എന്നെ ഒരു തരത്തിലും അടക്കി നിർത്താൻ കഴിയില്ലെന്ന പോലെ അമ്മ കണ്ണുകൾ ചുരുക്കി തലയാട്ടി.
“ഓക്കെ മമ്മി, അതൊക്കെ പോട്ടെ. പപ്പ എവിടെ, കണ്ടില്ലല്ലോ…?” പിന്നെയും ഞാൻ പപ്പയെ തിരക്കി.
“ഓഹ്, നിന്റെ പപ്പ രാവിലെ ജോലിക്ക് പോയിട്ട് ഇതുവരെ വന്നില്ല. ഇന്ന് വരത്തില്ലെന്ന് വിളിച്ച് പറഞ്ഞായിരുന്നു.”
“അതെന്താ..?”
“ബാങ്ക് ക്ലോസിങ് ടൈം കഴിഞ്ഞ് ബ്രാഞ്ച് മാനേജർസിന്റെ ഒരു BLBC മീറ്റിംഗ് ഉണ്ടെന്നും, അതുകഴിഞ്ഞ് പഴയ കോളേജ് ഫ്രണ്ട്സൊക്കെ, വെറും ആണുങ്ങള്‍ മാത്രം, ചേർന്ന് തീരുമാനിച്ച് ഒരു ഗെറ്റ് ടുഗെദർ അറേഞ്ച് ചെയ്തിട്ടുണ്ടെന്നും, ഫുൾ നൈറ്റ് പാർട്ടി ഉണ്ടെന്നും, അതൊക്കെ കഴിഞ്ഞ് നാളെ രാവിലേയേ വരൊള്ളുവെന്നുമാ എന്നെ വിളിച്ച് പറഞ്ഞത്.”
“ഹ്മ്.., നല്ലകാര്യം. ഇന്ന് ഒരു ദിവസമെങ്കിലും പപ്പയുടെ മുഖത്ത് എപ്പോഴും കാണുന്ന ആ ട്രേഡ് മാര്‍ക് സീരീസ്നെസ്സൊക്കെ മാറിയാൽ മതിയായിരുന്നു. പഴയ ഫ്രണ്ട്സുമായെങ്കിലും പപ്പ ആ സീരയസ് ഭാവം കളഞ്ഞ് ചിൽ ചെയ്താല്‍ ഭാഗ്യം, അല്ലേ മമ്മി.” ഞാൻ പറഞ്ഞു.
അപ്പൊ അമ്മ ചിരിച്ചു.
“പോടാ ചെറുക്കാ, വെറുതെ എന്റെ കെട്ടിയോനെ അങ്ങനെയൊന്നും നീ കളിയാക്കണ്ട. പുറമെ ഗോഡ്സില്ല ആണെങ്കിലും ഉള്ളില്‍ അദേഹം ഒരു, ഒരു —”
“അനഗോണ്ട.” ഞാൻ പ്രഖ്യാപിച്ചു.
“എടാ…, നിന്നെ ഞാൻ…!!” അമ്മ പെട്ടന്ന് എന്റെ കൈയിൽ പതിയെ ഒരു അടി തന്നിട്ട് കുറച്ചുനേരം ചിരിച്ചു.
ഞാനും കൂടെ ചിരിച്ചു. ഒടുവില്‍ അമ്മ ചിരി നിര്‍ത്തി എന്നെ സീരിയസ്സായി നോക്കി.
“പിന്നേ ജിനു മോനെ, നിനക്ക് കല്യാണം ഒന്നും വേണ്ടെ..? നിനക്ക് 29 വയസ്സായെന്ന് മറക്കണ്ട. നിന്റെ പഴയ കൂട്ടുകാർക്കൊക്കെ കല്യാണം കഴിഞ്ഞ് ഒന്നും രണ്ടും കുട്ടികളുമായി. നീ മാത്രം ഇങ്ങനെ നടന്നാൽ—”
“വേണ്ട മമ്മി. അമ്മ എപ്പോഴും ഈ കാര്യം എടുത്തിടുന്നത് കൊണ്ട് കൂടിയാണ്, ചിലപ്പോ എനിക്ക് സമയം കിട്ടിയാല്‍ പോലും ഞാൻ ഇങ്ങോട്ട് വരാൻ മടിക്കുന്നത്..!” ഞാൻ ഇടക്ക് കേറി വെട്ടി തുറന്ന് പറഞ്ഞു.
