ഹോ, ഇത്രത്തോളം അല്ലെങ്കിലും ഇതേ പോലത്തെ വേദന ഞാൻ ഒരിക്കൽ അനുഭവിച്ചതാണ്. പക്ഷേ ഭാഗ്യത്തിന് എന്റെ തല ഞാൻ എങ്ങനെയോ പൊക്കി പിടിച്ചിരുന്നത് കൊണ്ട് മാത്രം ഇയാള്‍ക്ക് കിട്ടിയത് പോലത്തെ അടി എന്റെ തലയ്ക്ക് കിട്ടിയില്ല. ശെരിക്കും ഞാൻ അനുഭവിച്ചതിന്റെ മൂന്നിരട്ടി വേദനയാണ് ഇപ്പോൾ അയാള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത് എന്നറിയാം.
പുറന്തലയിൽ ഇങ്ങനത്തെ അടി കിട്ടിയാൽ പ്രശ്നമാണ്, പക്ഷേ അയാളുടെ തല ചെറുതായി മാത്രം പൊട്ടി കുറച്ച് രക്തം പുറത്തേക്ക് വന്നത് കണ്ടപ്പോ എനിക്ക് കുറച്ച് സമാധാനമായി. അകത്ത് ബ്ലോക്ക് സംഭവിച്ചാല്‍ മാത്രമാണ് വലിയ പ്രശ്നം ഉണ്ടാവുക. പക്ഷേ ഇപ്പൊ ചെറിയ പൊട്ടൽ ഉണ്ടായിരുന്നാൽ പോലും, അയാള്‍ക്ക് എഴുന്നേല്‍ക്കാനും സംസാരിക്കാനും കഴിയുമെങ്കിൽ പേടിക്കേണ്ട കാര്യമില്ല.
ഞാൻ അയാളെ തന്നെ സൂക്ഷിച്ച് നോക്കി നിന്നു. വേണ്ടിവന്നാൽ താല്‍ക്കാലികമായി കൊടുക്കാനുള്ള മരുന്നൊക്കെ എന്റെ വണ്ടിയില്‍ ഉള്ളത് കൊണ്ട് പേടിയില്ല.
പക്ഷേ ധ്വനി നല്ല പേടിയോടെ അയാളെ നോക്കി കൊണ്ട് വേഗം വന്ന് എന്റെ പുറകില്‍ നിന്നു.
“എന്താ പറ്റിയത്…!! അയാള്‍ ചത്തു പോയോ.” പേടിച്ച് വിറച്ച് കൊണ്ട് ധ്വനി ചോദിച്ചു.
“ഇല്ല, പേടിക്കേണ്ട. അയാള്‍ ചത്തിട്ടൊന്നുമില്ല. ബോധം മാത്രം പോയി. ഇനി പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞേ അയാള്‍ ഉണരൂ, ഇല്ലെങ്കിൽ അപ്പൊ നോക്കാം.” അവളെ ഞാൻ ആശ്വസിപ്പിച്ചു. “പിന്നേ നീ ടെൻഷനടിക്കാതെ പോയി നിനക്ക് വേണ്ടതൊക്കെ പാക്ക് ചെയ്തോ, ഞാൻ താഴേ പോയി എന്റെ വണ്ടിയില്‍ നിന്നും വേണ്ട കുറച്ച് മരുന്നൊക്കെ എടുത്തോണ്ട് വരാം.”
അത്രയും പറഞ്ഞിട്ട് ഞാൻ അയാളെ നിസാരമായി തൂക്കിയെടുത്ത് കസേരയില്‍ കൊണ്ടിരുത്തി. അത്രയും ഭാരമുള്ള ആളിനെ ഞാൻ നിസാരമായി തൂക്കി കൊണ്ടുപോയതിനെ ധ്വനി ആശ്ചര്യത്തോടെ നോക്കി നിന്നിട്ട് അവൾ ചെന്ന് പാക്ക് ചെയ്യാൻ തുടങ്ങി.
