എന്റെ ചോദ്യത്തിന് മറുപടി തരാതെ അവൾ പറഞ്ഞു
‘ചുമ്മാ ഒരാളെ തല്ലുക എന്ന് പറഞ്ഞാൽ…’
ഞാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ സംസാരിച്ചു
‘ചുമ്മാതെ അല്ലല്ലോ.. അവനെന്നെ ചതിച്ചത് അല്ലെ. അവനോരെണ്ണം ഡിസർവിംഗ് ആണ്..’
‘ലക്ഷ്മി… അതൊക്കെ കഴിഞ്ഞ കേസ് അല്ലെ.. വീണ്ടും അതൊക്കെ കുത്തി കലക്കണോ..?
‘നിനക്ക് പേടിയുണ്ടോ..? അതൊ അവനെ തല്ലാൻ ബുദ്ധിമുട്ട് ഉണ്ടോ.. ഉണ്ടേൽ പൊക്കോ.. ഞാൻ ഇനി പറഞ്ഞു ബുദ്ധിമുട്ടിക്കില്ല..’
ഞാൻ അവൾ പറയുന്നത് കേൾക്കില്ല എന്ന് ലക്ഷ്മിക്ക് മനസിലായി. എന്നോട് പോകാൻ പറഞ്ഞെങ്കിലും ഞാൻ അവിടെ തന്നെ ഇരുന്നു.
‘ഇപ്പൊ പെട്ടന്ന് ഇങ്ങനെ തോന്നാൻ എന്താ ഉണ്ടായേ..?
ഞാൻ വീണ്ടും അവളോട് ചോദ്യം ആവർത്തിച്ചു.
‘നിനക്ക് അവനെ തല്ലാൻ പറ്റുമോ ഇല്ലയോ..? അത് പറ.. തല്ലി കഴിഞ്ഞു കാര്യവും കാരണവും ഒക്കെ പറയാം..’
ലക്ഷ്മി എന്നിൽ നിന്ന് ഒരു യെസ് ഓർ നോ പ്രതീക്ഷിച്ചു നോക്കി. ഞാൻ ഇത് രണ്ടും പറഞ്ഞില്ല. അവളത് നോ ആയി തന്നെ എടുത്തു. അവനെ തല്ലാൻ പറ്റാത്ത ഫ്രസ്ട്രേഷനും ഞാൻ പറഞ്ഞത് ചെയ്യാത്ത ഇൻസൾട്ടും ഒക്കെ അവളെ കൂടുതൽ ചൊടിപ്പിച്ചു. എന്നോട് കാറിൽ നിന്ന് ഇറങ്ങി പോകാൻ പറയുന്നതിന് മുമ്പ് അവൾ കാറിൽ നിന്ന് ഇറങ്ങി
‘ഞാൻ ഷോണിനെയോ അജ്മലിനെയോ ഒക്കെ വിളിച്ചാൽ മതിയായിരുന്നു. അവർക്കൊന്നും ഞാൻ ഇവനെ ഓർത്ത് ശോകം അടിച്ചു നടക്കുവാ എന്നറിയില്ല.. അത്കൊണ്ടാണ് നിന്നെ വിളിച്ചത്. നീ പിന്നെ ന്യായം നോക്കി അല്ലെ അടിക്കാനും പിടിക്കാനും ഒക്കെ പോകൂ. നിന്നെ വിളിച്ചു ബുദ്ധിമുട്ടിച്ചതിൽ സോറി.. നീ പൊക്കോ..’
ലക്ഷ്മി ദേഷ്യപ്പെടുമെന്നാണ് ഞാൻ കരുതിയതെങ്കിലും അവൾ വിഷമത്തിൽ ആണ് അത് പറഞ്ഞത്
‘നീ പെട്ടന്നൊരാളെ വന്നു തല്ലാൻ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യാനാണ് ലക്ഷ്മി.. നിന്നോട് അവൻ എന്താ ചെയ്തത് എന്ന് പറ.. ഞാൻ പോയി ചോദിക്കാം..’
‘അവൻ എന്നെ വേണ്ടെന്ന് പറഞ്ഞു..’
ലക്ഷ്മി പൊട്ടിത്തെറിച്ച പോലെ പറഞ്ഞു
‘നിങ്ങൾ ആൾറെഡി പിരിഞ്ഞില്ലേ.. പിന്നെ ഇപ്പൊ അവൻ എങ്ങനെ നിന്നെ വേണ്ടെന്ന് പറഞ്ഞു…?
