ എന്നാൽ പോകുവാ.. ബൈ..’
പെട്ടന്ന് എന്നോട് യാത്ര പറഞ്ഞിട്ട് അവൾ പോകാൻ കാറിനരികിലേക്ക് നീങ്ങി. പെട്ടന്നൊരു ഡാർക്ക് ചിന്ത എന്റെ മനസിലൂടെ കടന്നു പോയി. ഇവളിനി അവന്റെ പിറകെ പോയി അവനെ വെല്ലോം ഇടിച്ചു ഇടുമോ..? ലക്ഷ്മിയുടെ കാര്യം ആയത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല. ഇവളെ കുറച്ചു നേരം കൂടി ഇവിടെ പിടിച്ചു നിർത്താമെന്ന് ഞാൻ കരുതി
‘എങ്ങോട്ടാ ഇത്ര ധൃതിക്ക്..?
‘എങ്ങോട്ടുമില്ല.. വീട്ടിലേക്ക്..’
അവൾ നിസംഗതയോടെ പറഞ്ഞു
‘വീട്ടിൽ നിന്നല്ലേ ഇപ്പോൾ ഇങ്ങോട്ട് വന്നത്. കുറച്ചു നേരം ഇവിടെ നില്ല്..’
