അങ്ങനെ ഫെബ്രുവരി 15 അതിരാവിലെ 3:55ന് എന്റെ യാത്ര ഞാൻ ആരംഭിച്ചു. കാടുകളിലും മലകളിലേക്കുമുള്ള എന്റെ ഈ സഞ്ചാരത്തെ എങ്ങനെയെങ്കിലും ഒരു മാസത്തിനകത്ത് തന്നെ അവസാനിപ്പിക്കണം എന്നായിരുന്നു ചിന്ത. കാരണം മാർച്ച് 19ന് ജെസ്സിയുടെ കൂടെ ഡെല്‍ഹിയിൽ പോകാനുണ്ട്. മാര്‍ച്ച് 15 അല്ലെങ്കിൽ 16ന് ഞാൻ മടങ്ങിയെതാതിയിരിക്കും. അങ്ങനെ എന്റെ മനസ്സിൽ എല്ലാം ഫിക്സ് ചെയ്തിട്ടാണ് യാത്ര തുടങ്ങിയത്.
യാത്ര തുടങ്ങി പത്തു മിനിറ്റ് ആയ സമയത്ത് നിത്യ ടീച്ചറിന്റെ കോൾ വന്നു.
ബ്ലൂ ടൂത്ത് കണക്റ്റ് ചെയ്തിട്ട് ഞാൻ കോൾ എടുത്തു.
“സ്പ്പീക്കറിലിട് നിത്യേ.” അപ്പുറത്ത് മിസ്സ് പറയുന്നത് കേട്ടു.
“ഹാ, ഇത്ര വെളുപ്പിനേ രണ്ടുപേരും ഉണര്‍ന്നോ…?” ഞാൻ ചോദിച്ചു.
“പിന്നേ ഉണരാതെ..!! ഒരു മാസമടുപ്പിച്ച് നീണ്ടു നില്‍ക്കുന്ന ഒരു ബല്ലാത്ത പോക്കല്ലേ നീ പോകുന്നത്.., കൂടാതെ നി ഞങ്ങളോട് പിണങ്ങിയാണല്ലോ പോയത്, അത് ഒട്ടും ശെരിയായില്ല, ജിനു…!!” നിത്യ ടീച്ചർ നീരസം പ്രകടിപ്പിച്ചു. “പിന്നെ നീ കാട്ടിലും മലയിലും കേറി കഴിഞ്ഞാല്‍ നിനക്ക് വരുന്ന കോൾസ് ഒന്നും എടുക്കത്തുമില്ലല്ലോ..! അതുകൊണ്ടാണ് നേരത്തേ ഉണര്‍ന്ന് ഞങ്ങൾ വിളിച്ചത്.”
“എന്റെ നിത്യേച്ചി.. ഞാൻ നിങ്ങളോട് പിണങ്ങി ഒന്നുമല്ല അവിടെ നിന്നിറങ്ങിയത്.” ഞാൻ പരമാവധി വിശ്വാസിപ്പിക്കുന്ന തരത്തിൽ കള്ളം പറഞ്ഞു.
“അതേയതേ, നിന്റെ നുണ ഞങ്ങൾ വിശ്വസിച്ചു. ഇന്നും ഇന്നലെയും അല്ലല്ലോ ഞാൻ നിന്നെ കാണാന്‍ തുടങ്ങിയത്, നിന്റെ പതിനാലാമത്തേ വയസ്സ് തൊട്ടേ ഞാൻ നിന്നെ കാണുകയാണ്, നിന്റെ ഇണക്കവും പിണക്കവും കള്ളം പറച്ചിലും എല്ലാം വ്യക്തമായി തന്നെ എനിക്ക് തിരിച്ചറിയാൻ കഴിയും, ജിനു..!!” ഗോള്‍ഡ മിസ്സ് എന്റെ കള്ളം പറച്ചില്‍ കയ്യോടെ പൊക്കി.
“എന്തായാലും അതൊക്കെ വിട്. രാത്രി നീ ഇറങ്ങിയോ ഇല്ലയോ, ഉള്ളത് പറയടാ.” മിസ്സ് സീരിയസ്സായി ചോദിച്ചു.
