“ഇത് വളരെ നല്ല കാര്യമായി പോയി.” ഞാൻ പെട്ടന്ന് സന്തോഷത്തോടെ ചിരിച്ചു. “ധ്വനി കോൾ എടുത്തിട്ട് സാധാരണയായി സംസാരിക്ക്. നീ എവിടെയാണെന്ന് അയാള്‍ ചോദിച്ചാൽ, ചെറിയ തലവേദന കാരണം റൂമിൽ വന്നെന്ന് പറ. പിന്നെ നമ്മൾ നേരത്തെ പ്ലാൻ ചെയ്തത് പോലെ ഒന്നും പറയേണ്ട കാര്യമില്ല.”
“അപ്പോ മാമനോട് അത്യാവശ്യമായി സംസാരിക്കാനുണ്ടെന്നൊന്നും പറയേണ്ട കാര്യമില്ലേ…? ഇങ്ങോട്ട് വരാൻ പറയണ്ടേ..?” അവൾ സംശയത്തോടെ ചോദിച്ചു.
“വേണ്ട ധ്വനി. നീ പറഞ്ഞത് പോലത്തെ ആള് തന്നെയാണ് നിന്റെ മാമനെങ്കിൽ നീ വിളിക്കാതെ തന്നെ അയാള്‍ ഇങ്ങോട്ട് വന്നോളും. എല്ലാം ഞാൻ വിചാരിച്ച പോലെ നടക്കാൻ പോകുകയാണ്. കോൾ എടുക്ക്. എന്നിട്ട് സ്പീക്കറിലിട്.” ഞാൻ പിന്നെയും ചിരിച്ചു.
ഒന്നും മനസ്സിലാവാതെ അവള്‍ തലയാട്ടി. പക്ഷേ ആ കോൾ അറ്റൻഡ് ചെയ്തിട്ട് അവള്‍ വേഗം സ്പീക്കറിലിട്ടു.
“ഹലോ മാമാ..!” അവള്‍ വെറുപ്പോടെ സംസാരിച്ചു.
“എന്റെ ലഡു, എവിടെയാണ് നീ..?” ഒരു പരുക്കന്‍ ശബ്ദം വളരെ റോമാന്റിക്കായി ഹിന്ദിയില്‍ ചോദിച്ചു.
ഞാൻ അന്തംവിട്ട് അവളെ നോക്കി, “ലഡു വോ..?” ശബ്ദം ഇല്ലാതെ ചുണ്ടുകൾ മാത്രം അനക്കി ഞാൻ അവളോട് ചോദിച്ചു. എന്നിട്ട് പൊട്ടി വന്ന ചിരി അടക്കി പിടിക്കാൻ കഴിയാതെ ഞാൻ പെട്ടന്ന് എന്റെ വായ പൊത്തി പിടിച്ചു.
ധ്വനിയുടെ മുഖം പെട്ടന്ന് ചുവന്ന് തുടുത്ത് പഴുത്ത തക്കാളി പോലെയായി പോയി. എന്റെ ചിരി കണ്ടിട്ട് ദേഷ്യം അഭിനയിച്ച് അവള്‍ കണ്ണുരുട്ടി കാണിച്ചു.
“തലവേദന കാരണം കുറച്ച് റെസ്റ്റെടുക്കാനായി ഞാൻ എന്റെ റൂമിൽ വന്നു മാമാ. എന്തിനാ വിളിച്ചത്..?” അപ്പോഴും വായ പൊത്തി ചിരിക്കുന്ന എന്റെ മുഖത്ത് നിന്നും ദേഷ്യത്തില്‍ നോട്ടം മാറ്റി ധ്വനി തിരിച്ച് ഹിന്ദിയില്‍ സംസാരിച്ചു.
“ഓഹ് ഹൊ ഹോ…!” അയാള്‍ കുതിര ചിനക്കുന്ന പോലെ ഭയങ്കര സന്തോഷത്തില്‍ ചിരിച്ചു. “ഹയ്യാ, എന്റെ ജിലേബി റൂമിലാണേ ഉള്ളത്..!! ശെരി ശെരി, ഞാൻ ഇവിടെ താഴെ ഉണ്ട്. നിന്നെ ഇവിടെ കാണാത്തത് കൊണ്ടാണ് വിളിച്ചത്.” അയാള്‍ സന്തോഷത്തോടെ പിന്നെയും കുതിര ചിനക്കുന്നത് പോലെ ചിരിച്ചു.