ഉടനെ അമ്മയുടെ മുഖം വാടിപ്പോയി.
നല്ല സങ്കടവും അമ്മയുടെ മുഖത്ത് നിറഞ്ഞു വന്നു. കുറച്ച് സമയത്തേക്ക് അമ്മ സങ്കടത്തോടെ എന്നെതന്നെ നോക്കി ചുണ്ടുകൾ ഞെരിച്ച് പിടിച്ചിരുന്നു. ഒടുവില്‍ സങ്കടം അടിച്ചമർത്താനായി അമ്മ ഉള്ളിലേക്ക് നന്നായി ശ്വാസം വലിച്ചെടുത്തു.
“ശെരി, ഇനി ഞാൻ നിന്റെ കല്യാണ കാര്യത്തെ കുറിച്ച് സംസാരിക്കില്ല. നിന്റെ ഇഷ്ട്ടം പോലെ നി ജീവിച്ചോ.” ദേഷ്യത്തില്‍ പറഞ്ഞിട്ട് അമ്മ മുഖം തിരിച്ചു കളഞ്ഞു.
“ഓ.. പിന്നെയും പിണങ്ങല്ലേ എന്റെ ഷൈനി മമ്മി—” ഞാൻ ചെറിയ വിഷമത്തോടെ തുടങ്ങി.
“അച്ചാച്ചാ…….!!” അന്നേരം ജെസ്സി അലറി വിളിച്ചുകൊണ്ട് തുള്ളിച്ചാടി ഓടി പാഞ്ഞു വന്നു. എന്നിട്ട് അതേ സ്പീഡിൽ തന്നെ ചെറിയ കുഞ്ഞിനെ പോലെ ജെസ്സി സന്തോഷത്തോടെ ചിരിച്ചു കൊണ്ട് എന്റെ മടിയിലേക്ക് ചാടി ചെരിഞ്ഞ് കേറി ഇരുന്നു. ശേഷം എന്റെ കഴുത്തിൽ അവളുടെ രണ്ട് കൈകൾ കൊണ്ട് വളയും ചുറ്റി പിടിച്ചുകൊണ്ട് എന്റെ രണ്ട് കവിളിലും അവള്‍ മുത്തി. ഞാനും പെട്ടന്ന് സ്നേഹത്തോടെ എന്റെ കുഞ്ഞനിയത്തിയെ എന്നോട് ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ രണ്ട് കവിളിലും ഉമ്മ കൊടുത്തു.
അപ്പോ എന്നോടുള്ള അമ്മയുടെ ദേഷ്യവും പിണക്കവും തല്‍കാലത്തേക്ക് മാറി അമ്മ സന്തോഷം നിറഞ്ഞ പുഞ്ചിരിയോടെ ഞങ്ങളെ തന്നെ കൺ കുളിരെ നോക്കിയിരുന്നു.
സ്വന്തം മക്കള്‍ പരസ്പരം ഇത്രയും സ്നേഹത്തോടെ ഇരിക്കുന്നത് കാണുമ്പോ ഏത് അമ്മയ്ക്കാണ് സന്തോഷം തോന്നാതിരിക്കുക. ഏത് അമ്മയ്ക്കാണ് മനസ്സ് നിറയാതിരിക്കൂക..!
എന്നെ കാണുമ്പോഴുള്ള ജെസ്സിയുടെ ആ സന്തോഷവും ചിരിയും കുസൃതിയുമൊക്കെ കാരണം എപ്പോഴും അവളെ എന്റെ മാറോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് സന്തോഷത്തോടെ ഞാൻ മനസ്സ് നിറഞ്ഞ് ചിരിച്ചു പോകാറുണ്ട്.
