“കഴിഞ്ഞില്ല മാമാ.” അവള്‍ പറഞ്ഞു. “അതൊക്കെ കത്തിച്ച ശേഷം ഞാൻ ഇദ്ദേഹത്തിന്റെ കൂടെ പോകും.” എന്റെ കൈയിൽ പിടിച്ചുകൊണ്ട് ധ്വനി പറഞ്ഞു.
അപ്പോ അവളുടെ മാമൻ ഞങ്ങളെ മാറിമാറി നോക്കി.
“എന്താ ഗുലാബ് ജാമുന്‍, അതിൽ എന്തെങ്കിലും പ്രശ്നമൂണ്ടോ…?” മൊബൈലില്‍ വെറുതെ കുത്തി കൊണ്ട് ഞാൻ ചോദിച്ചു.
“ഇല്ല സാർ, എനിക്കെന്ത് പ്രശ്നം. എനിക്കൊരു പ്രശ്നമൊന്നുമില്ല.” പേടിച്ച് വിറച്ച് അയാള്‍ പെട്ടന്ന് പറഞ്ഞു.
“പിന്നേ 35 ലക്ഷം വേണ്ടെ, ലഡു..? അതിന്റെ പലിശയും വേണ്ടെ…?” ഞാൻ അയാളോട് ചോദിച്ചു.
“അയ്യോ വേണ്ട സർ, വേണമെങ്കിൽ 35 ലക്ഷവും പലിശയും ഞാൻ അവള്‍ക്ക് അങ്ങോട്ട് കൊടുക്കാം.” അയാള്‍ തൊഴുത് കൊണ്ട് പറഞ്ഞു.
“വേണോ ധ്വനി.” തീരുമാനം അവള്‍ക്ക് വിട്ടുകൊടുത്തു കൊണ്ട് ഞാൻ അവളോട് ചോദിച്ചു.
“എനിക്ക് നിങ്ങളുടെ കാശൊന്നും വേണ്ട മാമാ.” ധ്വനി പെട്ടന്ന് പറഞ്ഞു. “എന്തായാലും ഇത്രയും കാലം നോക്കിയതിനും എന്നെ പഠിപ്പിച്ചതിനുമൊക്കെ നന്ദിയുണ്ട്, ഞാൻ ഒരിക്കലും മറക്കില്ല. പക്ഷേ ഇനി എന്നെ കുറിച്ച് നിങ്ങൾ എവിടെയും അന്വേഷിക്കരുത്. എന്നെ എവിടെയെങ്കിലും വച്ച് കണ്ടാൽ എന്റെ അടുത്തേക്ക് വരരുത്. എന്നെ ഇനി ചിന്തിക്കുക പോലും ചെയ്യരുത്.”
“ഇല്ല മോളെ, ഇനി നിന്നെ കുറിച്ച് ചിന്തിക്കുക പോലുമില്ല.”
“ശെരി, പോയി ആ മുദ്ര പത്രങ്ങൾ എടുത്തോണ്ട് വരൂ.” ഞാൻ പറയേണ്ട താമസം അയാളുടെ വേദന പോലും വക വെക്കാതെ ഓടി ചെന്ന് വാതിൽ തുറന്നിട്ട് ആയാൾ പുറത്തേക്ക് ഓടി പോയി.
ഒന്നും വിശ്വസിക്കാൻ കഴിയാത്ത പോലെ ധ്വനി എന്നെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. പെട്ടന്ന് അവള്‍ വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട് കരയാന്‍ തുടങ്ങി.
“അയ്യേ, കരയുകയാണോ…? ഇത്രയും വർഷങ്ങൾ കരഞ്ഞതൊക്കെ മതി. ഇനി എന്റെ ലഡു കരയയരുത്. നിന്റെ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞത് വിചാരിച്ച് സന്തോഷിക്കുകയാണ് വേണ്ടത്.” ഞാൻ അവളെ മുതുകിൽ തഴുകി ആശ്വസിപ്പിച്ചു.
