ലക്ഷ്മിക്കുട്ടി ചെയ്യുന്ന ത്യാഗം അവർക്കുകൂടി വേണ്ടിയാണെന്ന് മാലിനിക്ക് നന്നായി അറിയാമായിരുന്നു.
അവളുടെ ഹൃദയത്തിൽ അതിനാൽ ലക്ഷ്മിക്കുട്ടിയോട് നന്ദിയും സ്നേഹവും എന്നും നിറഞ്ഞിരുന്നു. അതിനാൽ അരുണിനെ അത് പരിപൂർണ്ണമായി അവൾ ബോധ്യപ്പെടുത്തിയിരുന്നു.
അതുകൊണ്ട് അരുണിനും മാലിനിക്കും, ലക്ഷ്മിക്കുട്ടിയുടെ വാക്കാണ് എന്നും അവസാനവാക്ക്.
ലക്ഷ്മിക്കുട്ടിക്ക് തിരിച്ചും അതുപോലെ തന്നെയായിരുന്നു. അവർ കഴിഞ്ഞേ താൻപോലും ഉള്ളൂ. എല്ലാം തനിക്ക് തന്ന് തന്റെ സ്നേഹം മാത്രമേ മാലിനി എടുക്കുന്നുള്ളൂ എന്നത് ലക്ഷ്മിക്കുട്ടിയുടെ ഹൃദയം തരളിതമാകിയിരുന്നു.
മാലിനി വിളിക്കുന്നത് കേട്ട് അരുണും ലക്ഷ്മിക്കുട്ടിയെ ‘ഓപ്പോളേ’ എന്നാണ് വിളിച്ചിരുന്നത്. അമ്മയുടെയും ഓപ്പോളുടെയും സ്നേഹത്തിൽക്കവിഞ്ഞ് ഒന്നും ഈ ഭൂമിയിൽ അരുണിന് പ്രധാനമല്ലായിരുന്നു.
എന്നാൽ അവർ അവനെ യാതൊരുവിധത്തിലും, സ്വാർത്ഥമായി, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നില്ല. അതിന്റെ ആവശ്യമേ ഇല്ലായിരുന്നു എന്നതാണ് സത്യം!
ലക്ഷ്മിക്കുട്ടി തുടങ്ങിവച്ച ഫലമൂലാദി കൃഷികൾ ഒന്നും പാഴായില്ല. കൂടാതെ അതിന്റെയെല്ലാം വിത്തുൽപ്പാദനവും വിതരണവും നന്നായി വളർന്നു. ഒപ്പം അവളുടെ വ്യക്തിത്വവും, അറിവും, വിദ്യാഭ്യാസവും, നൈപുണ്യവും അറിയപ്പെട്ടു.
മാലിനിയും തന്റെ ജോലിയിൽ ഉയർന്നുകൊണ്ടിരുന്നു. അതുകൊണ്ട് അരുണിനെ ആ കമ്പനിയിൽ ഉയരാവുന്ന തസ്തികയിൽ അവനിഷ്ടപ്പെട്ട ഡിപാർട്ട്മെന്റിൽ നിയമിക്കാനും സാധിച്ചു.
അമ്മയും മകനും ബംഗ്ളൂരിൽ എല്ലാ സുഖസൗകര്യങ്ങളും ഉള്ള ആ വില്ലയിൽ നിന്ന്, ഒരുമിച്ച് ജോലിക്കുപോയി വന്നു. അമ്മയും മകനുമെന്നതിനേക്കാൾ കൂട്ടുകാരെപ്പോലെയായിരുന്നു അവർ.
തറവാട്ടിൽപ്പോകാത്ത വാരാന്ത്യങ്ങളിൽ ട്രെക്കിങ്ങിന് പോകുക, റിസോർട്ടുകളിൽ യാത്ര പോകുക, നിർബ്ബന്ധമായി ജിമ്മിൽ പോകുക, എന്നിവയായിരുന്നു അവരുടെ പരിപാടികൾ.
