എങ്ങനെയാണ് ഈ പാവം പെണ്ണിനെ അറിഞ്ഞുകൊണ്ട് ഈ നരക ജീവിതത്തിൽ തന്നെ ഉപേക്ഷിച്ച് പോകാൻ കഴിയുക.
പക്ഷേ ഇങ്ങനെ ഒരു ഒളിച്ചോട്ടം ശെരിയാവില്ല. ഇനിയുള്ള കാലം ഒരു പേടിയും ദുഃഖവുമില്ലാതെ സമാധാനമായി തന്നെ അവള്‍ക്ക് ജീവിക്കണമെങ്കിൽ ഒളിച്ചോട്ടം ഒരു പരിഹാരമല്ല. ഒളിച്ചോടി പോയാൽ അവളുടെ അവസാനം വരെയും അവൾ ഭയന്ന് ഭയന്ന് തന്നെ ജീവിക്കും. അങ്ങനെ പാടില്ല.
“നിന്നെ ഞാൻ കൊണ്ടുപോകാം ധ്വനി.” ഞാൻ ഉടനെ സമ്മതിച്ചു. അപ്പൊ അവളുടെ മുഖം തെളിഞ്ഞ് ഭയങ്കര സന്തോഷവും സമാധാനവും നിറഞ്ഞു തുളുമ്പി. “പക്ഷേ ധ്വനി, ഇവിടെനിന്നും പേടിച്ച് ഒളിച്ചോടി പോകുന്നത് ശെരിയല്ല.” ഞാൻ പറഞ്ഞു.
ഉടനെ അവളുടെ മുഖത്ത് പിന്നെയും ഭയം നിറഞ്ഞു. സങ്കടം നിറഞ്ഞു. നിസ്സഹായതയും നിറഞ്ഞു.
“പക്ഷേ വേറെ എന്താണ് എനിക്ക് ചെയ്യാൻ കഴിയുക…! പോലീസും കേസിനും ഞാൻ സമ്മതിക്കില്ല.”അവള്‍ വിരണ്ട് വെപ്രാളം പിടിച്ച് ചാടി എഴുനേറ്റ് ഭ്രാന്തമായി തലയാട്ടി കൊണ്ട് പറഞ്ഞു.
“എനിക്കും പോലീസും കേസും വേണ്ട ധ്വനി.” ഞാൻ റിലാക്സായി പുഞ്ചിരിയോടെ പറഞ്ഞു. “എനിക്ക് ധ്വനിയുട മാമനെ ഒന്ന് കാണണം.”
“അയ്യോ ജിനു എന്തിനാ അത്..?” അവള്‍ പേടിയോടെ കരയുന്നത് പോലെ എന്നെ വിരണ്ടു നോക്കി.
“നി ഒന്നുകൊണ്ടും പേടിക്കേണ്ട. എല്ലാം ഞാൻ നോക്കിക്കോളാം.” ഞാൻ അവളെ സമാധാനിപ്പിച്ചു.
“ഇല്ല ജിനു, എന്റെ മാമനെ നിനക്കറിയില്ല. പുള്ളിക്ക് കുറെ പിടിപാടുകളൊക്കെ ഉണ്ട്. ഇവിടത്തെ പോലീസ് ഇൻസ്പെക്ടർ മാമന്റെ കൂടെ പഠിച്ച ബെസ്റ്റ് ഫ്രണ്ടാണ്.” പേടിച്ച് വിറച്ച് അവള്‍ പറഞ്ഞു.
അതുകേട്ട് എനിക്ക് പേടിയൊന്നും തോന്നിയില്ല. അതിനെക്കാളും വലിയ ഉദ്യോഗസ്ഥരെ ഇവിടെ എനിക്ക് നന്നായിട്ടറിയാം. ചിലരൊക്കെ എന്റെ സൈലന്റ് പാർട്നർസ് കൂടിയാണ്.
