“ഓക്കെ ചേച്ചീസ്.” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “ശെരി അപ്പൊ, തിരികെ വന്നിട്ട് വിളിക്കാം, കാണാം.” ഞാൻ യാത്ര പറഞ്ഞു.
“എടാ, പറ്റുമെങ്കില്‍—,” മിസ്സ് പെട്ടന്ന് ആലോചിക്കും പോലെ ഒന്ന് നിര്‍ത്തി. “ ജിനു, നി വിചാരിച്ചാൽ, എത്ര ബിസിയാണെങ്കിലും, തീർച്ചയായും നിനക്ക് കോൾ ചെയ്യാനൊക്കെ പറ്റും, അതുകൊണ്ട് നിര്‍ബന്ധമായും ഇക്കിടക്ക് ഞങ്ങളെ നി വിളിച്ചിരിക്കണം. ബൈ.” ഇതിൽ ഒരു കോംപ്രമൈസും ഇല്ലെന്ന പോലെ അധികാരപൂർവ്വം മിസ്സ് പറഞ്ഞു.
“അതേ ഗോള്‍ഡേച്ചി പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. നിന്റെ തിരക്കിനിടയില്‍ ഞങ്ങൾ എപ്പോഴും വിളിച്ച് തടസ്സപ്പെടുത്തില്ല, പക്ഷേ വല്ലപ്പോഴും ഞങ്ങൾ വിളിക്കുമ്പോ നി ഞങ്ങളുടെ കോൾ അറ്റൻഡ് ചെയ്തിരിക്കണം. അതുപോലെ ഞങ്ങളോടുള്ള നിന്റെ ഈ ബാലിശമായ പിണക്കവും മര്യാദയ്ക്ക് മാറ്റിയേക്ക്. അപ്പൊ ഓക്കെ ഡാ, ബൈ കുട്ടാ.” നിത്യ ടീച്ചറും അധികാരപൂർവ്വം പറഞ്ഞു.
എന്നിട്ട് അവരുടെ കോൾ കട്ടായി.
ഞാൻ ഒരു നെടുവീര്‍പ്പോടെ തലയാട്ടി. കഴിഞ്ഞ നാലഞ്ച് ദിവസത്തിനിടയ്ക്ക് ഞങ്ങൾ മൂന്ന് പേരുടെ ഇടയിലും ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു. ഗോള്‍ഡ മിസ്സും നിത്യ ടീച്ചർക്കും എന്റെ മേലുള്ള സ്വാധീനം വര്‍ധിച്ചിരിക്കുന്നു. ചില കാര്യങ്ങൾ അവർ എന്നോട് ഡിമാന്റ് ചെയ്യുന്നു. അവരോടുള്ള എന്റെ സ്വാതന്ത്ര്യവും വല്ലാതെ വര്‍ധിച്ചിരിക്കുന്നു. എന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് അവരുടെ അദൃശ്യ വേരുകൾ ആഴ്ന്നിറങ്ങി വളരുകയാണ്. അതുപോലെ തന്നെയാണ് ഞാനും അവരുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നു പോയെന്ന ഒരു ഫീലിംഗ് എനിക്കുണ്ടായി.
എന്തുതന്നെയായാലും ഈ കാര്യങ്ങളൊക്കെ ഒരു സുഖമായിട്ടാണ് എന്റെ മനസ്സിൽ പടർന്നു കേറിയത്. ആ സുഖം തന്ന സന്തോഷത്തില്‍ ഞാൻ പുഞ്ചിരിച്ചു. മൊബൈൽ വച്ചിട്ട് തല്‍കാലത്തേക്ക് ഞാൻ അവരെ കുറിച്ചുള്ള ചിന്തകളെ ഉപേക്ഷിച്ച് എന്റെ യാത്രയെ കുറിച്ചും, എനിക്ക് ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ചും മാത്രം ചിന്തിക്കാൻ തുടങ്ങി.