“ഞാൻ ഉറങ്ങിയായിരുന്നു ചേച്ചി. വൈകിട്ട് ഞാൻ എന്റെ കുടുംബ വീട്ടില്‍ പോയായിരുന്നു. രാത്രി അവിടെയാണ് തങ്ങിയത്. വെളുപ്പിനാണാ എന്റെ വീട്ടില്‍ തിരികെ വന്നത്. എന്നിട്ട് ദേ എന്റെ യാത്ര ഇപ്പൊ തുടങ്ങിയതേയുള്ളു.”
“മ്മ്, എന്തായാലും നിന്റെ കുടുംബ വീട്ടിലേക്ക് പോയത് വളരെ നന്നായി. പട്ടിണി കിടക്കാനും ഉറക്കമിളച്ച് എന്തെങ്കിലും ജോലി ചെയ്യാനുമൊക്കെ നിന്റെ അമ്മയും ജെസ്സിയും എന്തായാലും സമ്മതിച്ചിട്ടുണ്ടാവില്ല.” മിസ്സ് ആശ്വാസത്തോടെ പറഞ്ഞു.
“ഡാ കുട്ടാ, പിന്നെ, നീ ഇങ്ങോട്ട് വരുന്നുണ്ടോ… അതോ അങ്ങനെ തന്നെ നേരെ പോകുമോ…?” നിത്യ ടീച്ചർ നല്ല പ്രതീക്ഷയില്‍ ചോദിച്ചു.
“നേരെ പോകുന്നു ചേച്ചി. ഇനി തിരികെ വന്നിട്ടേ ഞാൻ അങ്ങോട്ടുള്ളു.” ഞാൻ സൗമ്യമായി അറിയിച്ചു.
“ഓഹ്… ഓക്കെ, സാരമില്ല. എന്നാ പോയിട്ട് വാ. പിന്നെ കാണം.” ടീച്ചർ നല്ല നിരാശയിൽ പറഞ്ഞു. “പിന്നേ ഡാ, ഞാൻ ഈ ടീച്ചർ ജോലി ഉപേക്ഷിക്കുകയാണെങ്കിൽ എന്നെ നിന്റെ കൂടെ കൂട്ടുമോ..? ബയോളജി ടീച്ചറായ എനിക്ക് ചെടികളുടെ കാര്യത്തിൽ അത്യാവശ്യം നല്ല അറിവൊക്കേയുണ്ട്. അത്യാവശ്യമായി വേണ്ട ചില കോഴ്സുകളും ഞാൻ ചെയ്യാം. നിന്റെ ലാബില്‍ എനിക്ക് ജോലി തരുമോ. പിന്നെ ഇതുപോലെ മരുന്ന് ചെടികൾക്കായും മറ്റ് കാര്യങ്ങൾക്കായും നീണ്ട യാത്ര പോകുമ്പോ ഞാനും വരും, എനിക്ക് നിന്നെ കാര്യമായി സഹായിക്കാനും കഴിയും.” ടീച്ചർ ഭയങ്കര പ്രതീക്ഷയോടേയാണ് എന്നോട് ധൃതിയില്‍ സംസാരിച്ചത്.
“അപ്പോ നിത്യേച്ചി നല്ലോരു സര്‍ക്കാര്‍ ജോലി കളഞ്ഞിട്ട് എന്റെ കൂടെ കൂട്ടാന്‍ നോക്കുകയാണോ..!!” ആശ്ചര്യത്താൽ ഞാൻ ചോദിച്ചു. “അതുകാരണം നിങ്ങള്‍ക്ക് സര്‍ക്കാരിൽ നിന്നും എന്തൊക്കെ നഷ്ടപ്പെടുമെന്ന് ചേച്ചി ചിന്തിച്ചോ..? അതിന് തയ്യാറാണോ..? ഇപ്പൊ തോന്നും എന്റെ കൂടെ ഈ ജോലിയൊക്കെ അടിപൊളി ആണെന്ന്.. പക്ഷേ പിന്നീട് മടുപ്പ് തോന്നി ദുഃഖിക്കരുത്.” ഞാൻ ടീച്ചറെ പിന്തിരിപ്പിക്കാന്‍ ചെറിയൊരു ശ്രമം നടത്തി. പക്ഷേ ടീച്ചർ പറഞ്ഞ കാര്യത്തെ ഞാൻ മനസ്സിലിട്ട് കാര്യമായി ചിന്തിച്ച് കൊണ്ടിരുന്നു.
