“അയ്യോ….!” വേദന കാരണം കരഞ്ഞുകൊണ്ട് അമ്മയുടെ കൈ എന്റെ ചെവിയില്‍ നിന്ന് പിടിച്ചു മാറ്റാൻ ഞാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല.
“നി കാണിക്കുന്നത് നിനക്ക് തന്നെ ഓവറായി തോന്നുന്നില്ലേടാ ചെറുക്കാ..?!” അമ്മ ദേഷ്യപ്പെട്ട് ചോദിച്ചിട്ട് ആദ്യത്തെ ചെവിക്ക് നന്നായി നുള്ളി പിടിച്ചു. എന്നിട്ട് എന്റെ അടുത്ത ചെവിയും പിടിച്ച് വേദനിപ്പിക്കുന്ന തരത്തിൽ തന്നെ കിഴുക്കി. അതും പോരാഞ്ഞിട്ട് എന്റെ രണ്ട് ചെവിയും പിടിച്ച് നന്നായി വേദനിപ്പിക്കുന്ന തരത്തിൽ തിരുകി കൊണ്ട് തിരുമ്മി.
എന്റെ ചെവി രണ്ടും ശെരിക്കും നീറി പുകഞ്ഞു പോയി.
“ആ, എന്റെ മമ്മി, എനിക്ക് വേദനിക്കുന്നേ…!” കുഞ്ഞിനെ പോലെ നിലവിളിച്ചു കൊണ്ട് ഞാൻ അമ്മയുടെ കൈകളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.
“വേദനിക്കട്ടെ, അമ്മമാരുടെ മനസ്സ് ഇതിനേക്കാളും എത്രയോ അധികം വേദനിക്കുമെന്ന് ഇനിയെങ്കിലും നീ മനസ്സിലാക്കണം.” അമ്മ പിന്നെയും ചെവി രണ്ടിനെയും നല്ലപോലെ വലിച്ചു പിടിച്ച് തിരുമ്മി.
ഒടുവില്‍ വേദന കാരണം എന്റെ കണ്ണുകൾ നിറഞ്ഞപ്പോഴാണ് അമ്മ എന്റെ ചെവി രണ്ടും വിട്ടത്. എന്നിട്ട് സ്വന്തം എളിയിൽ കൈകൾ കുത്തി കൊണ്ട് ദേഷ്യത്തില്‍ ചോദിച്ചു, “ഇപ്പോഴാണോടാ ഈ വഴിയൊക്കെ ഓർമ്മ വന്നത്..? നീ ഈ വീട്ടില്‍ വരാതെ എത്ര ദിവസമായെന്നറിയോടാ നിനക്ക്..? നിന്നെ കാണാതെ എത്ര ദിവസമായെന്നും അറിയോടാ..?”
“സോറി എന്റെ ഷൈനിയമ്മേ, തിരക്കായി പോയത് കൊണ്ടല്ലേ ഞാൻ വരാത്തത്.” നീറി പുകയുന്ന ചെവികളെ വക വെക്കാതെ ഞാൻ എന്റെ അമ്മയുടെ രണ്ട് തോളിലും പിടിച്ചു കൊണ്ട് പറഞ്ഞു. “പിന്നേ ഷീന മോൾടേ കല്യാണത്തിന് വച്ച് നമ്മൾ കണ്ടിട്ട് ഒരാഴ്ചയല്ലേ ആയുള്ളു…?”
അമ്മ പെട്ടന്ന് ദേഷ്യത്തില്‍ എന്റെ രണ്ടു കൈയും സ്വന്തം തോളത്ത് നിന്നും തട്ടി മാറ്റി. “വീട്ടില്‍ വച്ച് കണ്ണ് നിറച്ച് നിന്നെ കാണുന്നതും, കല്യാണ വീട്ടില്‍ തിരക്കു പിടിച്ച് നടക്കുന്ന ജോലിക്കിടയിലും കല്യാണ ചടങ്ങുകൾക്കുമിടയ്ക്ക് നിന്നെ മിന്നായം പോലെ കാണുന്നതും തമ്മില്‍ വ്യത്യാസമില്ലേടാ..?” ചോദിച്ചുകൊണ്ട് അമ്മ ദേഷ്യത്തില്‍ എന്റെ രണ്ട് കവിളും ഒരുമിച്ച് പിടിച്ചു പിച്ചു.
