“എന്ത് സത്യങ്ങൾ..?”
“എന്റെ അച്ഛനും അമ്മയും അയാളിൽ നിന്ന് ലക്ഷങ്ങൾ കടം വാങ്ങിയെന്നും, ഞാൻ അയാളിൽ നിന്നും കടം വാങ്ങിയെന്നും, ആ കടങ്ങളൊക്കെ വീട്ടേണ്ട ഉത്തരവാദി ഞാൻ തന്നെയാണെന്ന് പൂര്‍ണ മനസ്സോടെ എഴുതി കൊടുക്കുന്നു എന്നൊക്കെ എഴുതി ചേർത്ത് ഉണ്ടാക്കിയ തെളിവ് പത്രങ്ങളായി അയാള്‍ അതിനെ മാറ്റിയിരുന്നു. അതുകൊണ്ട് അയാളുടെ കാശ് മൊത്തവും കൊടുക്കാതെ ഞാൻ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാൻ ശ്രമിച്ചാൽ അയാള്‍ ആ തെളിവുകൾ കാണിച്ച് കേസ് ഫയൽ ചെയ്ത് എന്നെ ജയിലിൽ കേറ്റുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു. അതൊക്കെ കേട്ട് ഞാനും ശെരിക്കും ഭയന്നുപോയി.” ധ്വനി പേടിയോടെ എന്നെ നോക്കി പറഞ്ഞു.
“നിനക്ക് പോലീസ് സ്റ്റേഷനിൽ പോയി സത്യങ്ങൾ എല്ലാം തുറന്നു പറഞ്ഞ് അയാള്‍ക്കെതിരേ പരാതി കൊടുക്കാൻ പാടില്ലായിരുന്നോ..?” ഞാൻ ചോദിച്ചു.
“ജിനു എന്താ പറയുന്നേ…?” അവള്‍ കുറച്ച് ദേഷ്യത്തില്‍ ചോദിച്ചു. “ആരുമില്ലാത്ത എന്നെ, ദുരുദ്ദേശത്തോടെ ആണെങ്കിലും അയാളാണ് ഏറ്റെടുത്തത്. സ്വന്തം ഭാര്യയുടെ എതിർപ്പ് അവഗണിച്ച് എനിക്ക് താമസിക്കാന്‍ റൂം തന്നു. ഭക്ഷണം, വസ്ത്രങ്ങൾ എല്ലാം തന്നു. എന്നെ പഠിപ്പിച്ചു. എത്ര മോശപ്പെട്ട ആളാണെങ്കിലും, ഇത്രയൊക്കെ ചെയ്തു തന്ന അയാള്‍ക്കെതിരേ കേസ് കൊടുത്ത് അയാളുടെ ഭാര്യയും മക്കള്‍ക്ക് നാട്ടുകാർക്ക് മുന്നിലുമിട്ട് എങ്ങനെയാണ് നാണംകെടുത്താൻ എനിക്ക് കഴിയുക..? എന്നെ ദുരന്തത്തിൽ നിന്നും രക്ഷിച്ച അയാളുടെ ജീവിതത്തെ എങ്ങനെയാണ് ദുരന്തത്തിലാക്കാൻ എനിക്ക് കഴിയുക…? എന്റെ മാമൻ എന്തുകൊണ്ടോ എന്നോട് മാത്രമാണ് ഇങ്ങനത്തെ ആഗ്രഹവുമായി നടക്കുന്നത്. വേറെ ആരോടും മോശമായി പെരുമാറുന്നത് പോയിട്ട് മോശമായി നോക്കുക പോലും ചെയ്യാറില്ല. നാട്ടില്‍ ഭയങ്കര മാന്യനാണ്, ഒരുപാട് പേര്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട്. എന്നോടുള്ള പെരുമറ്റം ഒഴികെ വളരെ നല്ല മനുഷ്യന്‍ തന്നെയാണെന്ന് എനിക്കറിയാം. അതുകൊണ്ട് അയാളുടെ ജീവിതം തകര്‍ക്കാന്‍ എനിക്ക് ഒരിക്കലും കഴിയില്ല.” ധ്വനി പറഞ്ഞിട്ട് ഈ കുരുക്കിൽ നിന്നും എങ്ങനെ അഴിഞ്ഞ് മാറണമെന്നറിയാത്ത പോലെ കരയാന്‍ തുടങ്ങി.
ഞാനും വല്ലാത്ത ഒരു അവസ്ഥയില്‍ ആയിരുന്നു. അവളുടെ മാമന്‍ നീചമായ കാര്യങ്ങളാണ് ഈ സാധു പെണ്ണിനോട് ചെയ്തിരിക്കുന്നത്, പക്ഷേ എന്നിട്ടും അവൾ അതൊക്കെ ക്ഷമിച്ച് സഹിച്ച് ഇത്രയും കാലം ജീവിച്ചിരിക്കുന്നു. മറ്റുള്ളവര്‍ക്ക് അയാള്‍ എത്ര നല്ല മനുഷ്യന്‍ ആണെങ്കിലും, സ്വന്തം പെങ്ങളുടെ മകളെ ഇത്രയും പ്ലാൻ ചെയ്ത് ചതിച്ചു കുരുക്കി അയാളുടെ വെപ്പാട്ടിയാക്കാൻ ശ്രമിച്ചത് വലിയ അപരാധം തന്നെയാണ്. എനിക്ക് ദേഷ്യമടക്കാൻ കഴിഞ്ഞില്ല.
ഞാൻ അനുകമ്പ നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി അവള്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ചിന്തിച്ചു നോക്കി. അപ്പൊ അവള്‍ തുടർന്നു,
“പക്ഷേ മറ്റൊരു ഓപ്ഷൻ കൂടി അയാള്‍ എനിക്ക് തന്നായിരുന്നു.” ഒടുവില്‍ കരച്ചില്‍ നിര്‍ത്തി അവള്‍ പറഞ്ഞു.
“എന്ത് ഓപ്ഷൻ..?”കണ്ണുകൾ ചുരുക്കി ഞാൻ ചോദിച്ചു.
എന്ത് ഓപ്ഷൻ തന്നെയാണെങ്കിലും അത് ധ്വനിക്ക് പ്രയോജനം ചെയ്യുന്ന ഓപ്ഷൻ ആയിരിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. തീര്‍ച്ചയായും അയാളുടെ മനസ്സിൽ എന്തെങ്കിലും പ്ലാൻ വച്ചുകൊണ്ട് തന്നെയാവും ആ ഓപ്ഷൻ കൊടുത്തിട്ടുണ്ടാകുക.
“ഞാൻ കൊടുക്കാനുള്ള കാശിന്റെ കണക്ക് അന്നു തന്നെ കൊടുക്കണമെന്നില്ല, പക്ഷേ 35 ലക്ഷവും അതിന്റെ പലിശയും കൊടുത്ത് തീരുന്നത് വരെ ഞാൻ ഈ ലോഡ്ജിൽ ജോലി ചെയ്യണം. പകലും രാത്രിയും ഞാൻ തന്നെ ഈ ലോഡ്ജ് നോക്കി നടത്തണം. എന്റെ ശമ്പളം ഒന്നും എന്റെ കൈയിൽ തരില്ല. എന്റെ ഫുഡ്, ഡ്രെസ്സ്, റൂം വാടക പോയിട്ട് ബാക്കി കാശിന്റെ പകുതി പലിശയിലും, പിന്നെ ബാക്കിയുള്ളത് മുതലിലും കുറയ്ക്കാം എന്നതായിരുന്നു ആ ഓപ്ഷൻ.