പിന്നേ, ഞാൻ ഇങ്ങനെയുള്ള യാത്ര ചെയ്യുമ്പോ ഞാൻ വണ്ടി നിര്‍ത്തി സാധനങ്ങള്‍ വാങ്ങിക്കാറുള്ള കുറെ പതിവ് സ്റ്റോപ്പ്സ് ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ് ആ സ്ഥലങ്ങളില്‍ ഒക്കെ ഞാൻ വണ്ടി നിര്‍ത്തി. കാട്ടിലെ മൂപ്പൻമാർക്ക് കൊടുക്കാനുള്ള ഒരുപാട് സാധനങ്ങളും, പിന്നെ എനിക്ക് വേണ്ട കുറെ സാധനങ്ങളും എല്ലാം ഞാൻ വാങ്ങിക്കുകയും ചെയ്തു. എന്റെ വണ്ടിക്ക് മുകളിലായി കസ്റ്റം ഡിസൈൻ ചെയ്തിരുന്ന സ്റ്റോറേജ് കംപാർട്ട്മെന്റ് ഫുള്ളായി കഴിഞ്ഞിരുന്നു.
അങ്ങനെ ആ കാര്യങ്ങളും കഴിഞ്ഞ് എന്റെ ലക്ഷ്യങ്ങളിലേക്ക് ഞാൻ യാത്രയായി.
*******************************
ഞാൻ ഓരോ സ്ഥലത്ത് പോകുമ്പോഴും അവിടെയുള്ള എന്റെ ലാബിലേകക്കാണ് ആദ്യം പോയത്. എന്നിട്ട് എന്റെ നാട്ടു മരുന്ന് കടകളും സന്ദര്‍ശിച്ചു. അതുകഴിഞ്ഞ് എന്റെ മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളും ഞാൻ സന്ദര്‍ശിച്ച് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു. ശേഷം അവിടത്തെ ചില ഉന്നത ഉദ്യോഗസ്ഥരും ഞാൻ മീറ്റ് ചെയ്തു. കാരണം, ചില ഉന്നത ഉദ്യോഗസ്ഥര്‍ എന്റെ ചില ബിസിനെസ്സുകളിൽ ചെറിയ ശതമാനം മാത്രം ലാഭം പറ്റുന്ന സീക്രട്ട് പാർട്നർസ് ആയിരുന്നു. അന്യ സംസ്ഥാനങ്ങളില്‍ ബിസിനസ്സ് ചെയ്യാൻ അവരുടെ സഹായം ആവശ്യമുള്ളത് കൊണ്ട് മാത്രമാണ് ഈ ചെറിയ ശതമാനം പാർട്നർഷിപ്പിന് ഞാൻ സമ്മതിച്ചു കൊടുത്തത്. എനിക്കതിൽ നഷ്ടമൊന്നും ഉണ്ടായിട്ടില്ല, പല പ്രയോജനങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ള.
അതിന് ശേഷമാണ് ഞാൻ കാട്ടിലേക്ക് പോയത്. കാട്ടില്‍ പോയി ആദ്യം അവിടെയുള്ള മൂപ്പനെ കണ്ട് അവര്‍ക്കായി കൊണ്ടുപോയ സാധനങ്ങളും കൊടുത്തിട്ട്, ശേഷമാണ് എന്റെ ജോലി ഞാൻ തുടങ്ങിയത്.
എന്റെ നല്ല സമയം എന്നെ തുണച്ചു കൊണ്ടിരുന്നത് കൊണ്ടാവും പതിവിലും വേഗത്തിൽ തന്നെ കാടുകളില്‍ നിന്നുള്ള എന്റെ ശേഖരണം വളരെ ഈസിയായി നടന്നു കൊണ്ടിരുന്നത്. മൂപ്പൻമാരുടെ സഹായവും മറ്റ് ആദിവാസികളുടെ സഹായവും എല്ലാം എനിക്ക് ലഭിച്ചിരുന്നത് കൊണ്ടും എന്റെ തിരച്ചിലൊക്കെ കുറേകൂടി എളുപ്പത്തിലാവുകയും ചെയ്തിരുന്നു.
