“നിങ്ങൾ ഒരുപാട് ബിസിനസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞത് സത്യം തന്നെയാണോ, അതോ ഇവിടെ വരുന്ന ചിലർ പൊങ്ങച്ചം പറഞ്ഞ് ആളുകളെ വശീകരിക്കാൻ ശ്രമിക്കുന്നത് പോലെ നിങ്ങളും പറഞ്ഞതാണോ..!” എന്നെ സൂക്ഷിച്ചു നോക്കി പഠിച്ച് കൊണ്ട് അവള്‍ ചോദിച്ചു.
“ഹാ, നിങ്ങൾ ആള് കൊള്ളാമല്ലോ..! എല്ലാം മുഖത്ത് നോക്കി ധൈര്യമായി സംസാരിക്കുന്ന ടൈപ്പാണല്ലേ.” ഞാൻ ചിരിച്ചു. “പെട്ടന്നൊന്നും ആരുടെ ചതിയിലും വീണുപോകാത്ത ടൈപ്പ്, ശെരിക്കും ചിലര്‍ക്ക് മാത്രം കിട്ടാറുള്ള സെൻസാണ് നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്.” ബഹുമാനപൂർവ്വം ഞാൻ പറഞ്ഞു. “പക്ഷേ കാണുന്ന എല്ലാവരെയും സംശയിക്കരുത്, മേഡം. എനിക്ക് ആരോടും എന്നെക്കുറിച്ച് പൊക്കി പറയേണ്ട കാര്യമോ ഞാൻ ആരാണെന്ന് ബോധിപ്പിക്കേണ്ട കാര്യമോ വെറുതെ പെണ്ണുങ്ങളെ വശീകരിക്കേണ്ട ആവശ്യവുമില്ല. അതുകൊണ്ട് കള്ളമല്ല, സത്യം മാത്രമാണ് ഞാൻ നിങ്ങളോട് പറഞ്ഞത്.” അവളുടെ മുഖത്തടിച്ചത് പോലെ വെട്ടിത്തുറന്ന് ആണെങ്കിലും ഒരു പുഞ്ചിരിയോടെ അല്‍പ്പം സൗമ്യമായിട്ടുമാണ് ഞാൻ പറഞ്ഞു.
അപ്പോ അവൾ കുറച്ച് നേരത്തേക്ക് എന്റെ മുഖത്ത് തന്നെ നോക്കി നിന്നു. എന്നിട്ട് എന്റെ വാക്കുകൾ വിശ്വസിക്കുന്നു എന്ന് എന്നെ കാണിക്കുന്നത് പോലെ പുഞ്ചിരിച്ചു.
“ഞാൻ വിശ്വസിക്കുന്നു.” അവള്‍ ഭംഗിയായി മന്ദഹാസം തൂകി. “അപ്പോ ഒരുപാട് പേര്‍ക്ക് നിങ്ങൾ ജോലി കൊടുത്തിട്ടുണ്ടാകുമല്ലോ..?” ഒരു പ്രതീക്ഷയോടേ അവള്‍ ചോദിച്ചു. “എന്തെങ്കിലും ജോലി ഒഴിവ് ഇനിയുമുണ്ടോ..? ഒരാള്‍ക്കെങ്കിലും കൊടുക്കാൻ..!!?”
“മ്മ്, അതേ, ഒരുപാട് പേര്‍ക്ക് ഞാൻ ജോലി കൊടുത്തിട്ടുണ്ട്. പല ബിസിനസ്സുകളിലുമായി ഒരുപാട് സ്റ്റാഫ്സ് എനിക്കുണ്ട്.” ഞാൻ അവളുടെ ആദ്യത്തെ ചോദ്യത്തിന് മറുപടി കൊടുത്തു. “പിന്നേ ഒഴിവുണ്ടോന്ന് എന്തിനാ ചോദിച്ചത്, എന്താ, ആർക്കെങ്കിലും എന്തെങ്കിലും ജോലി അത്യാവശ്യമായി വേണോ..?” ഞാൻ തിരക്കി.
