മാലിനി- സ്വാമി ഞങ്ങൾ കല്യാണത്തിന് തയ്യാർ ആണ്.
മേപ്പാടൻ- നല്ലത്. നിങ്ങൾ ഒരു നല്ല സ്ത്രീയാണ്. മകന്റെ ജീവൻ രക്ഷിക്കാൻ കാണിച്ച ഈ മനസ്സിന് നിങ്ങൾക്ക് നല്ലൊരു ദാമ്പത്യ ജീവിതം ഈശ്വരൻ തരും.
മാലിനി- മ്മ്.
മേപ്പാടൻ- മുറിയിലേക്ക് പോയ്ക്കോളൂ. എന്നിട്ട് എല്ലാം മംഗളം ആയി നടക്കാൻ പ്രാർത്ഥിക്ക്.
മാലിനി- ശരി സ്വാമി.
മാലിനി റൂമിൽ പോയി.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സിമ്മിന് റേഞ്ചില്ലാത്തതിനാൽ ഓപ്പോളോട് ആലോചിക്കാൻ പോലും പറ്റുന്നില്ല. ഇത്രയും പ്രയാസമുള്ള തീരുമാനം ഒറ്റക്ക് എടുക്കേണ്ടിവന്നതിന്റെ മനോഭാരം കഠിനമായിരുന്നു.
അവളുടെ വിഷമം അവൾ കരഞ്ഞ് തീർത്തു. പിന്നെ മനസ്സിനെ ശാന്തതപ്പെടുത്താൻ പ്രാർത്ഥിക്കാൻ തുടങ്ങി. അവൾക്ക് തന്റെ മകന്റെ ജീവൻ രക്ഷപെടുത്തുക എന്ന ഒരേയൊരു ലക്ഷ്യമേ ഉള്ളൂ. അതിന് താൻ ഏതറ്റം വരെയും പോകും എന്നവൾ ഉറപ്പിച്ചു.
താലികെട്ട്
സമയം കുറച്ചു കൂടി കടന്ന് പോയി.
മേപ്പാടൻ അയാളുടെ ഹോമം തുടങ്ങി. ഒരു 10:30 ആയപ്പോൾ മാലിനിയുടെ മുറിയിൽ, മുൻപ് വന്ന കുട്ടി വന്നു. ഇത്തവണ അവളുടെ കൈയിൽ ഒരു പട്ട് സാരി ഉണ്ടായിരുന്നു. അതൊരു തിളങ്ങുന്ന വിവാഹസാരി പോലെയിരുന്നു. അവൾ അത് കട്ടിലിൽ വെച്ച് പറഞ്ഞു,
കുട്ടി- ഈ വസ്ത്രം ധരിച്ച് കൊണ്ട് വരാൻ പറഞ്ഞു.
മാലിനി അവളുടെ വസ്ത്രം മാറ്റി ആ സാരി ഉടുത്തു. എന്നിട്ട് മുറിയ്ക്ക് പുറത്തേക്ക് വന്നു. അവിടെ ഒരു മുണ്ടും ഷർട്ടും ഉടുത്ത് അരുണും ഉണ്ടായിരുന്നു.
പെട്ടെന്ന് ഒരു സ്വാമി അവരുടെ അടുത്തേക്ക് വന്നു.
സ്വാമി- മേപ്പാടൻ സ്വാമി കാട്ടിനുള്ളിൽ ഉള്ള ക്ഷേത്രത്തിൽ ഉണ്ട്. നമുക്ക് അങ്ങോട്ട് പോവാം.
മാലിനി- മ്മ്.
സ്വാമിയുടെ പുറകെ മാലിനിയും അരുണും നടന്നു. അവർ പരസ്പരം സംസാരിക്കുക പോയിട്ട് ഒന്ന് നോക്കുക പോലും ചെയ്തില്ല. ഇരുട്ട് മുടിയ ആ സ്ഥലത്തിലൂടെ ഒരു പന്തത്തിന്റെ വെളിച്ചത്തിൽ അവർ ഉൾകാട്ടിലേക്ക് നടന്നു.
അവസാനം അവർ മേപ്പാടന്റെ അടുത്ത് ചെന്നു.
