അത്യാവശ്യമായ ചില നാടൻ ചികില്സയ്ക്ക് വേണ്ടിയും, ചിലർ മരുന്നുകള്‍ വാങ്ങിക്കാനും, മറ്റുചിലർ വിഷ ചികില്സയ്ക്ക് വേണ്ടിയും, പല കാരണങ്ങളാൽ ചില മര്‍മ്മ സ്ഥാനങ്ങളില്‍ ഉണ്ടായ പ്രശ്നങ്ങൾക്ക് വേണ്ടിയുള്ള ചികില്‍സിക്കായുമൊക്കെ ആളുകൾ വരാൻ തുടങ്ങിയിരിക്കുന്നു.
വളരെ പ്രതീക്ഷയോടെ വന്ന അവരെയൊക്കെ നിരാശരായി മടക്കിയയക്കാനുള്ള മനസ്സ് എനിക്കുണ്ടായില്ല. അതുകൊണ്ട് ഒരു മണിക്കൂര്‍ എന്നതിനെ മാറ്റി ഇന്നത്തെ ദിവസം ഇവിടെ തന്നെ നിന്ന് ഇങ്ങോട്ട് വരുന്ന എല്ലാവരെയും കണ്ട ശേഷം നാളെ വെളുപ്പിന് എന്റെ യാത്ര തുടരാനായി ഞാൻ തീരുമാനിച്ചു.
എന്റെ ചെടികളുടെ കാര്യത്തില്‍ ഇനിയും ആവശ്യം പോലെ സമയമുണ്ട്, അതുകൊണ്ട് ആദ്യം മനുഷ്യരുടെ ആവശ്യങ്ങള്‍ കഴിഞ്ഞ ശേഷം ആ ചെടികളുടെ കാര്യം നോക്കാനാമെന്ന് ഞാൻ മാറ്റി വച്ചു.
എനിക്ക് നല്ല വിശപ്പും ക്ഷീണവും ഉണ്ടായിരുന്നു. പക്ഷേ ഫുഡ് ഉണ്ടാക്കാനുള്ള സമയവും മൂഡും എനിക്കില്ലായിരുന്നു.
അവരോടൊക്കെ വെയിറ്റിങ് റൂമിൽ കാത്തിരിക്കാന്‍ പറഞ്ഞിട്ട് ഞാൻ വേഗം ചെന്ന് കുളിച്ച് ഫ്രെഷായി. പിന്നെ എന്റെ ചില സ്പെഷ്യൽ ചേരുവകള്‍ ചേര്‍ത്ത് നല്ലോരു ബ്ലാക്ക് കോഫി ഉണ്ടാക്കി വലിയ ഫ്ലാസ്കിലാക്കി എടുത്തുകൊണ്ട് ഞാൻ എന്റെ കൺസൾട്ടിങ് റൂമിലോട്ട് കേറി.
അന്നേരമാണ് എന്റെ അയല്‍ക്കാരിയായ ഗ്രേയ്സി ചേച്ചി എന്റെ മൊബൈലില്‍ വിളിച്ചത്.
“ജിനുവേ, ഒരു 8 മണിക്ക് കാപ്പി കുടിക്കാന്‍ ഇങ്ങോട്ട് വന്നേക്ക്.” ചേച്ചി എന്നെ. ക്ഷണിച്ചു.
“വേണ്ട ചേച്ചി. അതിനുള്ള സമയം കിട്ടില്ല.” ഞാൻ സ്നേഹത്തോടെ അത് നിരസിച്ചു. “ബുദ്ധിമുട്ടാവില്ലെങ്കിൽ ഉച്ചക്ക് ഞാൻ വന്ന് കഴിക്കാം.”
“എന്ത് ബുദ്ധിമുട്ട്…? ഒരു ബുദ്ധിമുട്ടുമില്ല. ഒരു മണിക്ക് നീ വന്നോ.” ഗ്രേയ്സി ചേച്ചി സ്വന്തം അനിയനോടെന്ന പോലെ സ്നേഹത്തില്‍ പറഞ്ഞു.
“ഓക്കെ ചേച്ചി, ഞാൻ വരാം.” അതും പറഞ്ഞ് ഞാൻ കട്ടാക്കി.