പക്ഷേ ഞാൻ സംസാരിച്ചത് കേള്‍ക്കാത്ത പോലെ എന്തോ ആലോചനയിൽ അവള്‍ പരിസരം മറന്ന് നിന്നു. ഞാനും, അവള്‍ എന്താണ് പരിസരം മറന്ന് ഇത്രമാത്രം ചിന്തിക്കുന്നതെന്ന് അറിയാതെ അവളുടെ മുഖത്ത് തന്നെ നോക്കി നിന്നു. അപ്പോഴാണ് അവളുടെ കവിളിലും പൊള്ളിയ പാടുകള്‍ ഞാൻ ശ്രദ്ധിച്ചത്.
പാവം പെണ്ണ്, ആരാണാവോ ഇവളെ ഇങ്ങനെ ഉപദ്രവിച്ചത്. ആ പിശാചിനെ എന്റെ കൈയിൽ കിട്ടിയാല്‍ ഇവള്‍ അനുഭവിച്ച വേദനയുടെ പത്തിരട്ടി ഞാൻ കൊടുത്തിരിക്കും.
ഒടുവില്‍ പരിസരബോധം തിരികെ വന്നതും അവള്‍ എന്നെ അല്‍പ്പനേരം സൂക്ഷിച്ച് നോക്കി പിന്നെയും പഠിച്ചു.
“ഇന്ന് മുഴുവനും നിങ്ങൾ കാട്ടിലൊക്കെ കറങ്ങിയിട്ടാണോ വന്നത്..?” അവസാനം അവള്‍ എന്നെ പഠിക്കുന്നത് മതിയാക്കി ചോദിച്ചു.
“ഇന്ന് മാത്രമല്ല, കഴിഞ്ഞ മാസം 15ന് തുടങ്ങിയതാണ്. പല സംസ്ഥാനങ്ങളിലും പോയി അവിടെയുള്ള കാടുകളിലും മലകളിലുമൊക്കെ കറങ്ങിയെടുത്ത് ഇങ്ങോട്ട് വന്ന ശേഷം നാല് ദിവസം ഇവിടെ മധ്യപ്രദേശ് കാട്ടിനകത്തും ഉണ്ടായിരുന്നു. എന്നിട്ട് ഇന്ന് ഇപ്പോഴാണ് ഞാൻ പുറത്ത് വന്നത്.” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.
അവള്‍ വിടര്‍ന്ന കണ്ണുകളോടെ ചുണ്ടുകൾ അനക്കി വിരലുകൾ ഓരോന്നായി നിവർത്തുന്നത് കണ്ടപ്പോ അവള്‍ മനസ്സിൽ കണക്ക് കൂട്ടുന്നുവെന്ന് ഞാൻ മനസ്സിലാക്കി.
“വെറുതേയല്ല നിങ്ങളുടെ വണ്ടി ഇത്രക്ക് ചെളിയും അഴുക്കും പിടിച്ചിരിക്കുന്നത്.” ഒടുവില്‍ പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.
“ശെരിയാണ്…,” ഞാനും സമ്മതിച്ചു. “സാധാരണയായി എന്റെ വണ്ടിയെ ഇത്രയും മോശമായ അവസ്ഥയില്‍ ഞാൻ എത്തികാറില്ല. അതെനിക്ക് ഇഷ്ട്ടവുമല്ല, മേഡം. പക്ഷേ എന്തു ചെയ്യാനാ, എന്റെ വനയാത്രകൾ തുടങ്ങുന്നതിന് മുമ്പ് തന്നെ പല കാര്യങ്ങൾ കൊണ്ടും ക്ഷീണിച്ച അവസ്ഥയിലായിരുന്നു ഞാൻ. അതുകൊണ്ടാണ് എന്റെ വണ്ടിയെ കഴുകി സൂക്ഷിക്കാനുള്ള ക്ഷമയും ചിന്തയും ഇല്ലാതെ പോയത്.” ഞാൻ ഒരിക്കൽ കൂടി പുറത്തേക്ക് എത്തി നോക്കി. സത്യത്തിൽ ഇപ്പോഴാണ് എന്റെ വണ്ടിയുടെ കോലം ഞാൻ ശ്രദ്ധിച്ചത്. ഇഷ്ട്ടപെടാതെ ഞാൻ മുഖം ചുളിച്ചു പോയി.
