“ശെരി, നിന്നെയും ഞാൻ കൊണ്ടുപോകാം.” ഞാൻ എതിർപ്പ് പറയാതെ ഉടനെ സമ്മതിച്ചു കൊടുത്തു. അപ്പൊ ജെസ്സിക്ക് ഭയങ്കര സന്തോഷവും ഉത്സാഹവുമായി. “ഓക്കെ, ഏപ്രിൽ ലാസ്റ്റല്ലേ അവളുടെ കോളേജ് വെക്കേഷൻ വിടുന്നത്..?”
“മ്മ്, അതേ.” ഞാൻ പറഞ്ഞു.
“ഹ്മ്, ഇനിയുമുണ്ട് രണ്ടര മാസം.” അവള്‍ വെറുപ്പിച്ച് തലയാട്ടി. “അച്ചാച്ചാ, അടുത്ത മാസം 18 ന് നമ്മൾ ഡെല്‍ഹിക്ക് പോകേണ്ട കാര്യം മറക്കല്ലേ.” ജെസ്സി പെട്ടന്ന് ഉത്സാഹത്തോടെ എന്നെ ഓർമ്മിപ്പിച്ചു. “പിന്നേ അച്ചാച്ചാ, എന്റെ രണ്ട് കൂട്ടുകാരികൾ നമ്മുടെ കൂടെ ഡെല്‍ഹിയിൽ വന്നോട്ടേന്ന് എന്നോട് ചോദിച്ചപ്പോ ഞാൻ അവരോട് ഓക്കേയും പറഞ്ഞു. അവരുടെ അമ്മമാരും ഉണ്ടാവും.” എന്നോട് അഭിപ്രായം പോലും ചോദിക്കാതെ ജെസ്സി തന്നെ സ്വന്തമായി തീരുമാനിച്ച കാര്യം എന്നോട് പറഞ്ഞു.
“ഓക്കെ. വന്നോട്ടെ.” അതും ഞാൻ സമ്മതിച്ചു.
ജെസ്സി എന്തു തന്നെ പറഞ്ഞാലും ഞാൻ സമ്മതിച്ചിരിക്കുമെന്ന് അവള്‍ക്ക് നന്നായിട്ടറിയാമായിരുന്നു. അതുകൊണ്ടാണ് എന്നോട് ചോദിക്കാതെ തന്നെ അവളുടെ കൂട്ടുകാരികളേയും അമ്മമാരേയും കൂടെ കൊണ്ടുപോകാമെന്ന് അവളുടെ കൂട്ടുകാരികളോട് സമ്മതിച്ചത്.
“ശെരി മക്കളെ, നമുക്ക് കഴിക്കാം. വന്നേ, ഞാൻ ചപ്പാത്തിയും മുട്ട റോസ്റ്റും ഉണക്കി തരാം.” അമ്മ മെല്ലെ ചെയറിൽ നിന്നും എഴുന്നേറ്റു.
അങ്ങനെ ഞങ്ങൾ മക്കളും അമ്മയും കൂടി ഫുഡ് ഉണ്ടാക്കി ചൂടോടെ കഥ പറഞ്ഞു കൊണ്ടാണ് കഴിച്ചത്.
ഫുഡ് കഴിച്ച് കൈ കഴുകി ഹാളില്‍ വന്ന ശേഷം അമ്മ സോഫയിൽ ചെന്നിരുന്നു. ഞാൻ ഉടനെ അമ്മയുടെ മടിയില്‍ തല വെച്ച് കിടന്നു. ജെസ്സി എന്റെ കൈയിൽ തല വച്ച് അങ്ങോട്ട് ചെരിഞ്ഞ് എന്നോട് നന്നായി ചേര്‍ന്നാണ് കിടന്നത്. അമ്മ എന്റെയും ജെസ്സിയുടെ തല മുടിയിലും സ്നേഹത്തോടെ തഴുകി കൊണ്ട് സംസാരിച്ച് കൊണ്ടിരുന്നു. ഞങ്ങളും അമ്മയോട് തിരിച്ച് എന്തൊക്കെയോ കാര്യങ്ങളൊക്കെ സംസാരിച്ചു.