“യ്യോ.., സോറി മമ്മി.” കവിള് നന്നായി വേദനിച്ചെങ്കിലും കരഞ്ഞുകൊണ്ട് ഞാൻ ക്ഷമ ചോദിച്ചു. “എന്റെ തെറ്റ് തന്നെയാ, ഷൈനിയമ്മേ. ഇത്രയൊക്കെ എന്നെ വേദനിപ്പിച്ചില്ലേ, ഇനിയെങ്കിലും എന്റെ മമ്മ എന്നോട് ക്ഷമിക്കൂന്നേ, എന്താ ക്ഷമിക്കില്ലേ..?” ചോദിച്ചു കൊണ്ട് ഞാൻ അമ്മയുടെ സൈഡിൽ പോയി നിന്നുകൊണ്ട് അമ്മയുടെ തോളിൽ കൈയിട്ട് അമ്മയെ എന്റെ ശരീരത്തിന്റെ സൈഡിലായി നന്നായി ചേര്‍ത്തു പിടിച്ചപ്പോ അമ്മയുടെ ദേഷ്യം കുറച്ചൊന്നു മാറി അമ്മ പുഞ്ചിരിച്ചു. ഒടുവില്‍ എന്റെ ഇടുപ്പിൽ രണ്ട് കൈകൾ കൊണ്ടും വട്ടംചുറ്റി അമ്മയോട് എന്നെ മുറുകെ ചേര്‍ത്തു പിടിച്ചിട്ട് എന്റെ തോളിന് താഴെയായി മുത്തി.
“തല കുനിച്ചു താടാ കൊരങ്ങാ..!” അമ്മയേക്കാളും എന്റെ പൊക്കം കൂടുതൽ കാരണം എന്റെ കവിളിൽ ഉമ്മ തരാന്‍ കഴിയാത്തത് കൊണ്ട് അമ്മ കപടമായി കോപിച്ച കൊണ്ട് പറഞ്ഞപ്പോ ചിരിച്ചുകൊണ്ട് എന്റെ തല ഞാൻ സൈഡിലേക്ക് ചെരിച്ച് താഴ്ത്തി കൊടുത്തു.
അമ്മ ഉടനെ കവിളിൽ ഉമ്മ തന്നിട്ട് എന്റെ സൈഡിൽ നിന്നും എന്റെ ഇടുപ്പിൽ കെട്ടിപിടിച്ചു കൊണ്ട് തന്നെ അമ്മ എന്നെ വീട്ടിനകത്തേക്ക് നയിച്ചു. ഞാനും എന്റെ കൂട്ടുകാരിയുടെ തോളിൽ കൈയിട്ടു കൊണ്ട് നടക്കും പോലെ നടന്നു.
ഞങ്ങൾ വീട്ടില്‍ കേറി ഹാളില്‍ വന്നതും അമ്മ എന്നെ വിട്ടു. ഞാൻ കൈയില്ലാത്ത നല്ല വീതിയുള്ള ഒരു കുഷൻ ചെയറിൽ ഇരുന്നു. അമ്മയും എനിക്ക് എതിരായി ഒരു കുഷൻ ചെയർ വലിച്ചിട്ട് അതിൽ ഇരുന്നു. എന്നിട്ട് മുഖം ചുളിച്ചു കൊണ്ട് എന്നെ മൊത്തമായി ഒന്ന് നോക്കി പഠിച്ചു.
“നിന്റെ മുഖം നന്നായി വാടി കണ്ണുകൾ കുഴിഞ്ഞു പോയല്ലോ മോനെ, കഴിഞ്ഞ പ്രാവശ്യം കണ്ടതിനേക്കാളും ഇത്തിരികൂടി മെലിഞ്ഞിട്ടുമുണ്ട്. നീ ശെരിക്കും ഉറങ്ങാറില്ല, അല്ലേ..?” ശകാരിക്കും പോലെ അമ്മ ചോദിച്ചു.