എനിക്ക് അവൾ പറഞ്ഞത് മനസിലായില്ല
‘ഇപ്പോൾ അല്ല. അന്ന്. ഞാൻ എല്ലാ തെളിവും ആയി അവന്റെ അടുത്ത് ചെന്നപ്പോ ഞാൻ കരുതി അവനെന്റെ കാൽ പിടിക്കുമെന്നൊക്കെ. പക്ഷെ അവൻ അപ്പോൾ തന്നെ എന്നെ വേണ്ടെന്ന് പറഞ്ഞു..’
ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങിയിരുന്നു
‘ഇത് വരെ ആരും എന്നെ വേണ്ടെന്ന് പറഞ്ഞിട്ടില്ല. എന്റെ റിലേഷൻ ഒക്കെ ഞാനായി അവന്മാരെ വേണ്ടെന്ന് വച്ചതാണ്. ഇത് അവന്റെ കയ്യിൽ നിന്ന് തെറ്റ് വന്നിട്ടും അവൻ എന്നെ വേണ്ട അവളെ മതിയെന്ന് പറഞ്ഞു.. അത് ശരിയാണോ..? നീ പറ..’
ലക്ഷ്മി കരഞ്ഞു തുടങ്ങിയിരുന്നു. കോളേജിലെ ലേഡി സൂപ്പർ സ്റ്റാർ എന്റെ മുന്നിൽ ഇത് പോലൊരു വിഷയത്തിന് വിങ്ങി പൊട്ടുന്നത് ഓർത്താൽ ചിരി വരുന്ന കാര്യമാണ്, പക്ഷെ അവളുടെ സംസാരം ഒക്കെ കണ്ടു എനിക്ക് പാവം തോന്നി
‘അവന് നിന്നെ വേണ്ടെന്ന് പറഞ്ഞെങ്കിൽ നിനക്ക് അവനെയും വേണ്ടെന്ന് പറഞ്ഞൂടെ.. പ്രശ്നം അപ്പോൾ സോൾവ് ആകില്ലേ..?
‘അതൊക്കെ ഞാൻ പറഞ്ഞു അപ്പോൾ തന്നെ. പക്ഷെ എനിക്ക് അത് കൊണ്ട് സമാധാനം ആയില്ല.. അവനല്ലേ തെറ്റ് ചെയ്തത്.. എന്നിട്ട് അവനെന്തു യോഗ്യത ആണ് എന്നെ വേണ്ടെന്ന് വയ്ക്കാൻ പറയാൻ..’
ലക്ഷ്മി ഇത്രയെ ഉള്ളായിരുന്നോ എന്ന് ഞാനോർത്തു. അവളുടെ കണ്ണ് നിറഞ്ഞു ഒഴുകുന്ന കണ്ടു അത് തുടയ്ക്കാൻ കർച്ചീഫ് എന്റെ കയ്യിൽ ഇല്ലായിരുന്നു. അത് കൊണ്ട് അത് തുടയ്ക്കാൻ ഞാൻ അവളോട് ആംഗ്യം കാണിച്ചു
‘ഇതോർത്തണോ നിനക്ക് അവനോട് ദേഷ്യം. നീ ഇതൊന്നും ഓർക്കാനേ പാടില്ല എന്നെ ഞാൻ പറയൂ. അവൻ പോയാൽ വേറെ നല്ല അമ്പിള്ളേരെ കൊണ്ട് അവന്റെ മുന്നിലൂടെ നീ വിലസണം.. അങ്ങനെ റിവഞ്ച് എടുക്കു..’
‘അവൻ പോയതിന്റെ അടുത്ത സെക്കന്റ് അവനെക്കാൾ ബെറ്റർ ഒരു നൂറ് പേരെ എനിക്ക് കിട്ടിയേനെ.. അതൊക്കെ ഞാൻ വേണ്ടെന്ന് വച്ചതാ.. എന്റെ ദേഷ്യം അവനിട്ടു ഒന്ന് കൊടുത്താലേ തീരൂ.. ഞാൻ പലതവണ ഇതൊക്കെ മറക്കാൻ നോക്കി. പക്ഷെ എനിക്ക് ദേഷ്യം കൂടുന്നതല്ലാതെ കുറയുന്നില്ല..’