ഞങ്ങളുടെ സംസാരം രാത്രി 10 മണി വരെ നീണ്ടു പോയി. ഒടുവില്‍ ഞാൻ എന്റെ അമ്മയുടെ കൈ മൃദുവായി പിടിച്ച് മാറ്റിയ ശേഷം എന്നെ കെട്ടിപിടിച്ചു കിടന്നിരുന്ന ജെസ്സിയുടെ കൈകളും മെല്ലെ അടർത്തി മാറ്റി എഴുന്നേറ്റു.
“ശെരി അമ്മ, ജെസ്സി മോളെ…, ഇനി ഞാൻ പോട്ടെ.”
“എങ്ങോട്ട് പോവാന്‍, അതൊന്നും പറ്റില്ല.” ജെസ്സി ചാടി എണീറ്റ് എന്റെ കയ്യില്‍ പിടിച്ചുകൊണ്ട് വാശി പിടിക്കും പോലെ പറഞ്ഞു. അമ്മയും എഴുനേറ്റ് നിന്നിട്ട് മുഖം ചുളിച്ചു.
“ജെസ്സി, വെളുപ്പിന് എനിക്ക് യാത്രയാവേണ്ടതല്ലേ. അതുകൊണ്ട്—”
“വെളുപ്പിന് പോണ്ടാന്ന് ആരും പറഞ്ഞില്ലല്ലോ…? നാല് മണിക്കല്ലേ അച്ചാച്ചന് യാത്ര തിരിക്കേണ്ടത്..? പിന്നെ വണ്ടിയില്‍ തന്നെ വേണ്ടതൊക്കെ റെഡിയാക്കി വച്ചിട്ടുള്ളതല്ലേ..? അതുകൊണ്ട് വേറെ ഒന്നും പ്രത്യേകിച്ച് റെഡിയാക്കേണ്ടതുമില്ല. അപ്പോ പിന്നെ ഇവിടെ കിടന്നിട്ട് മൂന്ന് മണിക്ക് എഴുനേറ്റ് അച്ചാച്ചന്റെ വീട്ടില്‍ പോയാലും സമയത്തിന് തന്നെ യാത്ര പോകാലോ..! അച്ചാച്ചൻ ഇവിടെതന്നെ ഉറങ്ങിയിട്ട് വെളുപ്പിന് പോയ മതി.” ജെസ്സി വാശിപിടിച്ചു.
“ജെസ്സി മോള് പറഞ്ഞത് തന്നെയ എനിക്കും പറയാനുള്ളത്. നിനക്ക് വെളുപ്പിന് പോകാം, അങ്ങനെ മതി.” അമ്മയും തറപ്പിച്ച് പറഞ്ഞു.
“അമ്മ അത്—”
“വേണ്ട, വേണ്ട, വേണ്ട.. അച്ചാച്ചൻ ഒന്നും പറയണ്ട. ഇപ്പൊ അച്ചാച്ചൻ എങ്ങും പോണില്ല.” ജെസ്സി രണ്ടുകാലും മാറിമാറി നിലത്ത് ചവിട്ടി വാശി പിടിച്ചു. അവളുടെ കുട്ടിത്തം കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്.
“ശെരി, ഓക്കെ. ഞാൻ ഇവിടെ കിടന്നിട്ട് വെളുപ്പിന് പോകാം, മതിയോ..?” ഞാൻ ചെറു ചിരിയോടെ ജെസ്സിയുടെ മൂക്കില്‍ പിടിച്ചു പതിയെ തിരുകി പിടിച്ചിട്ട് പറഞ്ഞു.
ഉടനെ അമ്മക്കും ജെസ്സിക്കും സന്തോഷമായി. ഞങ്ങൾ അര മണിക്കൂര്‍ കൂടി ഹാളില്‍ ഇരുന്ന് സംസാരിച്ചു.