“ശെരി ഞാൻ ഇപ്പൊ തന്നെ താഴെ വരാം മാ—”
ഞാൻ വെപ്രാളം പിടിച്ച് അവളോട് അബദ്ധം ഒന്നും കാണിക്കലേന്ന് എന്റെ കൈ വയലന്റായി ആട്ടി കൊണ്ട് ആംഗ്യം കാണിച്ചു. അപ്പോഴാണ് അവള്‍ക്ക് പറ്റിയ അബദ്ധം അവള്‍ക്ക് മനസിലായത്. അവള്‍ പെട്ടന്ന് തലയ്ക്ക് കൈ വച്ചു പോയി.
“ഓഹ് ഹൊ ഹോ…,” അവളുടെ മാമന്‍ കുതിര പിന്നെയും ചിനച്ചു. “വേണ്ട വേണ്ട ഗുലാബ് ജാമുൻ, നീ താഴെ ഒന്നും വരേണ്ട. റൂമിൽ തന്നെ റെസ്റ്റ് എടുത്തോ. എനിക്ക് കുറച്ച് കാര്യങ്ങൾ നിന്നോട് സംസാരിക്കാനുണ്ട് ഞാൻ നിന്റെ റൂമിലേക്ക് വരാം.” അവളുടെ മാമൻ ഭയങ്കര സന്തോഷത്തോടെ പറഞ്ഞു.
അതുകേട്ട് ഞാനും ധ്വനിയും വിടര്‍ന്ന കണ്ണുകളോടെ പരസ്പരം നോക്കി.
“ഭാഗ്യം..” ശബ്ദമില്ലാതെ എന്റെ തള്ള വിരൽ ഉയർത്തി കാണിച്ച് കൊണ്ട് ഞാൻ അവളോട് പറഞ്ഞു.
“ശെരി മാമാ ഞാൻ റൂമിൽ വെയിറ്റ് ചെയ്യാം.” ധ്വനി വെറുപ്പോടേ പറഞ്ഞിട്ട് എന്നെ നോക്കി.
എനിക്ക് അപ്പോഴാണ് സമാധാനമായത്.
“ലഡു, ഞാൻ ലിഫ്റ്റിൽ കേറി കഴിഞ്ഞു. ഇപ്പൊ അവിടെ എത്തും.” അവളുടെ മാമൻ ലോട്ടറിയടിച്ചത് പോലെ ചിരിച്ചിട്ട് കോൾ കട്ടാക്കി.
“ലഡു, ജിലേബി, ഗുലാബ് ജാമുന്‍…..!!!?” ഞാൻ അവളെ നോക്കി കളിയാക്കി. എന്നിട്ട് സഹിക്കാൻ കഴിയാതെ പൊട്ടിച്ചിരിച്ചു.
“ജിനു… വേണ്ട…..!!” ഞാൻ കളിയാക്കിയത് കൊണ്ട് നാണം വന്ന് തക്കാളി പഴം പോലെ ചുവന്നു തുടുത്ത മുഖത്തോടെ അവള്‍ മുഖം വീർപ്പിച്ച് പറഞ്ഞു. പക്ഷേ എന്റെ ചിരി കണ്ടിട്ട് പെട്ടന്ന് അവളും ചിരിച്ചുപോയി.
അന്നേരം പുറത്ത് അവളുടെ മാമൻ നല്ല ശബ്ദത്തോടെ നടന്നു വരുന്നത് ഞങ്ങൾക്ക് കേട്ടു.
അപ്പോഴും എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല. ഞാൻ എന്റെ ചുണ്ടുകൾ ഇറുക്കിയടച്ച് പിടിച്ചിട്ട് വേഗം ചെന്ന് ബാത്റൂമിൽ കേറിയിട്ട് ഡൊറിനെ വെറുതെ അടച്ച് ചേര്‍ത്ത് വച്ചു.