എന്നിട്ട് എന്റെ ജോലി ഞാൻ തുടങ്ങി. ഓരോരുത്തരേയായി ഞാൻ അകത്തേക്ക് വിളിച്ച് അവര്‍ക്ക് വേണ്ടത് ചെയ്തിട്ട് വിട്ടു. എന്റെ ജോലി തിരക്കില്‍ പെട്ട് എത്ര വേഗത്തിൽ സമയം പോയെന്ന് പോലും ഞാൻ അറിഞ്ഞില്ലായിരുന്നു.
പുറത്ത് ഗ്രേയ്സി ചേച്ചി ആളുകളോട് സംസാരിക്കുന്നത് കേട്ടപ്പോഴാണ് ഞാൻ സമയം നോക്കിയത്.
സമയം 2:10 ആയിരുന്നു.
അന്നേരം ഗ്രേയ്സി ചേച്ചിയും ചേച്ചിയുടെ 11 വയസ്സുള്ള ഷിജി മോളും എന്റെ കൺസൾട്ടിങ് റൂമിന്റെ വാതില്‍ക്കല്‍ വന്നു നിന്നു. ഇതുവരെ സമയം ഒന്നായില്ലേ എന്ന് ചോദിക്കും പോലെ ചേച്ചി എന്നെ നോക്കി. ഷിജി മോള് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
ഞാൻ അവര്‍ രണ്ടുപേര്‍ക്കും ഒരു പുഞ്ചിരി കൊടുത്തിട്ട് വിഷത്തിന് ചികില്‍സിച്ചു കൊണ്ടിരുന്ന ആളിന്റെ കാര്യത്തിൽ ശ്രദ്ധിച്ചു. ഒടുവില്‍ ആ ചികില്സ കഴിഞ്ഞപ്പോ നാട്ടു മരുന്നും നിര്‍ദേശങ്ങളും ആ രോഗിയുടെ കൂടെ വന്ന ആള്‍ക്ക് കൊടുത്തിട്ട് അവരെ ഞാൻ പറഞ്ഞുവിട്ടു.
“സോറി ചേച്ചി.” അകത്തേക്ക് കേറി വന്ന ചേച്ചിയും മോളെയും നോക്കി ഞാൻ പുഞ്ചിരിയോടെ പറഞ്ഞു. “തിരക്ക് കാരണം സമയം പോയതേ ഞാൻ അറിഞ്ഞില്ല. 10 മണി ആയിട്ടുണ്ടാകുമെന്നാ ഞാൻ വിചാരിച്ചത്.”
“ജിനുവേ, ഇങ്ങനെ മറ്റുള്ളവരുടെ കാര്യം മാത്രം നോക്കിയാൽ പോര, സ്വന്തം ആവശ്യങ്ങളെ കുറിച്ചും നീ ചിന്തിക്കണം.” ചേച്ചി കടുപ്പിച്ച് പറഞ്ഞു. “ശെരി വാ ഒരു ഇരുപത് മിനിറ്റ് ആളുകൾ വെയിറ്റ് ചെയ്തോളും, ഇനി നീ പോയി മര്യാദക്ക് കൈയും മുഖവും കഴുകീട്ട് വേഗം എന്റെ വീട്ടിലേക്ക് വാ.
ഫുഡ് കഴിച്ചിട്ട് മതി ഇനി നിന്റെ ജോലി.” ഗ്രേയ്സി ചേച്ചി അധികാരത്തോടെ എന്നോട് പറഞ്ഞിട്ട് സ്വന്തം മോളെ നോക്കി പറഞ്ഞു, “ഷിജി മോളെ, ഈ അങ്കിളേ വിശ്വസിക്കാന്‍ പറ്റില്ല, അതുകൊണ്ട് മോള് അങ്കിളിന്റെ കൂടെ നിന്ന് അങ്കിളേ അങ്ങോട്ട് കൂട്ടിക്കൊണ്ടു വാ.” അത്രയും പറഞ്ഞിട്ട് എന്റെ മറുപടിക്ക് പോലും വെയിറ്റ് ചെയ്യാതെ ചേച്ചി വേഗം പുറത്തേക്ക് പോയി. ഷിജി മോളെ ചിരിച്ചുകൊണ്ട് അവിടെ തന്നെ നിന്നു.
