‘അതെന്താ എടുത്തു കളഞ്ഞത്..?
‘അതല്ലേ ഈ പ്രശ്നം മുഴുവൻ ഉണ്ടാക്കിയ ഫോൺ.. അത് കാണുമ്പോൾ എനിക്ക് ആ സംഭവങ്ങൾ ഒക്കെ ഓർമ വരും. വേണമെങ്കിൽ ഇതെന്റെ ഒരു സോറി ആയി കൂട്ടിക്കോളൂ..’
ലക്ഷ്മി സൗമമായി പറഞ്ഞു
‘അതിൽ നിനക്ക് വേണ്ട ഡാറ്റാ വല്ലതും ഉണ്ടായിരുന്നോ..?
‘ഓ.. ഒരിക്കലും പ്രയോജനം ഉണ്ടാകാത്ത പത്തഞ്ഞൂർ കോൺടാക്ട്സും കുറെ കൂറ സെൽഫികളും ക്രിഞ്ചു വീഡിയോസും.. ഒക്കെ പോട്ടെ..’
ലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാനും അവൾക്കൊപ്പം ചിരിച്ചു. അവൾ പേഴ്സിൽ നിന്ന് ഒരു ഫോൺ കൂടി എടുത്തു. അത് അന്ന് ഞാൻ വാങ്ങി അവൾക്ക് കൊടുത്ത ഫോൺ ആണ്. അവളുടെ ഡ്യൂപ്ലിക്കേറ്റ് ഫോൺ. അതവൾ എനിക്ക് നേരെ നീട്ടി
‘നിന്റെ ഫോൺ.. ആ കടം തീരട്ടെ മുഴുവൻ ആയും. സിം ഊരി നീ എനിക്ക് തന്നാൽ മതി..’
‘വേണ്ട.. അത് നീ തന്നെ വച്ചോ.. അതെന്റെ ഒരു മാപ്പായി കരുതിയാൽ മതി..’
ഞങ്ങൾ രണ്ട് പേരും ചിരിച്ചു.. മഴക്കാർ വരുന്നത് കണ്ടു ഞാൻ വള്ളം തിരിച്ചു തുഴഞ്ഞു. തുഴഞ്ഞു കറങ്ങി ഒടുവിൽ ഞങ്ങൾ തുടങ്ങിയ സ്‌ഥലത്തു തിരിച്ചു വന്നപ്പോൾ കരയിൽ രണ്ട് മൂന്ന് പേര് ഞങ്ങളെ നോക്കി നിക്കുന്നുണ്ടായിരിന്നു..
‘പണി പാളി.. വള്ളത്തിന്റെ ഓണർ ആണെന്ന് തോന്നുന്നു..’
‘അയ്യോ ഇനിയിപ്പോ നമ്മൾ എന്ത് ചെയ്യും..?
ലക്ഷ്മി പേടിയോടെ ചോദിച്ചു
അവരെങ്ങനെ ഡീൽ ചെയ്യുമെന്ന് ആലോചിച്ചു. ഞാൻ മെല്ലെ വള്ളം അടുപ്പിച്ചു. ഒരാൾ ഇത്തിരി പ്രായം ഉള്ള ഒരു മൂപ്പിലാൻ ആണ്. പിന്നെ രണ്ട് ചേട്ടന്മാരും. വള്ളം അടുത്തപ്പോൾ കയറ് മരത്തിലേക്ക് ഞാൻ എറിഞ്ഞു. അതവര് പിടിച്ചു മരത്തിൽ ചുറ്റി കെട്ടി. ലക്ഷ്മി കയറാൻ ബുദ്ധിമുട്ടിയപ്പോൾ അവിടെ നിന്ന ചേട്ടൻ കൈ കൊടുത്തു കയറ്റി. ഞാൻ വള്ളത്തിൽ നിന്ന് കരയിൽ കാലെടുത്തു വച്ചപ്പോൾ മൂപ്പിലാൻ ചീത്ത തുടങ്ങി
‘ആരോട് ചോദിച്ചിട്ടാടാ വള്ളം അഴിച്ചെടുത്തത്..’
‘ആരെയും ഇവിടെങ്ങും കണ്ടില്ല..’
