കാട്ടില്‍ കണ്ട ഏതെങ്കിലും കുളത്തിലോ മറ്റോ നിര്‍ത്തി കഴുകേണ്ടതായിരുന്നു. എന്റെ അശ്രദ്ധ വിചാരിച്ച് ഞാൻ തലയാട്ടി.
“അത് വിചാരിച്ച് വിഷമിക്കേണ്ട സർ,” എന്റെ മനസ്സ് വായിച്ചത് പോലെ അവള്‍ പെട്ടന്ന് പറഞ്ഞു. “എനിക്കൊരു സർവീസ് ചെയുന്ന ടീമിനേ അറിയാം. നമ്മൾ പറയുന്ന സ്ഥലത്തേക്ക് വന്ന് സർവീസ് ചെയ്തു തരാരുണ്ട്. എന്താ ഞാൻ വിളിച്ചു പറയട്ടേ..? കാശ് കുറച്ച് കൂടുതൽ കൊടുക്കേണ്ടി വരും”
“ഓഹ്, ഇപ്പൊ എനിക്ക് ഉറങ്ങിയാൽ മാത്രം മതി, മേഡം. ഇവിടെ നില്‍ക്കാനുള്ള ക്ഷമ പോലും ഇപ്പൊ എനിക്കില്ല. അത്രമാത്രം ക്ഷീണം ഉണ്ട്.” ഞാൻ പറഞ്ഞു.
“അതിന് നിങ്ങൾ ഇവിടെ നിന്ന് നോക്കേണ്ട ആവശ്യമൊന്നുമില്ല, അവർ വന്ന് ചെയ്തിട്ട് പൊക്കോളും, താക്കോലും കാശും മാത്രം എന്റെ കൈയിൽ തന്നാൽ മതി, അവർ വരുമ്പോ ഞാൻ കൊടുക്കാം. എന്നിട്ട് എനിക്കും പോയി കുറച്ച് നേരം ഉറങ്ങണം. സർവീസ് കഴിഞ്ഞാല്‍ അവർ എന്നെ വിളിച്ച് താക്കോൽ തിരികെ തന്നോളും.”
“യോ, അത് ശരിയാവില്ല. എന്റെ വണ്ടിക്കകത്ത് ഒരുപാട് സാധനങ്ങൾ ഉണ്ട്…!” ഞാൻ പറഞ്ഞു. പക്ഷേ പെട്ടന്ന് എന്റെ മനസ്സിൽ തോന്നിയ കാര്യം ഞാൻ അവളോട് പറഞ്ഞു, “പക്ഷേ നിങ്ങൾ അവരുടെ കൂടെ നിന്ന് നിങ്ങളുടെ നേതൃത്വത്തിൽ സർവീസ് ചെയ്യിക്കുകയാണെങ്കിൽ എനിക്ക് ഓക്കെയാണ്.”
“ഓക്കെ.. ഞാൻ ചെയ്യാം.” ഒട്ടും ആലോചിക്കാതെ അവള്‍ സമ്മതിച്ചപ്പോ ഞാൻ അന്തംവിട്ട് അവളെ നോക്കി.
“അപ്പോ നിങ്ങള്‍ക്ക് ഉറങ്ങണ്ടേ..?” അവളോട് ഞാൻ ചോദിച്ചു.
“അതൊന്നും സാരമില്ല സർ. ഇങ്ങനെയൊക്കെ ശീലിച്ചു പോയി.” അവൾ പുഞ്ചിരിച്ചു. “ശെരി, കാശും കീയും തന്നിട്ട് നിങ്ങൾ പൊയ്ക്കോളു. നിങ്ങളുടെ റൂം നമ്പർ 407 ആണ്.” അതും പറഞ്ഞ് അവൾ റൂം റെന്റ് എത്രയാണെന്ന് കൂടി പറഞ്ഞപ്പോ ആ കാശ് ഞാൻ എടുത്ത് നീട്ടി.
“സോറി സർ…. റൂം റെന്റ് കാശായിട്ട് വാങ്ങാന്‍ എനിക്ക് അനുവാദമില്ല… ജി പേ ചെയ്യാമോ…!!” പെട്ടന്ന് ആരോടോ തോന്നിയ ദേഷ്യം അവള്‍ മറച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ട് എന്നോട് മാന്യമായി സംസാരിച്ചു.