മേപ്പാടൻ എന്തൊക്കെയോ പൂജകൾ ചെയ്ത് കൊണ്ടിരിക്കുയാണ്. അവരെ കണ്ടതും അവിടെ ഇരിക്കാൻ പറഞ്ഞു. അവർ ഇരുന്നു. മേപ്പാടന്റെ പരികർമ്മി അവരുടെ കൈയിൽ കുറച്ചു പൂക്കൾ കൊടുത്തു.
മേപ്പാടൻ- ഞാൻ പറയുമ്പോൾ നിങ്ങൾ പൂക്കൾ ഹോമകുണ്ഡത്തിൽ ഇടണം.
മാലിനിയും അരുൺ ശരി എന്ന അർത്ഥത്തിൽ തലയാട്ടി.
മേപ്പാടൻ ഓരോ മന്ത്രം ചൊല്ലി കഴിയുമ്പോഴും അവരോട് പൂക്കൾ ഇടാൻ പറഞ്ഞു. അവർ അത് പോലെ ചെയ്തു.
മാലിനിയും അരുണും കലുഷിതമായ മനസ്സുകളും, കൈകൾ കൂപ്പി മനസ്സുരുകിയ പ്രാർത്ഥനകളുമായി കാത്തിരുന്നു. ജീവിതത്തിൽ ഇനിയങ്ങോട്ട് എന്താവും എന്ന് രണ്ടുപേർക്കും നിശ്ചയമില്ലായിരുന്നു.
ശരി തെറ്റുകൾ പോലും തിരിച്ചറിയാൻ പറ്റാതായി.
മാലിനിയുടെ മനസ്സിൽ മകനുവേണ്ടിയുള്ള പ്രാർത്ഥനകൾ മാത്രം.
അരുണിന്റെ മനസ്സിൽ അമ്മയുടെ തനിക്കായുള്ള കണ്ണീരും അമ്മ പറഞ്ഞ വാചകങ്ങളും. തന്റെ തെറ്റായ നിർബന്ധം മൂലം അമ്മയും ഓപ്പോളും വേദനിക്കരുതെന്ന് മാത്രം അവൻ ഈശ്വരനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
സമയം പിന്നെയും കടന്നു പോയി. മേപ്പാടന്റെ പൂജകൾ കഴിഞ്ഞു. അയാൾ ഇരുന്നിടത്ത് നിന്ന് എണീറ്റു. അതു പോലെ മാലിനിയും അരുണും എണീറ്റു.
മേപ്പാടൻ- പൂജകൾ എല്ലാം കഴിഞ്ഞു. താലികെട്ടിന് സമയമായി അതിന് മുൻപ് ഒരു കാര്യം കൂടി ചെയ്യണം.
മാലിനി- എന്താണ് സ്വാമി?
മേപ്പാടൻ- ഇവിടെ ഉള്ള അരുവിയിൽ രണ്ടാളും മൂന്നു തവണ മുങ്ങിക്കുളിച്ച് വരണം. പിന്നെ, വരുമ്പോൾ നിങ്ങളുടെ ഉള്ളിൽ ഉള്ള എല്ലാ വിഷമങ്ങളും ഒഴുക്കിക്കളയുകയും വേണം.
അരുൺ- മ്മ്.
മാലിനിയ്ക്ക് തലയാട്ടാൻ മാത്രമേ കഴിഞ്ഞുള്ളൂ. തങ്ങളുടെ ജീവിതം ഇനിയൊരു തിരിച്ചുവരവില്ലാത്തവിധം മാറുകയാണെന്ന് അവൾക്ക് ഉറപ്പായി.
പരികർമ്മി പന്തം കൊണ്ട് അവരെ അരുവിയിലേക്ക് നയിച്ചു. അവിടെ എത്തി അരുൺ ആദ്യം മുങ്ങിക്കുളിച്ചു വന്നു. അതിന് പിന്നാലെ മാലിനിയും. രണ്ട് പേരുടെയും ശരീരത്തിൽ നിന്ന് വെള്ളം തുള്ളി തുള്ളിയായി വീഴാൻ തുടങ്ങി. പിന്നെ നല്ല തണുപ്പും അവർക്ക് അനുഭവപ്പെട്ടു. അവർ പിന്നെയും മേപ്പാടന്റെ അടുത്ത് എത്തി കൈകൾ കൂപ്പി നിന്നു.