“നിന്റെ മാമന് ചില്ലറ പിടിപാടുകൾ ഉള്ളതിനെ ഞാൻ നിസാരമായി കാണുന്നില്ല, ധ്വനി പക്ഷേ എന്നേയും നീ നിസാരമായി വിചാരിക്കണ്ട. ഇങ്ങനെ പേടിക്കുകയും വേണ്ട.” ഞാൻ വളരെ സീരിയസ്സായി പറഞ്ഞു.
പെട്ടന്നുണ്ടായ എന്റെ ശബ്ദത്തിലെ മാത്രം കേട്ടിട്ട് അവൾ എന്നെ സൂക്ഷിച്ച് നോക്കി. എന്റെ കണ്ണില്‍ നിറഞ്ഞു നില്‍ക്കുന്ന ധൈര്യവും വിശ്വാസവും, അവളുടെ മാമന് പിടിപാടുണ്ടെന്ന് കേട്ടിട്ടും ഭയക്കാതേയുള്ള ഒരു തണുത്ത പുഞ്ചിരിയും എല്ലാം കണ്ടിട്ട് ധ്വനിയുടെ ഭയവും പതിയെ അലിഞ്ഞു പോകാൻ തുടങ്ങി.
“ശെരി ജിനു, ഞാൻ എന്താണ് ചെയ്യേണ്ടത്…?” ചെറിയൊരു വിറയലോടെ അവള്‍ ചോദിച്ചു.
“ഞാൻ പറയുന്ന കുറച്ച് കാര്യങ്ങൾ മാത്രം ചെയ്താല്‍ മതി. ബാക്കി ഞാൻ നോക്കിക്കോളാം. ഇവിടത്തെ പ്രശ്നങ്ങൾ എല്ലാം തീര്‍ത്ത് തീര്‍ച്ചയായും ഇന്നു തന്നെ നിന്നെ ഞാൻ എന്റെ കൂടെ കൊണ്ടുപോയിരിക്കും. അത് പോരെ..?”
എന്റെ കൂളായ സംസാരവും എന്റെ വാഗ്ദാനവും എല്ലാം അവളുടെ വിറയൽ മാറ്റി അവളെ പെട്ടന്ന് തന്നെ ശാന്തമാക്കി. എന്നോടുള്ള വിശ്വസം കാരണം ഞാൻ എന്ത് പറഞ്ഞാലും ചെയ്യാമെന്ന് അവള്‍ ഉടനെ തലയാട്ടി സമ്മതിക്കുകയും ചെയ്തു.
“ഓക്കെ, എന്ത് കുറച്ച് കാര്യങ്ങളാണ് ഞാനിപ്പോ ചെയ്യേണ്ടത്..?” അവൾ ശ്വാസം വലിച്ച് പിടിച്ച് ചോദിച്ചു.
ഞാൻ വേണ്ടത് പറഞ്ഞപ്പോ അവള്‍ ഒന്ന് മടിച്ചു. പക്ഷേ അതൊന്നും അയാളുടെ ഭാര്യയും മക്കളും നാട്ടുകാരും അറിയില്ലെന്ന് ഞാൻ വാക്ക് കൊടുത്ത ശേഷമാണ് അവള്‍ ചെയ്യാമെന്ന് സമ്മതിച്ചത്.
അങ്ങനെ, അദ്യം അവളെ കൊണ്ട് ഞാനൊരു പെറ്റിഷൻ എഴുതി വാങ്ങിച്ചു. എന്നിട്ട് ഞാൻ പറഞ്ഞു കൊടുത്തത് പോലെ അവളെ പറയിച്ച് അതൊക്കെ എന്റെ മൊബൈലില്‍ ഞാൻ വീഡിയോ എടുത്തു. എന്നിട്ട് അവളുടെ കൈയിലും കഴുത്തിൽ നിന്നൊക്കെ ആ പൊള്ളിയ പാടുകളുടേ ഫോട്ടോസ് ഞാൻ എടുത്തു. അവളുടെ ദേഹം മുഴുവനും പാടുകള്‍ ഉണ്ടാവുമെന്ന് അറിയാം, പക്ഷേ വേണ്ടിവന്നാൽ മാത്രം അതൊക്കെ പിന്നീട് നോക്കാമെന്ന് ഞാൻ വിട്ടു.