ഞാൻ വിനയത്തോടെ പറഞ്ഞു
‘ആരെയും കണ്ടില്ലെങ്കിൽ അഴിച്ചോണ്ട് പോകുകയാണോ.. അതെവിടെത്തെ മര്യാദ ആണ്..’
‘ഇവൾക്ക് വള്ളത്തിൽ കയറണം എന്ന് ഒരേ നിർബന്ധം.. നമ്മുടെ നാടൊന്നും കണ്ടിട്ടില്ലാത്ത കുട്ടി ആയത് കൊണ്ട് ഞാൻ ആ ആഗ്രഹം ഒന്ന് സാധിച്ചു കൊടുത്തത് ആണ്..’
ലക്ഷ്മി ഞാനോ എന്ന മട്ടിൽ എന്നെ നോക്കി
‘നമ്മുടെ നാടോ.. ഏത് നാട്.. എടാ വള്ളം മറിഞ്ഞു വല്ലതും പറ്റിയിരുന്നെങ്കിൽ ആര് സമാധാനം പറഞ്ഞേനെ..’
അങ്ങേര് ഉറഞ്ഞു തുള്ളുവാണ്..
‘അമ്മാവൻ ക്ഷമിക്കണം..’
ഞാൻ കൈ കൂപ്പി പറഞ്ഞു. ഞാൻ തമാശക്ക് പറയുന്നതാണെന് പുള്ളി ഒഴിച്ച് അവിടെ നിന്ന എല്ലാവർക്കും പിടി കിട്ടി
‘അമ്മാവനോ.. ആരുടെ അമ്മാവൻ..’
അങ്ങേര് പിന്നെയും എന്റെ നേർക്ക് വന്നു
‘ഹാ പിള്ളേരല്ലേ വിട്ടു കള.. അവർ ഒന്ന് കറങ്ങാൻ പോയതല്ലേ..’
അടുത്ത് നിന്ന ചേട്ടൻ എന്നെ കണ്ണിറുക്കി കാണിച്ചു കൊണ്ട് പുള്ളിയോട് പറഞ്ഞു. മൂപ്പിലാൻ വലിയ പ്രശ്നം ഒന്നുമില്ല നിങ്ങൾ പൊക്കോളാൻ ആണ് അങ്ങേര് കണ്ണിറുക്കി കാണിച്ചത്.. പെട്ടന്ന് ലക്ഷ്മി അമ്മാവന്റെ അടുത്തേക്ക് വന്നു
‘അങ്കിൾ… ഈ വള്ളത്തിന് ഭയങ്കര കുലുക്കം.. ഒന്ന് റെഡി ആക്കിക്കൂടെ..’
‘ദേ കൊച്ചേ..’
അമ്മാവൻ കൈ ഓങ്ങി.. അടിക്കാൻ ഒന്നും അല്ലെങ്കിലും പുള്ളിയെ ദേഷ്യം പിടിപ്പിക്കാൻ നോക്കിയതിനു ഒരു താക്കീത് എന്ന നിലയിൽ മാത്രം. ലക്ഷ്മി ചിരിച്ചു കൊണ്ട് ഓടി എന്റെ പിന്നിൽ വന്നു. ഞാൻ കാണിച്ച തമാശക്ക് മേലെ അവളിങ്ങനെ ഒരെണ്ണം കയ്യിൽ നിന്ന് ഇടുമെന്നു ഞാൻ പ്രതീക്ഷിച്ചതെ ഇല്ല.. ഇവൾ കൊള്ളാമല്ലോ..
ഞാൻ എന്റെ പേഴ്സ് തുറന്നു അതിൽ നിന്ന് കുറച്ചു നോട്ട് എണ്ണാതെ തന്നെ അമ്മാവന്റെ കയ്യിലോട്ട് വച്ചു കൊടുത്തു
‘ഇതെന്താ.. അയ്യോ ഇതൊന്നും വേണ്ട.. നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാലോ എന്ന പേടിയിലാണ് ഞാൻ വഴക്ക് പറഞ്ഞത്..’
‘ഇതൊരു സന്തോഷത്തിന്.. വൈകിട്ട് രണ്ടെണ്ണം അടിക്കാമല്ലോ.. ദേ അണ്ണന്മാർക്കും കൂടി വാങ്ങി കൊടുക്കണം..’