ചെറുതും വലുതുമായ എല്ലാ യാത്രകളിലും ഓപ്പോളും തീർച്ചയായും ഉണ്ടാകും. അതെത്ര ദൂരെയായാലും. സ്വദേശത്തും, വിദേശത്തും.
അവരെ കണ്ടാൽ, രണ്ട് ചേച്ചിമാരും, കുഞ്ഞനിയനും എന്നാണ് പലരും ധരിച്ചിരുന്നത്. അത്രമാത്രം യൗവനം ഇരുവരും കാത്തുസൂക്ഷിച്ചിരുന്നു. എന്നാൽ യാതൊരുവിധ പ്രലോഭനങ്ങൾക്കും അവർ രണ്ടുപേരും വഴിപ്പെട്ടില്ല. എന്നുമാത്രമല്ല അരുണിനെ കാണുന്നവർ, അവന്റെ ആകാരം കാണുന്നവർ, സാധാരണ പ്രലോഭനങ്ങളുമായി അവരോട് അടുക്കാനും മടിച്ചു.
ലക്ഷ്മിക്കുട്ടി തന്റെ കൃഷി വ്യാപിപ്പിച്ചപ്പോൾ ഊട്ടിക്കടുത്ത് നൂറേക്കർ സ്ഥലം ലാഭത്തിൽ കിട്ടിയപ്പോൾ വാങ്ങി.
അതും പതിവുപോലെ മാലിനിയുടേയും, ലക്ഷ്മിക്കുട്ടിയുടേയും, അരുണിന്റേയും പേരിൽ ആണ് വാങ്ങിയത്. അതിൽ നല്ലൊരു ബംഗ്ളാവും ഉണ്ടായിരുന്നു.
അവിടെയും സ്വതസിദ്ധമായ പെരുമാറ്റം കൊണ്ട് അവൾക്ക് വിശ്വസ്തരായ പണിക്കാരെ കിട്ടി.
പഴയതുപോലെ അതിർത്തി തിരിച്ച് ബലവത്തായ വേലിയും ചുറ്റുമതിലും കെട്ടി അവിടവും സ്വകാര്യവും, സുരക്ഷിതവും ആക്കിയിരുന്നു.
മാസത്തിൽ ഒരു തവണയെങ്കിലും, മൂവരും ചേർന്നോ, അവൾ തനിച്ചോ അവിടെ പോയിവന്നു. അവൾ അവിടെ പണിക്കാർക്കൊന്നും മാലിനിയും, അരുണും ആരെന്ന് ഒരിക്കലും പരിചയപ്പെടുത്തിയിരുന്നില്ല. ഒരു തൊഴിൽ ദാതാവ് എന്ന നിലയിൽ അവൾ എല്ലായിടത്തും ആ നിലപാടാണ് അനുവർത്തിച്ചത്.
മാലിനിയ്ക്കും അരുണിനും അതൊട്ട് പ്രശ്നവും അല്ല. അവരെ സംബന്ധിച്ച് ഓപ്പോൾ ചെയ്യുന്നതിനെല്ലാം എന്തെങ്കിലും കാര്യമുണ്ടാവും.
അവർക്ക് എല്ലാം ഓപ്പോൾ മാത്രമാണ്.
ലാൻഡ് ചെയ്യാൻ പോകുന്ന അനൗൺസ്മെന്റ് കേട്ടാണ് മാലിനി ഉണർന്നത്.
മാലിനി– ഇത്ര പെട്ടെന്ന് എത്തിയോ?
അരുൺ– അമ്മ എന്തൊരുറക്കം ആയിരുന്നു! ഞാൻ എത്ര തവണ വിളിച്ചെന്നോ.
മാലിനി– പഴയ കാര്യങ്ങൾ ഓരോന്ന് ഓർത്ത് കിടന്നു പോയി.
അരുൺ– മ്മ്.
അവർ എയർപോർട്ടിൽ നിന്ന് ഒരു ടാക്സി വിളിച്ച് ഇല്ലത്തേക്ക് എത്തി.