ഞാൻ വേഗം പോയി എനിക്ക് വേണ്ട നാടൻ മരുന്നുകളും മറ്റ് ചില സാധനങ്ങളും എടുത്തുകൊണ്ട് തിരികെ വന്നു. എന്നിട്ട് അയാളെ ഞാൻ സൂക്ഷ്മമായി പരിശോധിച്ച ശേഷം അയാളുടെ തലയിൽ പൊട്ടിയ ഭാഗം ഷേവ് ചെയ്തിട്ട് ഒന്നും കൂടി പരിശോധിച്ചു. എന്നിട്ട് എന്റെ രഹസ്യ മുറകൾ ഉപയോഗിച്ച് അയാളുടെ പല നാഡികളും ഞാൻ പരിശോധിച്ചു. അദേഹത്തിന്റെ പല ഭാഗത്തും ഞാൻ ചില പരിശോധനകൾ നടത്തി. അവസാനമായി അയാളുടെ രക്തം കുറച്ചെടുത്ത് ഞാൻ കൊണ്ടുവന്ന പല ദ്രാവകങ്ങിളിലും സ്റ്റെപ്പ് സ്റ്റെപ്പായി ചേർത്ത് പരിശോധിച്ചു.
“ഭാഗ്യം, അകത്ത് ഒന്നും പൊട്ടിയിട്ടില്ല.” എന്റെ എല്ലാ പരീക്ഷണങ്ങളും കഴിഞ്ഞ് ഞാൻ ധ്വനിയോട് പറഞ്ഞു.
അവൾ വിസ്മയത്തോടേ ഞാൻ ചെയ്യുന്നതൊക്കെ നോക്കി നില്‍ക്കുകയായിരുനനു.
“അകത്ത് പൊട്ടലില്ലെന്ന് സ്കാൻ ഒന്നും ചെയ്യാതെ എങ്ങനെ പറയാന്‍ കഴിയും…!” അവള്‍ ആശ്ചര്യത്തോടെ ചോദിച്ചു.
“അതൊക്കെ കഴിയും. ഈ ദ്രാവകങ്ങൾ കണ്ടോ…?” ഞാൻ കൊണ്ടുവന്നിരൂന്ന ദ്രാവക കുപ്പികള്‍ കാണിച്ച് ഞാൻ പറഞ്ഞു. “എല്ല് പൊട്ടിയാൽ അതിന്റെ അകത്ത് നിന്നും വരുന്ന ചില പദാര്‍ത്ഥങ്ങൾ രക്തത്തിൽ കലരും. എന്റെ പരീക്ഷണങ്ങളിലൂടേ എനിക്കത് കണ്ടുപിടിക്കാൻ കഴിയും. നിന്റെ മാമാന്റെ ഈ രക്തത്തിൽ അങ്ങനെ ഒന്നും കണ്ടില്ല.” ഞാൻ വലുതായി വിവരിക്കാതെ സിംപിളായി അവള്‍ക്ക് മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു കൊടുത്തു.
അതോടെ അവൾ ആശ്വാസത്തോടെ അവൾ നിര്‍ത്തിവെച്ചിരുന്ന പാക്കിങ് തുടർന്നു.
ഞാൻ അയാളുടെ മുറിവ് ക്ലീൻ ചെയ്തിട്ട് എന്റെ മരുന്നുകള്‍ വച്ച് കെട്ടി. എന്നിട്ട് അയാളുടെ മുഖം മുകളിലേക്ക് മലർത്തി വച്ചിട്ട് ദ്രാവക രൂപത്തിലുള്ള രണ്ട് തരം മരുന്നുകൾ അയാളുടെ ചുണ്ടിനിടയിലൂടേ വായ്ക്കകത്തേക്ക് ഞാൻ ഇറ്റിച്ച് കൊടുത്തു. ശേഷം എന്റെ സാധനങ്ങള്‍ എല്ലാം ഒതുക്കി വച്ചിട്ട് അവളുടെ മാമനെ തന്നെ നോക്കി അയാള്‍ക്ക് എതിരായി കസേരയിട്ട് ഇരുന്നു.