പക്ഷേ അവള്‍ എന്നെ പിടിച്ചു തള്ളി മാറ്റി കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി.
“ഇങ്ങനെ ലഡു ജിലേബി എന്നൊക്കെ വിളിച്ച് എന്നെ ചിരിപ്പിക്കല്ലേ ജിനു….,” അവൾ കണ്ണുനീർ ഒഴുക്കുന്നതിനിടയിലും ചിരിച്ചു.
എന്നിട്ട് അവൾ പിന്നെയും എന്നെ കെട്ടിപിടിച്ചു കൊണ്ട് എന്റെ നെഞ്ചില്‍ മുഖമമർത്തി കരയാന്‍ തുടങ്ങി. ആദ്യം ചെറുതായി തുടങ്ങിയ കരച്ചില്‍ പോകെപ്പോകെ ശരീരം നന്നായി കുലുങ്ങുന്ന തരത്തിൽ ഏങ്ങലടിച്ചുള്ള വലിയ കരച്ചിലായി മാറി. വര്‍ഷങ്ങളായി അവള്‍ അടക്കി വച്ചിരുന്ന ഭയവും, സങ്കടവും, ഒറ്റപ്പെടലും, നിസ്സഹായതയുമൊക്കെ അവള്‍ കരഞ്ഞ് തീര്‍ക്കുകയായിരുന്നു.
ഞാൻ ഒന്നും മിണ്ടാതെ അവളെ എന്നോട് മുറുകെ ചേർത്ത് പിടിച്ചുകൊണ്ട് തലമുടിയും മുതുകിലും തടവി കൊടുത്തു കൊണ്ട് നിന്നു.
ഒരുപാട് നേരം കഴിഞ്ഞാണ് അവളുടെ കരച്ചില്‍ പതിയെ അടങ്ങി വരാൻ തുടങ്ങിയത്. ഒടുവില്‍ അവളുടെ കരച്ചില്‍ നിന്നു. പക്ഷേ ചെറുതായി ഏങ്ങിയേങ്ങി കൊണ്ടാണ് അവള്‍ നിന്നത്. അവസാനം അതും കൂടി മെല്ലെ മാറാൻ തുടങ്ങി.
ആ നിമിഷാണ് അവളുടെ മാമൻ പെട്ടന്ന് റൂമിൽ കേറി വന്നത്. പെട്ടന്ന് ധ്വനി എന്നെ വിട്ട് മാറി നിന്നിട്ട് കണ്ണും മുഖവും തുടച്ചു. അവളുടെ മാമൻ അവളെയും എന്നെയും മാറിമാറി ഒന്ന് നോക്കി, പക്ഷേ ഒന്നും ചോദിക്കാനും പറയാനുമുള്ള ധൈര്യം അയാള്‍ക്കില്ലായിരുന്നു.
അയാള്‍ ഒന്നും മിണ്ടാതെ പോയി റൂമിൽ ഉണ്ടായിരുന്ന സ്റ്റൗ കത്തിച്ചു. എന്നിട്ട് അയാള്‍ കൊണ്ടുവന്ന മുദ്ര പത്രങ്ങളും, പിന്നെ വേറെ എന്തൊക്കെയോ പേപ്പറും, ഫയലുകളും എല്ലാം ആ ടേബിളിന് മുകളില്‍ വച്ചശേഷം അതിൽ നിന്നും ഓരോന്നായി എടുത്ത് ധ്വനിയുടെ കൈയിൽ കൊടുത്തിട്ട് അത് എന്താണെന്നുള്ളതിന്റെ വിശദീകരണം കൊടുത്തു. ധ്വനി സമയമെടുത്ത് തന്നെ അതൊക്കെ നന്നായി പരിശോധിച്ച ശേഷം അതൊക്കെ ഓരോന്നായി കത്തിച്ചു കളയാന്‍ തുടങ്ങി.