“ഓക്കെ, ഞാൻ ചെയ്യാം.” അവള്‍ പറഞ്ഞ പോലെ ഞാൻ ചെയ്തു കൊടുത്തു. അവള്‍ എനിക്ക് റെസിപ്റ്റ് തന്ന ശേഷം കീ റാക്കിൽ തൂകിയിട്ടിരിക്കുന്ന ചാവികളിൽ നിന്നും എനിക്കുള്ള താക്കോൽ എടുത്തു തന്നു.
“ഓക്കെ മേഡം. ആ സർവീസ് ടീമിന്റെ ഫീ എത്രയാണെന്ന് പറഞ്ഞാൽ—”
“ഒരു മിനിറ്റ്.., അവർ വണ്ടി അനുസരിച്ചാണ് റേറ്റ് പറയാറുള്ളത്. പിന്നെ നിങ്ങടെ ഈ വണ്ടിയെ കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ല. അതുകൊണ്ട് ഞാൻ നിങ്ങളുടെ വണ്ടിയുടെ ഫോട്ടോ എടുത്ത് അയച്ച് കൊടുക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ..?” അവള്‍ ചോദിച്ചു.
“ഇല്ല, എടുത്തോളു.” ഞാൻ അനുവാദം കൊടുത്തതും അവള്‍ പുറത്തേക്ക് പോയി ഫോട്ടോ എടുത്ത് അയച്ചു കൊടുത്തിട്ട് ആ സർവീസ് തീമിനേ വിളിച്ച് കാര്യങ്ങൾ സംസാരിച്ച് കൊണ്ട് നടന്ന് അകത്തേക്ക് വന്നു.
അവർ ചോദിച്ചതിന് എല്ലാം വ്യക്തമായ മറുപടി കൊടുത്തിട്ട് അവള്‍ വച്ച ശേഷം എന്നെ നോക്കി. എന്നിട്ട് സർവീസ് ടീം അവളോട് പറഞ്ഞ റേറ്റ് എന്നെ അറിയിച്ചു.
“എങ്ങനെ, കാശ് കൈയിൽ വേണോ അതോ—”
അന്നേരം അവളുടെ മുഖത്ത് വല്ലാത്ത കോപം ഇരച്ചു കേറി വന്നു. പക്ഷേ അതിനെ അവള്‍ കടിച്ചമർത്തി കൊണ്ട് പറഞ്ഞു, “കൈയിൽ മതി, സർ. ഇതിന്റെ കണക്കൊന്നും എന്റെ വൃത്തികെട്ട മാമനെ അറിയിക്കേണ്ട കാ—” പെട്ടന്ന് അവള്‍ ബോധം വന്നത് പോലെ നിര്‍ത്തിയിട്ട് ഇടിവെട്ടേറ്റ പോലെ നിന്നിട്ട് ഒന്ന് തല കുലുക്കി. “സോറി, ഞാൻ അറിയാതെ എന്തൊക്കെയോ പറഞ്ഞുപോയി.” അവള്‍ പെട്ടന്ന് അസ്വസ്ഥയായി കൈകൾ തിരുമ്മി. “ഓക്കെ, കാശ് എന്റെ കൈയിൽ തന്നോളു.” പതിഞ്ഞ ശബ്ദത്തിൽ അവള്‍ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
ഞാൻ കൊടുത്ത കാശ് അവള്‍ വാങ്ങിച്ചപ്പോഴാണ് അവളുടെ കൈയിൽ കിടക്കുന്ന ഇടി വള ഞാൻ കണ്ടത്. അതുകൊണ്ട് മുഖത്ത് ഒരിടി കിട്ടിയാൽ ബോധം പോകുമെന്നതിൽ സംശയമില്ല. അപ്പോഴാണ് മറ്റൊരു കാര്യം കൂടി എന്റെ ശ്രദ്ധയിൽ പെട്ടത് — പാനലിനകത്തുള്ള ഒരു ഡ്രോ തുറന്ന് കിടക്കുന്നത് കണ്ടു. അതിനകത്ത് ഒരു വണ്ണമുള്ള ലാത്തിയും ഒരു നീണ്ട മൂര്‍ച്ചയുള്ള കത്തിയും ഉണ്ടായിരുന്നു. ലാത്തിയുടെ രണ്ട് അറ്റവും അലൂമിനിയം കൊണ്ട് പൊതിഞ്ഞിരുന്നു.
